ലോകം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ നോക്കിക്കാണുന്നതും വിലയിരുത്തുന്നതും അത്യുജ്വലമായി തിളങ്ങുന്ന ഒരു നക്ഷത്രമായിട്ടാണ് എന്ന അഭിപ്രായം രേഖപ്പെടുത്തിയത് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ്. 2023–24ലെ ബജറ്റ് അവതരണവേളയിലാണ് ഇത്തരമൊരു പ്രശംസാവാചകം തട്ടിവിട്ടത്. രാജ്യത്തെ ജനസംഖ്യയുടെ വലിപ്പം സൂചിപ്പിക്കുന്നതിനായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്, 2020ല്‍ ആഗോള ജനസംഖ്യയുടെ 15 മുതല്‍ 29 വയസുവരെയുള്ളവരില്‍ 20.6 ശതമാനവും ഇവിടെയാണ് എന്നാണ്. താമസിയാതെ ആഗോള ജനസംഖ്യയിലെ പണിയെടുക്കുന്നവരില്‍ അഞ്ചില്‍ ഒരാള്‍ ഇന്ത്യക്കാരനായിരിക്കുമെന്നാണ്. ലോക രാജ്യങ്ങള്‍ ഇന്ത്യയിലെ യുവത്വത്തെ ഒരു സൗഭാഗ്യമായി കാണുന്നു എന്നര്‍ത്ഥം. എന്നാല്‍ ഇത്തരമൊരു ധാരണ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായതുകൊണ്ട് കാര്യമില്ല, ഇന്ത്യന്‍ ഭരണകൂടവും നയരൂപീകരണ മേഖലയിലുള്ളവരും ഈ വസ്തുത തിരിച്ചറിയണം.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 65 ശതമാനം മനുഷ്യാധ്വാന ശക്തിയും സംഭാവന ചെയ്യുക യുവാക്കളായിരിക്കും എന്ന് തിരിച്ചറിഞ്ഞതിനു ശേഷവും കേന്ദ്രസര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങളില്‍ അത് പ്രതിഫലിച്ചുകാണാനില്ല. ഏറ്റവുമൊടുവിലത്തെ ബജറ്റിലും മൂലധന ചെലവിലാണ് വന്‍ വര്‍ധനവ് വിഭാവനം ചെയ്യുന്നത്. അതും ഭൗതിക ഊര്‍ജം, രാജ്യരക്ഷ തുടങ്ങിയവയ്ക്ക്. ഈ മേഖലയ്ക്കായി 2022–24ഘട്ടത്തില്‍ 3.2 ലക്ഷം കോടി നിക്ഷേപവര്‍ധനവാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം നികുതി വരുമാനത്തില്‍ ഇടിവുണ്ടാകുമെന്നും ധനക്കമ്മി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പാലിക്കപ്പെടേണ്ടതുണ്ടെന്നും പറയുന്നു. 2023–24 ലെ ബജറ്റില്‍ ഭക്ഷ്യ സബ്സിഡി 90,000 കോടിയും വളം സബ്സിഡി 50,000 കോടിയുമാണ് കുറച്ചത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിച്ചെലവില്‍ 30,000 കോടിയാണ് കുറവ്. ഇത്രയും വലിയൊരു ആഘാതം പരിഹരിക്കുന്നതിന് ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അങ്കണവാടി വികസന പദ്ധതി തുടങ്ങിയവയ്ക്കുള്ള നാമമാത്രമായ വര്‍ധന മതിയാവില്ല.
മൂലധന വര്‍ധന, പൊതുമേഖലയുടെതായാലും സ്വകാര്യ മേഖലയുടെതായാലും സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനത്തിന് അനിവാര്യം തന്നെയാണ്. ഇതിനായി ജിഡിപിയുടെ വര്‍ധിച്ച തോതിലുള്ള മൂലധന നിക്ഷേപവും ആവശ്യമാണ്. 2000 മുതല്‍ 2007 വരെ ഈ വിധത്തിലായിരുന്നു മൂലധന നിക്ഷേപ വളര്‍ച്ച നടന്നിരുന്നത്. ഇത് 2007ല്‍ ജിഡിപിയുടെ 42 ശതമാനം വരെ എത്തിയിരുന്നതുമാണ്. ചൈനയെ കടത്തിവെട്ടുന്ന നേട്ടമായിരുന്നു ഇത്. ഈ പ്രവണത 2010 വരെ തുടരുകയുമുണ്ടായി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായത് 2007–08ലെ ആഗോള ധനകാര്യ പ്രതിസന്ധിയാണ്. അന്നും ചൈന പിടിച്ചുനിന്നത് ആഭ്യന്തര നിക്ഷേപ വര്‍ധനവിലൂടെയാണ്. അതും പൊതുനിക്ഷേപക്കുതിപ്പിലൂടെ. ഇന്ത്യയാണെങ്കില്‍ ധനക്കമ്മിയുടെ കുതിച്ചുകയറ്റം ഭയന്ന് പൊതുനിക്ഷേപ വര്‍ധനവിന് കടിഞ്ഞാണിടുകയായിരുന്നു. പൊതുനിക്ഷേപത്തിന്റെ മെല്ലെപ്പോക്ക്, സ്വകാര്യ നിക്ഷേപത്തെയും നിരുത്സാഹപ്പെടുത്തുകയും പിന്തിരിപ്പിക്കുകയുമാണ് ചെയ്തത്. അങ്ങനെയാണ് മൊത്ത മൂലധന നിക്ഷേപം 2013–14 നും 2020–21 നും ഇടയ്ക്ക് ജിഡിപിയുടെ 33.3 ശതമാനത്തില്‍ നിന്നും 27.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്.
കോവിഡനന്തരം ഇന്ത്യയില്‍ സംഭവിച്ചത് ഒരേസമയം രണ്ട് പാളിച്ചകളായിരുന്നു. ഒന്ന്, മൂലധന നിക്ഷേപ തകര്‍ച്ച. രണ്ട്, സാമൂഹ്യമേഖലാ നിക്ഷേപത്തിന്റെ ഭാഗമായ സബ്സിഡി ചെലവുകള്‍ വെട്ടിക്കുറച്ചത്. ഇതെല്ലാം സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതാണ്. 2020–21ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 9.8 ശതമാനം തൊഴിലാളികള്‍ക്കു മാത്രമാണ് സ്ഥിരം തൊഴിലുകളുള്ളത്. ഇവര്‍ക്കു മാത്രമേ സാമൂഹ്യസുരക്ഷിതത്വം ലഭ്യമാകുന്നുള്ളു. അതുകൊണ്ടുതന്നെ ദരിദ്ര ജനകോടികളുടെ പ്രധാന ആശ്രയം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ലഭ്യതയും മാത്രമാണ്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മുതല്‍ക്കൂട്ട് മനുഷ്യാധ്വാന ശക്തിയാണ്. അതുകൊണ്ട് നമുക്കാവശ്യം മനുഷ്യ കേന്ദ്രീകൃത നിക്ഷേപമാണ്, മൂലധന കേന്ദ്രീകൃത നിക്ഷേപമല്ല. വികസനത്തിന്റെ ലക്ഷ്യം മനുഷ്യന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതായിരിക്കണം. പ്രത്യേകിച്ച് ജനസംഖ്യയില്‍ 65 ശതമാനത്തോളം യുവത്വം തുളുമ്പുന്ന ഒരു തലമുറയാകുമ്പോള്‍. വിജ്ഞാന മേഖലയില്‍ ഉന്നത ബിരുദം നേടി വരുന്നവര്‍ക്കായിരിക്കും വികസിത രാജ്യങ്ങളില്‍ ആകര്‍ഷകമായ തൊഴിലവസരങ്ങള്‍ ലഭിക്കുക. ഇതിന് സഹായകമായ വിധത്തിലായിരിക്കണം ഉന്നത വിദ്യാഭ്യാസ‑ഗവേഷണ സൗകര്യങ്ങള്‍ സജ്ജമാക്കേണ്ടത്. ഇതിലേക്കായി പൊതു നിക്ഷേപത്തിന് തുടക്കമിട്ടാല്‍ മാത്രമേ, സ്വകാര്യ നിക്ഷേപവും ആകര്‍ഷിക്കപ്പെടുകയുള്ളു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ റെക്കോഡ് ഒട്ടുംതന്നെ ആകര്‍ഷണീയമല്ല.
ഭരണകൂടം വിദ്യാഭ്യാസ മേഖലയെ അവഗണിക്കുന്നു എന്നതാണ് ദയനീയാവസ്ഥ. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് തൊഴിലിന് അര്‍ഹതനേടി എത്തുന്നവര്‍ക്കാവശ്യമായ തൊഴിലവസരങ്ങള്‍ ഇല്ലെന്നതും ഒരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. യുവജനങ്ങള്‍ കടുത്ത നിരാശയിലും ഇച്ഛാഭംഗത്തിലും അകപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിപ്പെട്ടുപോകുന്നുമുണ്ട്. ഈ അവസ്ഥയ്ക്ക് അന്ത്യം കുറിക്കുന്നതിനുള്ള ഏക മാര്‍ഗം ആരോഗ്യ–വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപ വര്‍ധനവ് മാത്രമാണ്. അങ്ങനെ വരുമ്പോള്‍ സ്വകാര്യനിക്ഷേപവും കൂടാതിരിക്കില്ല. വിജ്ഞാന പ്രചോദിതമായൊരു സമ്പദ്‌വ്യവസ്ഥയിലേ വിദ്യാസമ്പന്നരായ തലമുറയ്ക്ക് ആകര്‍ഷണീയമായ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുകയുള്ളു.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് വിനിയോഗിക്കപ്പെടാതെ അവശേഷിക്കുന്ന മനുഷ്യ വിഭവശേഷിയും പ്രകൃതി വിഭവങ്ങളും നിലവിലിരിക്കുന്ന സാഹചര്യത്തില്‍ ഉല്പാദന മേഖലയ്ക്ക് നേരിട്ട് സംഭാവന നല്കാനാവാത്ത സാമൂഹ്യ സേവനമേഖലകളില്‍ കടം വാങ്ങിയ പണം നിക്ഷേപിക്കുന്നതിലെ യുക്തിരാഹിത്യവും ഗൗരവമായെടുക്കണം. ഈ ഘട്ടത്തിലാണ്, ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുന്ന ഗൗതം അഡാനി-മോഡി ബന്ധം പ്രസക്തമാകുന്നത്. വഴിവിട്ട മാര്‍ഗങ്ങളിലൂടെ വിദേശ പണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ എത്തിയാല്‍ അത് താളംതെറ്റുമെന്നതില്‍ തര്‍ക്കമില്ല.
സര്‍ക്കാര്‍ വായ്പകളെടുക്കുന്നത് ഉല്പാദന മേഖലകളെ ശക്തമാക്കുന്നതിനും പുതിയ തൊഴിലുകള്‍ക്കും വരുമാന മാര്‍ഗങ്ങള്‍ക്കും വഴിയൊരുക്കുന്നതിനും വേണ്ടിയാണെങ്കില്‍ അപാകതയില്ല. ഇടത്തരം കുടുംബങ്ങള്‍ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി കടംവാങ്ങുക പതിവാണല്ലോ. ഇതിന്റെ ഉദ്ദേശ്യം വിദ്യാസമ്പന്നരായ മക്കള്‍ക്ക് തൊഴിലും വരുമാനവും കിട്ടുമെന്നും അവരിലൂടെ കടബാധ്യതകള്‍ തീര്‍ക്കാമെന്നുമായിരിക്കും. രാജ്യം കടം വാങ്ങുന്നതും സമാനമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കണം. ഇന്ത്യയില്‍ ലക്ഷക്കണക്കിന് യുവാക്കളാണ് ഉന്നത ബിരുദവും ഗവേഷണ പരിജ്ഞാനവും നേടിയതിനു ശേഷവും തൊഴിലിനായി നെട്ടോട്ടമോടുന്നത്. ഈ കാഴ്ച പുതുതലമുറയിലെ അഭ്യസ്തവിദ്യര്‍ക്കിടയില്‍ കടുത്ത നിരാശയാണ് ഉളവാക്കുന്നത്. സ്വന്തം ഭാവിയെപ്പറ്റി കടുത്ത ആശങ്കയും മനുഷ്യവിഭവ വിനിയോഗ പദ്ധതികളുടെ അഭാവവും ഗുരുതരമായ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ചുരുക്കത്തില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ യുവതലമുറയ്ക്കായി പ്രത്യേക ബജറ്റുകള്‍തന്നെ തയ്യാറാക്കുകയാണ് വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.