18 December 2024, Wednesday
KSFE Galaxy Chits Banner 2

ഔഷധവില കൂട്ടുന്ന അവിശുദ്ധ കൂട്ടുകെട്ട്

Janayugom Webdesk
March 29, 2024 5:00 am

ഷധ നിർമ്മാണ കമ്പനികളും നരേന്ദ്ര മോഡി സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അനാവരണം ചെയ്യുന്ന വസ്തുതകളാണ് ഇലക്ഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച കണക്കുകൾ. ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നിരീക്ഷണത്തിലാക്കുകയും തിരച്ചിൽ നടത്തുകയും ചെയ്ത ഔഷധ നിർമ്മാതാക്കൾ ഏതാണ്ട് ആയിരംകോടിയോളം രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങി ഭരണകക്ഷിക്ക് നൽകിയതായാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ ജനങ്ങൾ ആരോഗ്യ സംരക്ഷണത്തിനായി വലിയതോതിൽ പണം ചെലവഴിക്കേണ്ടിവരുന്നുണ്ട്. അതിൽ ഏതാണ്ട് 70 ശതമാനവും ഔഷധങ്ങൾക്കായാണ് ചെലവിടുന്നത്. ഔഷധനിർമ്മാണവും അതിന്റെ വില്പനയും കൊള്ളലാഭം ഉണ്ടാക്കുന്ന വ്യവസായമാണെന്ന് സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ അറിയാം. അത് എത്രത്തോളം ഭീകരമാണെന്ന് തെളിയിക്കപ്പെട്ടത് കോവിഡ് മഹാമാരിക്കാലത്താണ്. അക്കാലത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്വകാര്യ ആശുപത്രികൾക്ക് വിറ്റ ഓരോഡോസ് വാക്സിനും 2000 ശതമാനവും ഭാരത് ബയോടെക് 4000 ശതമാനവും ലാഭം നേടിയതായി ‘ദി ഇന്റർസെപ്റ്റ് ’ വെളിപ്പെടുത്തിയിരുന്നു. മോഡി സർക്കാരിന്റെ അറിവോടും അനുമതിയോടുംകൂടിയാണ് ജനങ്ങൾക്കെതിരായ ഈ പകൽക്കൊള്ള അരങ്ങേറിയത്. ഇവരുടെ വാക്സിനുകൾ ജനങ്ങൾക്ക് വിൽക്കാനായിരുന്നു കമ്പനികളും സർക്കാരും ശ്രമിച്ചത്. സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽകൊണ്ടുമാത്രമാണ് സാമാന്യ ജനങ്ങൾക്ക് അത് സൗജന്യമായി ലഭ്യമാക്കിയത്. എന്നിട്ടും ഈ കമ്പനികളുടെ ഉടമസ്ഥർ മഹാമാരിക്കാലത്ത് ശതകോടികളുടെ ലാഭമാണ് ഉണ്ടാക്കിയത്. മതിയായ ക്ഷമതാ പരിശോധനകൾ കൂടാതെയാണ് അവ ജനങ്ങൾക്ക് നൽകിയത്. അത് അനേകംപേരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും കോടതി വ്യവഹാരങ്ങളിലേക്ക് നയിക്കുകയുമുണ്ടായി. മനുഷ്യജീവൻ രക്ഷിക്കേണ്ട ഔഷധങ്ങളുടെ നിർമ്മാണത്തിലും അവയുടെ വില്പനയിലും നിലനിൽക്കുന്ന അധാർമ്മികതയാണ് ഈ വസ്തുതകൾ വെളിവാക്കുന്നത്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ചെലവും അഴിമതി സൂചികയും


ലോകത്തെമ്പാടും ഔഷധനിർമ്മാണവും അതിന്റെ വില്പനയും മനുഷ്യന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള ജീവകാരുണ്യ സംരംഭം എന്നതിലുപരി വൻലാഭം കൊയ്യുന്ന വ്യവസായമായാണ് വളർന്നുവികസിച്ചിട്ടുള്ളത്. ‘ലോകത്തിന്റെ ഫാർമസി’ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിലും സ്ഥിതി മറ്റൊന്നല്ല. മൂന്നാം ലോകരാഷ്ട്രങ്ങൾക്ക് ഔഷധങ്ങൾ നിർമ്മിച്ചുവിൽക്കുന്ന മു­ൻനിര രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. ഔഷധനിർമ്മാണത്തിൽ അ­വശ്യം ആവശ്യമായ ധാർമ്മിക മാനദണ്ഡങ്ങൾ വേണ്ടവിധം പാലിക്കാതെയാണ് ഇ­ന്ത്യൻ ഔഷധ നിർമ്മാതാക്കൾ പലരും പ്രവർത്തിക്കുന്നതെന്ന് സമീപകാല സംഭവവികാസങ്ങൾ ബോധ്യപ്പെടുത്തുന്നു. ഇന്ത്യയിൽ ഉല്പാദിപ്പിച്ച ചില ചുമ സിറപ്പുകൾ ആഫ്രിക്കയിലെ­യും മധ്യേഷ്യയിലെയും ചിലരാജ്യങ്ങളിൽ ശിശുമരണങ്ങളടക്കം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും അവയുടെ ഇറക്കുമതി നിരോധിക്കുകയും ഉണ്ടായി. ആരോഗ്യ സംരക്ഷണത്തിൽ ഔഷധങ്ങൾക്കുള്ള നിർണായക സ്ഥാനം കണക്കിലെടുത്ത് ഗുണമേന്മയുള്ള ഔഷധങ്ങൾ നിർമ്മിക്കപ്പെടുന്നുവെന്നും അവ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്നും ഉറപ്പുവരുത്തേണ്ടത് കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. ദൗർഭാഗ്യവശാൽ ആ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സർക്കാരുകൾ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ഔഷധങ്ങളുടെ വില ക്രമാതീതമായി കുതിച്ചുയരുന്നതിനെതിരെ ജനങ്ങളും ആരോഗ്യപ്രവർത്തകരും ശബ്ദമുയർത്തുമ്പോൾ ചില നടപടികൾക്ക് ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമല്ലെന്നാണ് അനുഭവം. 2015ൽ അത്തരം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മരുന്നുവില നിയന്ത്രിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. പല ഔഷധങ്ങളുടെയും വില 5000 ശതമാനംവരെ ലാഭം ലഭിക്കുംവിധമാണെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. അത് നിയന്ത്രിക്കാനുള്ള നിർദേശം കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടെങ്കിലും അതിന്മേൽ നടപടി സ്വീകരിക്കാൻ സർക്കാർ മുതിർന്നിട്ടില്ല. ഭരണംനടത്തുന്ന രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചിടത്തോളം വൻതോതിൽ സംഭാവന ചുരത്തുന്ന കറവപ്പശുക്കളാണ് ഔഷധക്കമ്പനികൾ.


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രി നൽകേണ്ട 10 ഗ്യാരന്റികൾ


സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചെലവുകുറഞ്ഞ ഔഷധങ്ങൾ പൊതുമേഖലയിൽ ഉല്പാദിപ്പിക്കാൻ അന്നത്തെ പ്രധാനമന്ത്രി നെഹ്രുവിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നിരുന്നു. ഇന്ത്യൻ ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് അതിന്റെ ഭാഗമായിട്ടാണ് 1961ൽ സ്ഥാപിതമായത്. ഉദാരീകരണ സാമ്പത്തികനയങ്ങളുടെ ആവിർഭാവത്തോടെ ഔഷധനിർമ്മാണം സർക്കാരിന്റെ മുൻഗണനാവിഷയം അല്ലാതായി. നരേന്ദ്ര മോഡി അധികാരത്തിൽ വന്നതോടെ, 2016ൽ ഐഡിപിഎൽ അടക്കം അഞ്ച് പൊതുമേഖലാ ഔഷധനിർമ്മാണശാലകൾ അടച്ചുപൂട്ടപ്പെട്ടു. അവശേഷിക്കുന്നവയാകട്ടെ തകർച്ചയെ നേരിടുകയാണ്. ഇപ്പോൾ രാജ്യത്തെ ഔഷധനിർമ്മാണ വ്യവസായം ഏതാണ്ട് പൂർണമായും കോർപറേറ്റുകളുടെ നിയന്ത്രണത്തിലാണ്. നിലവിലുള്ള സാമ്പത്തിക നയങ്ങൾക്കും രാഷ്ട്രീയ കാഴ്ചപ്പാടിനും അനുയോജ്യമായ ഒരു സംവിധാനമായി ഔഷധനിർമ്മാണ വ്യവസായം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നതിൽ ഔഷധക്കമ്പനികൾ കാട്ടിയ വ്യഗ്രത ആ യാഥാർത്ഥ്യമാണ് തുറന്നുകാട്ടുന്നത്. ജനങ്ങളോടും അവരുടെ ആരോഗ്യ സംരക്ഷണത്തോടും പ്രതിബദ്ധതയുള്ള ഒരു ബദൽ രാഷ്ട്രീയത്തിനുമാത്രമേ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാക്കാൻ കഴിയു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.