9 September 2024, Monday
KSFE Galaxy Chits Banner 2

നല്ല കഥയ്ക്ക് ജൈവചലനമുണ്ട്

അജിത് കൊളാടി
വാക്ക്
December 16, 2023 4:56 am

കഥാകൃത്ത് ഒന്നും സംവിധാനം ചെയ്തു വയ്ക്കുന്നില്ല. ആവിഷ്കരിക്കുന്നത് ചിലപ്പോൾ കഥയ്ക്കു വെളിയിലുള്ള അസംബന്ധ നാടകമാണ്. അധികാരരതിയുടെ അസംബന്ധ നാടകമായും ഇത് അവതരിക്കപ്പെട്ടു. അധികാര ഭ്രാന്ത് പല മനുഷ്യരിലും മാനസിക കുഴപ്പം സൃഷ്ടിക്കുന്നു. യഥാർത്ഥ ഭ്രാന്ത് എന്നത് രോഗമല്ല, അത് പകരമായി വരുന്ന ഒരു ദർശനമാണ്. ഭ്രാന്ത് ഇവിടെ പീഡിപ്പിക്കപ്പെടുന്നവന്റെ ലോകവും പീഡിപ്പിക്കുന്നവന്റെ ലോകവുമാണ്. നേരിടാൻ ഏറ്റവും പ്രയാസമുള്ള വാദഗതിയാണ് ഭ്രാന്തന്റെ സംഭാഷണം. അവിടെ ഭാഷയില്ല, കാപട്യമില്ല. അത് തുറന്നു കാണിക്കുന്നത് മനസിന്റെ എല്ലാതലങ്ങളിലുമുള്ള നഗ്നതയാണ്. എന്നാൽ അധികാരഭ്രാന്തും സമ്പത്തു കുന്നുകൂട്ടാനുള്ള ഭ്രാന്തും തികഞ്ഞ സ്വാർത്ഥതയും കപടതയുമാണ്. അവിടെ നിരന്തരമായി നാടകം അരങ്ങേറുന്നു. അത്തരം നാടകങ്ങൾ ജീവിതത്തെ ജീർണിപ്പിച്ചു തകർത്തുകൊണ്ടിരിക്കുന്നു. ചുറ്റുപാടുകൾ സൃഷ്ടിക്കുന്ന കറകളുടെ പ്രത്യക്ഷവും ആഭാസകരവുമായ യാഥാർത്ഥ്യം വ്യക്തിയുടെ ബോധത്തിൽ സ്ഥിരമായി നിൽക്കാത്ത അർത്ഥമായി തീരുന്നതാണ് ഈ ഭ്രാന്ത്. സാംസ്കാരിക ജീർണതയിൽ നിന്ന് മോചനമില്ലാതെ ഭ്രാന്തിൽ നിന്ന് മോചനമില്ല. ചരിത്രസംഭവങ്ങളെ സംവിധാനം ചെയ്യുന്ന നിയമവും ദർശനവും എന്താണെന്ന് തത്വചിന്തകന്മാർ അന്വേഷിച്ചിട്ടുണ്ട്. പരമമായ ചൈതന്യത്തിന്റെ അനാവരണമാണ് ചരിത്രമെന്ന് ഫ്രെഡറിക്ക് ഹെഗൽ പറയും. മറ്റു ചിലർ പറയും, മനുഷ്യന്റെ ഇച്ഛകൾ ചരിത്രമായി മാറും എന്ന്. ഇച്ഛകൾ തിന്മയുടെ രൂപമണിയുമ്പോൾ, മനുഷ്യകുലം ഉന്മൂലനം ചെയ്യപ്പെടുന്ന കാഴ്ചകളും ചരിത്രത്തിൽ കണ്ടിട്ടുണ്ട്. ഇച്ഛകൾ സ്വാർത്ഥതയിലും കപടതയിലും അധികാരലാഭത്തിലും അധിഷ്ഠിതമാകുമ്പോൾ പല പ്രസ്ഥാനങ്ങളും തകർക്കപ്പെട്ട ചരിത്രവും ലോകം കാണിച്ചു തന്നിട്ടുണ്ട്. ചരിത്രം ചൈതന്യവത്താകണമെങ്കിൽ മാനവികതയും നിസ്വാർത്ഥതയും സർഗാത്മകതയും സുതാര്യതയും സത്യസന്ധതയും സഹിഷ്ണുതയും അതിന്റെ അന്തഃസത്തയാകണം.
ഹിപ്പോക്രസി ജീവിതത്തിൽ വേർപെടുത്താനാവാത്ത ഭാവമാണ് എന്ന അനുഭവമാണ് ഇതിഹാസകാലം മുതൽ കണ്ടത്. ആൽബർട്ട് കാമൂസ് പറഞ്ഞതോർക്കുക: ‘ഹിപ്പോക്രസി ഉൾപ്പെടെയുള്ളവ മനുഷ്യസഹജമായ വികാരങ്ങളാണ്, അത് യാഥാർത്ഥ്യത്തിന്റെ ആലാപനമാണ്. അത് പലതരം നാടകങ്ങളും കാണിച്ചുതരുന്നു’.

 


ഇതുകൂടി വായിക്കു: ഫെഡറല്‍ ജനാധിപത്യത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിധി


ഹിപ്പോക്രസിക്ക് സ്വേച്ഛാധിപരമായ സ്വഭാവം ഉണ്ട്. അത്തരക്കാർ സംസാരിക്കുമ്പോഴും കാപട്യം അവരുടെ ഉള്ളിൽ മൗനമായി മറഞ്ഞുനിൽക്കും. തിന്മയുണ്ട് എവിടെയും. മനുഷ്യ മനസ് നന്മ ചെയ്യാൻ കഴിയാത്തവിധം ദുഷിച്ചതാണോ എന്ന ഇതിഹാസത്തിലെ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. പ്രാചീന യവന ഭാഷയിൽ ഹിപ്പോക്രറ്റ് എന്ന വാക്കിന് നടൻ എന്നായിരുന്നു അർത്ഥം. രണ്ടുതരം സ്വഭാവമില്ലാത്തവരായി ആരുണ്ട് എന്ന ഓസ്കാർ വൈൽഡും ചോദിച്ചു. മിക്കവാറും എല്ലാവരും നടനും നടിയും തന്നെ.  ഭീഷ്മരെ ഓർക്കൂ. ഗാന്ധാരദേശത്തെ സർവരെയും വധിച്ചു. കബന്ധങ്ങൾ ചിതറിക്കിടന്നു. പുരുഷനായിപ്പിറന്ന ഒരു ജീവി പോലും ഗാന്ധാരദേശത്ത് അവശേഷിക്കുന്നില്ല. മൃത്യുവിന്റെ ഭീകരത കണ്ട് ഒരു നിമിഷം ഭീഷ്മർ സ്തബ്ധനായോ? ചരിത്രത്തിലെ ഒരർത്ഥക്കേടുപോലെ. നിഷ്കളങ്കരായ എത്രയെത്ര മനുഷ്യരെയാണ് താൻ കാലപുരിക്കയച്ചത് എന്നോർത്തു. എന്തിനു വേണ്ടിയായിരുന്നു. ആർക്കു വേണ്ടിയായിരുന്നു? ആജീവനാന്തം ബ്രഹ്മചാരിയായിരിക്കാൻ പ്രതിജ്ഞയെടുത്ത നശിച്ച നിമിഷത്തെക്കുറിച്ചോർത്തു. അതുമൂലം എത്ര സ്ത്രീകൾ കണ്ണീരു കുടിച്ചു, എത്ര സ്ത്രീകളെ അപഹരിച്ചു, അതിനുവേണ്ടി രക്തം ചൊരിഞ്ഞു, അവരുടെ രാജ്യത്തിലെ വീരനായകരെ കൊന്നൊടുക്കി. എന്നിട്ടോ, ജീവിതത്തിൽ ആ പ്രവൃത്തികളെ ന്യായീകരിക്കുക. അത് ഹിപ്പോക്രസിയല്ലേ. നാടകാഭിനയം ജീവിതത്തിലുണ്ട്. പാഞ്ചാലീ വസ്ത്രാക്ഷേപം നടക്കുമ്പോൾ ദ്രൗപദി ചോദിച്ച ചോദ്യത്തിന് ഭീഷ്മപിതാമഹൻ മറുപടി പറഞ്ഞില്ല. സാക്ഷാൽ ദേവവ്രത ഭീഷ്മർ, ധർമ്മത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അവിടെ നാടകം അരങ്ങേറിയോ? ജീവിതത്തിലും അഭിനയിച്ചു, എന്നിട്ട് എല്ലാം വിധി എന്നു പറയുന്നു ഇതിഹാസം. ഇത്തരം അനവധി നാടകങ്ങൾ ഇതിഹാസങ്ങളിൽ കാണാം.
ഭൂരിഭാഗം മനുഷ്യർക്കും സ്വാഭാവികമായ ആഗ്രഹമാണ് മറ്റുള്ളവരെപ്പോലെ ആയിത്തീരുക എന്ന്. അത് ജീവിതത്തിലെ പ്രകോപിപ്പിക്കുന്ന, വേദന ഉളവാക്കുന്ന സ്വഭാവമായിത്തീരും. ആ സ്വഭാവം വ്യാപിക്കുമ്പോൾ സമൂഹത്തിന്റെ ഘടന തന്നെ താളംതെറ്റും. ഓരോ മനുഷ്യനും അവനവനെ മനസിലാക്കി, ആന്തരികമായി കുടികൊള്ളുന്ന സർഗാത്മകതയെ വളർത്തുന്നതിനു പകരം മറ്റുള്ളവരെ നോക്കി ജീവിച്ചാൽ അസൂയയും അസഹിഷ്ണുതയും അത്യാഗ്രഹവും വർധിക്കും.

 


ഇതുകൂടി വായിക്കു: ഊതിക്കാച്ചിയ പൊന്നും ദേശീയദുരന്തവും


 

ഹിപ്പോക്രസി ലോകത്തിലെ ഏറ്റവും ദുർബലമായ സ്വാഭാവമാണ്. കപടതയുടെ ആവരണം അണിയുമ്പോഴാണ് അഭിനയം തുടങ്ങുക. മനുഷ്യൻ അഹങ്കാരിയാകുന്നതും ഞാൻ എന്ന ഭാവത്തിന്റെ പ്രതിരൂപമാകുന്നതും മറ്റുള്ളവരിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ്, അധികാരം സ്ഥാപിച്ചു കഴിഞ്ഞാലാണ്. അവനവന്‍ അധികാരി അല്ലാത്തതുകൊണ്ടാണ് മറ്റുള്ളവരിൽ അധികാരം സ്ഥാപിക്കാൻ അത്യാഗ്രഹം പ്രകടിപ്പിക്കുന്നത്. അതിന് എല്ലാ തിന്മകളെയും കൂട്ടുപിടിക്കും, ഫാസിസ്റ്റ് ഏകാധിപതികളും ഭരണാധികാരികളും.
പൊള്ളയായ, ശൂന്യമായ പാത്രത്തിൽ നിന്ന് ശൂന്യതയുടെ ശബ്ദം മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളു. സത്യസന്ധതയില്ലായ്മയിൽ നിന്ന് ശൂന്യമായ വാക്കുകൾ മാത്രമേ പുറത്തുവരൂ. മഹാഭാരതത്തിൽ പലയിടത്തും എത്രയെത്ര പൊള്ളയായ വാക്കുകൾ. പരാജിതരുടെയും അപമാനിതരുടെയും ചവിട്ടിമെതിക്കപ്പെട്ടവരുടെയും ചരിത്രമായി മഹാഭാരതം മാറി. അവരിൽ പലർക്കും അമാനുഷിക ശക്തികളുടെ പിന്തുണയില്ലായിരുന്നു. ഗോഡ്ഫാദേഴ്സ് ഇല്ലായിരുന്നു. മഹാഭാരതം തങ്ങളുടെ ശരികൾക്കു വേണ്ടി, നീതിക്കുവേണ്ടി പൊരുതിയ ഹതഭാഗ്യരുടെ കൂടെ കഥയാണ്. ഇപ്പോഴും നാടകങ്ങൾ അരങ്ങു തകർക്കുമ്പോൾ അനവധിപേർ നീതിക്കു വേണ്ടി, ന്യായത്തിനു വേണ്ടി പൊരുതുന്നു. അവരുടെ പോരാട്ടം നിലയ്ക്കുന്നില്ല. മഹാഭാരത യുദ്ധം കഴിഞ്ഞ് 36 കൊല്ലം സമ്രാട്ടായി വാണരുളിയ ധർമ്മപുത്രർ, എല്ലാം ഉപേക്ഷിച്ച് വനത്തിലേക്കു പോയി. അദ്ദേഹം സ്വയം ചോദിച്ച ചോദ്യം, എന്തിനു വേണ്ടിയായിരുന്നു ജയം? ജയം പരാജയമല്ലേ? എന്നാണ്. മഹാഭാരതത്തിൽ നാടക രംഗത്തും ജീവിതത്തിലും തിമിർത്താടിയ നായികാനായകന്മാർ എല്ലാം അരങ്ങൊഴിഞ്ഞു. വെറുതെയല്ല, മനുഷ്യൻ ജീവിതത്തെ മനസിലാക്കില്ലേ എന്ന് വ്യാസൻ ചോദിച്ചത്.
ഇതിഹാസങ്ങളുടെ കാലത്തും ഇന്നത്തെക്കാലത്തുമുള്ള അടിസ്ഥാന പ്രശ്നങ്ങളും മൂല്യങ്ങളും ഏറെക്കുറെ ഒന്നുതന്നെ. പേരുകൾ മാറിയിരിക്കാം, സാഹചര്യങ്ങൾ മാറിയിരിക്കാം. സമരമുഖങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ മാറിയിരിക്കാം. ജീവിതം ജീവിക്കുന്നവരും ജീവിതത്തെ അഭിനയമാക്കി മാറ്റുന്നവരും മാറിയിരിക്കാം. പക്ഷെ പല ഘടകങ്ങളും സമാനമായിട്ടുണ്ട്. ഇത്തിരിവട്ടം മാത്രം കാണുന്നവർ ഇത്തിരിവട്ടം ചിന്തിക്കുന്നവരായി മാറുന്നത് അന്നുമിന്നും ഉണ്ട്. ജീവിക്കുന്ന ഓരോ തലമുറയ്ക്കും അവരുടെതായ ന്യായീകരണങ്ങൾ ഉണ്ടാകാം. കാലം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് സമാനതകളുണ്ട്.
ചെറിയ സംഗതികളുടെ വലിയ ലോകത്തിൽ വിശ്വാസം വേണം. പൂക്കളും ഇലകളും മൃഗങ്ങളും എങ്ങനെ ജീവിക്കുന്നു, അവയുടെ ജീവിതം പ്രകാശിക്കുന്നതും വികസിക്കുന്നതും എങ്ങനെയാണ്, എങ്ങനെയാണ് ജീവിതം ചെറിയ പ്രാണികളിലും ചെടികളിലും പ്രവർത്തിക്കുന്നത് എന്നൊക്കെയാണ് വേഡ്സ്‌വർത്തും, റയ്നർ റിൽക്കെയും, മിൽട്ടണും മറ്റും ചിന്തിച്ചത്. അത്ര സൂക്ഷ്മമായ പഠനവും നിരീക്ഷണവും നടത്തുന്ന ജീവിതത്തിൽ അവനവനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ സമയമില്ല. ജീവിതവും ഭാഷയും അതിന്റെ അനന്തസാധ്യതകളും അറിയാൻ പ്രകൃതിയെ പഠിക്കണം എന്ന് ചിന്തകർ പറഞ്ഞു. അപ്പോൾ ജീവിതം അവനവനിലേക്ക് ഇറങ്ങിച്ചെന്ന്, അവനവനെ മാറ്റത്തിന്റെ ചാലകശക്തിയാക്കി മാറ്റും. അപ്പോൾ അഭിനയിക്കാൻ നേരമുണ്ടാകില്ല, ജീവിക്കാനേ സമയമുണ്ടാകുകയുള്ളു. അധികാരത്തോടുള്ള ആസക്തിയാണ് ജീവിതം നാടകമാകാനുള്ള പ്രമുഖഘടകം. നന്മയ്ക്കും തിന്മയ്ക്കും അപ്പുറം മനുഷ്യൻ എന്ന സത്യമുണ്ട് എന്ന് മനസിലാക്കിയാൽ ജീവിതം ചൈതന്യവത്താകും. ജീവിതത്തിന്റെ ശക്തികളുടെ പ്രകാശമാണ് സർഗാത്മകമായ ജീവിതം. ജീവിതത്തിലെ സർഗാത്മക ശക്തികളുടെ നാശമാണ് ജീവിതത്തെ നാടകമാക്കി മാറ്റുമ്പോൾ സംഭവിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.