ഉറക്കത്തിലയാൾ ഞെട്ടിയുണരുന്നു
ഉണർന്നിരിക്കുമ്പോഴും
ഒരേചിന്തയലട്ടുന്നു
ഒരേഒരുകാഴ്ചതെളിയുന്നു
ഏതോഖബറിന്നടുത്തായ്
വിരിഞ്ഞേനിൽക്കുന്നു
കൂട്ടംകൂട്ടമായ് ഗുലാബുകൾ, പനിനീരുകൾ
അയാൾ വീടിന്റെ
അടുക്കളത്തൊടിയിലേ
ക്കോടുന്നു; അവിടേയും
നിന്ന് ചിരിക്കുന്നു
അതേ ഗുലാബുകൾ
സുഗന്ധങ്ങൾ
ബീവി പോകും മുമ്പേ
തണ്ട് നട്ട് നനച്ചതും
ഓരോ വളർച്ചയും
അവൾ നോക്കിനിന്നതും
ആരും കാണാതെയവർ
തമ്മിൽ മിണ്ടീതും
ആദ്യത്തെ പുഷ്പത്തി
നായിരം ഉമ്മകൾ നൽകിക്കൊണ്ടേതോ
പാട്ടാദ്യമായ് മൂളിയതും
മകളെ വീഡീയോകോളിൽ
വിളിച്ചാ ഗുലാബിന്റെ
ഗന്ധവും പകരാൻ ശ്രമിച്ചതും
ഒടുവിൽ അതിന്നിതളുകൾ
ഓരോന്നായി കൊഴിഞ്ഞപ്പോൾ
കണ്ണീര് വീഴ്ത്താതെയാ
ഉള്ളം തേങ്ങിയതും
ഫ്ളാഷ്ബാക്കുപോലെ
ഒരുക്ലിക്കിലിപ്പോൾ
മിന്നിമറയുന്നുണ്ട്
അയാൾക്കിപ്പോൾ
എന്തോ തെളിഞ്ഞ് വരുന്നുണ്ട്
അവളെ മറമാടിയ
മണ്ണിന്റെ തേങ്ങൽ
കനത്ത് കനത്ത് വരുന്നത്
കേൾക്കുന്നുണ്ട്
മണ്ണിലേക്കിറക്കാതെ
വേരുകളത്രയും
ചാക്കിലായ് സൂക്ഷിച്ച-
തെന്തെന്ന് തിരിയുന്നുണ്ട്
ചാക്കോടെ പൂക്കൾ
ഖബറിന്നരികെയെത്തുന്നു
തലയ്ക്കൽ അവളുടെ
മുടിപോലെ ചെടിയുടെ
വേരുകൾ ആഴത്തിലിറങ്ങുന്നു
അവർ വീണ്ടും കണ്ടുമുട്ടുന്നു
പൂക്കളത്രയും
കാറ്റിലാടിയുലയുന്നു
“ക്ഷമിക്കുക ബീവി നീ
ഞാൻ വൈകിപ്പോയോ
ഇനിയിത് ഖബറല്ല
നീ ഗുലാബായി വിരിയുന്ന
മലർവാടി, ഞാൻ വരുമ്പോഴെല്ലാം
എന്നെയും നോക്കി
നീ ചിരിക്കുന്ന നമ്മുടെ
പുനഃസമാഗമവേദി”
അയാളിപ്പോൾ ഏറെ
ശാന്തമായ് ഉറങ്ങുന്നു
ഇങ്ങനേയും ഒരു
നിയതിയുണ്ടെന്നറിയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.