സിപിഐ നേതാവും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരുമായിരുന്ന സഖാവ് എ ശിവരാജന്റെ ഒന്നാം ചരമവാർഷികദിനമാണ് ഇന്ന്. ആശയത്തെളിമയും സംഘടനാ കാർക്കശ്യവും മുഖമുദ്രയാക്കിയ സഖാവിനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ നഷ്ടമായത്. ഏറ്റെടുക്കുന്ന ഏത് വിഷയവും പരിഹരിക്കുവാൻ കാട്ടിയ ജാഗ്രത പാർട്ടി പ്രവർത്തകർക്കിടയിൽ അദ്ദേഹത്തെ ഇഷ്ട സഖാവാക്കി. ലാളിത്യവും വിനയവും ജീവിതത്തിൽ ഉടനീളം പിൻതുടർന്ന അദ്ദേഹം ഏവരുടെയും ആദരവും ഏറ്റുവാങ്ങി. ജനയുഗത്തിൽ കൊച്ചി യൂണിറ്റ് മാനേജരായി പ്രവർത്തിച്ച കാലയളവിലും ആ സ്നേഹവും കരുതലും ജീവനക്കാർക്കെല്ലാം അനുഭവവേദ്യമായിരുന്നു. ജനയുഗത്തില്‍ പാര്‍ട്ടി ഏല്പിച്ച ദൗത്യം നിർവഹിക്കുന്നതിൽ അദ്ദേഹം കാണിച്ച ആത്മസമർപ്പണതുല്യമായ ഉത്തരവാദിത്തം മാതൃകാപരമാണ്. ജനയുഗത്തെ പൊതുസ്വീകാര്യതയുള്ള പത്രമാക്കി മാറ്റുന്നതിൽ സഖാവ് നിർണായക പങ്കുവഹിച്ചു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന സഖാവിന്റെ ആ സവിശേഷ വ്യക്തിത്വമാണ് അദ്ദേഹത്തെ പാർട്ടിയിലും ജനയുഗം കുടുംബാംഗങ്ങൾക്കിടയിലും പ്രിയങ്കരനാക്കിയത്.
ഏജന്റുമാർ മുതൽ എഡിറ്റോറിയൽ ജീവനക്കാര്‍ വരെയുള്ള പത്രത്തിന്റെ വിപുലമായ ശൃംഖലയിലെ സൂക്ഷ്മവശങ്ങളിൽ വരെ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ഏജന്റുമാരുടെ കെട്ടിലെ കോപ്പികളുടെ എണ്ണം കുറഞ്ഞെന്ന പരാതി ഉയരുമ്പോഴും അച്ചടിയുടെ തെളിച്ചത്തിൽ പോരായ്മയുണ്ടാകുമ്പോഴും എഡിറ്റോറിയൽ, സർക്കുലേഷൻ വിഭാഗങ്ങളിലുള്ളവരെ പുലർച്ചെ വിളിച്ചുണർത്താൻ അദ്ദേഹം മടികാണിച്ചിരുന്നില്ല. പരാതിരഹിതമായി പത്രം ഇറക്കണമെന്ന കാര്യത്തിൽ അത്രമാത്രം ശ്രദ്ധാലുവായിരുന്നു അദ്ദേഹം. പാർട്ടിക്ക് സ്വന്തമായി ഒരു ആസ്ഥാനം എന്നത് സഖാവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ആര്യാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കവെ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എസ് കുമാരന്റെ പേരിൽ സ്മാരകം നിർമ്മിച്ചു. പാർട്ടി മാരാരിക്കുളം മണ്ഡലം സെക്രട്ടറിയായിരുന്നപ്പോൾ പിജി സ്മാരക മന്ദിരവും എസ് കുമാരൻ സ്മാരക ലൈബ്രറിയും നിർമ്മിച്ചു.
ആലപ്പുഴ ജില്ലയിലെ സിപിഐ പ്രവർത്തകരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ജില്ലാ കൗൺസിൽ ഓഫീസായ ടി വി സ്മാരകവും നിർമ്മിച്ചത് എ ശിവരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഘടകത്തിൽ വരെ പ്രവർത്തിച്ചിട്ടുള്ള എ ശിവരാജൻ താഴെത്തട്ടിലുള്ള പ്രവർത്തകരോടുപോലും സൗമ്യതയും സമഭാവനയും പുലർത്തുവാൻ ഏറെ ശ്രദ്ധിച്ചിരുന്നു. തികഞ്ഞ കലാസ്നേഹിയും സഹൃദയനുമായിരുന്ന ശിവരാജന്‍ മൂർച്ചയേറിയ വിമർശനങ്ങളെപ്പോലും നർമ്മത്തിൽ ചാലിച്ച് അലിയിച്ചു കളയുമായിരുന്നു. സ്ഥാനമാനങ്ങൾക്കു പിന്നാലെ പോകാതെ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി താഴെത്തട്ടിൽ പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന് എന്നുമിഷ്ടം. കൊച്ചിയിൽ യൂണിറ്റ് മാനേജരായി ചുമതലയേറ്റതുമുതൽ ഊണിലും ഉറക്കത്തിലുമെല്ലാം ജനയുഗം മാത്രമായിരുന്നു സഖാവിന്റെ മനസിൽ. ആലപ്പുഴ അർബൻ ബാങ്കിന്റെ പ്രസിഡന്റ് പദവിയിൽ എത്തിയപ്പോഴും ജനയുഗത്തെ അദ്ദേഹം ഉപേക്ഷിച്ചില്ല. വിപുലമായ സൗഹൃദവും ബന്ധങ്ങളുമുണ്ടായിരുന്ന സഖാവ് അതെല്ലാം പ്രസ്ഥാനത്തിനും പത്രത്തിനും മുതൽക്കൂട്ടാക്കാൻ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ആലപ്പുഴ ജില്ലാ സെക്രട്ടറി, എഐടിയുസി ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.