3 July 2024, Wednesday
KSFE Galaxy Chits

ഇനിയും അദാലത്തുകള്‍ ആവശ്യമായി വരരുത്

Janayugom Webdesk
June 17, 2022 5:00 am

മൂന്നാഴ്ച മുമ്പ് വന്ന ഒരു വാര്‍ത്തയില്‍ നിന്നു തുടങ്ങാം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഉദ്ദേശ് കുമാറിന് ഭൂമി നല്കുന്നതിന് നടപടിയായെന്നായിരുന്നു വാര്‍ത്ത. കാസര്‍കോട് അണങ്കൂരിലെ ഗോപാലന്‍ ‑ശാരദ ദമ്പതികളുടെ രണ്ടാമത്തെ മകനായ ഉദ്ദേശ് കുമാര്‍ എല്ലുകള്‍ നുറുങ്ങി, ശരീരം ചുരുങ്ങി ജീവിക്കുന്ന 31 കാരനാണ്. ഉദ്ദേശ് കുമാറിന്റെ കുടുംബത്തിന് 2015 ല്‍ അനുവദിച്ച ഭൂമി മാറ്റി നല്കണമെന്ന ആവശ്യം നടന്നില്ലെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ ഇടപെടലിനെ തുടര്‍ന്ന് ഭൂമി നല്‍കാന്‍ നടപടിയായെന്നുമായിരുന്നു വാര്‍ത്ത. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ഒരു ദിവസം പോലും തികയുന്നതിന് മുമ്പ് ഉദ്ദേശ് കുമാറിന്റെ കുടുംബത്തിന് അനുയോജ്യമായ ഭൂമി ലഭിക്കുന്നതിന് നടപടിയായി. ഒരു ദിവസംകൊണ്ട് നടപടിയാകാവുന്ന ദുരിതത്തിനാണ് ആ കുടുംബം ഏഴുവര്‍ഷം കാത്തിരിക്കേണ്ടിവന്നതെന്നര്‍ത്ഥം. ദരിദ്ര വിഭാഗങ്ങള്‍ക്ക് വീടുവയ്ക്കുവാന്‍ എത്രയോ പദ്ധതികളുണ്ടായിട്ടും ആനുകൂല്യം ലഭിക്കാത്തതിന്റെയും ചികിത്സാ സഹായം യഥാസമയം കിട്ടാത്തതിന്റെയും മന്ത്രിതല ഇടപെടലുകളുണ്ടാകുമ്പോള്‍ ദിവസങ്ങള്‍ക്കകം അവ ലഭ്യമാകുന്നതിന്റെയും എത്രയോ വാര്‍ത്തകള്‍ നാം ഇതിനകം വായിച്ചിരിക്കുന്നു. ഉദ്യോഗസ്ഥതലത്തില്‍ ഫയലുകളില്‍ തീര്‍പ്പു കല്പിക്കുന്നതിലുണ്ടാകുന്ന കാലവിളംബത്തിന്റെ ഈ ഉദാഹരണങ്ങളില്‍ നിന്നുവേണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ പ്രസക്തി പരിശോധിക്കപ്പെടേണ്ടത്. എല്ലാ സര്‍ക്കാരുകളും ഫയലുകളുടെ തീര്‍പ്പ് കല്പിക്കലിനായി യജ്ഞങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കുറച്ചധികം ഫയലുകള്‍ നിശ്ചിത കാലപരിധിക്കകം തീര്‍പ്പാക്കപ്പെടുകയും ചെയ്യാറുണ്ട്. പക്ഷേ കുറച്ചുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തീര്‍പ്പാകാത്ത ഫയലുകളുടെ എണ്ണപ്പെരുപ്പത്തെ കുറിച്ചുള്ള വാര്‍ത്തകളെത്തുന്നു. 2016ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടക്കകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ നടത്തിയ പ്രസ്താവം ശ്രദ്ധേയമായിരുന്നു. നിങ്ങള്‍ക്ക് മുന്നിലെത്തുന്ന ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് മനസിലാക്കണമെന്നായിരുന്നു അത്. അതിനുശേഷം 2019ല്‍ ഫയല്‍ തീര്‍പ്പാക്കലിന് യജ്ഞം സംഘടിപ്പിക്കുകയും ചെയ്തു. 1.98 ലക്ഷം ഫയലുകള്‍ കെട്ടിക്കിടന്നിരുന്ന അന്ന്, മൂന്നുമാസംകൊണ്ട് 68,000 ഫയലുകളാണ് തീര്‍പ്പാക്കിയത്. കോവിഡ് മഹാമാരി വന്നതോടെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം വീണ്ടും പെരുകി. ഇപ്പോള്‍ മൂന്നുലക്ഷത്തോളം ഫയലുകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പത്തുവര്‍ഷത്തിലധികമായി കെട്ടിക്കിടന്ന ഫയലുകള്‍ പോലും 2019ലെ മൂന്നുമാസ യജ്ഞത്തിനിടെ തീര്‍പ്പാക്കിയവയിലുണ്ടായിരുന്നു. അതിനര്‍ത്ഥം അത്രയും നാള്‍കൊണ്ട് തീര്‍പ്പാക്കാവുന്ന പരാതികളോ ആവശ്യങ്ങളോ പോലും അനാവശ്യമായി കെട്ടിക്കിടന്നുവെന്നാണ്.


ഇതുകൂടി വായിക്കാം; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നിഷേധിക്കരുത്


എല്ലാ ഫയലുകളുടെയും സ്ഥിതി അതല്ലെങ്കിലും മഹാഭൂരിപക്ഷവും ഇങ്ങനെ തീര്‍പ്പാകാതെ കിടക്കുന്നതിനുള്ള കാരണങ്ങള്‍ വസ്തുതാപരമായി തേടേണ്ടതുണ്ട്. അതില്‍ നമ്മുടെ ഭരണ സംവിധാനത്തില്‍ നിലനില്ക്കുന്ന വിവിധ തട്ടുകളും തീര്‍പ്പാക്കലിനിടയിലെ അനാവശ്യവും ദുര്‍ഗ്രാഹ്യവുമായ രീതികളും കാരണമായേക്കാമെങ്കിലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നവരുടെ ഉദാസീനതയും ചെറിയൊരു വിഭാഗത്തിന്റെ നിരുത്തരവാദിത്തവും അഴിമതി തല്പരതയും കാരണമാകുന്നുണ്ടോയെന്ന പരിശോധന ഗൗരവത്തോടെ ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഇത്തവണത്തെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ പ്രസക്തമാണ്. ആസൂത്രണ പ്രക്രിയയും ഭരണ നിര്‍വഹണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്രമായ അധികാരവികേന്ദ്രീകരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും സിവില്‍ സര്‍വീസിന് പുതിയ ഊര്‍ജം പകരുവാനായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രൂപീകരിക്കുകയും അതിലേക്ക് ആദ്യ ബാച്ചിന്റെ നിയമനം പൂര്‍ത്തിയാവുകയും ചെയ്ത കാര്യവും അദ്ദേഹം എടുത്തു പറയുകയുണ്ടായി. ഇത്തരത്തിലുള്ള മാറ്റങ്ങളൊക്കെ നടന്നിട്ടും നമ്മുടെ സിവില്‍ സര്‍വീസിലും അതിന്റെ സമീപനത്തിലും അതിനനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വസ്തുനിഷ്ഠമായിത്തന്നെ പരിശോധിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ കാര്യം. അതുതന്നെയാണ് പ്രധാനപ്പെട്ടത്. സര്‍വീസ് മേഖലയില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. ചുവപ്പുനാടകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയ്ക്കുന്നതിനുള്ള പല നടപടികളും പാളിപ്പോകുന്നുണ്ടോയെന്ന സംശയവും അസ്ഥാനത്തല്ല. അതുകൊണ്ടാണ് നമുക്ക് ഇടയ്ക്കിടെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞങ്ങള്‍ സംഘടിപ്പിക്കേണ്ടിവരുന്നത്. ഫയല്‍ തീര്‍പ്പാക്കുകയെന്നത് സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന യജ്ഞത്തില്‍ മാത്രം സംഭവിക്കേണ്ടതല്ലെന്ന് ഓരോ ജീവനക്കാരനും തീരുമാനിക്കണം. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും സേവന വേതന വ്യവസ്ഥകള്‍ക്കും വേണ്ടിയെന്നതിനൊപ്പം അവരെ ഉത്തരവാദിത്തത്തോടെ ജോലിയെടുപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതില്‍ സംഘടനകള്‍ക്ക് പങ്കുവഹിക്കുവാനാകും. മുഖ്യമന്ത്രി തന്റെ പ്രസംഗത്തിന്റെ അവസാനം പറഞ്ഞതുതന്നെയാണ് യാഥാര്‍ത്ഥ്യം. സമയബന്ധിതമായും കാര്യക്ഷമമായും ഫയല്‍ തീര്‍പ്പാക്കുന്നത് സേവനത്തിന്റെ അവിഭാജ്യഘടകമാണെന്നും ഇനിയും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞങ്ങള്‍ ആവശ്യമായി വരരുത് എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചത്. അതുതന്നെയാണ് ആവര്‍ത്തിക്കുവാനുള്ളത്, ഇനിയും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞങ്ങള്‍ ആവശ്യമായി വരരുത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.