പാര്‍ലമെന്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ പല പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും പൊള്ളയും തെറ്റിദ്ധാരണാജനകവുമാണ്. ബജറ്റ് പ്രസംഗത്തിലെ ശ്രദ്ധേയമായ ഒരു ഭാഗമായിരുന്നു പദ്ധതി ചെലവിധത്തിൽ 33 ശതമാനത്തിന്റെ വർധന വരുത്തി എന്നത്. ആഭ്യന്തര മൊത്ത വരുമാനത്തി(ജിഡിപി)ന്റെ 3.3 ശതമാനത്തിന്റെ വർധന അഥവാ 10 ലക്ഷം കോടി കൂടുതൽ എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് തെറ്റിദ്ധാരണാജനകമാണെന്നാണ് ഇന്ത്യയുടെ മുൻ മുഖ്യ സ്റ്റാറ്റിസ്റ്റിഷ്യൻ കൂടിയായ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫസര്‍ പ്രണബ് സെൻ വിശദീകരിക്കുന്നത്.
ദി വയര്‍ ഓൺലൈൻ പോര്‍ട്ടലിന് നൽകിയ അഭിമുഖത്തിൽ ഒന്നാമതായി അദ്ദേഹം സൂചിപ്പിക്കുന്നത് പൊതുമേഖലാ സംരംഭങ്ങൾക്കുള്ള പദ്ധതി ചെലവ് വെട്ടിക്കുറച്ചാണ് ഇങ്ങനെയൊരു കണക്ക് രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ്. രണ്ടാമതായി 50 വർഷത്തെ വായ്പയായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന 1.3 ലക്ഷം കോടി രൂപ പദ്ധതി ചെലവിനത്തിലെ വർധനവല്ലെന്നും മറിച്ച് അത് ഫണ്ടിങ്ങിന്റെ ഘടനയിൽ വരുത്തിയ മാറ്റം ആണെന്നുമാണ് അദ്ദേഹം പറയുന്നത്. 10 ലക്ഷം കോടിയുടെ 8.3 ശതമാനമായ 83,000 കോടി രൂപ ബിഎസ്എൻഎൽ, ബിപിസിഎൽ എന്നീ പൊതുമേഖലാ സംരംഭങ്ങൾക്കായി മാറ്റിവച്ചതാണ്. ഏതു വിധത്തില്‍ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇത് പദ്ധതി ചെലവിനത്തിലാണോ ഉൾക്കൊള്ളുക എന്ന് വിലയിരുത്താനാവുക. ഈ രണ്ടു സംരംഭങ്ങളും പദ്ധതി ചെലവ് എന്നതിനെക്കാൾ ബജറ്റ് പിന്തുണയായി 83,000 കോടി രൂപ ഉപയോഗിക്കുന്നതിന് മാത്രമേ സാധ്യതയുള്ളൂ. റെയിൽവേക്കായി നീക്കിവച്ചിരിക്കുന്ന 2.4 ലക്ഷം കോടിയും ദേശീയപാതയ്ക്കായി നീക്കിവച്ച 1.62 ലക്ഷം കോടിയും പൂർണമായും വിനിയോഗിക്കപ്പെടുന്നതല്ല. അതിനനുസൃതമായ പദ്ധതി രൂപീകരണം നടക്കില്ലെന്നതുകൊണ്ട് റെയിൽവേയ്ക്ക് നൽകുമെന്ന് പറഞ്ഞിരിക്കുന്ന 2.4 ലക്ഷം കോടിയുടെ പകുതിയോളവും ദേശീയപാത വിഹിതത്തിന്റെ വലിയൊരു ഭാഗവും തിരികെ ലഭിക്കാനാണ് സാധ്യതയെന്നും സെൻ പറയുന്നു. ഈ പ്രഖ്യാപനത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന അജണ്ടകളെയും അദ്ദേഹം തുറന്നു കാട്ടുന്നുണ്ട്.
പ്രഖ്യാപനത്തിന് ലഭിച്ച വാർത്താപ്രാധാന്യവും അതേത്തുടർന്ന് ഓഹരി കമ്പോളത്തിൽ ഉണ്ടായ മുന്നേറ്റവും ശ്രദ്ധിക്കേണ്ടതാണ്. അഡാനി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ഉറ്റ സുഹൃത്തുക്കളായ സംരംഭകരുടെ ഓഹരി മൂല്യത്തിലുണ്ടായ ഇടിവ് നിലനില്‍ക്കുമ്പോഴാണ് ബജറ്റിലെ ഈ പ്രഖ്യാപനവും ഓഹരിക്കമ്പോളത്തില്‍ ഉണര്‍വ് സൃഷ്ടിക്കപ്പെട്ടത് എന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. പ്രഖ്യാപിക്കപ്പെട്ട പ്രകാരമുള്ള പദ്ധതി ചെലവിനത്തില്‍ നിന്ന് തുക തിരികെ ലഭിക്കുന്ന സ്ഥിതി ഉണ്ടായാൽ, പുതുക്കിയ ബജറ്റ് അനുസരിച്ച് വക മാറ്റുന്നതിന് സാധിക്കും. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് പോകും എന്നുള്ളതുകൊണ്ട് ഇപ്പോൾ രൂക്ഷമായ വിമർശനത്തിന് വിധേയമായ ചില പദ്ധതികൾക്ക് ആ തുക വിനിയോഗിക്കാനാകും. ഉദാഹരണത്തിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. രൂക്ഷ വിമർശനം വിളിച്ചുവരുത്തിയ ഒന്നായിരുന്നു തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ ഉണ്ടായ കുറവ്. നടപ്പു സാമ്പത്തിക വർഷം 73,000 കോടി രൂപയായിരുന്നു നീക്കിവച്ചതെങ്കിലും പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം അത് 89,400 കോടി രൂപയാണ്. തിരികെ ലഭിക്കുന്നതില്‍ നിന്ന് ഒരു വിഹിതം സാമ്പത്തിക വർഷാവസാനത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് തൊഴിലുറപ്പിനായി അധികമായി നല്കുന്നുവെന്ന പ്രഖ്യാപനം നടത്തി മേനി നടിക്കാനാവും. അതുപോലെതന്നെ ഉത്തരേന്ത്യൻ ഗ്രാമീണ മേഖലയെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ് വളം സബ്സിഡി. പദ്ധതി ചെലവിനത്തിൽ മാറ്റിവയ്ക്കുകയും തിരിച്ചുവരികയും ചെയ്യുന്ന തുകയിൽ നിന്ന് ഒരു ഭാഗം വളം സബ്സിഡിക്ക് അനുവദിക്കുന്നു എന്ന പ്രഖ്യാപനം നടത്തി ആ മേഖലയിലുള്ള പാവപ്പെട്ടവരുടെ കണ്ണിൽ പൊടിയിടാനും സാധിക്കും. പ്രഖ്യാപിത പദ്ധതി ചെലവിനുണ്ടാകുന്ന കുറവ് അടുത്ത വർഷത്തെ ധനക്കമ്മി ലക്ഷ്യം നേടുന്നതിനും സഹായകമാകും. 5.9 ശതമാനമെന്ന ധനക്കമ്മി ലക്ഷ്യമാണ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഒരേസമയം പ്രഖ്യാപനത്തിലൂടെ ആളുകളുടെ പ്രശംസ നേടുകയും അതേസമയം ഇത്തരത്തിൽ അടുത്ത സാമ്പത്തിക വർഷാവസാനം നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്ന ദുരുദ്ദേശം ഇതിന് പിന്നിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് സെൻ വിശദീകരിക്കുന്നു.
മൂലധന ചെലവിലേക്ക് കൂടുതൽ തുക വകയിരുത്തിയത് സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതിന് സഹായകമാകുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനം പ്രായോഗികമാകുമോ എന്ന സംശയവും സെൻ ഉന്നയിക്കുന്നുണ്ട്. ഇത് ചെറുകിട ഇടത്തരം സംരംഭങ്ങളുടെ തിരിച്ചുവരവുണ്ടാകുന്നത് എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഫലമായി ഏകദേശം 20 ശതമാനം ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് നിലയ്ക്കുകയോ അപ്രത്യക്ഷമാവുകയോ ചെയ്തത്. മൂലധന നിക്ഷേപത്തിൽ വരുത്തിയിരിക്കുന്നു എന്നു പറയുന്ന വർധനവ് ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ തിരിച്ചുവരുന്നതിന് പ്രേരിപ്പിക്കുന്നതോ അല്ല. അതുകൊണ്ടുതന്നെ പുതിയ തൊഴിലവസര സൃഷ്ടി നടക്കാതെ പോകുമെന്നും അഭിമുഖത്തിൽ പറയുന്നു.
(കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍
നിന്ന്. കടപ്പാട്: ദി വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.