26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ ധാർഷ്ട്യം

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
January 28, 2024 4:30 am

“പാർലമെന്റ് പാസാക്കിയ ഒരു നിയമം ഞാൻ അംഗീകരിക്കുകയില്ല”യെന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഒരു നിയമജ്ഞനും പറയാൻ പാടില്ലായെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര ഗവൺമെന്റിന്റെ സൊളിസിറ്റർ ജനറൽ തുഷാർ മേത്തയെ കഴിഞ്ഞ ബുധനാഴ്ച പരസ്യമായി ഓർമ്മപ്പെടുത്തി. പാർലമെന്റിന്റെ നിയമ നിർമ്മാണത്തിനുള്ള പരമാധികാരവും അവിഭാജ്യമായ അവകാശവും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഏഴംഗ ബഞ്ചിൽ ചീഫ് ജസ്റ്റിസ് ഇതു പറഞ്ഞത്. അലിഗാർ മുസ്ലിം യൂണിവേഴ്സിറ്റി ആക്ടിൽ 1981ൽ പാർലമെന്റ് പാസാക്കി നിയമമായ ഭേദഗതി താൻ അംഗീകരിക്കുന്നില്ലായെന്ന സൊളിസിറ്റർ ജനറലിന്റെ അഭിപ്രായ പ്രകടനമാണ് ചീഫ് ജസ്റ്റിസിനെക്കൊണ്ട് ഇങ്ങനെയൊരഭിപ്രായ പ്രകടനത്തിന് പ്രേരിപ്പിച്ചത്. ഗവൺമെന്റിന്റെ ഒരു നിയമ ഓഫിസർ പാർലമെന്റ് നിയമപരമായി പാസാക്കിയ നിയമം അംഗീകരിക്കുകയില്ലായെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയുമെന്നും കോടതി ചോദിച്ചു. ആരാണ് ഗവൺമെന്റ് രൂപീകരിക്കുന്നത് എന്നതല്ല, പരമാധികാരമുള്ള പാർലമെന്റ് പാസാക്കിയ നിയമമാണോ എന്നതാണ് നോക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തി. ഈ റിപ്പോർട്ട് വായിച്ചപ്പോഴാണ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ 1991 ലെ ആരാധനാലയങ്ങൾ സംബന്ധിച്ച സ്ഥലം (പ്ലെയിസസ് ഓഫ് വർഷിപ്പ്) (സ്പെഷ്യൽ പ്രൊവിഷൻസ്) നിയമം ഇതേ സുപ്രീം കോടതി കാണാതെ പോയതെന്തേ എന്ന സംശയം മനസിൽ ഉണ്ടാകുന്നു.

ആരാധനാലയങ്ങളുടെ സ്ഥലങ്ങൾ സംബന്ധിച്ച 1991 ലെ നിയമത്തിൽ 1947 ഓഗസ്റ്റ് 15 ന് ഏതു ആരാധനാലയം ഏതു മതവിഭാഗത്തിന്റെ കൈവശമാണോ അവർക്ക് അത് കൈവശം വയ്ക്കാൻ അനുവദിക്കുന്നതാണ് ഈ നിയമം. നിയമത്തിന്റെ 5-ാം വകുപ്പിൽ 1947 ലെ സ്റ്റാറ്റസ്കോ (തൽസ്ഥിതി) നിലനിർത്തിക്കൊണ്ടുള്ള നിയമ നിർമ്മാണത്തിൽ ബാബറി മസ്ജിദിനെ ഒഴിവാക്കിയിട്ടുള്ളതായും നമുക്ക് കാണാം. അയോധ്യയിലെ ബാബറി പള്ളിയൊഴിച്ചുള്ള എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്ന ജനാഭിലാഷത്തിന്റെ അടിസ്ഥാനത്തിലും ഇനിയും വർഗീയ കലാപങ്ങൾ ഉണ്ടാകാൻ പാടില്ലായെന്ന ചിന്തയിലും ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണിത്. ഇന്നും പ്രാബല്യത്തിലുള്ള ഈ നിയമം ഉള്ളപ്പോൾ കാശിയിലെ ഗ്യാൻവ്യാപി മസ്ജിദ് സർവേ ചെയ്യാൻ എങ്ങനെയാണ് സുപ്രീംകോടതി അനുമതി നൽകിയത്. എന്തിനാണ് പുതിയ സർവേയ്ക്ക് ഇന്ത്യൻ കോടതികൾ അനുമതി നൽകുന്നത്? ഇന്നത്തെ ബിജെപി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥന്മാർ നടത്തുന്ന സർവേ കഴിഞ്ഞ് ഗ്യാൻവ്യാപിയിൽ ഏതെങ്കിലും വിഗ്രഹം കണ്ടുകിട്ടി എന്ന റിപ്പോർട്ട് വന്നാൽ എന്താവും സ്ഥിതി? ഈ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരുകൂട്ടം ആളുകൾ തെരുവിലേക്ക് ഇറങ്ങുകയില്ലേ. 1991ലെ ആരാധനാലയ സ്ഥലങ്ങൾ സംരക്ഷിക്കുന്ന നിയമത്തിന്റെ മൂന്നാം വകുപ്പിൽ ഒരു ആരാധനാലയം ഭാഗികമായോ പൂർണമായോ പരിവർത്തനം ചെയ്യുന്നത് വിലക്കിയിരിയ്ക്കുകയാണ്. നിയമത്തിന്റെ ഉദ്ദേശലക്ഷ്യം വളരെ വ്യക്തമാണ്. വിദേശികളും സ്വദേശികളുമായ ആക്രമണകാരികളായ രാജാക്കന്മാർ ധാരാളം ആരാധനാലയങ്ങൾ ഇവിടെ നശിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:സൈനിക മേധാവിയുടെ വാക്കുകളും കേന്ദ്രത്തിന്റെ അവകാശവാദങ്ങളും


ധാരാളം ബുദ്ധ വിഹാരങ്ങൾ (ക്ഷേത്രങ്ങൾ) ഹിന്ദു ക്ഷേത്രങ്ങളായും ഹിന്ദു ക്ഷേത്രങ്ങൾ മുസ്ലിം പള്ളികളായും രൂപ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചിലത് സ്വമേധയാ ഉള്ളതും ചിലത് അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ചുള്ളതുമാണ്. ഇതിന്റെ പേരിൽ പലപ്പോഴും മനുഷ്യൻ ജാതി പറഞ്ഞും മതം പറഞ്ഞും ദൈവത്തിന്റെ പേരു പറഞ്ഞും കലഹങ്ങൾ ഉണ്ടായിട്ടുമുണ്ട്. ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിർമ്മിയ്ക്കുന്നതിനും രാജ്യമാകെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിനാശകരമായ വിത്തുകൾ പാകുന്നതിനുമായി ബിജെപി നേതാവ് എൽ കെ അഡ്വാനി ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിൽ നിന്നും ആരംഭിച്ച രഥയാത്രയും അന്നുണ്ടായ വർഗീയ സംഘർഷങ്ങളും ഇന്ത്യൻ ജനത മറന്നിട്ടുണ്ടാവില്ല. ഈ പശ്ചാത്തലത്തിലാണ് അന്നത്തെ ഗവണ്മെന്റ് പാർലമെന്റിൽ 1991 ലെ ഈ നിയമം പാസാക്കിയത്. ഇതെല്ലാമറിയാവുന്ന ഇന്ത്യയിലെ നീതിപീഠങ്ങൾ എങ്ങനെയാണ് ഗ്യാൻവാപിയും മഥുരയിലെ മസ്ജിദും സർവേ ചെയ്യാനും അവിടെ വിഗ്രഹമുണ്ടായിരുന്നോ എന്നറിയാൻ ഖനനം നടത്താനും അനുമതി നൽകുന്നത്. പാർലമെന്റ് പാസാക്കിയ ചില നിയമങ്ങൾ താൻ അംഗീകരിക്കുകയില്ലായെന്ന ധാർഷ്ട്യം നിറഞ്ഞ പ്രസ്താവന നടത്തിയ സൊളിസിറ്റർ ജനറലും 1991 ലെ നിയമം കണ്ടില്ലെന്നു നടിക്കുന്ന കോടതികളും യഥാർത്ഥത്തിൽ പാർലമെന്റിനെയും നീതിന്യായ വ്യവസ്ഥയെയും അവഹേളിക്കുകയാണ്. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമങ്ങളെ ബഹുമാനിയ്ക്കാൻ ഇന്ത്യയിലെ ഏതു പൗരനും ഏതു സ്ഥാപനവും ബാധ്യസ്ഥരാണ്. ഏതു പാർലമെന്റ് പാസാക്കിയാലും അന്നത്തെ ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമം താൻ അംഗീകരിക്കുകയില്ലായെന്നു പറഞ്ഞ സൊളിസിറ്റർ ജനറലിനെതിരെ നിയമ നടപടികൾ ആരംഭിയ്ക്കുകയാണ് സുപ്രീം കോടതി ചെയ്യേണ്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.