19 April 2024, Friday

Related news

April 19, 2024
April 19, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 8, 2024
April 7, 2024

വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
August 16, 2022 4:03 pm

വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമീപ കാലത്ത് വനിതാ വികസന കോര്‍പറേഷന്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആദ്യ വര്‍ഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വാര്‍ഷിക വായ്പ വിതരണം 165.05 കോടി രൂപ, 11866 പേര്‍ക്ക് നല്‍കിക്കൊണ്ട് കൈവരിച്ചു.വായ്പാ തിരിച്ചടവിലും റെക്കോര്‍ഡ് ഉണ്ടായതായും മന്ത്രി വ്യക്തമാക്കി

വനിതാ വികസന കോര്‍പറേഷന്റെ മെഗാ സംരംഭക കൂട്ടായ്മ ഉദ്ഘാടനവും വായ്പാ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വനിത വികസന കോര്‍പറേഷന്‍ മുഖേന 2600 ഓളം വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള വായ്പാ ധന സഹായം നല്‍കണമെന്നാണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ വായ്പകളിലൂടെ 7000 ഓളം വനിതകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ പ്രതിവര്‍ഷം ശരാശരി 30,000 വനിതകള്‍ക്ക് പ്രയോജനം ലഭിച്ചു വരുന്നു.ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ വനിതകളിലേക്ക് സഹായമെത്തിക്കാനാണ് ശ്രമിക്കുന്നത്. 12 ജില്ലകളില്‍ ജില്ലാ ഓഫീസുകളും, രണ്ടിടത്ത് ഉപജില്ലാ ഓഫീസുകളും തുറന്നു. പ്രവാസി വനിതകള്‍ക്ക് വേണ്ടി നോര്‍ക്ക വനിതാ മിത്ര എന്ന പേരില്‍, 3% പലിശയിളവും 20% വരെ മൂലധന ഇളവുമുള്ള വായ്പ പദ്ധതി നോര്‍കയുടെ സഹകരണത്തോടെ തുടക്കമിട്ടു.നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഹോസ്റ്റലുകളും വണ്‍ ഡേ ഹോമുകളും കോര്‍പറേഷന്‍ നടപ്പിലാക്കി വരുന്നു. ഇതോടൊപ്പം അവരുടെ യാത്ര സുഗമമാക്കാന്‍ വനിതകളുടെ ടാക്‌സിയും ലഭ്യമാക്കും. കോവിഡ് മരണം മൂലം ഗൃഹ നാഥന്‍ അല്ലെങ്കില്‍ ഗൃഹനാഥ മരിച്ച കുടുംബങ്ങള്‍ക്ക് വേണ്ടി ഇളവുകളുള്ള സ്വയം തൊഴില്‍ വായ്പ പദ്ധതിയ്ക്ക് തുടക്കമിട്ടു.

അത്യാധുനിക സൗകര്യങ്ങളോടെ മാതൃക വനിതാ ഹോസ്റ്റല്‍ വനിത മിത്രകേന്ദ്രം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്വകാര്യ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കോര്‍പറേഷന്‍ 30 വര്‍ഷത്തെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വന്തം ആസ്ഥാന ഓഫീസ് തുറന്നു.തൊഴിലിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് വനിത വികസന കോര്‍പറേഷന്‍ റീ സ്‌കില്ലിംഗ് പ്രോഗ്രാമും സംഘടിപ്പിച്ച് വരുന്നു. നഴ്‌സുമാര്‍ക്ക് വിദേശത്ത് മികച്ച തൊഴിലവസരം ലഭിക്കുന്നതിന് അനുബന്ധ കോഴ്‌സുകളും ലഭ്യമാക്കുന്നു. സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി മിത്ര 181 ഹെല്‍പ്പ് ലൈന്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു

പോലീസ് സ്റ്റേഷനിലെത്താതെ ഈ ഹെല്‍പ് ലൈന്‍വഴി വനിതകള്‍ക്ക് പോലീസ് സഹായവും നിയമ സഹായവും ഉറപ്പ് വരുത്തുന്നതായും മന്ത്രി വ്യക്തമാക്കി.നോര്‍ക്ക വനിതാമിത്രാ പദ്ധതി ഉദ്ഘാടനവും വായ്പാ വിതരണവും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ആര്‍ത്തവ ശുചീത്വ പരിപാലന പദ്ധതിയുടെ പരസ്യ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശന ഉദ്ഘാടനം വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചറും, വനിതാ സംരംഭകത്വ പരിശീലന ഉദ്ഘാടനം നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരിയും നിര്‍വഹിച്ചു.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക, വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി സിബിന്ദു, ബോര്‍ഡ് മെമ്പര്‍ ആര്‍. ഗിരിജ, മേഖലാ മാനേജര്‍ എസ്. ലക്ഷ്മി, റൂഡ്‌സെറ്റി ഡയറക്ടര്‍ പ്രേം ജീവന്‍ എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 60 പേര്‍ക്ക് വായ്പ വിതരണം ചെയ്തു. മികച്ച സംരംഭം നടത്തിയ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഉപഹാരം നല്‍കി. ഇതോടൊപ്പം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകളും സംഘടിപ്പിച്ചു

Eng­lish Sum­ma­ry: All-time record in loans for women busi­ness ven­tures: Min­is­ter Veena
George

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.