28 December 2024, Saturday
KSFE Galaxy Chits Banner 2

വളരുന്ന ഇന്ത്യയും തളരുന്ന ജനതയും

വിനോദ് മുഖത്തല
June 20, 2023 4:21 am

ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുകയാണെന്നും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) 3.75 ലക്ഷം കോടി ഡോളർ (309 ലക്ഷം കോടി രൂപ)കടന്നതായും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവകാശപ്പെടുകയുണ്ടായി. 2022ൽ ജിഡിപിയുടെ അടിസ്ഥാനത്തിൽ ബ്രിട്ടനെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയാണ് ഇപ്പോൾ ഇന്ത്യക്കു മുന്നിലുള്ളത്. 10വർഷം മുമ്പ് ഇന്ത്യ പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു. 2022–23 സാമ്പത്തിക വർഷത്തിൽ ഏഴു ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് 7.2 ശതമാനം വളർച്ച രാജ്യത്ത് ഉണ്ടാകുന്നു എന്നും ധനമന്ത്രി അവകാശപ്പെടുകയുണ്ടായി. 2022ൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം 3.75 ലക്ഷം കോടി ഡോളർ കടന്നെങ്കിലും നയങ്ങൾ നടപ്പാക്കുമ്പോൾ അധികാര ഇടനാഴികളിൽ ഉണ്ടാകുന്ന കാലതാമസം ഇപ്പോഴും തുടരുന്നതായി അമേരിക്ക ആസ്ഥാനമായുള്ള റേറ്റിങ് ഏജൻസി മൂഡീസ് ചൂണ്ടിക്കാട്ടുന്നു. വ്യവസായങ്ങൾക്കും മറ്റും അനുമതി വൈകുന്നത് നേരിട്ടുള്ള വിദേശനിക്ഷേപത്തിനു വിലങ്ങു തടിയാകുന്നുണ്ട്. എങ്കിലും വരും വർഷങ്ങളിൽ കൂടിയ വളർച്ചയുള്ള ജി 20 രാജ്യമായി ഇന്ത്യ തുടരുമെന്നാണ് മൂഡീസ് പറയുന്നത്.

മൂന്നുവർഷം കൂടുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് ലക്ഷം കോടി ഡോളർ ചേർക്കുന്നു എന്നാണ് നിലവിലെ കണക്ക്. ഈ രീതി തുടർന്നാൽ 2028 സാമ്പത്തിക വർഷം ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി മാറും എന്നാണ് അനുമാനം. 2028 സാമ്പത്തിക വർഷത്തോടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യകാന്തി ഘോഷ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2026ൽ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും ഘോഷ് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയുടെ ധനമന്ത്രിയും രാജ്യത്തെ സാമ്പത്തിക വിദഗ്ധരും വിവിധ റേറ്റിങ് ഏജൻസികളും എല്ലാം രാജ്യം സാമ്പത്തികമായി വികസിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും കർഷകരും തൊഴിലാളികളും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. 142 കോടി വരുന്ന ജനസംഖ്യയുടെ നാലിലൊന്ന് ഇപ്പോഴും ഏതാണ്ട് 200 രൂപയിൽ താഴെ മാത്രം ദിവസ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ലോകബാങ്ക് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യ ദാരിദ്ര്യം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെങ്കിലും, 2025 ആകുമ്പോൾ പോലും ഏതാണ്ട് 30 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ തന്നെയായിരിക്കും ജീവിക്കുന്നത്. അതായത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 23.6 ശതമാനത്തോളം ആളുകൾ അപ്പോഴും രണ്ട് അമേരിക്കൻ ഡോളറിൽ താഴെ ദൈനംദിന വരുമാനം കൊണ്ടാവും ജീവിക്കുന്നത്. വിവിധ സമയങ്ങളിൽ ഉണ്ടായ സാമ്പത്തികമാന്ദ്യവും, കൊറോണ പോലുള്ള മഹാമാരികളും, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാനിടയുള്ള പ്രകൃതി ദുരന്തങ്ങളും മൂലം ഏതാണ്ട് 10കോടി ആളുകൾ കൂടി അധികമായി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതയുമുണ്ട്.

 


ഇതുകൂടി വായിക്കു; ജനാധിപത്യത്തിന് ഭീഷണിയായി വീണ്ടും രാജ്യദ്രോഹക്കുറ്റം


സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ദാരിദ്ര്യത്തിന്റെ അളവ് ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ, എന്നിവിടങ്ങളിലേതിന് തുല്യമായിരുന്നു. മുഴുവൻ ജനതയെയും ഉൾക്കൊള്ളുന്ന സമഗ്രമായ സാമ്പത്തിക നടപടികളിലൂടെ ഈ രാജ്യങ്ങൾ സാമൂഹികവും സാമ്പത്തികമായി വൻ മുന്നേറ്റം നടത്തുകയും. അവിടുത്തെ ജനത പ്രതിശീര്‍ഷ വരുമാനത്തിലും ജീവിത നിലവാരത്തിലും ബഹുദൂരം മുന്നിലെത്തുകയും ചെയ്തപ്പോൾ തെറ്റായതും വികലവുമായ സാമ്പത്തികനയങ്ങളുടെ ഫലമായി ഇന്ത്യൻജനതയുടെ വലിയവിഭാഗം കടുത്ത ദാരിദ്ര്യത്തിലേക്കും വലിയ അസമത്വത്തിലേക്കും എത്തിപ്പെടുകയായിരുന്നു. പൊതു /സ്വകാര്യമേഖലയ്ക്ക് തുല്യമായ ഊന്നൽ നൽകിക്കൊണ്ടുള്ള മിശ്രസമ്പദ്‍വ്യവസ്ഥയുടെ നിലനില്പും ബാങ്ക് ദേശസാല്‍ക്കരണവും പ്രിവിപേഴ്സ് നിർത്തലാക്കിയതും പോലുള്ള വിപ്ലവാത്മകമായ തീരുമാനങ്ങള്‍, കുറഞ്ഞ നിരക്കിലാണെങ്കിലും സമ്പത്തിന്റെ അടിസ്ഥാന ശിലകളെ ശക്തിപ്പെടുത്തിക്കൊണ്ടും ജനതതിയെ സമഗ്രമായി ഉൾക്കൊണ്ടുകൊണ്ടുള്ള വളർച്ചയാണ് 80കളുടെ അവസാനം വരെ ഉണ്ടായിരുന്നത്. 1991ലെ നവ ഉദാരീകരണ സാമ്പത്തിക നയങ്ങൾ പ്രകാരം ഇന്ത്യ അതിന്റെ വിപണി ലോകത്തിനു മുന്നിൽ തുറന്നിട്ടു. ഇതിന്റെ ഫലമായി സേവനമേഖലയും, വ്യവസായ മേഖലയും വളർന്നുവെങ്കിലും, കാർഷിക മേഖലയുടെ വളർച്ച താഴോട്ടാണ്. 60ശതമാനത്തോളം ആളുകൾ കാർഷികമേഖലയെ ആശ്രയിക്കുമ്പോൾ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംഭാവന വെറും 18ശതമാനം മാത്രമാണ് രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന് 2022ലെ ആഗോള അസമത്വ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2021ൽ ഇത് വർധിച്ചുവെന്നും ഈ റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ സമ്പന്നരിൽ ആദ്യ ഒരു ശതമാനത്തിന്റെ പ്രതിശീർഷ വരുമാനം മൊത്ത ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നിലധികമാണ്. ആദ്യ പത്ത് ശതമാനത്തിന്റെ വരുമാനം മൊത്തം വരുമാനത്തിന്റെ 57 ശതമാനവും.


ഇതുകൂടി വായിക്കു; സംസര്‍ഗേ ഗുണ, ദോഷ, കഷണ്ടി!


 

ഇന്ത്യയിൽ ഇടത്തരക്കാരും ദാരിദ്ര്യത്തിലാണ്. അവരുടെ പക്കലുള്ള ശരാശരി സ്വത്ത് 7,23,930 രൂപയാണ്. അതായത് ഇവരുടെ കയ്യിൽ 29.5 ശതമാനം സ്വത്ത് മാത്രം. ആദ്യ പത്ത് ശതമാനത്തിന്റെ പക്കൽ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്റെ പക്കൽ 33 ശതമാനം ആസ്തിയുമുണ്ട്. ആദ്യ 10 ശതമാനം പേരുടെ ആസ്തി 63.54 ലക്ഷമാണ്. അതിസമ്പന്നരായ ഒരു ശതമാനത്തിന് ശരാശരി 3.24 കോടി രൂപയുടെ ആസ്തിയുണ്ട്. വിലക്കയറ്റത്തോടൊപ്പം രൂക്ഷമായ തൊഴിലില്ലായ്മയും രാജ്യത്ത് കുതിക്കുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. തൊഴിൽ പങ്കാളിത്ത നിരക്ക് 46 ശതമാനത്തിൽ നിന്നും 40 ആയി കുറഞ്ഞു. മാർച്ചിൽ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 6.91 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 7.68 ശതമാനമാണ്. സാമ്പത്തികരംഗത്ത് ലിംഗ അസമത്വവും വർധിക്കുന്നതായി കണക്കുകൾ പറയുന്നു. സ്ത്രീകളുടെ വരുമാനവിഹിതം ആകെ വരുമാനത്തിന്റെ 18 ശതമാനമാണ്. ഇത് ഏഷ്യൻ ശരാശരിക്കും താഴെയാണ്. എസ്‌സി/എസ്‌ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവര്‍ പിന്നാക്കം പോയിരിക്കുകയാണെന്നും രാജ്യത്തിന്റെ പുരോഗതിയിൽ അവരുടെ നേട്ടമോ വിഹിതമോ സമ്പന്ന വിഭാഗങ്ങളേക്കാൾ വളരെ കുറവാണെന്നും നവസാമ്പത്തിക നയങ്ങളുടെ രാജ്യത്തെ നടത്തിപ്പുകാരനായ ഡോ. മന്‍മോഹന്‍സിങ് തന്നെ പറഞ്ഞു. 1991ലെ ബജറ്റ് പ്രസംഗത്തിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുത്തത് മൂലം കഴിഞ്ഞ 30 വർഷത്തിനിടയിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഡോ. സിങ് ഊന്നിപ്പറഞ്ഞിരുന്നെങ്കിലും “രാജ്യത്ത് അസമത്വം ഗണ്യമായി വർധിച്ചു” എന്ന കാര്യം അദ്ദേഹം ഇപ്പോള്‍ സമ്മതിക്കുന്നു. ചണ്ഡീഗഢിലെ സെന്റർ ഫോർ റിസർച്ച് ഇൻ റൂറൽ ആന്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് (സിആർഐഐഡി) സംഘടിപ്പിച്ച ഇന്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ സയൻസസ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (ഐഎഎസ്ഐ) 17-ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. 1991ലെ 32,700 കോടി ഡോളർ സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് ജിഡിപിയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ ഇന്ന് 3,75,000 കോടി ഡോളറിലേക്ക് വളർന്നുവെങ്കിലും ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സമതുലിത പുരോഗതിക്ക് 90കളിൽ നടപ്പിലാക്കിയതും ഇപ്പോഴും തുടരുന്നതുമായ നവഉദാരീകരണ നയങ്ങൾ സഹായകമായിട്ടില്ല. സമ്പത്തിന്റെ അസന്തുലിതമായ വിതരണം മൂലം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർധിക്കുകയും രാജ്യത്തെ ജനതയിൽ വലിയൊരു വിഭാഗം പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്നുവെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്നതാണ് കണക്കുകൾ.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.