14 April 2024, Sunday

Related news

April 7, 2024
January 18, 2024
January 17, 2024
December 23, 2023
November 14, 2023
October 23, 2023
September 3, 2023
August 27, 2023
August 3, 2023
July 27, 2023

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മതകാര്യ പൊലീസ് പിരിച്ചുവിട്ടു

ഹിജാബ് നിയമം പുനഃപരിശോധിക്കും 
Janayugom Webdesk
ടെഹ്റാന്‍
December 4, 2022 7:42 pm

ഇറാനില്‍ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു. നിര്‍ബന്ധിത മതാചാരങ്ങള്‍ക്കെതിരെ രണ്ടു മാസത്തിലധികമായി നടക്കുന്ന സമരത്തെ തുടര്‍ന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. ഹിജാബ് ശരിയായ രീതിയില്‍ ധരിക്കാതിരുന്നതിന് മതാചാര പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുള്ള കുര്‍ദിഷ് യുവതി മഹ്സ ആമ്നി മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെയാണ് രാജ്യത്ത് സമരം പൊട്ടിപ്പുറപ്പെട്ടത്. സെപ്റ്റംബര്‍ 16നാണ് മഹ്സ ആമ്നി മരിച്ചത്. 

നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർ‌ണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി പറഞ്ഞു. സ്ത്രീകൾ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് പാർലമെന്റും ജുഡീഷ്യറിയും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നു കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ പറഞ്ഞിരുന്നു. പാര്‍ലമെന്റും ജൂഡീഷ്യറിയും വിഷയത്തില്‍ ചര്‍ച്ച തുടരുകയാണ്. ബുധനാഴ്ച പുനഃപരിശോധനാ സംഘം പാര്‍ലമെന്റിന്റെ സാംസ്കാരിക കമ്മിഷനുമായി ചര്‍ച്ച നടത്തും. 

തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് സെപ്റ്റംബര്‍ 13ന് ആണ് മതകാര്യ പൊലീസ് ആമ്നിയെ കസ്റ്റഡിയിലെടുക്കുന്നത്. ഹ‍ൃദയാഘാതം മൂലം ആമ്നി മരണമടഞ്ഞുവെന്നാണ് പിന്നീട് അറിയുന്നത്. ശാരീകമര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിന് പിന്നാലെയാണ് രാജ്യത്ത് ഹിജാബ് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത മതാചാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചത്. 

പ്രതിഷേധത്തിനിടെ ഇരുന്നൂറ് പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ഇറാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നൂറ് പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തെ റവലൂഷണറി ഗാര്‍ഡ്സ് കമാന്‍ഡര്‍ അമിറലി ഹാജിസാദെ പറഞ്ഞിരുന്നു.
1979ൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിച്ചതിന് പിന്നാലെയാണ് രാജ്യത്ത് ഹിജാബ് നിർബന്ധമാക്കിയത്. മഹ്മൂദ് അഹമ്മദി നജാദ് പ്രസിഡന്റായപ്പോള്‍ മതകാര്യ പൊലീസ് സ്ഥാപിച്ചു. മതാചാരങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ 2006ൽ മതകാര്യ പൊലീസ് പട്രോളിങ് ആരംഭിച്ചു. 1983 മുതല്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തലമറയ്ക്കുന്നത് കര്‍ശനമാക്കി.

സർവകലാശാലാ വിദ്യാർഥികളാണ് പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിന് തുടക്കമിട്ടത്. രാജ്യമാകെ പ്രക്ഷോഭം കത്തിപ്പടർന്നു. ഇറാനിലെയും വിദേശരാജ്യങ്ങളിലെയും ഒട്ടേറെ പ്രമുഖരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. നിരവധിപേര്‍ അറസ്റ്റ് വരിച്ചു. വിദേശരാജ്യങ്ങളുടെ പ്രമുഖ നഗരങ്ങളില്‍ പിന്തുണറാലികള്‍ നടന്നു. ഖത്തർ ലോകകപ്പിൽ മത്സരത്തിന് മുൻപ് ദേശീയഗാനം ആലപിക്കുന്ന വേളയിൽ ഇറാൻ ടീം നിശബ്ദരായി നിന്ന് സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 

Eng­lish Summary:Anti-Hijab Move­ment; Reli­gious Affairs Police Dis­band­ed in Iran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.