19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 1, 2025
February 19, 2025
February 18, 2025
February 2, 2025
December 8, 2024
November 15, 2024
November 11, 2024
November 5, 2024
September 24, 2024

മഞ്ഞണിപ്പൂുനിലാവ് നല്‍കിയ ഭാസ്ക്കരന്‍ മാഷിന് ഇന്ന് നൂറ്

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
April 21, 2024 12:22 pm

“സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം ദുഖഭാരങ്ങളും പങ്കുവെയ്കാം
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം ദുഖഭാരങ്ങളും പങ്കുവെയ്കാം
ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം -
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം
കല്പനതൻ കളിത്തോപ്പിൽ
പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം
ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം ”

കര്‍മ്മപ്രപഞ്ചത്തിന്‍ ജീവിതയാത്രയില്‍ നമ്മളെ നമ്മള്‍ക്കായി പങ്കുവെയ്ക്കാം എന്നു പറഞ്ഞ് കെരളിക്ക് നിരവധി ഗാനങ്ങള്‍ നല്‍കിയ ഭാസ്കരന്‍ മാഷ് എന്നു വിളിക്കുന്ന പി. ഭാസക്കന് ഇന്ന് നൂറുവയസ് . തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ കവിയും അഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നന്തിലത്ത് പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും ഒമ്പതുമക്കളിൽ ആറാമത്തെ സന്തതിയായി 1924 ഏപ്രിൽ 21‑നാണ് പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചത്.

വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം 1942‑ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി മാറിയ അദ്ദേഹം അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. ഓൾ കൊച്ചിൻ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്ന വിദ്യാർത്ഥിസംഘടനയുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറില്‍ ദിവാൻ സി പിരാമസ്വാമി അയ്യര്‍ നിരോധിച്ചു.

തന്റെ ഇരുപതാമത്തെ വയസിൽത്തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കി.1949‑ൽ പുറത്തിറങ്ങിയ അപൂർവ്വസഹോദരർകൾ എന്ന തമിഴ് ചിത്രത്തിലെ ബഹുഭാഷാഗാനത്തിൽ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്രഗാനം. മലയാളത്തിൽ ചന്ദ്രിക എന്ന‍ ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്കരൻ മലയാളചലച്ചിത്ര മേഖലയുടെ എല്ലാമെല്ലാമായി മറി.

പാട്ട് ഇഷ്ടപ്പെടുന്ന ഒരാള്‍ പോലും പി.ഭാസ്‌കരന്‍മാഷിന്റെ ഗാനങ്ങള്‍മറക്കില്ല. അത്രയ്ക്ക് അന്തര്‍ലീനമായിരിക്കുകയാണ്. അദ്ദേഹം എഴുതിയ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ, മൂളാതെ ഒരു മലയാളിയുടേയും ഒരു ദിവസവും കടന്നുപോവുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. എന്നും കാല്പനിക കവികളുടെ ഇഷ്ടവിഷയമാണ് സ്വപ്‌നം. അത് ഒരു വല്ലാത്ത അനുഭൂതിവിശേഷമായി പി.ഭാസ്‌കരന്‍ ഗാനങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട്. നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍ സ്വപ്‌നത്തിന്‍ കളിയോടം കിട്ടി എന്നെഴുതിയ മാഷ് ഒരു മെയ് മാസ പുരലരി എന്ന ചിത്രത്തിനുവേണ്ടി എഴുതിയ പുലര്‍കാല സുന്ദരസ്വപ്നത്തില്‍ ‚ഞാനൊരു പൂമ്പാറ്റയായിന്നു മാറി, മണ്ണിലും വിണ്ണിലും പൂവിലും പുല്ലിലുംവര്‍ണച്ചിറകുമായ് പാറി. ഈ വരികളില്‍ സ്വപ്നത്തിന്റെ അനുഭൂതിയെ വളരെ ലളിതമായിട്ടാണ് വര്‍ണ്ണിച്ചിരിക്കുന്നത്.

ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായ്, ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു, സ്വപ്നമാലിനി തീരത്ത് കൊച്ചുകല്യാണമണ്ഡപം, സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്നം കാണാറുണ്ടോ തുടങ്ങി സ്വപ്നത്തെ കുറിച്ച് ഒരുപാട് ഗാനങ്ങള്‍ മാഷിന്റെ തൂലികയില്‍ നിന്നും ഉതിര്‍ന്ന് വീണിട്ടുണ്ട്. പൊന്‍കിനാവിന്‍ പുഷ്പരഥത്തില്‍, എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍ തുടങ്ങി സ്വപനത്തിന്റെ വിവിധ തലങ്ങളെന്നു വിശേഷണം നല്‍കാം. അതു ഭാസ്ക്കരന്‍മാഷിന്റെ പ്രത്യേകതയാണ്. സുന്ദരസ്വപ്നമേ നീയെനിക്കേകിയ വര്‍ണച്ചിറകുകള്‍ വീശി… എന്നു തുടങ്ങുന്ന ഗാനത്തില്‍ സ്വപ്നത്തിന്റെ ചിറകിലേറെ സ്വയം മറന്നു പറക്കുന്നതും കാണാം.

കാവ്യബിംബങ്ങള്‍ ഗാനങ്ങളില്‍ ഏറ്റവുമധികം പ്രയോഗിച്ചത് ഭാസ്‌കരനാണ്.ഉണരുണരൂ ഉണ്ണിപ്പൂവേ എന്ന സിനിമാഗാനത്തില്‍ പതിവുപോല്‍ പടിഞ്ഞാറേ കടലീന്നു കുടവുമായി പടവുകള്‍ കയറുന്ന മുകിലേ … എന്ന പ്രയോഗത്തിലെ ബിംബം എന്നും ചര്‍ച്ചാ വിഷയമാണ്.മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചുവെച്ചു, പാര്‍വണേന്ദുവിന്‍ ദേഹമടക്കീ പാതിരാവിന്‍ കല്ലറയില്‍ എന്നിങ്ങനെ പ്രകൃതിയെ മനുഷ്യഭാവങ്ങളോടും തിരിച്ച് മനുഷ്യാവസ്ഥകളെ പ്രകൃതിഭാവങ്ങളോടും താദാത്മ്യപ്പെടുത്തി അതിമനോഹരമായ ഭാവനകള്‍ മാഷ് രചിച്ചിട്ടുണ്ട്.

ഇന്നെനിക്ക് പൊട്ടുകുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം ഇന്നെനിക്ക് കണ്ണെഴുതാന്‍ വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട് എന്ന വരികളില്‍ പ്രകൃതിയും മനുഷ്യനും വേര്‍പിരിയാത്ത ഒന്നായിത്തീരുന്നു. മാഷ് എഴുതിയ ഭരതന്റെ വെങ്കലം. അതില്‍ പുലര്‍കാലത്തെ കുറിച്ച് എഴുതിയപ്പോള്‍ ആറാട്ടുകടവിങ്കല്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി എന്നാണ് വര്‍ണിച്ചത്. വെങ്കലത്തിലെ തന്നെ പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര ചെക്കന്റെ മോറ് ചെന്താമര എന്ന വരികളില്‍ തെക്കേ മലബാറിലെ ഗ്രാമ്യഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

നീലക്കുയില്‍ എന്ന എന്ന ചിത്രമാണ് മാഷിന്റെ കരിയറിലെ മാറ്റത്തിന് ഇടയാക്കിയത്. മലയാളിത്തമുള്ള പാട്ടുകള്‍ രചിച്ച് പുതിയ പാട്ടുവഴി കൈരളിക്ക് പരിചയപ്പെടുത്തി. പി. ഭാസ്‌കരന്‍— കെ. രാഘവന്‍ കൂട്ടുകെട്ട് പിറന്നതും നിലക്കുയിലൂടെ . മാനെന്നും വിളിക്കില്ല, എല്ലാരും ചൊല്ലണ്, കായലരികത്ത് വലയെറിഞ്ഞപ്പോ, എങ്ങനെ നീ മറക്കും, കുയിലിനെ തേടി തുടങ്ങിയ ആ പാട്ടുകള്‍ മലയാളികള്‍ ഏറ്റെടുത്തു. പുതിയൊരു അനുഭവമായിരുന്നു അത്. എല്ലാ തരത്തിലുമുള്ളവരുടെ ചുണ്ടുകളില്‍ മാഷിന്റെ വരികള്‍ തത്തികളിച്ചു. ഗാനലഹരിയായി മാറി.

നാലു പതിറ്റാണ്ടിനിടയില്‍ അനശ്വരമായ ഒരുപാട് ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. തളിരിട്ട കിനാക്കള്‍തന്‍, വാസന്തപഞ്ചമി നാളില്‍, താമസമെന്തേ വരുവാന്‍, ഒരു പുഷ്പം മാത്രമെന്‍, പ്രാണസഖി ഞാന്‍ വെറുമൊരു, നഗരം നഗരം മഹാസാഗരം, അനുരാഗ നാടകത്തിന്‍, ഏകാന്തതയുടെ അപാരതീരം, പകല്‍ക്കിനാവിന്‍ സുന്ദരമാകും, കേശാദിപാദം തൊഴുന്നേന്‍, ഏകാന്തപഥികന്‍ ഞാന്‍, ഹര്‍ഷബാഷ്പം തൂകി, താമരക്കുമ്പിളല്ലോ മമഹൃദയം, നീ മധുപകരൂ, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, ചെമ്പകപ്പൂങ്കാവനത്തില് പൂമരച്ചോട്ടില്‍, കായലൊന്ന് ചിരിച്ചാല്‍, ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത്, നീലമലപ്പൂങ്കുയിലേ നീ കുടെപ്പോരുന്നോ, ഇരു ഹൃദയങ്ങളിലൊന്നായ് വീശി, പത്തുവെളുപ്പിന് മുറ്റത്തു നിക്കണ തുടങ്ങി പട്ടിക നീളുന്നു.

ഗാനരചനക്ക് മൂന്നു വട്ടം സംസ്ഥാന പുരസ്‌കാരം നേടിയ അദ്ദേഹത്തിന് മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകളുടെ പേരില്‍ ജെ.സി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചു. ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി കവി എന്ന നിലയില്‍ വലിയ അംഗീകാരങ്ങളും ലഭിച്ചു.ഒരു ഗാനമെങ്കിലും ഹൃദയത്തില്‍ സൂക്ഷിച്ചവരുടെ മനസ്സില്‍ ഭാസ്കരന്‍മാഷിന് എന്നും സ്ഥാനമുണ്ടാവും. 

ലോകം മുഴുവന്‍ സുഖം പകരാനായ്‌
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ

Eng­lish Summary:
Today, Bhaskaran Mash, who gave Man­jnipunilav, scored a hundred

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.