23 December 2024, Monday
KSFE Galaxy Chits Banner 2

കാര്‍ഷിക മേഖല: തുടരുന്ന അസ്വാസ്ഥ്യങ്ങള്‍

പി എ വാസുദേവൻ
കാഴ്ച
February 19, 2022 7:00 am

കര്‍ഷകരുടെ ഐതിഹാസിക സമരവും വിജയവും അവിടെ അവസാനിക്കാതെ മറ്റു തൊഴിലാളി വിഭാഗങ്ങളിലേക്കും വ്യാപിക്കേണ്ടതിനെക്കുറിച്ചള്ള പഠനങ്ങള്‍ സജീവമായിക്കഴിഞ്ഞു. 1990കളോടെ ശക്തമായ നിയോലിബറലിസത്തിന്റെ ആഘാതങ്ങളേല്ക്കുന്നതില്‍ കര്‍ഷകര്‍ മാത്രല്ല മറ്റു തൊഴിലാളി വിഭാഗങ്ങളുമുണ്ടെന്നതിനാല്‍ ശക്തിപ്പെടുത്തേണ്ട ഒരു വ്യാപക സമരത്തിനുള്ള സൂചനകളാണ് ലഭിക്കുന്നത്. വളരെ തന്ത്രപരമായി ‘വിപണി ആധിപത്യ’ സിദ്ധാന്തങ്ങള്‍ കാര്‍ഷികരംഗത്തേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഏറ്റവും പുതിയതായിരുന്നു കാര്‍ഷിക നിയമങ്ങള്‍. ‘കാര്‍ഷിക കരാറു‘മായി വന്‍ രാജ്യങ്ങള്‍, മൂന്നാം ലോകരാജ്യങ്ങളിലെ കൃഷി അധീനപ്പെടുത്താന്‍ തുടങ്ങിയിട്ട് മൂന്ന് ദശകങ്ങളിലധികമായി. അന്നേ തുടങ്ങിയ എതിര്‍പ്പിന്റെ ഏറ്റവും പുതിയതും ശക്തവുമായ പതിപ്പായിരുന്നു കര്‍ഷക പ്രക്ഷോഭം.

ഇത് തരുന്ന പ്രധാന പാഠം, നിയോലിബറലിസത്തിനെതിരായി സമഗ്രമായൊരു മുന്നേറ്റം ഉടന്‍ രൂപപ്പെടുത്തണമെന്നതാണ്. മറ്റൊന്ന് സൂക്ഷ്മതലത്തില്‍ വിപണി അധീശത്വം നടക്കുന്നത് തടയുന്നു എന്നതാണ്. കഴിഞ്ഞ കര്‍ഷക സമരത്തിന്റെ തുടര്‍ച്ചകള്‍ കണ്ടെത്തേണ്ടത് അങ്ങനെയാണ്. ഈ കേരളത്തില്‍ തന്നെ ഞാന്‍ ഇത് മൂന്നു ബില്ലുകളുടെ മാത്രം പ്രശ്നമല്ലെന്ന് പറഞ്ഞത് അതുകൊണ്ടായിരുന്നു. നിയോലിബറലിസത്തിന്റെ വ്യാപനം, വിപണിയുടെ പരക്കുന്ന അധീശത്വം, കര്‍ഷകരുടെ വര്‍ധമാനമാകുന്ന കടം പെരുക്കല്‍ തുടങ്ങിയ പ്രധാന മൂന്നു തലങ്ങള്‍ ആ സമരത്തിന്റെ ബാക്കിയായി നിലനില്ക്കുന്നു. ജിഎസ്‌‌ടി, ഡീമോണിറ്റൈസേഷന്‍, കര്‍ഷക ബില്ലുകള്‍ തുടങ്ങിയ ദ്രോഹപരമായ കാര്യങ്ങള്‍ ഏതര്‍ത്ഥത്തിലും പോളിസിപരമായ ചുവടുപിഴയ്ക്കലായിരുന്നു. അവിടെ തൊട്ടുവേണം തിരുത്താന്‍. താല്ക്കാലിക തിരുത്തലുകളല്ല നയപരമായ തിരുത്തലുകളും പുതിയ ദിശാമാറ്റങ്ങളുമാണ് ഇനിയുള്ള കാലത്തെ പുരോഗമന മുന്നേറ്റങ്ങളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പുകള്‍ അതിനുള്ള മുന്നൊരുക്കങ്ങളായി കരുതിയാല്‍ മതി. ഏതാണ്ട് 250 ഓളം കര്‍ഷക സംഘടനകളുടെ ഫെഡറേഷന്‍ സാധ്യമാക്കിയ സമരം ഇനിയങ്ങോട്ട് തുടരാന്‍ കുറേക്കൂടി താത്വികമായ അടിത്തറയും ആവശ്യമാണ്. നിയോലിബറലിസത്തില്‍ നിന്ന് ഡിലിങ്ക് ചെയ്ത് ആഗോള സാമ്പത്തിക നയങ്ങളോട് കുറേക്കൂടി സ്വതന്ത്രമായി എന്‍ഗേജ് ചെയ്യാനുള്ള ഒരു സ്വാതന്ത്ര്യമാണ് നമുക്കാവശ്യം. അതിന് രാഷ്ട്രീയവും സൈദ്ധാന്തികവുമായ തലങ്ങള്‍ ശക്തമാവണം.

ആദ്യം പറഞ്ഞ കര്‍ഷക ദുരിതങ്ങളില്‍ പ്രധാനം കാര്‍ഷിക കടങ്ങളും തുടര്‍ന്നുള്ള ആത്മഹത്യകളുമാണ്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളുടെ അനന്തരഫലമാണിതെന്ന് മനസിലാക്കണം. വിശ്വസനീയ കണക്കുകള്‍ പ്രകാരം 2010–2016 കാലത്ത് കര്‍ഷക ആത്മഹത്യകള്‍ ക്രമാതീതമായി വര്‍ധിച്ചു. പരിഹാര പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വൈകിച്ചു. സര്‍ക്കാരിന് അതിന്റെ ആഘാതം മനസിലായിരുന്നുമില്ല. സര്‍ക്കാര്‍ പാക്കേജുകള്‍ ജനങ്ങളിലെത്തിയില്ല. പാക്കേജുകളെക്കുറിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര അറിവ് നല്കിയതുമില്ല. ദേശീയ അഗ്രകള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് സ്കീമിന്റെ പോരായ്മകള്‍ നികത്താനുള്ള പിഎം ഫിസ്കല്‍ ഭീമായോജനയുടെ പല നിബന്ധകളും രഹസ്യമായിരുന്നതുകൊണ്ട് ജനങ്ങളിലെത്തിയതുമില്ല.

 


ഇതുകൂടി വായിക്കാം; ഐതിഹാസികമായ കര്‍ഷക സമരം


 

പ്രശ്നങ്ങള്‍ ബഹുമുഖമാണ്. കാര്‍ഷിക ഗവേഷണങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയത് ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ്. കഴിഞ്ഞ ബജറ്റും ഇക്കാര്യത്തില്‍ ഒരു ശ്രദ്ധയും നല്കിയില്ല. പണനിരോധം കാര്‍ഷിക ഉല്പന്നങ്ങളുടെ വിലകുറച്ച് കര്‍ഷകര്‍ക്ക് ദുരിതമുണ്ടാക്കി. അതു തടയാന്‍ ഒന്നും ചെയ്തതുമില്ല. കാര്‍ഷിക വായ്പ പലിശയിലെ സബ്സിഡി 2020–21 ലെ ബജറ്റിനെക്കാളും രണ്ട് ശതമാനം കുറവുമാണ്. കൂടുതല്‍ ഉയര്‍ന്ന താങ്ങുവില നല്കുമെന്ന തീരുമാനം അവയൊക്കെ പരുത്തി, നെല്ല്, ഗോതമ്പ് എന്നിവയ്ക്കു മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ ഭൂരിപക്ഷം കര്‍ഷകരുടെയും വരുമാനത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നാം പ്രത്യക്ഷത്തില്‍ കാണുന്നതിലും വൈവിധ്യമാര്‍ന്നതാണെന്നാണിത് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ മൊത്തം ആത്മഹത്യകളില്‍ കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് 2014–15 കാലത്ത് അധികമാവാന്‍ തുടങ്ങി. വിളനാശം, കടം പെരുകല്‍, കൃഷി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ കാരണമുള്ള ആത്മഹത്യകള്‍ ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവയില്‍ വലിയൊരു ഭാഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ പറയുന്നു.

നാഷണല്‍ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2018–19 കാലത്ത് 20,638 കര്‍ഷക ആത്മഹത്യകള്‍ നടന്നത് വിളനാശം, കടക്കെണി എന്നിവ കൊണ്ടായിരുന്നു. ലോക്ഡൗണ്‍വന്നതോടെ നിലവിലുള്ള ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വയ്യാതായി. വരുമാനവും തൊഴിലും നഷ്ടപ്പെട്ടു. 2019–20 കാലത്ത് വന്‍തോതില്‍ ആത്മഹത്യകള്‍ നടന്നതിന്റെ കാരണമതായിരുന്നു. ഓര്‍ക്കുക, ഈ സമയത്തുതന്നെയായിരുന്നു സര്‍വം നഷ്ടമായ കര്‍ഷകര്‍ പെരുവഴിയില്‍ ദീര്‍ഘസമരം തുടങ്ങിയത്. ഒരു പ്രസ്താവനയിലൂടെ വേണ്ടാതെ കൊണ്ടുവന്ന മൂന്നു ബില്ലുകള്‍ പിന്‍വലിച്ചതുകൊണ്ട് തീരാവുന്നതായിരുന്നില്ല അത്. പ്രശ്നങ്ങള്‍ ഇനിയും ബാക്കി നില്ക്കുകയാണെന്നോര്‍ക്കുക. ഈ പാഠം ഇനിയും വരാനിരിക്കുന്ന കൂടുതല്‍ വ്യാപകമായ സമരങ്ങള്‍ക്ക് മുന്നിലുണ്ട്. ഇതുതന്നെയാണ് സര്‍ക്കാരിനുമുള്ളത്. കര്‍ഷക തൊഴിലാളിയില്ലാതെ ഉല്പന്ന സംഭരണവും കൃഷിയും താറുമാറായി. റിവേഴ്സ് മൈഗ്രേഷന്റെ പ്രശ്നം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഗ്രാമീണ രംഗം ആകെ തകര്‍ന്നടിഞ്ഞു കിടക്കുകയാണ്.

 


ഇതുകൂടി വായിക്കാം; കര്‍ഷകപ്രക്ഷോഭം രാജ്യത്തിന് നല്‍കുന്ന ആഹ്വാനം


 

ഇപ്പോള്‍ സമരം മാത്രമേ താല്ക്കാലികമായി തീര്‍ന്നിട്ടുള്ളു. പ്രശ്നങ്ങള്‍ ബാക്കിതന്നെയാണ്. ഏറ്റവുമധികം ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നിലായി മധ്യപ്രദേശ്, തെലങ്കാന എന്നിവയുണ്ട്. മഹാരാഷ്ട്രയില്‍ പരുത്തികൃഷി രംഗത്തെ തകര്‍ച്ചയാണ് പ്രധാന കാരണം. കൃഷിക്കാര്‍ തളര്‍ന്നപ്പോള്‍ വന്‍ പലിശയുമായി വന്ന വട്ടിപ്പലിശക്കാര്‍ വരെ തളര്‍ന്നു. തിരിച്ചടവിനു വഴിയില്ലാതെ ആത്മഹത്യകള്‍ പെരുകി. സ്റ്റേറ്റ് തക്ക സമയത്ത് ഇടപെട്ടാല്‍ കുറേ പ്രശ്നങ്ങള്‍ തീരുമായിരുന്നു. അതും ഉണ്ടായില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ കുറച്ചുപേരെ മാത്രമേ അര്‍ഹതയുള്ള ആത്മഹത്യയില്‍ പെടുത്തിയുള്ളു. ‘ഇന്‍ എലിജിബ്ള്‍’ കാറ്റഗറിക്കാര്‍ക്ക് നഷ്ടപരിഹാരവുമില്ല. ഈ പ്രശ്നം വളരെ മുമ്പുതന്നെ പി സായ്‌നാഥ് തന്റെ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. പരിഹാരം ഇന്നും അകലെയാണ്. ഇതിനു പരിഹാരമായി പല പഠനങ്ങളും വന്നിട്ടുണ്ട്. ഗ്രാമീണ ക്രെഡിറ്റ് മാര്‍ക്കറ്റ് സമഗ്രമായി ശക്തിപ്പെടുത്തണം. സ്വകാര്യ ഇടപാടുകാരെ നിയന്ത്രിക്കണം. കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ ഇന്നും തമിഴ്|നാട്ടില്‍ നിന്നുള്ള വട്ടിപ്പലിശക്കാരുടെ കടന്നുകയറ്റം (പ്രത്യേകിച്ച് പാലക്കാട്ട്) ഒട്ടേറെ കര്‍ഷകദുരിതങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുണ്ട്. എത്രയോ ഗ്രാമങ്ങളില്‍ അവര്‍ പിടിമുറിക്കിയിട്ടുണ്ട്. കാര്‍ഷിക ഗവേഷണം, കടം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടലുകളും ശക്തമാക്കണം. ബില്ലുകള്‍ സൃഷ്ടിച്ചതും തിരികെ ആവാഹിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കളിമാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.