എത്ര പറഞ്ഞാലും, എത്ര എഴുതിയാലും തീരാത്ത അനുഭവങ്ങളുടെ ഒരു കടൽ ഏതൊരാളുടെയും ജീവിതത്തിലുണ്ടാവുമെന്നു പറയാറുണ്ട്. അറിഞ്ഞതോ, അനുഭവിച്ചതോ ആയ അത്തരം ജീവിതസാക്ഷ്യങ്ങളെ സർഗ്ഗചാരുതയോടെ ഭാഷയിലേക്കു പകരുമ്പോഴാണ് അനുപമമായ കലാസൃഷ്ടികളുണ്ടാവുന്നത്. അത്തരമൊരു കലാസൃഷ്ടിയാണ് ടി കെ ഗംഗാധരന്റെ ‘ഈയലുകളുടെ നൃത്തം’ എന്ന നോവൽ.
നൈമിഷികദൈർഘ്യം മാത്രമുള്ള ഈ ഭൂമിജീവിതത്തിൽ മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ചങ്ങലകളിൽ കിടന്നു പിടയുകയാണെന്നു നോവലിലെ ഓരോ കഥാപാത്ര ങ്ങളും നമ്മോടു പറയുന്നു. ഗ്രാമ്യപ്രകൃതിയുടെ സൗന്ദര്യാത്മകമായ ഒഴുക്കും ലാളിത്യവുമാണ് ഈയലുകളുടെ നൃത്തത്തെ സമകാലികമായ മറ്റു രചനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സംഘർഷാത്മകമായ ഇന്നത്തെ സാമൂഹികവ്യവസ്ഥയിൽ അതിജീവനത്തിനായി പോരാടുന്ന ഒരുപറ്റം ജീവിതങ്ങൾ നോവലിൽ തെളിമയോടെ നിറഞ്ഞുനില്ക്കുന്നു. വീടുകൾതോറും നടന്ന് യാചിച്ചുകിട്ടിയ പണക്കിഴിയുമായി പഴനിയാണ്ടവനെ തൊഴുതുവണങ്ങാൻ ഭാര്യ എച്ചുമ്മുവിനെയും കൂട്ടി കൂട്ടുകാരോടൊപ്പം ഹരഹര മന്ത്രം ജപിച്ച് ശങ്കുപ്പഴമ പുറപ്പെടുന്നതോടെ നോവൽ സമാരംഭിക്കുന്നു. ഹൃദ്രോഗിയായ പ്രിയതമയുടെ സങ്കടങ്ങൾ പഴനിയാണ്ടവൻ ഏറ്റെടുക്കുമെന്നാണ് ശങ്കുപ്പഴമയുടെ വിശ്വാസം. പക്ഷേ, യാത്രക്കിടയിൽ രോഗിണിയായ എച്ചുമ്മു മരിക്കുന്നു. ശങ്കുപ്പഴമയുടെ ഏകാന്തവ്യഥകൾ അവിടെനിന്നാരംഭിക്കുന്നു.
പഴനിദേവനെ തൊഴുതു പ്രാർത്ഥിച്ചാൽ ഭാര്യയുടെ രോഗം മാറുമെന്നു വിശ്വസിച്ച വിശുദ്ധനായ ഭക്തൻ ശങ്കുപ്പഴമ പിന്നീട് മകൻ തിലകനെ വളർത്തുന്നതിനായിരുന്നു ജീവിതം ഹോമിച്ചത്. അച്ഛനും മകൻ തിലകനും തിലകന്റെ മകൻ വിജയനുമടങ്ങുന്ന മൂന്നു തലമുറകളുടെ ജീവിതമാണ് നോവലിസ്റ്റ് വരച്ചിട്ടിരിക്കുന്നത്. വിശപ്പും വിയർപ്പും അലച്ചിലും നിസ്സഹായതകളും പൊടിയുന്നതായിരുന്നു ശങ്കുപ്പഴമയുടെയും ഇളംതലമുറകളുടെയും ജീവിതം. വളർന്നുവന്നതോടെ നിലവിലുള്ള വ്യവസ്ഥയോട് മകൻ തിലകൻ കലാപം കൂട്ടാൻ തുടങ്ങി. അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് പീഡനങ്ങൾക്ക് ഇരയായ തിലകൻ പിന്നീട് ചിത്രത്തിൽ നിന്നും മാഞ്ഞുപോകുന്നു. ഭരണകൂടത്തിന്റെ കണ്ണിലെ കരടായ അവനെ അധികാരികൾ ഭൂമുഖത്തുനിന്ന് മായിച്ചുകളയുന്നു.
നോവലിലെ കേന്ദ്രകഥാപാത്രം നിസ്വനും ഏകാന്തനുമായ ശങ്കുപ്പഴമയാണെങ്കിലും മകൻ തിലകനിലൂടെയും തിലകന്റെ മകൻ വിജയനിലൂടെയുമാണ് നോവൽ മുന്നോട്ടു പോകുന്നത്. ശങ്കുപ്പഴമ വെറ്റിലക്കൊടികൾ വളർത്തിവിൽക്കുന്ന ജോലിയിലേർപ്പെടുന്നു. മാറ്റത്തിന്റെ ഗീതങ്ങൾ ഇഷ്ടപ്പെടുന്ന തിലകൻ ഉല്പതിഷ്ണുവായ മാണിക്യൻവൈദ്യരുടെ സൈക്കിൾഷാപ്പ് നോക്കിനടത്തുന്നു. പുറമ്പോക്കിലാണ് വൈദ്യരുടെ താമസം. അയാളുടെ മകൾ കുഞ്ഞിലക്ഷ്മിയെ തിലകൻ പ്രേമിച്ചു വിവാഹം കഴിക്കുന്നു. അപ്പോഴും അവന്റെ മനസൊരു നെരിപ്പോടായിരുന്നു. കാടൻ നിയമത്തിന്റെ അപ്പോസ്തലനായ ആഭ്യന്തരമന്ത്രിയെ കളിയാക്കിക്കൊണ്ട് അവൻ അരങ്ങേറ്റിയ തെരുവുനാടകമായിരുന്നു പൊലീസ് പീഡനത്തിനും അവന്റെ തിരോധാനത്തിനും വഴിവയ്ക്കുന്നത്.
മകനെ കാണാതെ ഉഴറുന്ന ശങ്കുപ്പഴമ സ്ഥലം എംഎൽഎയെ കണ്ട് സങ്കടം പറ ഞ്ഞെങ്കിലും ഫലമുണ്ടായില്ല.
രക്തക്കറ പുരണ്ട ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി തിലകന്റെ ത്യാഗജീവിതം വായനക്കാരന്റെ മുന്നിൽ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. അപ്പോഴും വിധവയെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ട കുഞ്ഞിലക്ഷ്മി ഭർത്താവിന്റെ വരവിനുവേണ്ടി നാട്ടിൽ പുതിയ മുനിസിപ്പാലിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയ ആഭ്യന്തരമന്ത്രിയെ കാണാൻ ശ്രമിച്ച് പരാജയപ്പെടുന്നു. ഏതു തിലകൻ, ഒരൊറ്റ തിലകനെപ്പറ്റിയെ എനിക്കറിയൂ, സ്വാതന്ത്ര്യസ മരനേതാവ് ബാലഗംഗാധരതിലകൻ എന്ന മന്ത്രിയുടെ നിഷ്ക്കരുണമായ മറുപടി കേട്ട് നിസ്സഹായതയോടെ കുഞ്ഞിലക്ഷ്മി തന്റെ ദുഃഖങ്ങളുടെ തടവറയിലേക്ക് തിരിച്ചുപോകുന്നു.
കായലിലും തോട്ടിലും കൂട്ടുകാരികളോടൊപ്പം ചെമ്മീൻ തപ്പിയെടുത്ത് വിറ്റ് കുഞ്ഞി ലക്ഷ്മി കുടുംബം പോറ്റുന്നു. മക്കളെ വളർത്തുന്നു. മകൻ വിജയൻ സിനിമാതിയേറ്ററിനു വേണ്ടി തെരുവുകളിൽ പോസ്റ്ററൊട്ടിക്കുന്നു. വെളുപ്പിനെഴുന്നേറ്റ് വീടുകളിൽ പേപ്പറിടാൻ സൈക്കിൾ ചവിട്ടുന്നു. ഒടുവിലവൻ മുനിസിപ്പാലിറ്റിയുടെ ക്രിമറ്റോറിയത്തിൽ ശവം കത്തിച്ച് ചാരമാക്കുന്ന ജോലി സ്വീകരിക്കുന്നു.
കായൽതീരങ്ങളിലെ കൂലിപ്പണിക്കാരുടെ ജീവിതമാണ് തിലകൻ, കുഞ്ഞിലക്ഷ്മി, വിജയൻ, ക്രിമറ്റോറിയത്തിൽ മുത്തശ്ശിയോടൊപ്പം പുല്ലരിയാൻ വരുന്ന കഴുത്തിൽ ഒറ്റയിഴ ക്കല്ലുമാലയണിഞ്ഞ യുവതിയായ അവരുടെ പേരമകൾ തങ്കമ്മ എന്നീ കഥാപാത്രങ്ങളിലൂടെ നോവലിന്റെ താളുകളിൽ നാം വായിക്കുന്നു. ഈ നോവലിൽ മനസുനീറ്റുന്ന അനുഭവങ്ങളുടെയും കാഴ്ചകളുടെയും ഒരു പടയണി തന്നെയാണ് വായനക്കാരന് ദൃശ്യമാകുന്നത് ജീവിതമാണ് എഴുത്തുകാരന്റെ കൊയ്ത്തുപാടം.
മനുഷ്യന്റെ ആന്തരപ്രകൃതിയെക്കുറിച്ചുള്ള അന്വേഷണം കൂടിയാണീ നോവൽ. ഭരണകൂടം അധികാരലഹരിയിൽ സമൂഹത്തോടും വ്യക്തികളോടും എത്ര ക്രൂരമായാണ് പെരുമാറുന്നതെന്ന് കുപ്രസിദ്ധമായ അടിയന്തരാവസ്ഥക്കാലം നമ്മോടു പറയുന്നുണ്ട്. കുടുംബജീവിതത്തിന്റെ സ്വച്ഛന്ദതയിൽ ഭരണാധികാരികൾ വിഷം കലർത്തുന്നതെങ്ങനെയാണെന്ന് നോവലിലെ മുഖ്യകഥാപാത്രം തിലകന്റെ ജീവിതം വായിച്ചാലറിയാം. കരിനിയമം കുടുംബവ്യവസ്ഥകളെ വിഴുങ്ങുന്നതെങ്ങനെയാണെന്നും, പൊലീസിന്റെ പിടിയിലകപ്പെട്ട ഭർത്താവിനെ വിട്ടുകിട്ടണമെന്നപേക്ഷിച്ച തിലകന്റെ ഭാര്യ കുഞ്ഞിലക്ഷിമിയോട് ആഭ്യന്തരമന്ത്രി പറഞ്ഞ മറുപടി എന്താണെന്നും നമുക്കു മനസിലാക്കാം.
ജീവിതഭാരം താങ്ങി പൊള്ളുന്ന വെയിൽചൂടിലൂടെ സഞ്ചരിക്കുന്നവരാണ് നോവലിലെ ഓരോ കഥാപാത്രങ്ങളും. ഈയലുകളുടെ നൃത്തം മനുഷ്യന്റെ സന്തോഷവും സന്താപങ്ങളും തിരയടിക്കുന്ന കടലായി നമ്മുടെ മുന്നിൽ പരന്നു കിടക്കുന്നു.
ഈയലുകളുടെ നൃത്തം
(നോവൽ)
ടി കെ ഗംഗാധരന്‍
ബ്ലൂ ഇങ്ക് ബുക്സ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.