16 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 31, 2024
August 26, 2024
August 26, 2024
August 26, 2024
August 23, 2024
August 20, 2024
August 20, 2024
August 19, 2024
August 18, 2024
August 18, 2024

മോഡിയുടെ 10 വര്‍ഷം; അടച്ചുപൂട്ടിയത് 61,361 സ്കൂളുകള്‍

Janayugom Webdesk
മുംബൈ
April 22, 2024 9:09 pm

2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതില്‍ ശ്രദ്ധിച്ചപ്പോള്‍ പഠനാവസരങ്ങള്‍ കുറയുകയും വിദ്യാഭ്യാസ നിലവാരം പിറകോട്ട് പോവുകയും ചെയ്തെന്ന് പഠന റിപ്പോര്‍ട്ട്. ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിദ്യാഭ്യാസത്തിന്റെ ഉന്നതിയും പെൺകുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി അവസര സമത്വവുമാണ് വാഗ്ദാനം ചെയ്തതെങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിദ്യാലയ പ്രവേശനത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ലെന്ന് പൗരസംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ വിദഗ്ധരുമടങ്ങിയ കൂട്ടായ്മയായ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്‌വർക്ക് ഇന്ത്യ (ഫാൻ‑ഇന്ത്യ) തയ്യാറാക്കിയ ‘വിദ്യാഭ്യാസ റിപ്പോർട്ട് കാർഡ് — 2014–24ല്‍ പ്രതിപാദിക്കുന്നു. 

ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തിയെന്നും സർക്കാർ സ്കൂളുകളുടെ ഏകീകരണം സമീപ വർഷങ്ങളിൽ കുതിച്ചുയർന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2023ൽ മാത്രം രാജ്യവ്യാപകമായി 4000ലധികം സ്കൂളുകൾ ലയിപ്പിച്ചത് നിരവധി കുട്ടികളുടെ പഠനത്തെ ബാധിച്ചു. മഹാരാഷ്ട്രയില്‍ മാത്രം സ്കൂളുകളുടെ ലയനം ഏകദേശം രണ്ട് ലക്ഷത്തോളം കുട്ടികളെ ബാധിച്ചു, ഒഡിഷയില്‍ ലയനത്തിലൂടെ 7,478 സ്കൂളുകൾ അടച്ചുപൂട്ടി. മധ്യപ്രദേശ് 35,000 സ്കൂളുകളെ പരസ്പരം ലയിപ്പിച്ച് 16,000 സ്ഥാപനങ്ങളായി കുറയ്ക്കാന്‍ നിർദേശിച്ചു. ഈ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ, വിദ്യാഭ്യാസ പ്രവേശനത്തെക്കുറിച്ചും വിദ്യാഭ്യാസ അവകാശ നിയമം പാലിക്കുന്നതിനെക്കുറിച്ചും ആശങ്കകൾ ഉയർത്തുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ കുട്ടികളെ വിദ്യാഭ്യാസരംഗത്തേക്ക് എത്തിക്കുമെന്ന വാഗ്ദാനത്തിന് വിരുദ്ധമായി, 2018–19നും 2021–22നുമിടയിൽ, രാജ്യത്തെ മൊത്തം സ്കൂളുകളുടെ എണ്ണം 15,51,000ൽ നിന്ന് 14,89,115 ആയി കുറഞ്ഞു. ആകെ 61,885 സ്കൂളുകള്‍ ഇല്ലാതായി. 61,361 കേന്ദ്ര‑സംസ്ഥാന സർക്കാർ സ്കൂളുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോള്‍ സ്വകാര്യ സ്കൂളുകളുടെ എണ്ണത്തില്‍ വർധനയുണ്ടായി. 2014–15ൽ രാജ്യത്തുടനീളം 11,07,118 സർക്കാർ സ്കൂളുകളും 83,402 സർക്കാർ‑എയ്ഡഡ് സ്കൂളുകളും ഉണ്ടായിരുന്നു. ഇവയുടെ എണ്ണം 2021–22ൽ യഥാക്രമം 10,22,386 — 82,480 ആയി കുറഞ്ഞു. അതേസമയം 2014–15ൽ സ്വകാര്യ സ്കൂളുകളുടെ എണ്ണം 2,88,164 ആയിരുന്നുവെങ്കില്‍ 2021–22 ൽ 3,35,844 ആയി ഉയർന്നു. 47,680 സ്കൂളുകളുടെ വർധന. 

സംസ്ഥാന തലത്തിൽ അനുവദിക്കപ്പെട്ട 62.71 ലക്ഷം തസ്തികകളില്‍ 10 ലക്ഷം ഒഴിഞ്ഞുകിടക്കുന്നതായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിച്ച് ഫാൻ — ഇന്ത്യ റിപ്പോർട്ട് പറയുന്നു. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമന ഉത്തരവുകൾ കാത്ത് അധ്യാപക ജോലിക്ക് അപേക്ഷിച്ചവരും പരീക്ഷയെഴുതിയവരുമായ ഉദ്യോഗാർത്ഥികളുടെ വിവിധ പ്രക്ഷോഭങ്ങള്‍ ഒഴിവുകളുടെ വ്യാപ്തി വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Summary:61,361 schools closed in Mod­i’s 10 years; More than 4000 were merged and deleted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.