5 May 2024, Sunday

മോഡിയുടെ ആത്മഹ ത്യാപാട്ട്!

ദേവിക
വാതില്‍പ്പഴുതിലൂടെ
October 23, 2023 4:10 am

ആത്മഹത്യക്ക് എന്തെല്ലാം മാര്‍ഗങ്ങളാണുള്ളത്! വിഷംകുടി, കിണറ്റില്‍ച്ചാട്ടം, തൂങ്ങിമരണം, ഞരമ്പുമുറിക്കല്‍ തുടങ്ങി പലതരം ആത്മഹത്യാവഴികള്‍. വഴിയേപോയ വിഷപ്പാമ്പിനെയെടുത്ത് കഴുത്തില്‍ച്ചുറ്റി ആത്മഹത്യക്ക് ശ്രമിച്ച അടിച്ചുപാമ്പായ ഒരു മലയാളിപയ്യനെക്കുറിച്ചുള്ള വാര്‍ത്തപോലും കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നു. പക്ഷെ പാട്ടുപാടി നൃത്തം ചെയ്ത് ആത്മഹത്യ ചെയ്യുന്നത് ഇതാദ്യം. സംഭവം മോഡിയുടെ ഗുജറാത്തിലാണ്. രാജ്യമെങ്ങും ഇപ്പോള്‍ നവരാത്രി ആഘോഷ തിമിര്‍പ്പിലാണല്ലോ. ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമാണ് ഗര്‍ബാനൃത്തം. പക്ഷെ നിര്‍ഭാഗ്യവശാല്‍ സമൂഹനൃത്തങ്ങള്‍ കൂട്ടമരണങ്ങളിലേക്ക് വഴുതിവീഴുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് നൃത്തം ചെയ്തവരില്‍ പത്തുപേരാണ് ഹൃദയാഘാതംമൂലം കുഴഞ്ഞുവീണു മരിച്ചത്. പതിനാലും പതിനേഴും വയസുള്ള രണ്ട് കുട്ടികളും ആടിപ്പാടി മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നൃത്തപരിശീലനത്തിനിടെ പാട്ടുപാടി മരിച്ചവര്‍ മൂന്ന്. മുമ്പൊരിക്കലുമില്ലാത്ത ഈ നൃത്തമൃത്യുവിനെതിരെ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കിയിരിക്കും. നൃത്തമരണങ്ങളുടെ ഇരകളുടെ പോസ്റ്റ്മോര്‍ട്ടം വേഗത്തിലാക്കാനും നിര്‍ദേശം. ഗര്‍ബാപാട്ടുമൂലമുള്ള ഹൃദയാഘാതത്തിന് ചികിത്സിക്കാന്‍ പ്രത്യേക വാര്‍ഡുകളും തയ്യാറായിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളിലൊന്നുമില്ലാത്ത ഒരു നൃത്ത ദുരന്തഭൂമിയായി മോഡിയുടെ ഗുജറാത്ത് മാറിക്കഴിഞ്ഞിരിക്കുന്നു. ആചാരപരമായ പഴയ നാടന്‍പാട്ടുകള്‍ പാടിയായിരുന്നു മുന്‍കാലങ്ങളിലെല്ലാം ഗുജറാത്തികള്‍ ഗര്‍ബാനൃത്തമാടിയിരുന്നത്. ഒരൊറ്റ മരണമോ ദേഹാസ്വാസ്ഥ്യമോ അനുഭവപ്പെട്ടിരുന്നില്ല. ഈ വര്‍ഷമെന്തേ ഇത്രയധികം നൃത്തമരണങ്ങള്‍ എന്ന് വെെദ്യശാസ്ത്ര ഗവേഷകരും ഗവേഷണം നടത്തിയപ്പോഴല്ലേ സത്യം പിടികിട്ടിയത്. നൃത്തമല്ല മരണകാരണം. നൃത്തത്തിന് ഈ വര്‍ഷം പാടിയ രണ്ട് പാട്ടുകളാണത്രെ കൂട്ടമരണങ്ങള്‍ക്ക് കാരണം. ഇതാദ്യമായി ഈ വര്‍ഷം പാടിയ രണ്ട് പാട്ടുകളുമെഴുതിയത് പ്രധാനമന്ത്രി നരേന്ദ്രമോഡി. അങ്ങനെ വിശ്വമഹാകവിയായ നരേന്ദ്രമോഡി നമ്മുടെ സ്വന്തം ആത്മഹത്യാ പാട്ടെഴുത്തുകാരനുമായി. ലോകത്തിന് മുന്നില്‍ നമുക്ക് ആനന്ദലബ്ധിക്കിനിയെന്ത് വേണം.

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ആവേശകരമായി മുന്നേറുന്നു. പാകിസ്ഥാനെയടക്കം നാല് രാജ്യങ്ങളെ അടിയറവു പറയിച്ച ഇന്ത്യ ഇന്നലെ ന്യൂസിലന്‍ഡിനെ നേരിട്ട് വിജയത്തിലേക്ക് കുതിക്കുന്ന ലക്ഷണം. കായികമത്സരങ്ങള്‍ ജനതകളുടെ മനസുകളെ തമ്മിലടുപ്പിക്കാനുള്ള ഉപാധിയാണെന്നാണല്ലോ പറയാറ്. പക്ഷെ നമ്മുടെ സംഘ്പരിവാര്‍ കാണികള്‍ക്ക് കായികവിനോദങ്ങള്‍ മനസുകളെ തമ്മിലടിപ്പിക്കാനുള്ള ഒരു വിനോദം മാത്രം. കഴിഞ്ഞ ദിവസം ഇന്ത്യയും പാകിസ്ഥാനുമായുള്ള മത്സരത്തില്‍ പാകിസ്ഥാന്‍ പന്തെറിയുമ്പോഴും ബാറ്റ് ചെയ്യുമ്പോഴുമെല്ലാം സംഘികളുടെ വക കൂക്കുവിളി, തെറിവിളി, ഇസ്ലാം വിരുദ്ധവിദ്വേഷ മുദ്രാവാക്യങ്ങള്‍ എന്നിവ നമ്മുടെ നാണം കെടുത്തി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ പാകിസ്ഥാന്‍-ഓസ്ട്രേലിയ മത്സരം നടക്കുമ്പോള്‍ പാകിസ്ഥാനിയായ ചാച്ച എന്നു വിളിക്കപ്പെടുന്ന മുഹമ്മദ് ബഷീറിനെ പൊലീസ് കഴുത്തിന് കുത്തിപ്പിടിച്ച് നിശബ്ദനാക്കി. പാകിസ്ഥാന് അനുകൂലമായി ആര്‍പ്പുവിളിച്ചതായിരുന്നു. കാരണം, കയ്യില്‍നിന്ന് കാശുമുടക്കി ഇന്ത്യയിലെത്തി കളി കാണുമ്പോള്‍ സ്വന്തം രാജ്യത്തിന് മുദ്രാവാക്യം വിളിച്ചതാണ് ചാച്ച ചെയ്ത അപരാധം. ചാച്ചയും മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും തമ്മിലുള്ള സുഹൃദ്ബന്ധം ആരംഭിച്ചത് 13 വര്‍ഷം മുമ്പാണ്. അക്കാലത്ത് പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ഇന്ത്യ‑പാക് മത്സരം കാണാന്‍ ചാച്ചയ്ക്ക് ടിക്കറ്റ് സംഘടിപ്പിച്ചുകൊടുത്തത് ധോണിയായിരുന്നു. രണ്ട് രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ആ മത്സരം കാണാനുണ്ടായിരുന്നു. അന്നും ചാച്ച പാകിസ്ഥാനുവേണ്ടി ജയ് വിളിച്ചു. അന്ന് ആരും ചാച്ചയുടെ കൊങ്ങയ്ക്ക് ക്ലിപ്പിട്ടില്ല. ഈ സഹിഷ്ണുതമൂലം ചാച്ച ഇന്ത്യയുടെ ആരാധകനായി മാറുകയായിരുന്നു. ധോണിയുടെ ജേഴ്സി അണിഞ്ഞ് ത്രിവര്‍ണ പതാക കയ്യിലേന്തി ഇന്ത്യക്കുവേണ്ടി ജയ് വിളിക്കുന്ന ചാച്ചയേയും നാം പലതവണ കണ്ടു. അന്നെല്ലാം മോഡിയായിരുന്നില്ല ഇന്ത്യന്‍ പ്രധാനമന്ത്രി. സ്നേഹംകൊണ്ട് ചാച്ചയുടെ മനസിനെ ധോണി കീഴടക്കിയപ്പോള്‍ വിദ്വേഷംമൂലം ആ നല്ലവനായ മനുഷ്യനെ ഇന്ത്യാവിരുദ്ധനാക്കാന്‍ ഗല്‍ത്തയ്ക്കു പിടിച്ച കെട്ടകാലം. മോഡിക്കാലം. ചാച്ചയെ അപമാനിച്ച ദിവസം ആര്‍എസ്എസിന്റെ സര്‍വാധികാരി മോഹന്‍ ഭഗവത് മൊഴിഞ്ഞതിങ്ങനെ; ‘എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന മതവും സംസ്കാരവുമാണ് ഇന്ത്യയുടേത്’ നന്ന്. പോരേ പൂരം.

 


ഇതുകൂടി വായിക്കൂ; വനിതകള്‍, അമ്മമാര്‍ അവഹേളിതരാകുന്നു


മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് മലയാളികള്‍ക്ക് വേണ്ടിയുണ്ടാക്കിയതാണോ. നാം ഒരു ലോകറെക്കോഡ് സൃഷ്ടിച്ച് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചാല്‍ മലയാളിക്ക് അത് ഒരു പീക്രിക്കാര്യം. പുതിയ ഗിന്നസ് റെക്കോഡുകളുടെ പട്ടിക ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കി. ലോകത്തെ ഏറ്റവും ഉന്നതവും വിമാനത്താവളവും നീന്തല്‍ക്കുളവുമൊക്കെയുള്ള മുകേഷ് അംബാനിയുടെ 27 നില കൊട്ടാരമാണ് പട്ടികയിലെ ഏറ്റവും വലിയ സ്വകാര്യ വസതി. ഇതിനകം 7900 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ താരക് മേത്തയുടെ ടി വി സീരിയല്‍ പരമ്പരയും ഗിന്നസ് ബുക്കില്‍. ഒപ്പം മറ്റൊരു റെക്കോഡുമുണ്ട്. നമ്മുടെ ആദരണീയനായ ശില്പി കാനായി കുഞ്ഞിരാമന്‍ സൃഷ്ടിച്ച തലസ്ഥാനത്ത് ശംഖുംമുഖം കടല്‍ത്തീരത്തെ മത്സ്യകന്യകയാണ് ഏറ്റവും വലിയ ശില്പം. 87 അടി നീളവും 25 അടി ഉയരവുമുള്ള ഈ മഹാശില്പം ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത് നമ്മുടെ മാധ്യമങ്ങളാരും കണ്ടില്ല. പണ്ട് ആറ്റുകാല്‍ പൊങ്കാല സ്ത്രീകളുടെ ഏറ്റവും വലിയ മഹോത്സവമെന്ന് ഗിന്നസ് അധികൃതര്‍ പ്രഖ്യാപിച്ചപ്പോള്‍ എന്തൊക്കെയായിരുന്നു പുകില്‍. ചാനലുകളില്‍ ആറ്റുകാലമ്മയുടെ വിശേഷങ്ങള്‍, ഐതീഹ്യങ്ങള്‍, ഫീച്ചറുകള്‍, ക്ഷേത്രഭാരവാഹികളുമായുള്ള അഭിമുഖങ്ങള്‍ എന്നിങ്ങനെയാണ് മാധ്യമങ്ങള്‍ കൊണ്ടാടിയത്. കാനായിയെ ലോകം ആദരിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു പാരിതോഷികം നല്കാന്‍പോലും നമ്മള്‍ തയ്യാറായില്ല. മാധ്യമങ്ങളാണെങ്കില്‍ ഏതു കാനായി, എന്ത് മത്സ്യകന്യക എന്ന മട്ടിലുള്ള മറവിയിലും. ഒന്നും വേണ്ട. തന്റെ കലാശില്പത്തെ ഫ്ലക്സ് ബോര്‍ഡുകള്‍കൊണ്ട് മറയ്ക്കുകയെങ്കിലും ചെയ്യാതിരിക്കു എന്നു കേഴുന്ന കാനായി മലയാളികളുടെ നന്ദികേടിന്റെ അടയാളമായി എഴുന്നുനില്ക്കുന്നു. ആരോ മത്സ്യകന്യകയ്ക്ക് ഒരവാര്‍ഡ് നല്കാമെന്ന് പറഞ്ഞപ്പോള്‍ തന്റെ ശില്പസന്തതിയോടുള്ള അവഹേളനത്തിന്റെ പേരില്‍ പുരസ്കാരം നിരസിച്ച മഹാശില്പിയാണ് കാനായി.
കാനായിയെ കാണാതെ പോകുന്നതുപോലെ നാം മറ്റുപലതും കാണാതെ പോകുന്നു. കേരളം ഒരാത്മഹത്യാ മുനമ്പിലാണെന്ന സത്യവും നമുക്ക് വിഷയമല്ല. ഉക്രെയ്‌നും ഹമാസും മാസപ്പടിയും ദേവഗൗഡയുടെ ചാപല്യങ്ങളും ചര്‍ച്ച ചെയ്തു സമയം കളയുന്ന നമ്മള്‍ കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന കണക്കുകാണാതെ പോകുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 6244 പുരുഷന്മാരും 2471 സ്ത്രീകളുമാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ മിക്കവരുടെയും പ്രായം 18നും 30നും ഇടയില്‍. സ്ത്രീകളിലെ ആത്മഹത്യാ പ്രവണതയില്‍ വന്‍ വര്‍ധന. മദ്യപാനമാണ് പുരുഷന്മാര്‍ക്കിടയിലെ ആത്മഹത്യക്ക് പ്രധാനകാരണം. പക്ഷെ നാം മദ്യവര്‍ജനവര്‍ത്തമാനം മാത്രം പറഞ്ഞ് സമയം മെനക്കെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.