കുറ്റകൃത്യങ്ങളുമായും തെളിവുകളുമായും ബന്ധപ്പെട്ട വിവിധ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി, റെയ്ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും പിടിച്ചെടുക്കാനും തടങ്കലിൽ വയ്ക്കാനും പ്രോസിക്യൂട്ട് ചെയ്യാനും മാപ്പ് നൽകാനും തങ്ങള്‍ക്ക് കഴിയുന്ന തരത്തിൽ നരേന്ദ്ര മോഡി സർക്കാർ സ്വയം ശാക്തീകരിക്കുകയാണ്. ഒരുപക്ഷേ, ചിലരൊക്കെ അത് ഇഷ്ടപ്പെടുകയും ചെയ്തേക്കാം. ഭാരതീയ സാക്ഷ്യ സംഹിത (രണ്ട്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (രണ്ട്), ഭാരതീയ ന്യായ സംഹിത (രണ്ട്) എന്നീ മൂന്ന് ബില്ലുകള്‍ ഡിസംബർ 20ന് ലോക്‌സഭയിൽ ശബ്ദവോട്ടാേടെ പാസാക്കിയതാണ് ഈ പരമ്പരയിലെ ഏറ്റവും പുതിയ നീക്കം.
കൊളോണിയൽ കാലത്തെ നിയമങ്ങളായ ഇന്ത്യൻ എവിഡൻസ് ആക്ട്, ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ് ഓഫ് ഇന്ത്യ എന്നിവയ്ക്ക് പകരം ഭരണഘടനാ മൂല്യവും ഭാരതീയ ധാർമ്മികതയും പിന്തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെടുന്നു. മൂന്ന് പുതിയ നിയമങ്ങളും പാർലമെന്റിൽ ചർച്ച കൂടാതെ, മുഴുവൻ പ്രതിപക്ഷത്തിന്റെയും അഭാവത്തിൽ പാസാക്കപ്പെട്ടു എന്നതാണ് വസ്തുത. ആ ദിവസങ്ങളില്‍ ലോക്‌സഭയിലെ 100 അംഗങ്ങളെ സസ്‌പെൻഡ് ചെയ്തിരുന്നു. രാജ്യസഭയിലുള്‍പ്പെടെ ആകെ 146 അംഗങ്ങളെയാണ് മൂന്ന് ദിവസം കൊണ്ട് പുറത്താക്കിയത്. പ്രതിപക്ഷത്താണെങ്കിലും വൈഎസ്ആർ കോണ്‍ഗ്രസും ബിഎസ്‌പിയും മോഡിസർക്കാരുമായി നല്ല ബന്ധത്തിലായതുകൊണ്ടാണ് പങ്കെടുത്തത്.
അർത്ഥവത്തായ സംവാദത്തിനുള്ള ഒരു ചോദ്യവും സഭയില്‍ ഉണ്ടായില്ല. എഐഎംഐഎമ്മും ശിരോമണി അകാലിദളും (മാൻ) ആയിരുന്നു പ്രതിപക്ഷം. പ്രതിപക്ഷത്തു നിന്ന് ഒരാള്‍പോലും ഹാജരാകാത്തതിനാൽ ബില്ലുകൾ ചർച്ച ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അകാലിദളിലെ സിമ്രൻജിത് സിങ് മാൻ വാദിച്ചു. ഇത്തരമൊരു സുപ്രധാന വിഷയത്തിന്റെ ചർച്ചയിൽ പങ്കെടുത്തത് കേവലം 35 പ്രതിപക്ഷ എംപിമാർ മാത്രമാണ്. സഭയിലുണ്ടായിരുന്ന ബിജെപി അംഗങ്ങളാകട്ടെ “അടിമത്തത്തിന്റെ ചിഹ്നങ്ങൾ” മാറ്റി പുതിയ ബില്ലുകൾ കൊണ്ടുവന്നതിന് മോഡി-ഷാ ജോഡിയെ പ്രശംസിക്കാൻ സമയം ഉപയോഗിച്ചു. പുതിയ ബില്ലുകളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടാൻ ആരും ശ്രദ്ധിച്ചില്ല.
ബില്ലുകൾ ഈ രീതിയിലും ഇത്ര തിടുക്കത്തിലും പാസാക്കുന്നത് തികഞ്ഞ നീതികേടാണ്. കാരണം അത് എക്സിക്യൂട്ടീവിന് സമ്പൂർണ അധികാരം നൽകുന്നു എന്നതുൾപ്പെടെ നിരവധി പാളിച്ചകൾ നിലനില്‍ക്കുന്നു. നിയമനിർമ്മാണങ്ങളിലെ പഴുതുകളെ സുപ്രീം കോടതിയിൽ വെല്ലുവിളിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ ഇന്ത്യ സഖ്യം നേതാക്കൾ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷം ടിഎംസി നേതാവ് സുഗത റേ പറഞ്ഞു, ‘നിയമങ്ങളിലെ പഴുതുകൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു’.
പുതിയ കോഡ് രണ്ട് ഭീകരവിരുദ്ധ നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഭിഷേക് മനു സിംഘ്‌വി പറഞ്ഞു. നിലവിലുള്ള യുഎപിഎയും പുതിയ ക്രിമിനൽ കോഡുകളിലെ ഭീകരവിരുദ്ധ വ്യവസ്ഥകളും അപരിഷ്കൃതമാണ്. ഒരു കേസിൽ ഏത് തീവ്രവാദ വിരുദ്ധ നിയമങ്ങളാണ് ബാധകമാകേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള വിവേചനാധികാരം ഡെപ്യൂട്ടി എസ്‌പി തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് കോഡുകൾ വിട്ടുനൽകുന്നു. അതിന് പ്രത്യേക മാർഗനിർദേശങ്ങളോ മാനദണ്ഡങ്ങളോ ഇല്ല. ‘സംഘടിത കുറ്റകൃത്യ നിയമ’ത്തിലും സമാനമായ കാര്യമാണുള്ളത്. മഹാരാഷ്ട്രയിൽ ‘മകോക’, രാജസ്ഥാനിൽ ‘ആര്‍കോക’ എന്നിവയുണ്ട്. പുതിയ ബില്ലുകൾ വീണ്ടും രണ്ട് സെറ്റ് നിയമങ്ങൾ കൂടി സൃഷ്ടിക്കുകയാണ്.
വിശദമായ ചർച്ചയ്ക്കായി മൂന്ന് നിയമങ്ങളും പാർലമെന്ററി പാനലിന് അയച്ചപ്പോള്‍ മുൻ കേന്ദ്രമന്ത്രി പി ചിദംബരം ഭാരതീയ ന്യായ് സംഹിതയിലെ അഞ്ചാം ഖണ്ഡികയെ വിമർശിച്ചത് ‘പിന്തിരിപ്പനും ഭരണഘടനാ വിരുദ്ധവും‘എന്നാണ്. കാരണം രേഖപ്പെടുത്താതെ വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ഇളവ് ചെയ്യാന്‍ എക്സിക്യൂട്ടീവിന് സമ്പൂർണ അധികാരം നല്‍കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ക്ലോസ് 72(3) ഭരണഘടനാ വിരുദ്ധമായ കൂട്ടിച്ചേർക്കലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ‘ഇത് ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) ലംഘിക്കുന്നു’. ഒരു പ്രത്യേക കേസിൽ കോടതിനടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശം കോടതിക്ക് പരിമിതപ്പെടുത്താം, എന്നാല്‍ എല്ലാ കേസുകളിലും മാധ്യമങ്ങളെ തടയാൻ നിയമത്തിന് കഴിയില്ല.
പുതിയ നിയമങ്ങളിലെ തീവ്രവാദ വിരുദ്ധ വ്യവസ്ഥകളെക്കുറിച്ചും ആശങ്കയുണ്ട്. ക്ലോസ് 111ല്‍ ഭീകരപ്രവർത്തനം എന്ന കുറ്റത്തെയും അതിനുള്ള ശിക്ഷയെയും പരാമർശിക്കുന്നു. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം കോടതികളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ സമഗ്ര നിയമമാണ്. പ്രോസിക്യൂഷനുള്ള അനുമതി, തെളിവുകളുടെ കണിശത മുതലായ പ്രത്യേക വ്യവസ്ഥകളുണ്ട്. ആവശ്യമെങ്കിൽ യുഎപിഎ എന്ന പ്രത്യേക നിയമത്തിൽ ഭേദഗതിയും വരുത്താം,’ സിംഘ്‌വി പറഞ്ഞു.
2023 ഓഗസ്റ്റിൽ ലോക്‌സഭയിൽ ആദ്യം അവതരിപ്പിച്ച ബില്ലുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എങ്കിലും, ഇത് സർക്കാരിനെ പലവിധത്തിൽ ശാക്തീകരിക്കുമെന്നാണ് വിമർശനം. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്നതോ പൊതുക്രമം തകർക്കുന്നതോ അക്രമത്തിനുള്ള പ്രേരണയോ തുടങ്ങി ഏതൊരു പ്രവൃത്തിയും ഉൾപ്പെടുത്തിയാണ് ഭാരതീയ ന്യായ് സംഹിത രാജ്യദ്രോഹത്തിന്റെ നിർവചനം വിപുലീകരിച്ചത്. സർക്കാരിനെതിരായ വിയോജിപ്പുകളും വിമർശനങ്ങളും അടിച്ചമർത്താൻ ഇത് ഭരണകൂടത്തിന് അധികാരം നൽകുന്നു.
പ്രതിഷേധിക്കുന്ന പൗരന്മാരെ ലക്ഷ്യംവയ്ക്കാനും എതിർശബ്ദങ്ങളെ ഭയപ്പെടുത്താനും അടിച്ചമർത്താനും ‘നിയമവിരുദ്ധ’ സമ്മേളനങ്ങൾ’ പിരിച്ചുവിടാൻ ബലപ്രയോഗം നടത്താനും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും പരിശോധനകള്‍ നടത്താനും പിടിച്ചെടുക്കാനും പൊലീസിന് വിപുലമായ അധികാരം ഭാരതീയ നാഗരിക സംഹിത നൽകുന്നു.
അധികാരികളുടെ നിലവാരം, വിശ്വാസ്യത, സമഗ്രത എന്നിവ വ്യക്തമാക്കാതെ തന്നെ, ഇമെയിൽ, സെർവർ ലോഗുകൾ, സ്മാർട്ട്‌ഫോണുകൾ, എസ്എംഎസ്, വെബ്‌സൈറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രേഖകളെ തെളിവായെടുക്കാന്‍ ഭാരതീയ സാക്ഷ്യ സംഹിത അനുവദിക്കുന്നു. വ്യാജവും കെട്ടിച്ചമച്ചതുമായ തെളിവുകളുണ്ടാക്കാന്‍ ഇത് ഭരണകൂടത്തെ സഹായിക്കും. ബില്‍ പാസാക്കുന്നതിന് മുമ്പ് പാർലമെന്റിൽ സമഗ്രമായി ചർച്ച ചെയ്യപ്പെടേണ്ട ഗുരുതരമായ മറ്റ് നിരവധി വിഷയങ്ങളുമുണ്ട്. ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റസാധ്യതയുള്ളതും ജനാധിപത്യവിരുദ്ധവുമാണ്. ജനങ്ങളോടുള്ള കടുത്ത അനീതിയാകും ഇത്. കാരണം സർവശക്തനായ ഒരു എക്സിക്യൂട്ടീവിൽ നിന്ന് നീതി ലഭിക്കുകയെന്നത് വലിയ ബുദ്ധിമുട്ടായിരിക്കും.
(അവലംബം: എെപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.