24 April 2024, Wednesday

Related news

March 7, 2024
January 26, 2024
December 20, 2023
August 11, 2023
June 28, 2023
June 20, 2023
May 25, 2023
April 26, 2023
April 17, 2023
February 12, 2023

ജഡ്ജിമാരുടെ നിയമനം; കൊളീജിയം ശുപാര്‍ശ കേന്ദ്രം നിരസിച്ചു

റെജി കുര്യന്‍
ന്യൂഡല്‍ഹി
November 29, 2022 11:01 pm

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി കൊളീജിയം സമര്‍പ്പിക്കുന്ന ശുപാര്‍ശകളില്‍ ഉരുണ്ടു കളിച്ച് വീണ്ടും കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വെള്ളിയാഴ്ച കൊളീജിയം സമര്‍പ്പിച്ച പത്ത് ജഡ്ജിമാരുടെ പട്ടികയില്‍ നിന്നും അഭിഭാഷകരായ സന്തോഷ് ഗോവിന്ദറാവു, ചപല്‍ഗാവോങ്കര്‍, മിലിന്ദ് മനോഹര്‍ സത്യേ എന്നീ പേരുകള്‍ക്ക് മാത്രം കേന്ദ്ര നിയമ മന്ത്രായം അംഗീകാരം നല്‍കി. മുംബൈ ഹൈക്കോടതി ജഡ്ജിമാരായാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. കൊളീജിയം ശുപാര്‍ശ ചെയ്തവരുടെ പട്ടികയില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി എന്‍ കൃപാലിന്റെ മകനും മുതിര്‍ന്ന അഭിഭാഷകനുമായ സൗരഭ് കൃപാലും ഉള്‍പ്പെട്ടിരുന്നു. കേരളാ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ എ സഞ്ജീത എന്നിവരുടെ പേരുകളും കേന്ദ്രം മടക്കിയവരുടെ പട്ടികയിലുണ്ടെന്ന് സൂചന. 

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ മടക്കിയ പട്ടിക കൊളീജിയം രണ്ടാം വട്ടം ശുപാര്‍ശ ചെയ്തതാണെന്ന പ്രത്യേകതയുണ്ട്. അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ എ സഞ്ജീത, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ ആദ്യം കേന്ദ്ര സര്‍ക്കാരിന് നല്‍കിയത് 2021 സെപ്റ്റംബര്‍ ഒന്നിനായിരുന്നു. ഇതില്‍ ശോഭ അന്നമ്മ ഈപ്പനെ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. കൊളീജിയം മേല്‍പ്പറഞ്ഞ പേരുകള്‍ നിര്‍ദ്ദേശിച്ച് നവംബര്‍ 11ന് വീണ്ടും ശുപാര്‍ശ കൈമാറി. ഇതും മടക്കിയെന്നാണ് കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കൊളീജിയം ജഡ്ജിമാരെ ശുപാര്‍ശ ചെയ്യുന്നതിനെതിരെ സര്‍ക്കാരും കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീം കോടതിയും നേര്‍ക്കുനേര്‍ നില്‍ക്കുന്നതിനിടെയാണ് കൊളീജിയം ശുപാര്‍ശകള്‍ കേന്ദ്രം വീണ്ടും മടക്കിയത്. 

ജഡ്ജിമാരുടെ നിയമനത്തില്‍ തീരുമാനം എടുക്കുന്നത് വൈകിപ്പിക്കുന്ന നടപടി ഒഴിവാക്കിയില്ലെങ്കില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഒക എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. 1991 ന് മുമ്പ് സര്‍ക്കാരാണ് ജഡ്ജിമാരെ തിരഞ്ഞെടുത്തിരുന്നതെന്നും കൊളീജിയം സമ്പ്രദായം കോടതി ഉത്തരവിലൂടെ തുടക്കം കുറിച്ചതാണെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിയുടെ പ്രസ്താവനക്കെതിരെയും സുപ്രീം കോടതി ശക്തമായി രംഗത്ത് വരികയും ജഡ്ജിമാരുടെ നിയമനത്തില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നിലപാടില്‍ ശക്തമായ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

Eng­lish Summary:appointment of judges; The cen­ter reject­ed the col­legium’s recommendation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.