22 November 2024, Friday
KSFE Galaxy Chits Banner 2

വീണ്ടും പ്രകീര്‍ത്തിക്കപ്പെടുന്ന കേരളം

Janayugom Webdesk
January 11, 2023 5:00 am

സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇകഴ്ത്താനും കുപ്രചരണങ്ങളിലൂടെ തകര്‍ക്കാനും ബിജെപിയും പ്രതിപക്ഷവും ഒപ്പം ഒരുവിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിവരികയാണ്. ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലുള്ള പദ്ധതികളാണെങ്കിലും ഇത്തരം എതിര്‍പ്പുകള്‍ രൂപപ്പെടുത്തുന്നതില്‍ അവര്‍ കേമന്മാരാണ്. അതിനിടയിലും എതിരാളികളെ പരിഹാസ്യരാക്കി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആരോഗ്യരംഗത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയായ അംഗീകാരങ്ങള്‍ കുറേവര്‍ഷങ്ങളായി സംസ്ഥാനം കൈവരിക്കുന്നുണ്ട്. അതിനൊപ്പമാണ് സംരംഭക വര്‍ഷം പദ്ധതിക്കും ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ആവിഷ്കരിച്ച ജനകീയ ക്യാമ്പയിനും കേന്ദ്രത്തില്‍ നിന്നു ലഭിച്ച പ്രകീര്‍ത്തനം. സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സംരംഭക വര്‍ഷം പദ്ധതിക്കാണ് രാജ്യത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനം എന്ന അംഗീകാരം ലഭിച്ചത്. ജീവിതശൈലീരോഗങ്ങള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ആരോഗ്യവകുപ്പിന്റെ മുന്‍കയ്യില്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയും ഇതുപോലെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിലാണ് ഇവയ്ക്ക് പ്രത്യേക പരാമര്‍ശവും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളെന്ന അംഗീകാരവും ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷത വഹിച്ച സമ്മേളനമായിരുന്നു ഇത്.


ഇതുകൂടി വായിക്കൂ: പ്രതിദിന വേതന നിരക്കില്‍ കേരളം മുന്നില്‍ 


സംസ്ഥാനത്തുമാത്രമല്ല രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ടതാണ് സംരംഭക വര്‍ഷം പദ്ധതി. സ്ഥൂല — സൂക്ഷ്മ‑ചെറുകിട വ്യവസായ മേഖലകളിലേയ്ക്ക് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക യജ്ഞമായിരുന്നു സംരംഭക വര്‍ഷം പദ്ധതി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച് ഒരുവര്‍ഷംകൊണ്ട് നിശ്ചിത ലക്ഷ്യം നേടുകയെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ എട്ടുമാസത്തിനകംതന്നെ ലക്ഷ്യം കടന്നതിന്റെ വിജയഗാഥയുമായാണ് കേരളം ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിനെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ആരംഭിച്ചത്, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വനിതാ സംരംഭകരുടെ എണ്ണത്തിലുണ്ടായ വര്‍ധന, പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും കാട്ടിയ നൈപുണ്യം എന്നിങ്ങനെ സംരംഭകവര്‍ഷം പദ്ധതിക്കും സര്‍ക്കാരിന്റെ മറ്റു പലതിനുമെന്നതുപോലെ മികവ് പലതായിരുന്നു. 365 ദിവസംകൊണ്ട് കൈവരിക്കേണ്ട നേട്ടങ്ങള്‍ 235 ദിനങ്ങള്‍ കൊണ്ട് നേടിയെടുത്തുവെന്നത് പ്രത്യേക പരാമര്‍ശത്തിനു വിധേയമായി. ഇത്രയും ദിവസങ്ങള്‍കൊണ്ട് 1,01,353 സംരംഭങ്ങൾ തുടങ്ങുകയും സംസ്ഥാനത്ത് 6282 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുകയും ചെയ്തു. 2.20 ലക്ഷം പേർക്ക് ഈ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചുവെന്നതും വലിയ നാഴികക്കല്ലാണ്. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കെ സര്‍ക്കാര്‍, പൊതുമേഖലാ സംരംഭങ്ങളിലൂടെ മാത്രമല്ല സ്വന്തമായും തൊഴില്‍ സംഘടിപ്പിക്കുന്നതിന് സാധിക്കുമെന്ന സന്ദേശംകൂടി സംരംഭകവര്‍ഷം പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിലൂടെ ഉല്പാദനവര്‍ധനയും സൃഷ്ടിക്കുവാന്‍ സാധിക്കുന്നു. വസ്ത്രനിര്‍മ്മാണം, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് മേഖല എന്നിങ്ങനെ വ്യത്യസ്തരംഗങ്ങളിലാണ് നിക്ഷേപങ്ങളുണ്ടായത്.


ഇതുകൂടി വായിക്കൂ: മയക്കുമരുന്നിനെതിരെ രണ്ടുകോടി ഗോളടിക്കാൻ കേരളം


പ്രശംസയ്ക്കു വിധേയമായ മറ്റൊന്ന് സംസ്ഥാനത്ത് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സമഗ്രപരിപാടിയാണ്. സമൂഹം നേരിടുന്ന വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ജീവിതശൈലീരോഗങ്ങള്‍. ജീവിതക്രമത്തില്‍വന്ന മാറ്റങ്ങളും കാലാവസ്ഥയും ഭക്ഷണരീതികളും കാരണം പ്രായഭേദമന്യേ ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് ഇതിനെ നേരിടുന്നതിനുള്ള ക്യാമ്പയിന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരെ ഭവന സന്ദര്‍ശനം നടത്തി കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന ജനസംഖ്യാധിഷ്ഠിത ജീവിതശൈലീരോഗ സര്‍വേയാണ് ഇതില്‍ പ്രധാനം. അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ് എന്ന പേരിലാണ് ഈ ക്യാമ്പയിന്‍ നടപ്പിലാക്കിവരുന്നത്. രോഗനിയന്ത്രണത്തിനായി അമൃതം ആരോഗ്യം, ഗുരുതര ശ്വാസകോശ രോഗങ്ങള്‍ക്കായുള്ള ശ്വാസ്, കാന്‍സര്‍ കെയര്‍, കാന്‍സര്‍ ചികിത്സ, നേത്രപടല അന്ധത കണ്ടെത്തുന്നതിനുള്ള ഡയബറ്റിക് റെറ്റിനോപ്പതി, പക്ഷാഘാത ചികിത്സ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുകയും ഘട്ടംഘട്ടമായി പുരോഗതി വിലയിരുത്തുകയും ചെയ്തുവരുന്നുണ്ട്. ജീവിതശൈലീരോഗങ്ങള്‍ കാരണം വ്യാപകമായുണ്ടാകുന്ന പ്രമേഹം, രക്താതി സമ്മര്‍ദം എന്നിവ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുമ്പോള്‍ വൃക്കരോഗമുള്‍പ്പെടെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. ഈ വിധത്തില്‍ ആരോഗ്യമേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതിയും പ്രത്യേക പ്രശംസയ്ക്കു വിധേയമായി. എല്ലാ മേഖലകളിലും ഇതുപോലെ അംഗീകാരങ്ങള്‍ നേടിയാണ് കേരളം മുന്നേറുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതല്‍പേരെ കൃഷിയിലേയ്ക്കും ക്ഷീര മേഖലയിലേയ്ക്കും ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നുണ്ട്. പ്രതിപക്ഷവും ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികളും സമരങ്ങളും മറ്റും നടത്തിയും കേന്ദ്രത്തെ ഉപയോഗിച്ചും അനാവശ്യ വ്യവഹാരങ്ങള്‍ സൃഷ്ടിച്ചും തടസപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങള്‍ക്ക് ഇരട്ടിമധുരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.