December 3, 2023 Sunday

Related news

December 3, 2023
December 2, 2023
November 29, 2023
November 28, 2023
November 18, 2023
November 18, 2023
November 15, 2023
November 14, 2023
November 2, 2023
October 30, 2023

പാസഞ്ചറുകളെല്ലാം ‘സ്പെഷ്യല്‍’ തന്നെ; റെയിൽവേയുടെ കൊള്ളയ്ക്ക് അറുതിയില്ല

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
September 6, 2023 11:16 pm

നിത്യയാത്രക്കാരായ സാധാരണക്കാരുടെ ആശ്രയമായിരുന്ന പാസഞ്ചർ, മെമു ട്രെയിനുകള്‍ക്ക് ‘സ്പെഷ്യൽ’ എന്ന പേരിട്ട് എക്സ്പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കിയുള്ള റെയിൽവേയുടെ കൊള്ളയടിക്ക് അറുതിയായില്ല. കോവിഡിന്റെ മറവില്‍ 2020 മുതലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയത്. കോവിഡിനു ശേഷം പാസഞ്ചർ ട്രെയിനുകൾ അൺറിസർവ്ഡ് എക്സ്പ്രസുകളായി പുനഃസ്ഥാപിക്കുകയായിരുന്നു.
അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളായതോടെ മിനിമം നിരക്ക് 30 രൂപയായി. കുറഞ്ഞ ദൂരത്തിനും 30 രൂപ നിരക്ക് നല്‍കണമെന്നതിനാല്‍ യാത്രക്കാർ കുറഞ്ഞു. പാസഞ്ചറുകളില്‍ കുറഞ്ഞ യാത്രാനിരക്ക് 10 രൂപയായിരുന്നു. പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പുകളും നിര്‍ത്തലാക്കി. നാമമാത്രമായി അനുവദിച്ച സ്റ്റോപ്പുകളിലാവട്ടെ ബസ് ചാര്‍ജിനേക്കാള്‍ ഉയര്‍ന്ന നിരക്കായി. ഈ വരുമാനക്കുറവ് ചൂണ്ടിക്കാട്ടി ഇത്തരം സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതില്‍നിന്നും റെയില്‍വേ പിന്തിരിയുകയാണ്. 

ജനജീവിതം സാധാരണനിലയിലേക്ക് കടന്നിട്ടും പാസഞ്ചർ സർവിസ് പുനരാരംഭിക്കാത്തതും സ്റ്റോപ്പുകൾ റദ്ദാക്കിയതും സമയമാറ്റവും ട്രെയിൻ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. മലബാറിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. ഈ മേഖലയില്‍ സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പൂർണമായും നിർത്തലാക്കിയിരുന്നു. 

സ്ഥിരം ട്രെയിൻ യാത്രികരിൽ അധികവും 50 മുതൽ 150 വരെ കിലോമീറ്റർ സഞ്ചരിക്കുന്നവരാണ്. അവരുടെ എണ്ണത്തിലാണ് വലിയ കുറവ് വന്നത്. രാവിലെ ആറിനും രാത്രി ഒമ്പതിനും ഇടക്കുള്ള യാത്രക്ക്, ഉപാധികളില്ലാതെ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ നൽകാത്തതും സാധാരണ യാത്രികരെ ബാധിച്ചിട്ടുണ്ട്. റെയിൽവേയുടെ സ്ഥിര നിക്ഷേപമായി കണക്കാക്കുന്ന സീസൺ ടിക്കറ്റ് യാത്രക്കാരുടെ എണ്ണവും അവരിൽനിന്നുള്ള വരുമാനവും പകുതിയിൽതാഴെയായി.
ഇതിനിടെ രാവിലെയുള്ള കോഴിക്കോട്-ഷൊർണൂർ (ട്രെയിൻ നമ്പർ 06495), വൈകിട്ടുള്ള തൃശൂർ‑കോഴിക്കോട് (06496) അൺ റിസർവ്ഡ് എക്സ്പ്രസുകളുടെ സർവീസ് താൽക്കാലികമായി റദ്ദാക്കുന്നതായി റെയില്‍വെ വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിയെന്ന കാരണം പറഞ്ഞാണ് രണ്ട് ട്രെയിനുകളുടെയും സർവീസ് റദ്ദാക്കുന്നത്. ഇത് എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കുന്നില്ല. രാത്രി 7.55ന് കോഴിക്കോട് എത്തുന്ന ഷൊർണൂർ — കോഴിക്കോട് മെമുവും (06455) മൂന്നു മണിക്കൂറിലേറെ വൈകിയാകും സർവീസ് നടത്തുക. 

Eng­lish Sum­ma­ry: All pas­sen­gers are ‘spe­cial’; There is no end to the loot­ing of railways

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.