മോണ്‍ കൂട്ടക്കൊലയെ തുടര്‍ന്ന് കിരാത സായുധസേന പ്രത്യേക അധികാര നിയമം (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേര്‍സ് ആക്ട്-അഫ്‌സ്‌പ) പിന്‍വലിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ഉന്നതാധികാര സമിതിയെ നിയമിച്ചതായി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നാഗാലാന്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. അഫ്‌സ്‌പ നിയമം നിലവിലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളും രാജ്യത്തും ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയുണ്ടായി. നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ ചുവടുപിടിച്ച് മേഘാലയ, മണിപ്പൂര്‍ മുഖ്യമന്ത്രിമാരും അഫ്‌സ്‌പ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും അതേപ്പറ്റി സംസ്ഥാന മന്ത്രിസഭ അടിയന്തര കൂടിയാലോചന നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ നാഗാലാന്റ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനപ്പുറം ഈ കിരാതനിയമം പിന്‍വലിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയോ മന്ത്രാലയത്തിന്റെയോ യാതൊരു പ്രതികരണവും ഇനിയും പുറത്തുവന്നിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഒരു അഡീഷണല്‍ സെക്രട്ടറിയായിരിക്കും മേല്‍പറഞ്ഞ ഉന്നതാധികാര സമിതിയെ നയിക്കുക എന്നാണ് നാഗാലാന്റ് സര്‍ക്കാരിന്റെ പ്രഖ്യാപനം പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍, മറ്റു പലതിലും എന്നതുപോലെ, അവലംബിക്കുന്ന നിശബ്ദത പ്രഖ്യാപനത്തിന്റെ സാധുതയേയും കേന്ദ്ര സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാടിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും നിലനില്ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയമായി പരിഹാരം കാണുന്നതിനു പകരം സൈനിക കരുത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാമെന്ന കേന്ദ്ര ഭരണകൂടത്തിന്റെ വ്യാമോഹത്തെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മൗനം തുറന്നു കാട്ടുന്നത്. ചരിത്രപരമായ രാഷ്ട്രീയ കാരണങ്ങളാല്‍ അസ്വസ്ഥബാധിതങ്ങളായ അതിര്‍ത്തി സംസ്ഥാനങ്ങളിലാണ് കിരാത അഫ്‌സ്‌പ നിലവിലുള്ളത്.
ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും ആധുനിക നിയമവാഴ്ചാ സങ്കല്പങ്ങള്‍ക്കും നിരക്കാത്ത അഫ്‌സ്‌പ പോലുള്ള നിയമങ്ങളുടെ ഉത്ഭവം കോളനി വാഴ്ചയിലാണ്. കോളനി മേധാവിത്വത്തിനും മനുഷ്യത്വഹീനമായ അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ രാജ്യത്ത് വളര്‍ന്നുവന്ന വിമോചന പോരാട്ടങ്ങളെ തകര്‍ക്കാനും ചോരയില്‍ മുക്കിക്കൊല്ലാനും ബ്രിട്ടീഷുകാര്‍ രൂപം നല്കിയ നിയമമാണ് അഫ്‌സ്‌പ. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് 1942 ഓഗസ്റ്റ് 15ന് പ്രസ്തുത നിയമം നിലവില്‍ വന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വാഭാവികമായി ഉയര്‍ന്നുവന്ന രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് താല്ക്കാലിക പരിഹാരമായാണ് 1958ല്‍ അത് സ്വതന്ത്ര ഇന്ത്യയുടെ കിരാത നിയമങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും ഭൂപരമായ അഖണ്ഡതയ്ക്കും വെല്ലുവിളിയായ രാഷ്ട്രീയ, സാമ്പത്തിക, വംശീയ ഭാഷാപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്വതന്ത്ര ഇന്ത്യയില്‍ കഴിഞ്ഞ 75 വര്‍ഷങ്ങളായി ഭരണം നടത്തുന്ന രാഷ്ട്രീയ ശക്തികള്‍ക്ക് കഴിഞ്ഞില്ല. ഭരണകൂടത്തിന്റെ ആ രാഷ്ട്രീയ പരാജയത്തിന് വിലനല്കേണ്ടി വരുന്നത് പൗരജനങ്ങളാണെന്ന് നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഇന്ത്യന്‍ സായുധസേന 15 നിരായുധരും നിരപരാധികളുമായ ഖനിത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്ത സംഭവം തുറന്നുകാട്ടുന്നു. ഭരണകൂടം അവകാശപ്പെടുംവിധം അഫ്‌സ്‌പ ഭീകരവാദത്തിനും വിഘടനവാദത്തിനും എതിരായ മറുമരുന്നല്ലെന്ന് ആ കിരാത നിയമത്തിന്റെ ആവര്‍ത്തിച്ചുള്ള ദുരുപയോഗം സാക്ഷ്യപ്പെടുത്തുന്നു. സായുധസേന പ്രത്യേക അധികാര നിയമം രാജ്യത്തിന്റെ സുരക്ഷയ്ക്കോ ഐക്യത്തിനോ അഖണ്ഡതയ്ക്കോ കവചമൊരുക്കുന്ന നിയമമല്ല. മറിച്ച്, നിരായുധരും നിരപരാധികളുമായ പൗരന്മാരെ നിയമപരിരക്ഷയോടെ അരുംകൊല ചെയ്യാന്‍ സായുധസേനകള്‍ക്ക് നല്കിയിട്ടുള്ള നിരുപാധിക അനുമതി പത്രമാണെന്ന് അനുഭവങ്ങള്‍ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തുന്നു. ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളും മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളുടെയും ആശയങ്ങളുടെയും സമ്പൂര്‍ണ നിഷേധമാണ് അഫ്‌സ്‌പ. അത് പുരോഗതിക്കും യശസിനും പകരം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീര്‍ണതയെയും മനുഷ്യത്വരാഹിത്യത്തെയുമാണ് തുറന്നുകാട്ടുന്നത്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.