27 April 2024, Saturday

‘സ്ത്രീ‘ധനം

നന്ദകുമാര്‍ ചൂരക്കാട് 
കവിത
December 21, 2023 8:18 pm

വിവാഹമെന്നതൊരു കച്ചവടകമ്പോളമെന്നു ധരിക്കും യുവാക്കളെ
സ്ത്രീധനാര്‍ത്തിപൂണ്ട അധമതാമരെ
കപടസ്നേഹത്തിന്റെ വക്താക്കളേ
അറിയുമോനിങ്ങള്‍ക്കീ വിവാഹത്തിന്നന്വര്‍ത്ഥം
അതിലുയിര്‍ക്കുന്നതാം സാരള്യവും
മനുഷ്യജീവിതത്തില്‍
വിലമതിക്കാനാവാത്ത അമൂല്യനിധിയല്ലോ സ്ത്രീരത്നങ്ങള്‍
മറന്നുവോ നിങ്ങളീ സീതയെ ഗാന്ധാരി
സുമിത്രമാര്‍തന്‍ കഠിനയാനത്തെയും
ഭദ്രയും ദുര്‍ഗ്ഗയും ആദിപരാശക്തിയും
പുരാണേതിഹാസത്തിലെ നാരീശക്തിയല്ലോ
ഗ്രീക്ക് ദേവതയാം അഥീനപോലും പകരുന്ന
സ്ത്രീശാക്തീകരണമതെത്രശക്തിഹസ്തം
ഷേക്സ്പിയര്‍ പോലും നടത്തിയതില്ലേ
ഉന്നതപാത്രകലാസൃഷ്ടി ക്ളിയോപാട്രയാല്‍
എന്നിട്ടുമെന്നിട്ടും ഇന്നും അവളൊരു
വില്പനച്ചരക്കാവുന്നതെങ്ങനെയോ?
പുരുഷന്‍െറ അടിമത്ത ചിന്തതന്‍
നിതാന്ത ദൃഷ്ടാന്തമല്ലോ ഈ കാഴ്ചയെല്ലാം
മയക്കത്തില്‍ ആദാമിന്‍െറ വാരിയെല്ലടുത്തുള്ള
സൃഷ്ടിയീ ഹവ്വയെന്നു ബൈബിള്‍ വചനം
ആദിപരാശക്തിയില്‍ നിന്ന് സര്‍വ്വദൈവസൃഷ്ടിയുമെന്ന് വേദസാരം
ക്രൈസ്തവ ഇസ്ലാലാമിക പ്രമാണങ്ങളിലൊരു പോലെ
ബഹുമാനിക്കപ്പെടുവോളും മറിയമല്ലോ
എന്നിട്ടുമെന്നിട്ടും സ്ത്രീ വിവേചനം
നടമാടീടുന്നു നവോത്ഥാന കേരളത്തിന്‍
സ്ത്രീ തന്‍ മുന്നേറ്റമെത്രകണ്ടു നമ്മള്‍ മലാല ആങ്
സാന്‍സൂചി ഗ്രേറ്റയിലും
കുട്ടിമാളു ആര്യപള്ളം നങ്ങേലിമാര്‍ തുടങ്ങിയതാം
നവോത്ഥാന പോരാട്ടങ്ങളും ഉജ്വലമല്ലോ
എന്നിട്ടും സ്ത്രീ ഇന്നും അടിയയായ് മാറുവത്
ഏത് അധീശത്വ സംസ്കൃതി തന്‍ പ്രതിച്ഛായയില്‍
സ്ത്രീപുരുഷലിംഗവ്യത്യാസമെന്നുള്ളതീ
ദൈവസൃഷ്ടിതന്‍ സവിശേഷത ഒന്നുമാത്രം
മനസ്സുകള്‍ തമ്മില്‍ പരിക്രിയകെട്ടി ഇതിന്‍പേരില്‍
കച്ചവടവിലപേശലിനു മുതിരുവോരെ
പുരുഷരല്ലല്ലോ നിങ്ങള്‍ അധമര്‍ നിന്നുടെ
ഹൃത്തില്‍കുടിയിരിക്കുന്നത് കിരാതത്വം ഒന്നു മാത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.