26 July 2024, Friday
KSFE Galaxy Chits Banner 2

പതിനാലം പഞ്ചവത്സര പദ്ധതി; സമീപന രേഖയ്ക്ക് അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
June 14, 2023 10:11 pm

പതിനാലം പഞ്ചവത്സര പദ്ധതിയുടെ (2022–27) സമീപന രേഖയ്ക്ക് മന്ത്രിസഭായോ​ഗം അം​ഗീകാരം നൽകി.
അഞ്ച് വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥയുടെ ഒന്നിലധികം മേഖലകളെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു നൂതന സമൂഹമായി മാറ്റാൻ ലക്ഷ്യമിടുന്നതാണ് പതിനാലാം പഞ്ചവത്സര പ​ദ്ധതി. ആധുനികവും ജനാധിപത്യപരവും സുസ്ഥിരവുമായ ഭാവിക്ക് ഇത്തരമൊരു നൂതന സംസ്കാരം, പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ ഉല്പാദന പ്രവർത്തനങ്ങൾ എന്നിവ അത്യന്താപേക്ഷിതമാണെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി. ഉന്നത വിദ്യാഭ്യാസം കേരള സർക്കാരിന്റെ വികസന മുൻഗണനകളിലെ ഒരു പ്രധാന മേഖലയായിരിക്കും.

പൊതുനിക്ഷേപം ( പ്രത്യേകിച്ച് ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, പാർപ്പിടം), സാമൂഹ്യ ക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നീ മേഖലകളിൽ ആർജ്ജിച്ച കരുത്തിൽ കേരളം പടുത്തുയർത്തുന്നത് തുടരും. ഇതിനെ സമ്പദ് വ്യവസ്ഥയിലെ ഉല്പാദന ശക്തികളുടെ ത്വരിത വളർച്ചയ്ക്കുള്ള ഒരു ചാലകശക്തിയായി ഉപയോഗപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കും. ശാസ്ത്രം, സാങ്കേതികവിദ്യ, അത്യാധുനിക നിപുണതകൾ, വിജ്ഞാന സമ്പദ്ഘടനയിൽ ലഭ്യമായിട്ടുള്ള നിപുണതകൾ എന്നിവയും കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, ആധുനിക വ്യവസായം, പശ്ചാത്തല സൗകര്യ വികസനം, വരുമാനദായക സേവനങ്ങൾ എന്നിവയുടെ വർധിത വളർച്ച പതിനാലാം പഞ്ചവത്സര പദ്ധതി ഉറപ്പാക്കും.

ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആധുനിക സമ്പദ് വ്യവസ്ഥയിലെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ കേരളത്തിലെ യുവജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിലും സാമ്പത്തിക നയം രൂപകല്പന ചെയ്യും. അടുത്ത 25 വർഷത്തിനുള്ളിൽ കേരളത്തിലെ ജീവിത നിലവാരം അന്തർദേശീയ തലത്തിൽ ഒരു വികസിത ഇടത്തരം വരുമാനമുള്ള രാജ്യത്തെ ജീവിത നിലവാരത്തിലെത്തിക്കുക എന്നതാണ് പതിനാലം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. വികസന പ്രക്രിയയിൽ എല്ലാവരെയും ഉൾക്കൊള്ളുകയെന്ന സവിശേഷത കൂടി ഉൾപ്പെടുന്നതായിരിക്കും.

പ്രധാന ലക്ഷ്യങ്ങൾ

*പൊതുനിക്ഷേപം (ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, പാർപ്പിടം), സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നീ മേഖലകളിൽ ആർജ്ജിച്ച കരുത്ത് കൂടുതൽ ബലപ്പെടുത്തുക

*മാനവശേഷിയുടെ കരുത്തിലൂന്നി വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുകയും സമ്പദ്ഘടനയിലെ ഉല്പാദനശക്തികളുടെ വളർച്ച ദ്രുതഗതിയിലാക്കുകയും ചെയ്യുക

*വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, ചെറുകിട വ്യാപാരം എന്നിവയടങ്ങുന്ന വളർച്ച വരുമാനദായക സേവനങ്ങൾ, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, ആധുനിക വ്യവസായം, പശ്ചാത്തലസൗകര്യ വികസനം എന്നിവയുടെ വളർച്ച മെച്ചപ്പെടുത്താനായി ശാസ്ത്രം, സാങ്കേതികവിദ്യ ആധുനിക നിപുണതകൾ എന്നിവ ഉപയോഗപ്പെടുത്തുക

*ആധുനികവും തൊഴിൽദായകവും ഉല്പാദനക്ഷമവുമായ സമ്പദ്ഘടന കെട്ടിപ്പടുക്കുക

*ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ആധുനികവൽക്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, യുവതലമുറയ്ക്ക് ആധുനിക സമ്പദ്ഘടനയിലെ ഏറ്റവും മികച്ച തൊഴിൽ നൽകുക

*അതിദാരിദ്ര്യം ഇല്ലാതാക്കുക

*മാലിന്യനിർമ്മാർജ്ജനത്തിന് സമഗ്രവും നൂതനവുമായ സമ്പ്രദായങ്ങൾ സ്ഥാപിക്കുക

*വളർച്ചയുടെ ചാലകശക്തികളായി മാറാൻ പ്രാദേശിക സർക്കാരുകളെ സഹായിക്കുക

*എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വികസന നയം പ്രോത്സാഹിപ്പിക്കുക

Eng­lish Sum­ma­ry: cab­i­net meet­ing approved the approach doc­u­ment of the four­teenth five year plan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.