18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 1, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 15, 2024
November 12, 2024
November 11, 2024

ഗുജറാത്ത്: ഇന്ധനം തീരുന്ന ഇരട്ട എന്‍ജിന്‍

സുരേന്ദ്രൻ കുത്തനൂര്‍
November 28, 2022 4:30 am

ഇന്ത്യയുടെ തലസ്ഥാനം ഇപ്പോൾ ഗുജറാത്താണ്. രാഷ്ട്ര തലസ്ഥാനമല്ല, രാഷ്ട്രീയ തലസ്ഥാനം. രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന ദേശീയ നേതാക്കളെല്ലാം ഇപ്പോഴവിടെയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ദിവസങ്ങളായി തമ്പടിച്ചപ്പോൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും പിന്നാലെയെത്തി. ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാൾ, എഐഎംഐഎം തലവൻ ഒവെെസി എന്നിവരും അവിടെയാണ്. രണ്ടുദിവസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം പിടിക്കാനുള്ള തീവ്രയത്നത്തിലാണെല്ലാവരും. കാൽനൂറ്റാണ്ടിലേറെയായി അധികാരം കയ്യാളുന്ന ബിജെപിക്ക് അത് നിലനിർത്തിയേ മതിയാകൂ. പ്രത്യേകിച്ച് നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും മാതൃ സംസ്ഥാനം. ഒരുകാലത്ത് തങ്ങളുടെ ശക്തിദുർഗമായിരുന്ന പ്രദേശം തിരിച്ചുപിടിക്കുകയെന്നതാണ് കോൺഗ്രസിന്റെ ആഗ്രഹം. ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് നീണ്ട രാഷ്ട്രീയ വളർച്ച ഗുജറാത്തിലും ആവർത്തിക്കുമെന്നാണ് ആംആദ്മിയുടെ അവകാശവാദം. എന്നാൽ ജനങ്ങൾ ആർക്കാെപ്പമാകുമെന്നത് ഇപ്പോഴും പ്രവചനാതീതം. ‘നിലവിലെ ഗുജറാത്ത് സൃഷ്ടിച്ചത് ഞാനാണ്. ഇപ്പോൾ നടക്കുന്നത് 25 വർഷത്തേക്കുള്ള ഗുജറാത്തിന്റെ ഹിതപരിശോധനയാണ് എന്നാണ് 13 വർഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. രാജ്യത്ത് നടപ്പാക്കുന്നത് ഗുജറാത്ത് മോഡൽ വികസനമാണ്’ എന്ന് മോഡിയും കൂട്ടരും ഇടയ്ക്ക് പറയാറുള്ളതുമാണ്. ആ മാതൃക വിലയിരുത്തപ്പെടേണ്ടത് തന്നെയാണ്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ പാർട്ടി പ്രവർത്തകരോട് നടത്തിയ ഒരു അഭ്യർത്ഥനയില്‍ നിന്ന് തുടങ്ങാം. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും സംസ്ഥാനത്തെ പോഷകാഹാരക്കുറവുള്ള ഒരു കുട്ടിയെയെങ്കിലും സംരക്ഷിക്കണമെന്നും അങ്ങനെയായാല്‍ 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് നിന്ന് പോഷകാഹാരക്കുറവ് ഇല്ലാതാക്കാൻ കഴിയുമെന്നുമായിരുന്നു നിഷ്കളങ്കമായ ആ ആഹ്വാനം. പിന്നീട് ഇക്കാര്യത്തിൽ എന്തു മാറ്റമുണ്ടായി എന്നതിനെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകളില്ല.

എന്നാൽ പാട്ടീലിന്റെ ആഹ്വാനം കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന ചിത്രം വെളിച്ചത്ത് കൊണ്ടുവരുന്നതായിരുന്നു. അത് പലപ്പോഴും ദേശീയ ശരാശരിയേക്കാൾ മോശവുമാണ്. 1995 മുതൽ തുടർച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉയർന്ന സാമ്പത്തിക വളർച്ചയും മികച്ച വിദേശ നിക്ഷേപവും വ്യാവസായികമായ മുന്നേറ്റവും ഉണ്ടെന്നാണ് അവകാശവാദം. അവിടെയാണ് ഭരണകക്ഷി നേതാവ് തന്നെ കുട്ടികളുടെ സംരക്ഷണം പാർട്ടിപ്രവർത്തകർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത് എന്നത് വിരോധാഭാസമായി തോന്നാം. എന്നാൽ അത് യാഥാർത്ഥ്യമാണെന്ന് അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയുടെ ഫലങ്ങൾ വെളിപ്പെടുത്തുന്നു. 2019–20 കാലയളവിലെ ഗുജറാത്തിലെ കണക്കുകൾ തന്നെ ഞെട്ടിക്കുന്നതാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 39 ശതമാനവും വളർച്ചാ മുരടിപ്പ് നേരിടുന്നവരാണ്. ഇതിലെ ദേശീയ ശരാശരി 35.5 ശതമാനമാണ്. 25 ശതമാനം കുട്ടികൾ ഉയരത്തിനനുസരിച്ച് ഭാരമില്ലാത്തവരും 40 ശതമാനം പ്രായത്തിനനുസരിച്ച് ഭാരക്കുറവുള്ളവരുമാണ്. ഇവയുടെ ദേശീയ ശരാശരി യഥാക്രമം 19.3, 32 ശതമാനമാണ്. ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിരക്കുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിലും ‘ഇരട്ട എൻജിൻ’ സർക്കാർ എന്ന് വീമ്പ് പറയുന്നവരുടെ ഭരണം കുട്ടികൾക്ക് മതിയായ പോഷകാഹാരം ഉറപ്പാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്നതിന്റെ ചിത്രമാണിത്. വികസനക്കുതിപ്പിന് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വേണമെന്നാണ് എട്ടു വര്‍ഷമായി നരേന്ദ്ര മോഡിയും അമിത്ഷായും സംസ്ഥാനങ്ങളില്‍ ചെന്ന് പ്രസംഗിക്കുന്നത്. 27 കൊല്ലമായി സംസ്ഥാനം ഭരിക്കുകയും അതില്‍ എട്ടുകൊല്ലം കേന്ദ്രാധികാരം കൊണ്ട് ഇരട്ട എന്‍ജിനാവുകയും ചെയ്തിട്ടും ഗുജറാത്തിലെ കുട്ടികളുടെ ദയനീയാവസ്ഥയാണ് നമ്മള്‍ കണ്ടത്.


ഇതുകൂടി വായിക്കൂ: ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരെ അവഹേളിച്ച് അമിത് ഷാ


സംസ്ഥാനത്തിന്റെ സമ്പദ്ഘടന പരിശോധിച്ചാലും ദുരവസ്ഥ ബോധ്യമാകും. 2017–18ൽ സംസ്ഥാന ജിഡിപി (മൊത്തം ഉല്പാദനം) വളർച്ച 10.7 ശതമാനമായിരുന്നു. ഇത് 2018–19ൽ 8.9 ശതമാനമായും 2019–20ൽ 7.3 ശതമാനമായും കുറഞ്ഞു. 2020–21ൽ വീണ്ടും 1.7 ശതമാനം ചുരുങ്ങി. 2020–21ൽ രാജ്യത്തിന്റെ മൊത്തം ജിഡിപിയും താഴോട്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ ഗുജറാത്ത് മാതൃകയിലുള്ള നയങ്ങൾ രാജ്യത്താകെ നടപ്പാക്കിയതാണ് ഇടിവിന് കാരണമെന്ന് പറയാം. കൃഷിയിടങ്ങളിലെ തകര്‍ച്ച, ജലസേചന ദൗര്‍ലഭ്യം, തൊഴിലില്ലായ്മ, വ്യാവസായിക തകര്‍ച്ച എന്നിവയെല്ലാം തുറിച്ചു നോക്കുന്ന സാമൂഹികാവസ്ഥയാണ് ഗുജറാത്തിലെന്ന് ജനങ്ങള്‍ സാക്ഷ്യം പറയുന്നു. വടക്കൻ ഗുജറാത്തിലെ ദാവോൽ, ദഹിസാന, വരേത ഗ്രാമങ്ങള്‍ക്ക് പറയാനുള്ളത് ജലസേചനത്തിന്റെ അഭാവം മൂലമുള്ള കൃഷിത്തകര്‍ച്ചയാണ്. കാർഷിക സംരക്ഷണത്തിന് സർക്കാർ സഹായമൊന്നും ലഭിക്കാത്തതിനാൽ, കർഷകര്‍ മൃഗസംരക്ഷണത്തിലേക്ക് തിരിയുകയാണ്. യുവാക്കളാകട്ടെ തൊഴില്‍തേടി നഗരപ്രദേശങ്ങളിലേക്ക് കുടിയേറുന്നു. ഭരണകൂട നിസംഗതയിൽ നിരാശരായ മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനും ഒരുങ്ങുകയാണ്. മെഹ്സാന നഗരത്തിൽ നിന്ന് കേവലം 50 കിലോമീറ്റർ മാത്രം അകലെയായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കാറില്ലെന്ന് ദാവോലിൽ നിന്നുള്ള ജസ്വന്ത് എന്ന മുപ്പതുകാരന്‍ പറയുന്നു. “തും റമിലാ ബെൻ കി ജോളി വോട്ട് സേ ഭാർ ദോ മെയിൻ തുംഹാരേ ചിംനാഭായ് സരോവർ കോ പാനി സേ ഭാർ ദുംഗ” (നിങ്ങൾ റമീലയ്ക്ക് വോട്ട് നൽകുക, ഞാൻ ചിംനാഭായ് സരോവർ വെള്ളം കൊണ്ട് നിറയ്ക്കും)” ‑2002ൽ നരേന്ദ്ര മോഡി ഖേരാലുവിൽ വന്ന് ഇങ്ങനെ പ്രസംഗിച്ചു. അതിന് ശേഷം തുടര്‍ച്ചയായി ഇവിടെ നിന്ന് ബിജെപി ജയിച്ചു. പക്ഷേ ഗ്രാമവാസികൾ ഇപ്പോഴും വറ്റിയ തടാകം നിറയാന്‍ കാത്തിരിക്കുകയാണ് — കര്‍ഷകനായ പാഥു പറയുന്നു. ഉയർന്ന പണപ്പെരുപ്പം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ചരക്ക് സേവന നികുതി (ജിഎസ്‌ടി), കോവിഡ്-19 എന്നിവ സംസ്ഥാനത്തെ വ്യവസായത്തെയും ഗുരുതരമായി ബാധിച്ചു. സൂറത്തിലെ ടെക്സ്റ്റൈൽ വ്യവസായത്തെയാണ് സാരമായി ബാധിച്ചത്. ഈ വർഷത്തെ ദീപാവലി സീസണിൽ വ്യാപാരം 60 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് ഫെഡറേഷൻ ഓഫ് സൂറത്ത് ടെക്സ്റ്റൈൽ ട്രേഡേഴ്സ് അസോസിയേഷൻ (ഫോസ്റ്റ) പറയുന്നു.

തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സാധ്യതകളെ ഇത് ബാധിക്കുമെന്നുറപ്പാണ്. ഡാങ്, താപി, നർമ്മദ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി, നാലുവരിപ്പാത, സിങ്ക് സ്മെൽറ്റർ എന്നിവയുമായി ബന്ധപ്പെട്ട് ദക്ഷിണ ഗുജറാത്ത് മേഖലയിലെ ആദിവാസികൾ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ കുടിയിറക്കപ്പെടുമെന്ന് അവർ ഭയപ്പെടുന്നു. മാസങ്ങളായി നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും തങ്ങൾക്ക് അനുകൂലമായ ഒരു ഫലവും ഉണ്ടായില്ല. തങ്ങളെ കുടിയൊഴിപ്പിക്കുന്നതും സ്വത്തുക്കളും ഉപജീവനവും നഷ്ടപ്പെടുത്തുന്നതും ജൈവവൈവിധ്യത്തെ ബാധിക്കുന്നതുമായ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോയാൽ ‘അവസാന യുദ്ധത്തിന്’ തയാറാകുമെന്നാണ് ആദിവാസികൾ പറയുന്നത്. ദക്ഷിണ ഗുജറാത്തിലെ ഗോത്രമേഖല കോൺഗ്രസിന്റെ പരമ്പരാഗത കോട്ടയാണെങ്കിലും നിലവില്‍ മേഖലയിലെ 35 സീറ്റുകളിൽ എട്ടെണ്ണം മാത്രമാണ് പാർട്ടിക്കുള്ളത്. കോൺഗ്രസിന് ‌ഏറ്റവും ശക്തമായ സംഘടനാ സ്വാധീനമുള്ള സംസ്ഥാനമായിരുന്നു ഗുജറാത്ത്. നരേന്ദ്ര മോഡിയുടെ വരവോടെ അത് ആടിയുലയാൻ തുടങ്ങി. 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പ്രധാനമന്ത്രിയായി. ഇതോടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തും മാറ്റം വന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ മൂന്ന് പേരെയാണ് ബിജെപി ഗുജറാത്തില്‍ മുഖ്യമന്ത്രിയായി പരീക്ഷിച്ചത്. ആനന്ദിബെൻ പട്ടേൽ, വിജയ് രൂപാനി, ഭൂപേന്ദ്ര പട്ടേൽ എന്നിവർ. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നത്.


ഇതുകൂടി വായിക്കൂ: രാജ്യത്തെ തകര്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം


ഇതോടെ ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയായി 2021 സെപ്റ്റംബർ 13 ന് ഭൂപേന്ദ്ര പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭൂപേന്ദ്ര പട്ടേൽ തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ഭരണത്തില്‍ തീര്‍ത്തും അസംതൃപ്തരാണ് ഗുജറാത്തിലെ ജനത. അത് മറികടക്കാന്‍ ഹിന്ദുത്വ തന്നെയാണ് ബിജെപി പയറ്റുന്ന പ്രധാന തന്ത്രം. 2002 ലെ വര്‍ഗീയ കലാപത്തെ ന്യായീകരിച്ചുകൊണ്ട് അമിത്ഷാ നടത്തിയ പ്രസംഗവും ഏകീകൃത സിവില്‍കോഡ് എന്ന പ്രകടനപത്രികാ വാഗ്ദാനവും അവരുടെ നിലപാട് വ്യക്തമാക്കുന്നു. അസംതൃപ്തരെ കൂടി ഒപ്പം നിര്‍ത്തി ഭരണത്തിലേക്ക് തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നറിയാന്‍ ഡിസംബര്‍ എട്ട് വരെ കാത്തിരിക്കണം. ഗുജറാത്തിലെ മുസ്‍ലിം ജനസംഖ്യ ഏകദേശം 10 ശതമാനമാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസും താല്പര്യം കാണിച്ചിട്ടില്ല. ആറ് മുസ്‍ലിം സമുദായാംഗങ്ങളെ മാത്രമാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ഒരു മുസ്‍ലിമിന് പോലും ബിജെപി ടിക്കറ്റ് നല്‍കിയിട്ടില്ല എന്നതില്‍ അത്ഭുതപ്പെടാനുമില്ല. എഎപി മൂന്നുപേര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇങ്ങനെയിരിക്കേ ബിജെപിക്കും കോണ്‍ഗ്രസിനുമിടയില്‍ പ്രത്യേക നയമൊന്നുമില്ലാതെ കുറച്ചു സൗജന്യവും കൂടെ ഹിന്ദുത്വവും വിളമ്പുന്ന ആംആദ്മി പാര്‍ട്ടി, ബിജെപിയുടെ ഇരട്ട എന്‍ജിനെ തകര്‍ക്കുമോ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമോ എന്നും കണ്ടറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.