20 April 2024, Saturday

തമിഴ്‍നാട് നല്‍കുന്ന പാഠം

Janayugom Webdesk
December 29, 2022 5:00 am

ഒരുപാട് കെട്ട വാര്‍ത്തകള്‍ക്കിടയില്‍ ചില സുവാര്‍ത്തകളുണ്ടാകുന്നത് ഒരു പ്രതീക്ഷയാണ്. സ്വന്തം സിംഹാസനം അരക്കിട്ടുറപ്പിക്കാന്‍, ഇല്ലാക്കഥകളുണ്ടാക്കി ജനങ്ങളെ ഭയവിഹ്വലരാക്കിയും പരസ്പരം പകപൂണ്ടവരാക്കിയും കുത്സിതമാര്‍ഗങ്ങള്‍ തേടുന്ന അധികാരിവര്‍ഗങ്ങളുടെ കാലത്ത് പ്രത്യേകിച്ചും. അത്തരമൊരു വാര്‍ത്തയാണ് കഴിഞ്ഞദിവസം തമിഴ്‍നാട്ടില്‍ നിന്നുണ്ടായത്. ദളിതരുടെ പ്രവേശനം തടഞ്ഞ സേലം, വിരുദാസംപട്ടിയിലെ ശക്തി മാരിയമ്മൻ ക്ഷേത്രം റവന്യു ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തുവെന്നാണ് വാര്‍ത്ത. ഒരു ദേവാലയം അടച്ചുപൂട്ടി എന്നതുകൊണ്ടല്ല ഇത് ശുഭവാര്‍ത്തയാകുന്നത്, അതിനുള്ള കാരണം കൊണ്ടാണ്. ദളിതർക്ക് പ്രവേശനം നിഷേധിച്ചതിനാണ് ഭരണകൂടം ക്ഷേത്രത്തിന് താഴിട്ടത്. ജാതിവിവേചനത്തിനും ദുരഭിമാനക്കൊലയ്ക്കുമുള്ള കുപ്രസിദ്ധി ഇടയ്ക്കിടെ ചാര്‍ത്തിക്കിട്ടുന്ന തമിഴ്‍നാട്ടിലാണ് സംഭവം എന്നത് കൂടുതല്‍ പ്രസക്തവുമാണ്. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രം അടുത്തിടെ നവീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്. ഞായറാഴ്ച വൈകിട്ട് ഉയർന്ന ജാതിക്കാരായ സ്ത്രീകളാണ് ക്ഷേത്രത്തിലെത്തിയ ദളിതരെ തടഞ്ഞത്. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ക്ഷേത്ര പരിസരത്ത് സംഘർഷമുണ്ടായതോടെ റവന്യു ഉദ്യോഗസ്ഥർ ക്ഷേത്രം സീൽ ചെയ്യുകയും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.

 


ഇതുകൂടി വായിക്കു;  ബ്രാഹ്മണിക്കല്‍ ചരിത്രത്തിന് കളമൊരുങ്ങുന്നു


 

സാമൂഹികവും സാംസ്കാരികവുമായി രാജ്യത്ത് തന്നെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പിന്നാക്കവിഭാഗത്തില്‍ പെട്ട ശാന്തിമാരെ 2017 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ചപ്പോഴുണ്ടായ സവര്‍ണവിഭാഗങ്ങളുടെ പ്രതിഷേധം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. മലപ്പുറം ഏലംകുളത്തെ ദളിത് പൂജാരി ബിജു നാരായണനു നേരെ ആസിഡ് ആക്രമണം വരെയുണ്ടായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ആദ്യമായി താന്ത്രിക പഠനത്തില്‍ അംഗീകാരം നേടിയ ദളിതനാണ് ബിജു. ചെട്ടികുളങ്ങരയില്‍ നിയമിതനായ അബ്രാഹ്മണ ശാന്തിക്കും തൊട്ടുകൂടായ്മ അനുഭവിക്കേണ്ടി വന്നു. ഈഴവ സമുദായാംഗമായ സുധികുമാറിന്റെ നിയമനം ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ തടഞ്ഞുവയ്ക്കുന്ന അവസ്ഥവരെയുണ്ടായി. ഇതിനെല്ലാമെതിരെ ശക്തമായ രീതിയില്‍ നടപടിയെടുക്കാന്‍ വര്‍ഗീയ സംഘര്‍ഷം ഭയന്ന് സര്‍ക്കാരിനും പരിമിതിയുണ്ടായിരുന്നു. സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കവും സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണിപ്പോള്‍. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നപ്പോള്‍ സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസിന് കാവല്‍നില്‍ക്കേണ്ടിവന്നു.

ബിഷപ്പിനെ പോലും തടഞ്ഞ വിശ്വാസികള്‍ ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തപ്പോള്‍ പൊലീസെത്തി പിരിച്ചുവിടുകയായിരുന്നു. ഇത് വിദ്യാസമ്പന്നരെന്ന് സ്വയം അഭിമാനിക്കുന്ന നമ്മുടെ സംസ്ഥാനത്താണ്. എന്നാല്‍ ദേശീയപാത വികസനത്തിന് ഒരു ക്ഷേത്രം പൊളിച്ചു മാറ്റി സ്ഥാപിച്ച ക്ഷേത്രക്കമ്മിറ്റിയും കേരളത്തിലുണ്ടായെന്നത് അഭിമാനകരമാണ്. കണ്ണൂർ‑കാസർകോട് ദേശീയപാതയിലെ പരിയാരത്തെ ഭഗവതി ക്ഷേത്രമാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ പൂർണമായി പൊളിച്ചു മാറ്റിയത്. ഇതുപക്ഷേ വലിയവാര്‍ത്തയായില്ല എന്നതാണ് സത്യം. ദളിത് വിവേചനത്തിന്റെ വാര്‍ത്തകള്‍ക്കൊപ്പം അതിനുവിരുദ്ധമായ നടപടികളുടെ നന്മനിറഞ്ഞ ഇടപെടലുകളും തമിഴ്‍നാട് ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നത് ഇതാദ്യമല്ല. തിരുവള്ളൂർ ജില്ലയിലെ തോക്കമൂർ ഗ്രാമത്തിൽ ദളിത് വിഭാഗങ്ങൾക്ക് അയിത്തം കൽപ്പിച്ച് കെട്ടിയ ജാതിമതിൽ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു. സമീപത്തെ സർക്കാർഭൂമിയിലേക്കുള്ള പ്രവേശനം തടയാനായി ദളിത് കോളനിയുടെ അതിരുകളിൽ സവര്‍ണരെന്ന് കരുതുന്ന വണ്ണിയർ സമുദായത്തിൽപ്പെട്ടവർ ആറ് വര്‍ഷം മുമ്പ് നിർമ്മിച്ച എട്ടടി ഉയരമുള്ള മതിലാണ് പൊളിച്ചത്. ദളിതരോട് സംസാരിക്കാൻ പാടില്ല, കൃഷിയിടങ്ങളിൽ ജോലിനൽകാൻ പാടില്ല തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നത് തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇടതുപക്ഷ സംഘടനകൾ അടക്കമുള്ളവർ പ്രതിഷേധവുമായെത്തിയതോടെയാണ് മതിൽ പൊളിച്ചുനീക്കാൻ ജില്ലാഭരണകൂടം നടപടിയെടുത്തത്.


ഇതുകൂടി വായിക്കു; വെറുംവാക്കുകള്‍ കൊണ്ട് അന്നം മുട്ടിക്കരുത്


 

റോഡ് വീതികൂട്ടുന്നതിനായി ചെങ്കൽപ്പെട്ട് ജില്ലയിലെ കറ്റങ്കളത്തൂര്‍ ഭവാനിയമ്മൻ കോവിലും ഭരണകൂടം കുറച്ചുനാള്‍ മുമ്പ് പൊളിച്ചു നീക്കിയിരുന്നു. കോയമ്പത്തൂരിനടുത്ത കൃഷ്ണഗിരിയിലെ കട്ടിഗാനപ്പള്ളി പഞ്ചായത്തിൽ ഗ്രാമദൈവങ്ങളുടെ പ്രതിഷ്ഠകളുമായി നടന്നിരുന്ന അനധികൃത ക്ഷേത്രനിർമ്മാണവും തമിഴ‌്നാട് പൊലീസ് തകർത്തിരുന്നു. ആരാധനാലയം എന്നത് വിശ്വാസികളുടെ വിഷയമാണ്. പക്ഷേ അവിടെ അസ്പൃശ്യതയും ജാതിവിവേചനവും ഉണ്ടായാല്‍ ശക്തമായ ഭരണകൂടം ഇടപെടും എന്നാണ് തമിഴ്‍നാട് നല്‍കുന്ന പാഠം. ദളിതരെ മനുഷ്യരായി പോലും കാണാത്ത സംഘ്പരിവാര്‍ ഭരണം രാജ്യത്തെ രാമായണത്തിലേക്കും സവര്‍ണാധിപത്യത്തിലേക്കും തിരികെ കൊണ്ടുപോകാന്‍ ചരിത്രം തിരുത്തുമെന്ന് പ്രഖ്യാപിക്കുന്നതിനിടയിലാണ് ഇത്തരം ചെറുത്തുനില്പുകള്‍ കൂടുതല്‍ പ്രസക്തമാകുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.