‘കാറ്റില്‍പ്പറക്കുന്നു’ (Blowin’ in the wind) എന്ന പ്രതിഷേധാത്മകമായ ഗാന (protest song) ത്തിന്റെ രചയിതാവ് പോപ്പ് സംഗീതശാഖയിലെ കുലപതിയായ ബോബ് ഡിലനാ (Bob Dylan) ണ്. സംഗീത സംവിധായകനും ഗാനരചയിതാവും കവിയുമാണ് അദ്ദേഹം. 1941 മെയ് 24ന് അമേരിക്കയിലെ മിനസോട്ടയിലെ ദുലുത്തില്‍ അദ്ദേഹം ജനിച്ചു. റോബര്‍ട്ട് അലെന്‍ സിമ്മര്‍മാന്‍ എന്നായിരുന്നു യഥാര്‍ത്ഥ നാമധേയം. ഷബ്തായ് സിസല്‍ബെന്‍ അവ്രാഹാം, എല്‍സ്റ്റണ്‍ ഗണ്‍, ബ്ലെെന്‍ഡ് ബോയ് ഗ്രാന്റ്, ബോബ് ലാന്‍ഡി, റോബര്‍ട്ട് മില്‍ക്ക്വിഡ് തോമസ്, ടെദാം പോര്‍ട്ടര്‍ഹൗസ്, ലക്കി വില്‍ബെറി ബൂ ബില്‍ബറി, ജാക്ക് ഫ്രോസ്റ്റ്, സെര്‍ജി പെട്രോവ്, സിമ്മി തുടങ്ങിയ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.
ഡിലന്റെ പിതാവ് അബ്രാം സിമ്മര്‍മാനും മാതാവ് ബിയാട്രിസ് ബീറ്റിസ്റ്റോണുമായിരുന്നു. അവര്‍ ജൂതസമൂഹത്തിന്റെ ഭാഗമായിരുന്നു. ആറ് വയസുവരെ ഡിലാന്‍ ദുലുത്തില്‍ത്തന്നെയാണ് താമസിച്ചത്. പക്ഷെ പിതാവിന് പോളിയോ പിടിപെട്ടതിനാല്‍ അമ്മയുടെ ജന്മസ്ഥലമായ ഹിബ്ബിങ്ങില്‍ എല്ലാവര്‍ക്കും പോകേണ്ടിവന്നു. ജന്മസ്ഥലമായ ദുലുത്തില്‍ നിന്നും ഏതാണ്ട് 125 കിലോമീറ്റര്‍ അകലെയാണ് ഇവിടം. ഡിലാന് ഒരു ഇളയ സഹോദരന്‍-ഡേവിഡ് ഉണ്ടായിരുന്നു. ബിരുദം വരെയുള്ള ഡിലാന്റെ പഠനം മുഴുവനും ഈ പുതിയ സ്ഥലത്തായിരുന്നു.
കുട്ടിക്കാലത്തുതന്നെ ഡിലന് റോക്ക് താരങ്ങളോട് ആരാധനയുണ്ടായിരുന്നു. അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞിരുന്ന ആദ്യകാല റോക്ക് താരങ്ങളാണ് എല്‍വിസ് പ്രെസി, ജെറി ലീ ലൂയിസ്, ലിറ്റില്‍ റിച്ചാര്‍ഡ് തുടങ്ങിയവര്‍. പോപ്പ് സംഗീതജ്ഞര്‍ അഥവാ പോപ്പ് ഗായകരാണ് ഈ റോക്ക് താരങ്ങള്‍. സാധാരണയായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്താല്‍ അവതരിപ്പിക്കപ്പെടുന്ന ഈ സംഗീതം ആളുകള്‍ക്കിടയില്‍ വളരെ പ്രീതി നേടിയിരുന്നു. അതിലെ ശക്തമായ അടി/താള (beat) വും ലളിതമായ ഈണ (tune)വുമാണ് അതിനു കാരണം. മിക്ക പോപ്പ് ഗാനങ്ങള്‍ക്കും ഏതാണ്ട് അഞ്ച് മിനിറ്റുവരെ ദെെര്‍ഘ്യം ഉണ്ടാകും. സന്തോഷം, പ്രണയം, വാത്സല്യം, സംസര്‍ഗം, സംഘര്‍ഷം തുടങ്ങിയവയെ സംബന്ധിച്ച സന്ദേശാംശമായിരിക്കും ഗാനങ്ങളുടെ ഇതിവൃത്തം. ബാല്യത്തില്‍ത്തന്നെ നൃത്തത്തിലും മറ്റും പോപ്പ് ഗായകരെ ബോബ് ഡിലന്‍ അനുകരിച്ചിരുന്നു. കപട പേരുകളില്‍ ധാരാളം ഗായകസംഘങ്ങള്‍ (band) അദ്ദേഹം രൂപീകരിച്ചിരുന്നു.
മിനിയാ പൊളിസിലെ മിനസോട്ട സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ബോബ് ഡിലന്‍ എന്ന പേര് സ്വീകരിച്ചുകൊണ്ട് പ്രാദേശിക ഭക്ഷണശാല (cafeteria) കളില്‍ നാടന്‍ പാട്ടുകളും, നാടോടി ഗാനങ്ങളും അദ്ദേഹം അവതരിപ്പിച്ചു തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് പതിനെട്ട് വയസ് പ്രായം വരും. പ്രശസ്ത വെല്‍ഷ് കവിയായ തോമസ് ഡിലാന്റെ പേരില്‍ നിന്നാണ് ഡിലാന്‍ എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. 1914 മുതല്‍ 1953 വരെയായിരുന്നു തോമസ് ഡിലന്റെ ജീവിതകാലം. അദ്ദേഹത്തിന്റെ കവിതകളില്‍ പ്രചോദിതനായിട്ടാണ് ബോബ് ഡിലന്‍ തന്റെ ഗാനങ്ങള്‍ രചിച്ചത്. സംഘര്‍ഷ (Conflict) മായിരുന്നു തോമസിന്റെ കവിതയുടെ മുഖ്യവിഷയം- കവിതയുടെ ഘടനയും ഉള്ളടക്കവും തമ്മിലുള്ള സംഘര്‍ഷം, സംസാരിക്കുന്ന ആളും സംസാരിക്കുന്ന വിഷയവും തമ്മിലുള്ള സംഘര്‍ഷം, തുടങ്ങിയവ. അത്തരം സംഘര്‍ഷങ്ങള്‍ ബോബ് ഡിലന്റെ രചനകളിലും കാണാവുന്നതാണ്.
1960ല്‍ ബോബ് ഡിലന്‍ ന്യൂയോര്‍ക്കിലേക്ക് നീങ്ങി. അദ്ദേഹത്തിന്റെ ആരാധനാ മൂര്‍ത്തിയായിരുന്ന ഇതിഹാസ പോപ്പ് ഗായകന്‍ വുഡി ഗുത്രി അവിടെയാണ് താമസിച്ചിരുന്നത്. നാഡീ സംബന്ധമായ ഏതോ പാരമ്പര്യരോഗത്തിന് കീഴ്‌പെട്ട് ആശുപത്രിയില്‍ വുഡി ഗുത്രി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാന്‍ സ്ഥിരമായി ബോബ് ഡിലന്‍ പോകുമായിരുന്നു. ഡിലാന് തന്റെ നാടോടി സംഗീതപരിപാടിക്ക് ആരംഭമിടാന്‍ പ്രേരണ വുഡി ഗുത്രിയായിരുന്നു. ആ കാലഘട്ടത്തില്‍ നിരവധി സംഗീതജ്ഞരുമായി സൗഹൃദം സ്ഥാപിച്ച ഡിലന്‍ ധാരാളം ഗാനങ്ങള്‍ എഴുതി അവതരിപ്പിച്ചു. രോഗം ബാധിച്ച് വുഡി ഗുത്രി മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഡിലന്‍ എഴുതിയ ‘Song to Woody’ വളരെ ശ്രദ്ധേയമാണ്.
1960കള്‍ക്കുശേഷം അദ്ദേഹമെഴുതിയ ഗാനങ്ങള്‍ക്കു പ്രചുരപ്രചാരം ലഭിച്ചിരുന്നു. ‘Blowin’ in the Wind,’ ‘The Times They are a Changing’’, തുടങ്ങിയവ യുദ്ധ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഗാനങ്ങളായി അറിയപ്പെടുന്നു.
‘Subterranean Homesick Blues,’ ‘Like a Rolling stone’ എന്നീ ഗാനങ്ങളും ശ്രദ്ധേയങ്ങളാണ്.
2016ല്‍ സ്വീഡിഷ് അക്കാദമി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നല്കിയത് ബോബ് ഡിലനാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സംഗീതജ്ഞന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. സാധാരണയായി കവികള്‍ക്കും നോവലിസ്റ്റുകള്‍ക്കുമാണ് ഈ വിഭാഗത്തില്‍ സമ്മാനം ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘അമേരിക്കയിലെ മഹത്തായ ഗാനപാരമ്പര്യത്തില്‍ പുതിയ കാവ്യാത്മക ഭാവങ്ങള്‍ സൃഷ്ടിച്ച’തിന്റെ പേരിലായിരുന്നു അദ്ദേഹത്തിന് അവാര്‍ഡ്. പാട്ടുകളായിരുന്നു അദ്ദേഹത്തിന്റെ നിഘണ്ടു; അവയെ അദ്ദേഹം വിശ്വസിച്ചിരുന്നു. ജനപ്രിയ സംഗീതത്തെയും സംസ്കാരത്തെയും സ്വാധീനിക്കാന്‍ അദ്ദേഹത്തിന്റെ രചനകള്‍ക്കെല്ലാം കഴിഞ്ഞിരുന്നു. നൊബേല്‍ സമ്മാനം കൂടാതെ പലതവണ ഗ്രാമി പുരസ്കാരവും ഓസ്കാറും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും അവാര്‍ഡ് ഓഫ് ഫ്രീഡം (ബറാക് ഒബാമയുടെ), തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചു. 2008ല്‍ പുലിറ്റ്സര്‍ പുരസ്കാരം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായിരുന്നു. അരനൂറ്റാണ്ടായി ആല്‍ബമിറക്കിയും സംഗീതപരിപാടികള്‍ നടത്തിയും സജീവമായി അദ്ദേഹം ഇപ്പോഴും നില്‍ക്കുന്നു.
ബോബ് ഡിലന്റെ ആദ്യകാല രചനകളിലൊന്നും വളരെ ജനസമ്മിതി നേടിയതുമായ ഗാനമാണ് ‘Blowin’ in the Wind’. 1962ലാണ് ഈ പ്രതിഷേധഗാനം അവതരിപ്പിച്ചത്. പിന്നീട് 1963ല്‍ The Free Living എന്ന ആല്‍ബത്തില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കി. ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ‑പൗരാവകാശ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ ഉണര്‍ത്തുപാട്ടായി ഇതുമാറി. സമാധാനം, യുദ്ധം, സ്വാതന്ത്ര്യം എന്നിവയെപ്പറ്റി ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഈ ഗാനം ഉയര്‍ത്തുന്നു.
1994ല്‍ ഗ്രാമി ഹാള്‍ ഓഫ് ഫേമില്‍ ഈ ഗാനത്തെ ഉള്‍പ്പെടുത്തി. 2004ല്‍ റോളിങ് സ്റ്റോണ്‍സ് മാസികയുടെ അഞ്ഞൂറ് പ്രശസ്ത ഗാനങ്ങളുടെ പട്ടികയില്‍ ഈ ഗാനത്തിന് നാലാം സ്ഥാനം കിട്ടി.
അവസാനിക്കുന്നില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.