1 May 2024, Wednesday

കാളരാഗം

Janayugom Webdesk
April 6, 2024 4:47 pm

എനിക്ക് കാണികളേയുണ്ടായിരുന്നില്ല.
പിച്ചളത്താളങ്ങളും എനിക്കന്യമായിരുന്നു.
നനഞ്ഞമണ്‍പൊടിയും
പ്രാണികളുടെ ചിറകടികള്‍പോലെ
ആര്‍പ്പുവിളിയൊച്ചകളും മാത്രം ചുറ്റിലും…
പ്രാണികളുടെ അലര്‍ച്ചകള്‍ മാത്രം ചുറ്റിലും..

ഞാനടിമുടി
വിറളിപിടിച്ചതുപോലെ നിന്നു
സൂര്യനും അമര്‍ഷവും മാത്രം ഒപ്പം.
കഴുത്തിലെ ഞരമ്പടര്‍ന്നമര്‍ന്ന
തോളില്‍ നിന്ന് ചുടുചോര
താഴേക്കൊഴുകിക്കൊണ്ടിരുന്നു.

ആരാണ് എന്നെയിവിടെ
കൊണ്ടുവന്നത്?
ഇങ്ങനെ കൽമതിലുകള്‍ക്കെതിരെ
യുദ്ധം ചെയ്യാന്‍!
ഇങ്ങനെ
കരിമ്പുതപ്പുകൾക്കെതിരെ
യുദ്ധം ചെയ്യാൻ !
പ്രകമ്പനങ്ങളോടെ മാഞ്ഞുപോകുന്ന
ചുവപ്പും വെള്ളിയും നാഡീമുദ്രയുള്ള
ദൈവങ്ങള്‍ക്കെതിരെ
യുദ്ധം ചെയ്യാന്‍!
ആരാണ് എന്നെയിവിടെ
കൊണ്ടുവന്നത്?

ഞാന്‍ തിരിഞ്ഞുനടക്കുന്നു.
എന്റെ കൂര്‍ത്തകൊമ്പുകളില്‍
ഇരുട്ടുറഞ്ഞുകൂടിയിരിക്കുന്നു.
ഈ ചീര്‍ത്തുവീര്‍ത്ത തൊലിയാടയില്‍
എന്നെയടച്ചുവെച്ചതാണെന്റെ തെറ്റ്.
തൂണുപോല്‍ തെറിച്ചു നില്‍ക്കുന്ന
നാലുകാലുകളാണ് എന്റെ കുറവ്.
നിലപ്പുല്ലുപോലെയിരുന്നാല്‍
മതിയായിരുന്നു.

പ്രാണികള്‍ പറക്കുന്നു…!
പറന്നടങ്ങുന്നു…!
ഞാന്‍ പുറത്താക്കപ്പെടുന്നു.
വലിച്ചിഴച്ച് പുറത്തെറിയപ്പെടുന്നു.
സങ്കടം ഉറഞ്ഞുകൂടിയ
ഒരു മാംസപിണ്ഡം കണക്കെ!

എന്റെ ശരീരത്തിലെ
ഉപയോഗശൂന്യമായ
അവയവങ്ങള്‍
ദൈവങ്ങളുടെ സമ്മാനമായി
പങ്കുവെയ്ക്കപ്പെടുന്നു!

അവര്‍ക്കെല്ലാം
ഈ അന്ത്യരംഗം,
എന്റെയീമരണവെപ്രാളം
വെറും
മത്സരക്കളിയാണ്.
ഒരു കുറ്റകൃത്യമോ
പരമാര്‍ത്ഥമോ
സത്യാവസ്ഥയോ
ആകുന്നില്ല അവർക്കത്!
എന്നാലും എത്ര ഇമ്പത്തോടെയാണ്
അവരത് കപടവേഷപ്പകര്‍ച്ചയാല്‍
മാറ്റിമറിക്കുന്നത്.
അത് അവരെയും
അവരുടെ പ്രവര്‍ത്തിയേയും
സാധൂകരിക്കുന്നു! അത്രതന്നെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.