7 November 2024, Thursday
KSFE Galaxy Chits Banner 2

കേന്ദ്ര മന്ത്രിമാരുടെ പട കേരളത്തിലേക്ക്

ബേബി ആലുവ
കൊച്ചി
July 30, 2022 10:24 pm

സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കാതെ കേന്ദ്ര പദ്ധതികളുടെ നിരീക്ഷണത്തിനും വിലയിരുത്തലിനുമായി കേന്ദ്ര മന്ത്രിമാരുടെ പട കേരളത്തിലേക്ക്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ നടത്തിപ്പിനു വേഗത പോരെന്നും കാര്യക്ഷമതയില്ലെന്നും പ്രചാരവേല നടത്തി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് വരവിന്റെ പിന്നിലെ ഗൂഢതന്ത്രം.
അടുത്തിടെ കേരളത്തിൽ സന്ദർശനം നടത്തി തിരിച്ചെത്തിയ മന്ത്രിമാർ നൽകിയ റിപ്പോർട്ടുകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ മന്ത്രിമാരെ കേരളത്തിലേക്ക് അയയ്ക്കാനുള്ള പുതിയ നീക്കം തകൃതിയായിട്ടുള്ളത്.
രണ്ടാഴ്ച മുമ്പ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്ത് കഴക്കൂട്ടം ഫ്ലൈ ഓവർ നിർമ്മാണം പരിശോധിക്കാനെത്തിയത് വിവാദമായിരുന്നു.
അതിനു മുമ്പ് പാലക്കാട്ട് എത്തിയ രാസവസ്തു, രാസവളം സഹമന്ത്രി ഭഗവത് ഖൂബ, കളക്ടർ അടക്കം ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടി കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് ആരായുകയുമുണ്ടായി. കേന്ദ്ര‑സംസ്ഥാന സംയുക്ത കുടിവെള്ള പദ്ധതി, ഗ്രാമീണ റോഡ് വികസന പദ്ധതികൾ, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്തിന്റേത് മാത്രമാണെന്ന പ്രചാരണം വ്യാപകമായി നടക്കുകയാണെന്ന കേരളത്തിലെ ആർഎസ്എസ്, ബിജെപി നേതൃത്വങ്ങളുടെ പരാതിയെക്കുറിച്ച് ഉന്നതോദ്യോഗസ്ഥരോട് അന്വേഷിക്കാനാണ് മന്ത്രിമാർ കൂടുതൽ സമയം ചെലവഴിച്ചതെന്നാണ് വിവരം. കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നല്ല നിലയിൽത്തന്നെയാണ് നടപ്പാക്കുന്നതെന്ന ഉദ്യോഗസ്ഥരുടെ മറുപടി അവരെ തൃപ്തരാക്കിയിരുന്നില്ല.
തിരുവനന്തപുരം, തൃശൂർ, പാലക്കാട് തുടങ്ങി ചില ലോക്‌സഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനു നേടാനായ വോട്ടുകളുടെ അടിസ്ഥാനത്തിൽ, വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇവിടങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തനം നീക്കാനാണ് മന്ത്രിമാർക്കുള്ള നിർദ്ദേശം.
കേരളത്തിലെ ബിജെപി നേതാക്കൾക്കിടയിലെ തൊഴുത്തിൽക്കുത്തിന്റെയും കഴിഞ്ഞ കാലങ്ങളിൽ ചീത്തപ്പേരിനിടയാക്കിയ തെരഞ്ഞെടുപ്പ് ഫണ്ട് ദുർവിനിയോഗത്തിന്റെയും തുടർന്നുണ്ടായ കോലാഹലത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ, കേരള നേതാക്കളെ വിശ്വാസത്തിലെടുക്കേണ്ടാ എന്ന ദേശീയ നേതൃത്വത്തിന്റെ തീർപ്പിന്റെ ഫലമായാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ ദൗത്യ നിർവാഹകരായി കണ്ടെത്തിയത്.
ഒന്നിടവിട്ട മാസങ്ങളിൽ ഈ മന്ത്രിമാർ കേരളം സന്ദർശിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളതെന്നും സൂചനയുണ്ട്. 

Eng­lish Sum­ma­ry: a gang Union Min­is­ters to Kerala

You may like this video also

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.