സംസ്ഥാന സർക്കാരിന്റെ വ്യവസായ, വാണിജ്യ വകുപ്പിന് കീഴിലുള്ള നിർമ്മാണ, വ്യാപാര കമ്പനികളുടെ പ്രവർത്തനം കാര്യക്ഷമവും ലാഭകരവുമാക്കുന്നതു സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കാലാനുസൃതവും പ്രതീക്ഷയ്ക്കു വകനൽകുന്നതുമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുഖജനാവിൽ നിന്നുള്ള പണം വാരിവിഴുങ്ങുന്ന വെള്ളാനകളാണെന്നുള്ള ധാരണ തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടേതുപോലുള്ള ഒരു മിശ്ര സമ്പദ്ഘടനയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ മത്സരക്ഷമം അല്ലെങ്കിൽ അവ സ്വയം നശിക്കുക മാത്രമല്ല പൊതുഖജനാവിനും നാടിനുതന്നെയും ഭാരമായി മാറും എന്നത് അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. നാശത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കി മാറ്റാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ എപ്പോഴൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അപ്പോഴൊക്കെ ആത്മാർത്ഥമായ ശ്രമങ്ങൾ നടക്കുകയും വലിയൊരളവ് അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളിൽ 21 എണ്ണം ലാഭകരമായാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. അടുത്ത വർഷത്തോടെ അവയുടെ എണ്ണം മുപ്പതായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അതിനുതകുന്ന പശ്ചാത്തലം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒരുക്കാൻ സഹായകമായ നിർദേശങ്ങളാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ അവയെ സംബന്ധിക്കുന്ന 28 വിഷയങ്ങളിൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും നൽകണമെന്നതാണ് വിദഗ്ധ സമിതിയുടെ ശുപാർശയുടെ കാതൽ. പദ്ധതികൾ ആവിഷ്കരിക്കുന്നതിലും കാലാനുസൃതമായ ആധുനീകരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണസമിതികൾക്ക് മതിയായ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. കേവലം താത്വികമായ സ്വാതന്ത്ര്യമല്ല, മറിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തോടുകൂടിയ സ്വയംഭരണാവകാശം ഉറപ്പുവരുത്തിയാൽ മാത്രമേ അവയുടെ വളർച്ചയും വികാസവും സുഗമമാവു. വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ എന്നനിലയിൽ വളർച്ചയ്ക്കും വികാസത്തിനും സർക്കാരിന്റെ കാരുണ്യത്തിന് കൈനീട്ടാതെ ധന വിപണിയിൽനിന്നു വായ്പ സ്വീകരിക്കാനുള്ള അവകാശം അവയ്ക്ക് ഉണ്ടായിരിക്കണം.
മത്സരാധിഷ്ഠിത അന്തരീക്ഷത്തിൽ തന്ത്രപ്രധാനമായ ഈ വസ്തുത അംഗീകരിക്കുന്നു എന്നതാണ് വിദഗ്ധ സമിതി ശുപാർശയുടെ സവിശേഷത. ഒരുപക്ഷെ നാളിതുവരെ ബോധപൂർവം അംഗീകരിക്കപ്പെടാതെ പോയ വസ്തുതകളിൽ ഒന്നാണ് ഇത്. അതുവഴിമാത്രമേ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധന, സാങ്കേതിക, ഉപരിഘടന നവീകരണവും കാര്യക്ഷമതയും ഉയർത്താനാവൂ. നമ്മുടെ പൊതുമേഖല നേരിടുന്ന മറ്റൊരു വെല്ലുവിളി അതിന്റെ മേൽനോട്ട, സാങ്കേതിക സ്ഥാനങ്ങൾ വഹിക്കുന്നവരുടെ തൊഴിൽപരമായ വൈദഗ്ധ്യത്തിന്റെ അഭാവമാണ്. അത് പലപ്പോഴും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ലാവണങ്ങളായി മാറുന്നു. അത്തരം തന്ത്രപ്രധാന സ്ഥാനങ്ങളിൽ മതിയായ യോഗ്യതയുള്ള വിദഗ്ധരെ, ആവശ്യമെങ്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ കഴിയുന്ന അയവേറിയ സമീപനം കൂടിയേതീരൂ. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം സ്ഥാപനത്തോടും സമൂഹത്തോടും മതിയായ പ്രതിബദ്ധതയുള്ള തൊഴിൽശക്തിയാണ്. തൊഴിലാളികളുടെ സംഘടിക്കാനും കൂട്ടായ വിലപേശലിനുമുള്ള അവകാശം അംഗീകരിക്കുമ്പോൾ തന്നെ സ്ഥാപനത്തിന്റെ നിലനില്പും പുരോഗതിയും തങ്ങളുടെ തന്നെ നിലനില്പിന് അനിവാര്യമാണെന്ന തിരിച്ചറിവിനും തൊഴിലിൽ ആവശ്യമായ ക്രമീകരണങ്ങൾക്കും അവർ സന്നദ്ധമാവേണ്ടതുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്താൻ ഉതകുന്നവിധം ഫണ്ടുകളുടെ ലഭ്യത, കാലഹരണപ്പെട്ട ഉപകരണങ്ങളും അവശിഷ്ടങ്ങളും യഥാസമയം വിറ്റു മുതൽക്കൂട്ടുക, സംയുക്ത സംരംഭങ്ങളിൽ പങ്കാളികളാവുക, അസംസ്കൃത വസ്തുക്കൾ വാങ്ങാനും ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാനും ഭരണസമിതികൾക്ക് അവകാശം നൽകുക, ദൈനംദിന പ്രവർത്തങ്ങൾക്കും തീരുമാനങ്ങൾ കൈക്കൊള്ളാനുമുള്ള അവകാശം ഭരണ സമിതികളിൽ നിക്ഷിപ്തമാക്കുക, ശമ്പള പരിഷ്കാരത്തിനു ലാഭവുമായി ബന്ധപ്പെടുത്തി 25 ശതമാന പരിധി തുടങ്ങിയ നിരവധി മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ശുപാർശകൾ. സ്ഥാപനങ്ങൾ അവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എത്രത്തോളം പുരോഗതി കൈവരിച്ചു എന്ന് വിലയിരുത്തുന്ന ഓഡിറ്റ് നിർബന്ധമാക്കണമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്യുന്നു. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രിക്ക് കൈമാറിയ റിപ്പോർട്ട് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുരോഗമനപരമായ മാറ്റത്തിനു ദിശാസൂചകമായി മാറുമെന്ന് പ്രതീക്ഷിക്കാം.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.