2022 സെപ്റ്റംബർ പത്തൊൻപത്.
വീട്ടിൽ ലോട്ടറി എടുക്കുന്ന ആരും ഇല്ലാഞ്ഞിട്ടും അയാൾ ആരാവും എന്നറിയാൻ ഞാൻ തിടുക്കപ്പെട്ടു.
നിയാസ് ഇക്കയുടെ പിള്ളേർ ഏഴരക്കേ വരൂ. എത്ര പറഞ്ഞിട്ടാന്നറിയുമോ ഈ നേരം തന്നെ ആയത്. ഇല്ലെങ്കിൽ എട്ടുമണി കഴിയാതെ പത്രം എത്താറില്ല.
തലേന്നായിരുന്നു ഓണം ബമ്പർ ഫലം. പഴവങ്ങാടി ഭഗവതി ഏജൻസി വിറ്റ ഇരുപത്തഞ്ചു കോടി ലഭിച്ച TJ750605 എന്ന ടിക്കറ്റ് ആരാവും എടുത്തത് എന്നറിയാൻ വല്ലാത്ത ജിജ്ഞാസ.
ഓട്ടോ ഡ്രൈവറായ അനൂപ് എന്നയാൾ ഭാഗ്യം കൊണ്ടു ചിരിച്ചു നിൽക്കുന്ന ചിത്രവുമായി വന്ന പത്രം നിയാസ് ഇക്കയുടെ പിള്ളേർ മുറ്റത്തു നിന്ന് ഉമ്മറത്തേക്ക് ഒറ്റ ഏറ്. ആദ്യമായി പേപ്പറ് തുറക്കുമ്പോൾ ഉണ്ടാകുന്ന മണത്തിന് വേണ്ടി ആദ്യം വായിക്കുക എന്റെ പതിവ് പരിപാടിയാണ്.
നാട്ടിൽ അന്ന് ഭാഗ്യവാനെക്കുറിച്ച് പലരും പറഞ്ഞു കേട്ടു.
ഞാനോ കിലുക്കത്തിലെ കിട്ടുണ്ണിച്ചേട്ടനെ ഓർത്തു.പെറുക്കിപ്പെറുക്കി നമ്പർ വായിക്കുന്ന രേവതി, ബോധം കെടുന്ന കിട്ടുണ്ണിച്ചേട്ടൻ.
ഏതായാലും നല്ല ബോധത്തോടെ മകന്റെ കുടുക്ക പൊട്ടിച്ച് അഞ്ഞൂറ് തികച്ചു ബമ്പറടിച്ച് കിടുക്കിയ അനൂപിനെയും ഭാര്യ മായയെയും കണ്ടു.
“സന്തോഷം, സ്വപ്നം പോലെ, വിശ്വസിക്കാനാവുന്നില്ല.“എന്നതായിരുന്നു അയാളുടെ ആദ്യ പ്രതികരണം.
ഇരുപത്തിനാല് ശനിയാഴ്ചയിലെ മനോരമ പത്രത്തിലെ ആറാമത്തെ വർത്തമാനം പേജ് ഓർക്കുകയാണ്. യുക്രൈനിലെ ഹർകീവ് പ്രദേശത്ത് റഷ്യൻ സൈന്യം മടങ്ങിയ ശേഷം അവിടേക്കെത്തി തകർന്ന വീടും പരിസരവും നിരീക്ഷിക്കുന്ന ഗ്രാമവാസികളുടെ ചിത്രത്തിനപ്പുറം അനൂപ് തന്റെ ചെറിയ കുട്ടിയുമായി നിൽക്കുന്ന വാർത്ത.
‘കോടിപതി ഒളിവിൽ ’
മുകളിൽ ചുവന്ന മഷികൊണ്ട് ചെറുതായി എഴുതിയ അക്ഷരങ്ങൾ മനസ്സിൽ കൂട്ടിച്ചേർത്തു.
‘പണം ചോദിച്ച് രാപകൽ വീടു നിറയെ ആൾ’.
സ്വന്തം വീട്ടിൽ കയറാൻ പറ്റാതെ, കൊച്ചിന് അസുഖമായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയാതെ, മാസ്ക് വച്ചു പോലും പുറത്തിറങ്ങാൻ കഴിയാത്ത 25 കോടിയുടെ ഭാഗ്യവാന്റെ അവസ്ഥ ഞെട്ടിക്കുന്നതായിരുന്നു.
അഞ്ചു ദിവസം മുൻപ് ക്യാമറകൾക്ക് മുൻപിൽ ആഹ്ലാദപ്പൂത്തിരിയായി നിറഞ്ഞു നിന്ന അനൂപ് ഫേസ്ബുകിലൂടെ തന്റെ അനുഭവങ്ങൾ വീഡിയോയിലൂടെ പങ്കുവച്ചു.
നടുങ്ങുന്ന ഭാഗ്യദുഃഖം!
അഞ്ചു വർഷം മുൻപ് ഓണം ബമ്പർ ലോട്ടറി അടിച്ച പരപ്പനങ്ങാടിക്കാരനെക്കുറിച്ച് മുൻപ് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ അയാളെന്റെ ഉറക്കം കെടുത്തി.
കാണണം എന്ന് തന്നെ പല്ലവി.
എങ്ങനെ എന്നു മാത്രം അറിയില്ല.
ഒരുദിവസം എന്തോ സംസാരിക്കുന്നതിന്റെ ഇടയിൽ പാലത്തിങ്ങൽ ഒരു ചായക്കടയിൽ സ്ഥിരമായി അയാൾ ചായ കുടിക്കാൻ വരാറുണ്ടെന്ന് ഞാനറിഞ്ഞു.
എന്റെ ചോദ്യങ്ങൾ മൂർച്ഛിച്ചപ്പോൾ അറിയുന്ന എല്ലാവരും എതിർത്തു. അയാൾ നന്നായി മദ്യപിക്കും എന്നതായിരുന്നു എല്ലാവരുടെയും പ്രശ്നം.
പകൽമാന്യന്മാരായി ചെത്തി നടക്കുന്ന പലരുടെയും മര്യാദയില്ലായ്മയെ അറിയുന്ന ആളെന്നതിന്നാൽ അയാളുടെ മദ്യപാനം എനിക്കൊരു വിഷയമായിരുന്നില്ല.
ഇത് മൂലം പല ഭവിഷ്യത്തും ഉണ്ടാകുമെന്ന് പലരും പേടിപ്പിച്ചു. അയാളിലേക്കെത്താൻ ഒരു മാർഗവും ഉണ്ടായില്ല.
കോളേജിൽ നിന്നും വരുന്ന വഴി പാലത്തിങ്ങൽ ചായപ്പീടികയിൽ ഇറങ്ങി. കൂറ്റൻ ഗോപുരംമാതിരി ചായ എറിഞ്ഞു വീഴ്ത്തുന്ന മെലിഞ്ഞ ചേട്ടൻ ആണുങ്ങളു മാത്രം വരുന്ന ചായപ്പീടിക തിരഞ്ഞ് ചുരുണ്ട മുടി പാറിപ്പറത്തി ചപ്രാച്ചി തലയും കൊണ്ടു വരുന്ന എന്നെയൊന്നു മിഴിച്ചു നോക്കി. എന്റെ ആവശ്യമല്ലേ, ഞാനത് കാര്യമാക്കാതെ മെല്ലെ ചോദിച്ചു.
“ഇവിടെ ലോട്ടറി അടിച്ച കാക്ക വരാറുണ്ടോ?”
അയാളുടെ നോട്ടത്തിന്റെ മിഴിപ്പ് കൂടി.
“2017ൽ ലോട്ടറി അടിച്ച ”
ഒന്നൂടെ അയാളുടെ ഓർമ്മക്ക് ആക്കം കൂട്ടാൻ വേണ്ടി കൂട്ടിച്ചേർത്തു.
“ആര് മുസ്തഫാക്കയോ?”
“ആ.. അതെ ”
“അങ്ങേരെ എന്തിനാ.”
“ചുമ്മാ പരിചയപ്പെടാൻ.”
“കുട്ടി വിചാരിക്കുംപോലെ ഒരാളല്ല അത് ”
ചായ കുടിക്കുന്ന ആളുകൾ ഗ്ലാസ് ചുണ്ടോടടുപ്പിച്ച് എന്നെത്തന്നെ നോക്കാൻ തുടങ്ങി.
ഞാനൊരു മിനിമം ദാവൂദ് ഇബ്രാഹിമിനെ ചോദിച്ച പോലെ ആളുകൾ.
കടക്കാരൻ ചായയടി നിർത്തി എന്റെ അടുത്തേക്ക് വന്നു.
“ആളെ കാണുക നിർബന്ധമാണോ?”
“കാണുകയാണെങ്കിൽ നന്നായിരുന്നു.”
“ഇവിടെ എന്നും വരാറുണ്ട്, ആള് ഫുൾ വെള്ളമാണ്.”
“അതിനെന്താ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ?”
“ഏയ് അതല്ല പറഞ്ഞത്.” എന്ന് പറഞ്ഞു അയാൾ നിർത്തി.
“ഫോൺ നമ്പർ ഉണ്ടോ കൈയ്യിൽ?”
ഞാൻ ചോദിച്ചു.
അയാൾക്ക് തരാൻ വലിയ മടി.
അവസാനം കുറേ നേരം ചിന്തിച്ചു. ചിന്തയുടെ അവസാന നേരത്തെപ്പഴോ നമ്പർ പറഞ്ഞു തുടങ്ങി.
9656.…
ലോട്ടറി എന്നു മാത്രമെഴുതി ഞാനാ നമ്പർ ഫോണിലാക്കി.
അയാളോട് നന്ദി പറഞ്ഞു തിരിച്ചു നടന്നു. പിറകിൽ നിന്ന് ഒരു ബന്ധുക്കാരനെന്നോണം അയാൾ വിളിച്ചു പറഞ്ഞു.
“മോളേ ഇരുട്ടും മുൻപ് വിളിക്ക്, വൈകുന്നേരം മുതൽ ആള് കള്ളുകുടി തുടങ്ങും.”
അന്ന് വിളിച്ചില്ല. പിറ്റേന്ന് ക്ലാസ്സിൽ എന്തോ പറയുന്നതിനിടയിൽ ഞാനീ ലോട്ടറി അടിച്ച ആളെക്കുറിച്ച് പറഞ്ഞു. കുറേ കുട്ടികൾക്ക് അയാൾ പരിചിതനായിരുന്നു.
“മിസ്സേ വലിയ വീടൊക്കെ എടുത്തിട്ടുണ്ട്. ഇപ്പൊ പൈസ ഇല്ലാത്തതിനാൽ ആ വീടിന്റെ ജനലും വാതിലുമൊക്കെ അയാൾ വിറ്റു.”
ഞാനൊന്ന് പേടിച്ചു. അത്രക്കും പ്രാരാബ്ധമായോ അയാൾക്ക്?
അന്നെനിക്ക് അയാളുടെ വീട് കാണാൻ പൂതിയായി. സുധ്യേട്ടനെ സോപ്പിട്ടു. കൊണ്ടുപോവാമെന്ന് ഏറ്റു. പാലത്തിങ്ങൽ ചുഴലി എന്ന സ്‌ഥലം ലക്ഷ്യം വച്ച് നീങ്ങി. യാത്രയിൽ വഴി ചോദിച്ചതൊക്കെയും ഞാനാണ്.
ചോദിക്കുമ്പോൾ ചിലർ ചിരിച്ചു.
“പിരിവിനാണേൽ ഒന്നും കിട്ടില്ല ”
എന്ന ഒരാളുടെ സംസാരം സുധ്യേട്ടന് പിടിച്ചില്ല. വീട് കാണാനുള്ള മോഹം സ്വാഹ. ഞങ്ങൾ തിരിച്ചു പോന്നു. കാണാതെ പോരുക എന്ന തീവ്രമായ ദുഃഖത്തിൽ നിന്നുണ്ടായ (ഞാൻ തന്നെ ഉല്പാദിപ്പിക്കാറുള്ള) പ്രത്യേകതരം വാശിയിൽ തിരിച്ചു പോരും വഴി ഞാൻ വണ്ടിയിൽ നിന്നും പിണങ്ങി ഇറങ്ങി.
ലോട്ടറിക്കാരൻ മുസ്തഫയെ കാണണമെന്ന തീവ്രമായ
അത്യാഗ്രഹം എന്നെ പരപ്പനങ്ങാടി ബസ്സ്റ്റാൻഡിൽ എത്തിച്ചു.2017ൽ ലോട്ടറിടിക്കറ്റ് വിറ്റ ലോട്ടറിക്കടക്കാരൻ ഏതാവുമെന്ന് സാകൂതം നോക്കി.
അറിയില്ല. ചില സത്യങ്ങൾ അങ്ങനെയാണ്. മുന്നിലങ്ങനെ നീണ്ടുനിവർന്നിരിപ്പുണ്ടാകും,
നമ്മള് കാണുന്നുണ്ടാവും,
പക്ഷെ അറിയില്ല.
ഒന്ന് സഹായിക്കാൻ ആരുമുണ്ടാവില്ല. അപ്പോൾ നമ്മൾ ആർജ്ജിച്ചെടുക്കുന്ന തന്റേടമുണ്ട്.
ആ നിമിഷത്തിൽ നിന്നും മുന്നോട്ട് കുതിക്കാൻ അതുതന്നെ ധാരാളം!
എന്റെ ഫോണിലെ ലോട്ടറി എന്നെഴുതിയ നമ്പർ പരതി.
കിട്ടി, ബെല്ലടിക്കുന്നുണ്ട്.
“ഹലോ ആരാ?”
“ഞാനീ നാട്ടുകാരിയാണ്.എനിക്കൊന്ന് കാണണമായിരുന്നു. ഇപ്പൊ എവിടെയാ?”
“ഇപ്പൊ കാണാൻ പറ്റില്ല മോളേ, ഞാൻ പരപ്പനങ്ങാടി ആണ്.”
“അതേയോ, ഞാനും പരപ്പനങ്ങാടിയാണ്.
എനിക്കൊന്നു കണ്ടാൽ മതി.
ഒരു ചെറിയ കാര്യം എഴുതാനാണ്.”
എഴുത്ത് എന്ന് കേട്ടപ്പോൾ അയാൾക്ക് ഉത്സാഹമായി.
“കോ ‑ഓപ്പറേറ്റീവ് ബാങ്കിന്റെ മുന്നിലുണ്ട്. വേഗം വരൂ.”
ഞാൻ ഓടി. പച്ചയും, സ്വർണനിറവും കലർന്ന എന്റെ ചെക്ക് സാരി എവിടെയോ തട്ടിക്കീറി. എത്രയും പെട്ടന്ന് അയാൾക്ക് മുൻപിൽ എത്തുക എന്ന് മാത്രമായിരുന്നു ലക്ഷ്യം.
ബാങ്കിന്റെ മുൻപിൽ വെള്ളഷർട്ടും, മുണ്ടും ഉടുത്ത് ഒരാൾ ചിരിച്ചു നിൽക്കുന്നു. മൈലാഞ്ചി തേച്ച് ചെമ്പിച്ച മുടി,കരയില്ലാത്ത വെള്ളമുണ്ടിന്റെ തലപ്പ് ഇടതുകൈയ്യിലുണ്ട്. ചിരി തന്നെ ചിരി. എന്തേലും പ്രശ്നമുണ്ടോ എന്ന് മനസ്സ് മന്ത്രിച്ചു.
ദൂരെ നിന്ന് കണ്ടപ്പോഴേ ഞങ്ങൾക്ക് രണ്ടാൾക്കും പരസ്പരം മനസ്സിലായി.
“മോൾക്കെന്താ ചോദിക്കാനുള്ളത്?”
“ലോട്ടറി അടിച്ച കഥയാണ് വേണ്ടത് ”
അതൊക്കെ യൂട്യൂബിൽ ഉണ്ടല്ലോ, അന്നൊക്കെ വെല്ല്യ വാർത്തയായതല്ലേ? ”
“അറിയാം എന്നാലും പറഞ്ഞു കേൾക്കാൻ വേണ്ടിയാണ്.”
“പറയാൻ ഒന്നുല്ല്യ കുട്ട്യേ ലോട്ടറി അടിച്ചു പൈസ കിട്ടി,എല്ലാരും ഉണ്ടായി. പൈസ പോയി, എല്ലാരും പോയി.”
“എവിടുന്നാ ലോട്ടറി എടുത്തത്?”
ഖാലിദിന്റെ അടുത്ത്ന്ന്, ഓന് കാല് സ്വാധീനക്കുറവാണ്. ഓൻ വിറ്റ സുവർണ്ണജൂബിലി തിരുവോണം ബമ്പർ BR57.”
“എന്തായിരുന്നു ആദ്യം ജോലി?”
ഞാനൊരു തേങ്ങാക്കച്ചവടക്കാരനായിരുന്നു. എന്നും ലോട്ടറി എടുക്കും. അന്ന് പതിമൂവായിരത്തിഅഞ്ഞൂറിന് ലോട്ടറി എടുത്തു. പത്ത് കോടി അടിച്ചു. ആറ് കോടി മുപ്പത് ലക്ഷം എല്ലാം കിഴിച്ച് കിട്ടി”
എന്റെ കണ്ണ് തള്ളിപ്പോയി.
“പതിമൂവായിരത്തിന് ലോട്ടറി എടുക്കാനോ? ”
അതെ, എനിക്ക് ലോട്ടറി ലഹരിയായിരുന്നു. എന്നും എടുക്കും.”
പ്രേമം പൊട്ടിയാൽ പിന്നെയും പിന്നെയും പ്രേമിക്കുന്ന കുട്ടികളെ ഞാൻ നിരീക്ഷിക്കാറുണ്ട്. അതിന്റെ ഒറ്റപ്പേരാണ് പ്രതീക്ഷ.ഇതിലും നല്ലത് കിട്ടുമെന്ന പ്രതീക്ഷ.ആള് പൊളിയാണ്.
“മൂട്ടത്തറമ്മൽ മുസ്തഫ. അതാണ് കൊച്ചേ ന്റെ പേര്. ങ്ങള് ആരാന്നൊന്നും എനിക്കറിഞ്ഞൂടാ. എന്നെ തേടി വന്നു. ങ്ങളെ ഭാഷേ പറഞ്ഞാൽ ഞാനൊരു തുറന്നിട്ട പുസ്തകമാണ്. അടച്ചു വെക്കുന്നോർക്കല്ലേ ഒളിപ്പിക്കാൻ ഉണ്ടാവൂ. എനിക്കതില്ല. നല്ലോണം കുടിക്കാറുണ്ട്. വൈകുന്നേരം ഫുൾ വെള്ളത്തിലാണ്. വേറാരും ഇല്ലല്ലോ. ഒറ്റാം തടിയല്ലേ. ഒരു മനഃസമാധാനം വേണ്ടേ. അതിന് വേണ്ടിയാണ്. ”
“അപ്പൊ വീട്ടുകാർ?”
“എല്ലാരും പോയി. നാല് മക്കളും, ഓളും. ആർക്കും വേണ്ടാതായി.”
ആള് പിന്നെയും ചിരിക്കാൻ തുടങ്ങി.ആരുമില്ലാത്ത നിസ്സഹായനായ മനുഷ്യന്റെ അകംപുറം കാണുന്ന ചിരി.
ഒറ്റപ്പെട്ട മനുഷ്യരുടെ കഥയെഴുതുമ്പോൾ ഏറെ ശ്രദ്ധിക്കണം. ഒരു വള്ളി കൊണ്ടോ പുള്ളി കൊണ്ടോ അവരെനോവിക്കുകയെന്നാൽ ഒരായുസ്സിലേക്ക് ആത്മനിന്ദയെ ക്ഷണിച്ചു വരുത്തുക കൂടിയാണ്.
അത്കൊണ്ടാണ് AJ442876 എന്ന അയാളുടെ ഭാഗ്യസംഖ്യയുടെ കഥയെഴുതുമ്പോൾ എന്റെ കൈകൾ വിറച്ചുകൊണ്ടിരുന്നത്.
ഏതോ മദ്യത്തിന്റെ ചീഞ്ഞു നാറുന്ന ഗന്ധം എന്റെ മൂക്കിലടിച്ചു. ഞാനല്പം പുറകിലേക്ക് മാറി നിന്നു. അത് മനസ്സിലാക്കിയ അയാൾ ഇടയ്ക്കിടെ വായ കൈകൊണ്ടു മറച്ചു പിടിച്ചു സംസാരിക്കാൻ തുടങ്ങി. എനിക്കായാളോട് സഹതാപം തോന്നി.ആസ്വാദനത്തിനുമപ്പുറം മദ്യപിക്കുന്നവരോടൊക്കെയും എനിക്ക് സഹതാപം തോന്നാറുണ്ട്. അനുഭവിക്കാനാവാത്ത വികാരങ്ങളെ ഇല്ലായ്മ ചെയ്യാൻ അവരെന്തൊക്കെയോ തൊട്ടു നക്കുന്നു, കമഴ്ത്തിക്കുടിക്കുന്നു,
വീമ്പിളക്കുന്നു.
പരിസരബോധമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
ദയനീയം തന്നെ.
ആരൊക്കെയോ ഞങ്ങളെ നോക്കി നടന്നു നീങ്ങുന്നു. ഞാനൊന്നും ശ്രദ്ധിച്ചില്ല.
“ഇപ്പോഴും ലോട്ടറി എടുക്കാറുണ്ടോ?”
“പിന്നല്ലാണ്ട്, ഇന്നും എടുത്തു. എന്നും എടുക്കും.”
“ലോട്ടറി കൊണ്ട് കുടുംബം പോലും നഷ്ടമായില്ലേ, എന്നിട്ടും ?”
“ഏയ് എനിക്കത് നഷ്ടമായി തോന്നുന്നില്ല.”
അതു വരെ ഇന്റർവ്യൂ നടത്തുന്ന എന്റെ കസേര വലിച്ചിട്ട് ഇരിക്കുമ്പോലെ ആയാളൊരു ചോദ്യം ചോദിച്ചു.
“ഒരു മനുഷ്യൻ ജീവിതത്തിൽ ആഗ്രഹിക്കുന്നത് എന്താണെന്നറിയാമോ?”
“മനസ്സമാധാനം?“ഞാൻ പറഞ്ഞു.
“അല്ല.. സന്തോഷം. എനിക്കത് അന്നുമുണ്ട്. ഇന്നുമുണ്ട്.
പിന്നെന്തിനാണ് ലോട്ടറിയെ കുറ്റം പറയുന്നത്? ”
2015ൽ പന്ത്രണ്ട് കോടിയടിച്ച അയ്യപ്പൻ പിള്ള, പൈസ ചോദിച്ച് അയാൾക്ക് വന്ന 786 കത്തുകൾ..പാലക്കാട്ടെ സി. മുരളീധരൻ..
എല്ലാവരെയും ഞാൻ തിരഞ്ഞു.
ഇടയിൽ എവിടെയോ ചിലവാക്കിയ പണത്തെക്കുറിച്ച് പറഞ്ഞപ്പോൾ “പൈസ വെച്ചാൽ പൈസ പൈസയല്ലെ“ന്നു പറയുന്ന മുസ്തഫ തന്നെ താരം.
ഞാനയാളുടെ കണ്ണിലേക്ക് നോക്കിയാണ് സംസാരിച്ചത്. ആൽക്കഹോൾ തിളച്ചുമറിയുന്ന ചുവപ്പുനിറം. കറ വന്ന പല്ലുകൾ.
ഒട്ടും പാകതയില്ലാത്ത ചിരി.
ആണുങ്ങൾ ഒരു അത്ഭുതലോകമാണെന്ന് ഞാൻ അറിയുകയായിരുന്നു. കൂട്ടിവെച്ചതെല്ലാം നിരങ്ങിനീങ്ങുമ്പോഴും സുഖം കാംക്ഷിക്കുന്ന അവന്റെ കരളുറപ്പ് സമ്മതിച്ചുകൊടുക്കേണ്ടത് തന്നെ!
ഞാനയാളോട് അവസാനമായി ഒരു ചോദ്യം ചോദിച്ചു.
“ലോട്ടറി എടുക്കുന്ന ആളുകളോട് എന്താണ് പറയാനുള്ളത്?”
“എല്ലാവർക്കും ഒരു വർഷത്തിൽ 365 ദിവസങ്ങളുണ്ട്.364ദിവസങ്ങൾ നിർഭാഗ്യങ്ങളുടേതാവാം, പക്ഷെ ബാക്കി വന്ന ഒരു ദിവസമുണ്ടല്ലോ അത് ചെലപ്പോ ഭാഗ്യത്തിന്റേതാവും. അത് മതി ജീവിക്കാൻ.”
എത്രയോ വിജ്ഞാനമുള്ളവരെ ഞാൻ കണ്ടിട്ടുണ്ട്. ആരും ഇത്ര വലിയൊരു ശുഭാപ്തി വിശ്വാസം തന്നിട്ടില്ല. അല്ലെങ്കിലും ജീവിക്കാനുതകുന്ന വലിയ ആപ്തവാക്യങ്ങൾ ഇരിക്കുന്നത് ലോകപ്രശസ്തമായ പുസ്തകങ്ങളിലല്ല.
സാധാരണക്കാരന്റെ മനോനില മാറുന്ന നേരങ്ങളിലാണ്.
ആരുമില്ലെങ്കിലും മുസ്തഫ സന്തോഷത്തിലാണ് എന്നറിഞ്ഞതിൽ ഒരു മനസുഖം.
ഇനിയും തേങ്ങാക്കച്ചവടം ചെയ്യാനുള്ള അയാളിലെ പ്രതീക്ഷയുടെ ഞരമ്പ് അഭിനന്ദനാർഹം തന്നെ!
ഞാൻ യാത്ര പറഞ്ഞു. ഇത്ര നേരം സംസാരിച്ചതിൽ നന്ദിയും.
“മോളേ ”
ആ പിൻവിളിയിൽ എന്തോ ഒന്നുകൂടി ബാക്കിയാവുന്നു.
“എന്തേ?“എന്നു ചോദിച്ചു ഞാൻ തിരിഞ്ഞു.
ഒരു രഹസ്യം പറയാം. മോള് മനസേൽ വച്ചാ മതി. ലോട്ടറിയുമായി ബന്ധപ്പെട്ടതാ.
ഞാനൊന്ന് ഞെട്ടി. രഹസ്യം സൂക്ഷിക്കുക കടന്ന കൈയ്യാണ്. പ്രിയപ്പെട്ടതല്ലേന്നും കരുതി ആരോടും പറയല്ലേന്ന് പറഞ്ഞു നമ്മളെങ്ങാനും പറഞ്ഞു പോയാൽ, അവരും അങ്ങനെ കരുതി അവരുടെ പ്രിയപ്പെട്ടവരോട് പറഞ്ഞാൽ.. പറഞ്ഞു പറഞ്ഞു പരസ്യമായ രഹസ്യവുമായി വിശ്വാസവഞ്ചകയായ അവസ്ഥ കഠിനമാണ്.
“വേണ്ട.. അത് രഹസ്യമല്ലേ, രഹസ്യമായിരിക്കട്ടെ ”
“അല്ല മോളേ എനിക്കാരോടെങ്കിലും പറയണം. ഇപ്പോ ആരുമില്ല. ഇതവിടെ മനസ്സിൽ ഇട്ടാ മതി. എഴുത്തിൽ ചേർക്കണ്ട ”
അയാൾ പറഞ്ഞു തുടങ്ങിയതെല്ലാം നേട്ടങ്ങളുടെയും, ശുഭാപ്തിവിശ്വാസത്തിന്റെയും സ്തോത്രങ്ങളായിരുന്നു.
ആ വലിയ രഹസ്യം എന്റെയുള്ളിൽ സ്വസ്ഥമായിരിക്കുമെന്ന് ഞാനയാൾക്ക് വാക്ക് കൊടുത്തു.
രണ്ടു മാസത്തിനുള്ളിൽ രഹസ്യം നാട്ടുകാരിൽ ചിലരെങ്കിലും അറിയുന്ന പരസ്യമാകും.
അതു വരെ ഞാനും കാത്തിരിക്കുന്നു.
തിരച്ചിലിൽ വീണു കിട്ടിയ മുസ്തഫ!അദ്ദേഹം പറഞ്ഞ പോലെ നഷ്ടപ്പെട്ടതൊന്നും സന്തോഷം തരുന്നതായിരിക്കില്ല..ശരിക്കും പറഞ്ഞാൽ തിരച്ചിലുകളിലാണ് ജീവിതത്തിന്റെ വലിയ പാഠങ്ങളിരിപ്പുള്ളത്.
തിരഞ്ഞുകൊണ്ടേയിരിക്കൂ!
പെട്ടുപോയാലും ഉയിർത്തെഴുന്നേൽക്കുക!
എന്തെങ്കിലുമൊന്ന് പുതുതായി നേടാതിരിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.