3 March 2024, Sunday

ഒരു ശിക്ഷാവിധിയും അപരിഹാര്യമായി തുടരുന്ന സാമൂഹ്യതിന്മയും

Janayugom Webdesk
October 14, 2021 5:39 am

കേരളത്തിന്റെ സാമൂഹ്യമനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം തടവിനുപുറമെ 17 വര്‍ഷത്തെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. 17 വര്‍ഷത്തെ തടവിനു ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ അനുഭവിച്ചു തീര്‍ക്കേണ്ടിവരിക. സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഏറെ പ്രത്യേകതകളുള്ള കേസില്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ അന്വേഷണവും വിചാരണയും ശിക്ഷാവിധിയും ഉണ്ടായി എന്നത് ബന്ധപ്പെട്ട എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. അന്വേഷണവും വിചാരണയും ശിക്ഷാവിധിയും ഏറെക്കാലമെടുക്കുന്ന രാജ്യത്ത് താരതമ്യേന വേഗത്തില്‍ അവ പൂര്‍ത്തിയാക്കാനും ഉത്രയ്ക്കും കുടുംബത്തിനും നീതി ഉറപ്പുവരുത്താനും കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ശിക്ഷാവിധിയില്‍ ഉത്രയുടെ കുടുംബവും പൊതുസമൂഹത്തില്‍ ഗണ്യമായ ഒരു വിഭാഗവും തൃപ്തരല്ല എന്നത് അനിഷേധ്യമായ വസ്തുതയാണ്. എന്നാല്‍ നിയമത്തിന് ആ കുടുംബത്തെയും പൊതുസമൂഹത്തെയും പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ എപ്പോഴും കഴിഞ്ഞേക്കില്ല. നിയമത്തിന് അതിന്റേതായ വ്യവസ്ഥാപിത മാര്‍ഗം അവലംബിക്കാതിരിക്കാന്‍ ആവില്ലല്ലോ. മാത്രമല്ല തുടര്‍ന്നും നിയമത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനുള്ള അവസരം ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാണ്. പ്രോസിക്യൂഷനുതന്നെ ആ സാധ്യതകള്‍ തുടര്‍ന്നും ഉപയോഗപ്പെടുത്താനും അവസരമുണ്ട്. അത്തരം ആവശ്യങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുമുണ്ട്. സ്ത്രീധനം, വിവാഹിതരായ സ്ത്രീകളുടെ കുടുംബസ്വത്ത് എന്നിവ ലക്ഷ്യംവച്ച് സമൂഹത്തില്‍ ഇന്നും തുടര്‍ന്നുപോരുന്ന അനീതികള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരെ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സമൂഹത്തിന് പകര്‍ന്നുനല്കുന്നതില്‍ ഉത്രകേസിന്റെ ഇതുവരെയുളള പരിണാമം നമ്മെ ബോധ്യപ്പെടുത്തുന്നു എന്നതാണ് പ്രധാനം. അത് സമാന മനസ്കര്‍ക്കു നല്കുന്ന മുന്നറിയിപ്പും അവഗണിക്കാവുന്നതല്ല.

 


ഇതുകൂടി വായിക്കൂ: ഉത്ര വധക്കേസ്: കേരളം കാത്തിരുന്ന വിധി; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം


 

ഉത്രവധക്കേസില്‍ കുറ്റവാളിയായ സൂരജ് അവലംബിച്ച രീതിയും അതിന്റെ കഠോരതയുമാണ് കേസിന് അഭൂതപൂര്‍വമായ പ്രാധാന്യം നേടിക്കൊടുത്തത്. കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടതുകൊണ്ട് സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റാവുന്ന സാമൂഹ്യതിന്മയല്ല ആ കുറ്റകൃത്യത്തിനു നിദാനമായ സ്ത്രീധനവും വിവാഹിതരായ സ്ത്രീകളുടെ കു­ടുംബസ്വത്തിനോടുള്ള പു­രുഷന്റെയും അയാളുടെ കുടുംബത്തിന്റെയും അ­ത്യാര്‍ത്തിയും. ഇന്ത്യന്‍ റിപ്പബ്ലിക് നിലവില്‍ വ­ന്ന് 12-ാം വര്‍ഷം, 1961ല്‍, പാര്‍ലമെന്റ് സ്ത്രീധനനിരോധന നിയമം പാസാക്കുകയുണ്ടായി. അതിനുശേഷം ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ത്രീധനമെന്ന സാമൂഹ്യതിന്മ പൂര്‍വാധികം കരുത്തോടെ നിലനില്‍ക്കുന്നു എന്നത് സമൂഹത്തെയും രാജ്യത്തെ നിയമവാഴ്ചാ സംവിധാനത്തെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. നിയമവാഴ്ചയുടെ ഈ തകര്‍ച്ചയ്ക്ക് നമ്മുടെ സാമൂഹിക, രാഷ്ട്രീയ, മതനേതൃത്വവും സംഘടനാ സംവിധാനങ്ങളും ഒരുപോലെ ഉത്തരവാദികളാണ്. മേല്‍പറഞ്ഞ സാമൂഹിക, രാഷ്ട്രീയ, മതനേതൃപദവികളില്‍ വിരാജിക്കുന്നവരില്‍ ഗണ്യമായ ഒരു വിഭാഗം തങ്ങളുടെ സാമൂഹിക പദവിയുടെ അളവുകോലായി സ്ത്രീധനത്തേയും സ്ത്രീകളുടെ കുടുംബസമ്പത്തിനെയും നോക്കിക്കാണുന്നു എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഉത്രവധത്തിന് കുറ്റവാളി അവലംബിച്ച മാര്‍ഗം ഒഴിച്ചുനിര്‍ത്തിയാല്‍ സ്ത്രീധന മരണങ്ങള്‍ എന്നത് അസാധാരണമോ ഒറ്റപ്പെട്ടതോ ആയ പ്രതിഭാസമല്ലെന്ന് വസ്തുതകള്‍ വെളിവാക്കുന്നു. ലോകത്ത് ഏറ്റവും അധികം സ്ത്രീധന മരണങ്ങളും കുറ്റകൃത്യങ്ങളും അരങ്ങേറുന്ന രാജ്യമാണ് ഇന്ത്യ. ഓരോ തൊണ്ണൂറു മിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീധന മരണം സംഭവിക്കുന്നതായി ക്രെെം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. മാത്രമല്ല അവയുടെ എണ്ണം പ്രതിവര്‍ഷം കുറയുകയല്ല, മറിച്ച് കുതിച്ചുയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഉത്രവധക്കേസില്‍ കുറ്റവാളി ശിക്ഷിക്കപ്പെട്ടതോടെ അതീവ നികൃഷ്ടമായ ഈ സാമൂഹ്യ നീതിക്ക് അറുതിയാവും എന്നു കരുതുന്നത് തികഞ്ഞ മൗഢ്യമാണ്.

 


ഇതുകൂടി വായിക്കൂ: ഉത്ര കൊലക്കേസ് ; പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഡമ്മി പരിശോധന , ദൃശ്യങ്ങള്‍ പുറത്ത്


 

ഉത്രവധക്കേസിലെ പ്രതിക്ക് ലഭിച്ച ശിക്ഷയെപ്പറ്റി തീക്ഷണമായ ചര്‍ച്ചകളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. അതിന്റെ പര്യാപ്തതയെപ്പറ്റിയോ അപര്യാപ്തതയെപ്പറ്റിയോ ഉള്ള ചര്‍ച്ചകളെക്കാള്‍ ഉപരി സ്ത്രീധനമെന്ന സാമൂഹ്യതിന്മയെ നേരിടാനും അതിന് എന്നെന്നേക്കുമായി അറുതിവരുത്താനുമുള്ള മാര്‍ഗങ്ങളെപ്പറ്റിയും നിയമാധിഷ്ഠിത സംവിധാനങ്ങളെപ്പറ്റിയുമുള്ള ചര്‍ച്ചകളാണ് ഏറെ പ്രസക്തം. ആറ് പതിറ്റാണ്ടായിട്ടും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത രാജ്യത്തെ സാമൂഹിക, നിയമ സംവിധാനങ്ങളുടെ പരാജയവും അതിനെ മറികടക്കാനുള്ള മാര്‍ഗവുമായിരിക്കണം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അവ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ പരിഹാരമാര്‍ഗങ്ങളില്‍ എത്തിച്ചേരണ്ടതുമുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.