22 January 2026, Thursday

Related news

December 19, 2025
November 4, 2025
August 24, 2025
March 11, 2025
February 16, 2025
February 15, 2025
January 18, 2025
December 26, 2024
December 26, 2024
December 15, 2024

ആരോഗ്യമുള്ള സമൂഹത്തിന് അകറ്റാം ലഹരിയെ

ഡോ. ആർ ബിന്ദു 
(ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി)
June 26, 2024 4:30 am

മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരിവ്യാപാരത്തിനുമെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സംരംഭമാണ് ലഹരിവിരുദ്ധ ദിനം. യുവജനതയെയും അതുവഴി ഭാവിസമൂഹത്തെയും കാർന്നുതിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ രാജ്യാന്തരസമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.
കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് അടിപ്പെട്ടു പോകുന്നത്. അറിയാനുള്ള ആകാംക്ഷയിലോ സമപ്രായക്കാരുടെ സ്വാധീനം കൊണ്ടോ ലഹരി ഉപയോഗിച്ചു തുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെട്ടു പോകുന്നു. സ്കൂൾ‑കലാലയ വിദ്യാർത്ഥികളും യുവജനങ്ങളുമാണ് ഇങ്ങനെ എളുപ്പം ആകർഷിക്കപ്പെടുന്നത്. മയക്കുമരുന്ന് വ്യാപാരശൃംഖലയിൽ പെടുകയും വാഹകരായി മാറുകയും ചെയ്ത് ജീവിതം ചെറുപ്രായത്തിൽത്തന്നെ ഇരുട്ടിലാക്കപ്പെടുന്ന നിരവധിപേർ നമുക്കുചുറ്റുമുണ്ട്. പ്രായത്തിന്റെ പക്വതയില്ലായ്മ തൊട്ട് കുടുംബപ്രശ്നങ്ങൾ വരെ പലരെയും ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതിൽ പ്രധാന കാരണമാകുന്നുണ്ട്.

ആഗോളവ്യാപകമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ പ്രചരണങ്ങളും ജനകീയമുന്നേറ്റങ്ങളും വർധിക്കുമ്പോഴും ജനങ്ങളിൽ ലഹരിയുടെ സ്വാധീനം ഏറിവരുന്നുവെന്നത് ആശങ്കയുണർത്തുന്നതാണ്. നിയമംകൊണ്ടു മാത്രം ഇത് നിയന്ത്രിക്കാൻ സാധിക്കണമെന്നില്ല. സ്കൂൾതലം മുതലുള്ള നിരന്തര ബോധവല്‍ക്കരണം, സന്നദ്ധസംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നിരന്തര പ്രചരണം, വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സമീപം കലാലയാധികൃതരുടെയും നിയമപാലകരുടെയും സജീവ നിരീക്ഷണം തുടങ്ങി കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ വിപത്തിനെ തടയാൻ സാധിക്കൂ. രക്ഷിതാക്കളുടെ നിതാന്ത ജാഗ്രതയും ഇക്കാര്യത്തിൽ അനിവാര്യമാണ്.
ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്പ് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം വച്ച് സർക്കാരും സാമൂഹ്യനീതി, ഉന്നതവിദ്യാഭ്യാസ വകുപ്പുകള്‍ എക്സൈസ്/ പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പ്രചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കലാലയങ്ങളിൽ പ്രവർത്തിക്കുന്ന ആസാദ് സേന (Agents for Social Aware­ness Against Drugs) ഇക്കാര്യത്തിൽ വലിയ സേവനമാണ് ചെയ്യുന്നത്. വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സാമൂഹ്യനീതി, ഉന്നതവിദ്യാഭ്യാസ വകുപ്പുകളുമായി ചേര്‍ന്ന് രൂപീകരിച്ച കർമ്മസേനയാണ് ആസാദ് സേന. മറ്റ് ഒട്ടേറെ സംഘടനകളും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ക്ലാസുകളും ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. 

ബോധവല്‍ക്കരണ പ്രവർത്തനങ്ങളും ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശീലന പരിപാടികളും സാമൂഹ്യനീതിവകുപ്പ് പ്രത്യേകമായും ചെയ്യുന്നുണ്ട്. എക്സൈസ്, ആരോഗ്യം, പൊതുവിദ്യാഭ്യാസം, വനിത‑ശിശു വികസനം എന്നീ വകുപ്പുകളുമായും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുമായും കൈകോർത്തുകൊണ്ടാണ് സാമൂഹ്യനീതി വകുപ്പിന്റെ ഈ പ്രവർത്തനങ്ങൾ. കേന്ദ്ര സർക്കാരിന്റെ കൂടി ധനസഹായത്തോടെ സംസ്ഥാനത്ത് 17 ഡി അഡിക്ഷൻ കേന്ദ്രങ്ങൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. കുട്ടികൾക്കു മാത്രമായി രണ്ട് ഡി അഡിക്ഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കുപുറമെ, ആരോഗ്യവകുപ്പിന്റെയും എക്സെെസ് വകുപ്പിന്റെയും നേതൃത്വത്തിലുള്ള ലഹരിചികിത്സാ കേന്ദ്രങ്ങളും ഊർജസ്വലമായി പ്രവർത്തിച്ചുവരുന്നു. ഈ സ്ഥാപനങ്ങളിൽ സൗജന്യ ചികിത്സയും കൗൺസിലിങ്ങും സർക്കാർ ഒരുക്കിയിട്ടുണ്ട്.
ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുകളെക്കുറിച്ചും ലഹരിവസ്തുക്കളിൽ നിന്നും വിട്ടുനിൽക്കേണ്ട ആവശ്യകതയെപ്പറ്റിയും പുതുതലമുറ ബോധവാന്മാരാകുകയെന്നതാണ് സർവപ്രധാനം. യുവതലമുറ ലഹരിക്കടിപ്പെടുമ്പോൾ നശിക്കുന്നത് നാടിന്റെയും വീടിന്റെയും വലിയ പ്രതീക്ഷകളാണ്; നാളെയുടെ വലിയ സ്വപ്നങ്ങളാണ്. ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്തെന്നത് നാം മറന്നുകൂടാ. ലഹരിയുടെ പിടിയിൽനിന്നും യുവതയെ സ്ഥിരമായി സംരക്ഷിക്കാനും കുടുംബബന്ധങ്ങളും സാമൂഹിക ജീവിതവും തകരാതിരിക്കാനും ഈ വിപത്ത് ഒഴിവാക്കുകയെന്ന ആഹ്വാനം നാം ചെവിക്കൊള്ളേണ്ടതുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.