23 April 2024, Tuesday

കേരളകവിതയിൽ പെൺപടയുടെ മുന്നേറ്റം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
January 5, 2023 4:45 am

2022ലെ കേരളകവിത പെണ്ണെഴുത്തിനാൽ സമ്പന്നമായിരുന്നു. എഴുത്തമ്മയില്ലാത്ത മലയാള കാവ്യചരിത്രത്തെ പുതിയ എഴുത്തുകാരികൾ സ്ഫോടനാത്മകമായ രചനകളിലൂടെ തിരസ്കരിച്ചു. അഭിമാനകരമായ കാവ്യമുന്നേറ്റമാണ് സംഭവിച്ചത്. ചരിത്രം സ്ത്രീവിരുദ്ധമാണ്. ദളിത് സമൂഹത്തെ അക്ഷരങ്ങളിൽ നിന്നും അകറ്റി നിറുത്തിയിരുന്നത് പോലെ സ്ത്രീസമൂഹത്തെയും അകറ്റിനിര്‍ത്തി. അക്ഷരവും കലാപ്രകടനങ്ങളും അവർക്ക് നിരോധിച്ചു. നവോത്ഥാന പരിശ്രമങ്ങൾക്ക് ശേഷവും ഈ നിലപാട് തുടർന്നു. ഹൃദയത്തിലെ കവിതയെ തുറന്നുവിടാൻ ഇപ്പോൾ സഹായിച്ചത് നവമാധ്യമങ്ങളാണ്. കവിതയെഴുതിയാൽ സ്വന്തം വീട്ടിലെ പുരുഷാധിപത്യം സ്ത്രീരൂപം പോലുമണിഞ്ഞു നിറയൊഴിക്കുമെന്നതിനാൽ എഴുത്തുകാരികൾ മൊബൈൽ ഫോണിന്റെ സഹായത്തോടെ ഗറില്ലകളായി. അവരുടെ ചിന്തകളും കിനാവുകളും അക്ഷരവൽക്കരിക്കുകയും ഒറ്റ ക്ലിക്കിൽ ഭൂഖണ്ഡങ്ങളെ അപ്രസക്തമാക്കി പരസ്യപ്പെടുകയും ചെയ്തു. സരസ്വതീദേവിയല്ല, സോഷ്യൽ മീഡിയയാണ് പെണ്ണെഴുത്തിനെ അനുഗ്രഹിച്ചത്. 2022 ജനുവരിയിൽ ഒറ്റദിവസംകൊണ്ട് 447 പേർ വായിച്ച കവിതയാണ് എസ് പാർവതിയുടെ പെണ്ണിറങ്ങിപ്പോകുന്നു. സ്ത്രീസ്വാതന്ത്ര്യത്തിലേക്ക് കിലുകിലെ കഴിയാനായി ഇറങ്ങിപ്പോകുന്നതായിരുന്നു കവിതയുടെ പ്രമേയം.

ഫെബ്രുവരിയിൽ ഒറ്റ ദിവസംകൊണ്ട് 440ല്‍പരം പേർ വായിച്ച കവിത ലതാ ഉണ്ണിത്താന്റെ ജാരന്റെ ചുംബനം ആയിരുന്നു. തെറ്റാണെന്നറിഞ്ഞു ചെയ്യുന്ന തെറ്റിനെ കിതപ്പോടെ ചുംബിച്ചു കൂമ്പിപ്പോയ കണ്ണുകൾ ഈ കവിതയിൽ രതിസ്വാതന്ത്ര്യത്തിന്റെ പതാക പാറിപ്പിക്കുന്നു. മാർച്ചിൽ 365ലധികം വായനക്കാർ ചേർത്തുപിടിച്ച കവിത ചിത്രകാരി കൂടിയായ ശ്രീദേവി മധുവിന്റെ തുന്നൽക്കാരിയായിരുന്നു. നിറനൂലുകൾ സൂചിയിൽ കൊരുത്ത് പീതനിറമാർന്ന പകലിൽ നൃത്തം വയ്ക്കുന്ന സ്ത്രീയാണ് കവിതയുടെ കേന്ദ്രം. ഏപ്രിലിൽ 380ൽ പരം വായനക്കാർ ഒറ്റ ദിവസംകൊണ്ട് സ്വീകരിച്ച കവിത സി സി പൂർണിമയുടെ കണിവെള്ളരിയാണ്. കണിവെള്ളരിപോലുള്ള രണ്ടമ്മിഞ്ഞ റൗക്കയിൽ നിന്നും പുറത്തേക്ക് ചാടിച്ച് മീൻ വെട്ടാൻ കുന്തിച്ചിരുന്ന­ അമ്മമ്മയെ ഈ കവിത അടയാളപ്പെടുത്തി.

 


ഇതുകൂടി വായിക്കു; ആത്മസംഘര്‍ഷങ്ങളുടെ പരിശ്ചേദമായി കെപിഎസിയുടെ 66-ാമത് നാടകം അപരാജിതര്‍ അരങ്ങില്‍


 

മേയിൽ ഒറ്റ ദിവസംകൊണ്ട് 430ലധികം വായനക്കാരെ സ്വാധീനിച്ചത് ചിത്രകാരി കൂടിയായ പ്രസന്ന പാർവതിയുടെ മേഘമെന്ന ചെറുകവിതയാണ്. സ്വന്തം സംഭരണിയിലേക്ക് വെള്ളം വീഴ്ത്താനായി അയലത്തുകാരന്റെ വീടിന് മുകളിലെ ആകാശം വാങ്ങി മേഘം നട്ടു വളർത്തുന്നതായിരുന്നു കവിതയുടെ പ്രമേയം.  ജൂണിൽ 860ൽപരം വായനക്കാരെ ആകർഷിച്ച കവിതയാണ് റുബീന മൻസൂറിന്റെ മൂത്തമകൾ. താഴെയുള്ളവർ പിറക്കുന്നതോടെ അനാഥയായിപ്പോകുന്ന മൂത്ത മകളെയാണ് റുബീന കാവ്യവൽക്കരിച്ചത്. പ്രധാനപ്പെട്ട ഒരു മനഃശാസ്ത്ര വിഷയമായിരുന്നു അത്.  ജൂലൈയിൽ ഏറെ വായനക്കാരെ ആകർഷിച്ചത് നീതു സി സുബ്രഹ്മണ്യന്റെ കറുത്ത കുട്ടിയായിരുന്നു. ക്ലാസിൽ കരഞ്ഞു നിൽക്കുന്ന കറുത്തകുട്ടിയുടെ ഹൃദയഭേദകമായ ചിത്രം ആ കവിതയിലുണ്ടായിരുന്നു. 24മണിക്കൂറിനകം 520ലേറെ വായനക്കാരാണ് കറുത്ത കുട്ടിയെ ചേർത്തുപിടിച്ചത്. ഓഗസ്റ്റിൽ കെ അനാമികയുടെ പച്ച ഏറെ ശ്രദ്ധിക്കപ്പെട്ടു. പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി ഉമ്മയെയോർത്തു കരയുന്ന അക്ഷരചിത്രം ഈ കവിതയെ ശ്രദ്ധേയമാക്കി. 400ലധികം മ­ല­യാളികൾ ഓൺലൈനിൽ ഈ കവിത വായിച്ചു.
സെപ്റ്റംബറിൽ ആതിര മുരളീധരന്റെ മ്യാവൂ എന്ന കവിത 900ത്തോളം വായനക്കാരെകൊണ്ട് ലൈക്ക് ബട്ടൺ അമർത്തിച്ചു. ഭർത്താവും ഭാര്യയും പൂച്ചയും ചേർന്ന് സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ ചിത്രം വരയ്ക്കുകയാണ് ഈ കവിതയിൽ.

 


ഇതുകൂടി വായിക്കു; സാംസ്കാരിക വർത്തമാനങ്ങൾ


 

ഒക്ടോബറിൽ ജലജ പ്രസാദിന്റെ, ടീച്ചറിപ്പോൾ കുട്ടികളെക്കാൾ ചെറുതാണെന്ന കവിത 625ലധികം വായനക്കാരെ ആകർഷിച്ചു. ഫാത്തിമ അഹല്യയും ഫസൽ കൃഷ്ണയും ആ പേരുകളിലൂടെ സൃ­ഷ്ടിക്കുന്ന നിഷ്ക്കളങ്കമായ മാനുഷികബോധം ഈ കവിതയെ ശ്രദ്ധേയമാക്കി.
നവംബറിൽ പുഷ്പ ഹരിദാസിന്റെ അന്തിക്കള്ള് 470ലധികം വായനക്കാരെ ആകർഷിച്ചു. ഭൂ­മി­ ഉരുണ്ടതാണെന്നും കറങ്ങുമെന്നും ജാന്വേടത്തി വിശ്വസിക്കാനിടയായ ജീവിതാനുഭവങ്ങളാണ് ഈ കവിതയെ വ്യത്യസ്തമാക്കിയത്. പെ­ണ്ണെഴുത്തിന് കള്ളും പ്രമേയമാകാമെന്ന് ഈ കവിത ഉറപ്പിച്ച് പറഞ്ഞു.  ഡിസംബറിൽ വി കെ ഷാഹിനയുടെ വാക്കെന്ന കവിതയാണ് കൂടുതൽ വായനക്കാരുടെ ശ്രദ്ധയിലെത്തിയത്. 400 ഓളം വായനക്കാർ വാക്ക് ആ­സ്വാദ്യകരമെന്ന് രേഖപ്പെടുത്തി. മുസ്ലിമിനെക്കുറിച്ച് പറഞ്ഞപ്പോൾ വായപൊത്തുകയും ഹിന്ദുവിനെക്കുറിച്ച് പറഞ്ഞപ്പോൾ നാടുകടത്തുകയും മനുഷ്യനെക്കുറിച്ച് പറഞ്ഞപ്പോൾ മൃഗശാലയിൽ അടയ്ക്കപ്പെടുകയും ചെയ്ത വാക്കാണ് കവിതയിലെ താരം.
ഈ കുറിപ്പിൽ പറഞ്ഞിട്ടുള്ള എല്ലാ കവിതകളും ഫേസ്ബുക്കിലെ ഇന്ന് വായിച്ച കവിതയെന്ന പംക്തിയിലും അതേ പേരുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലുമുണ്ട്. അതെ, പോയവർഷം കേരള കവിതയിൽ പെണ്ണെഴുത്തിന്റെ പടയോട്ടമായിരുന്നു. അഭിമാനകരമായ മുന്നേറ്റം.
2022ൽ തന്നെയാണ് ഒരു മത സംഘടന ഒറ്റ സ്ത്രീയെപ്പോലും പ്രവേശിപ്പിക്കാത്ത കവിയരങ്ങ് നടത്തിയത്. സ്ത്രീ കൂടി ചേർന്നതാണ് മനുഷ്യസമൂഹമെന്ന തിരിച്ചറിവ് മതങ്ങൾക്ക് എന്നാണുണ്ടാവുക!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.