രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഇക്കഴിഞ്ഞ ചൊവ്വാഴ്ച വളരെയധികം പൊതുപ്രാധാന്യമുള്ള ഒരു നിരീക്ഷണം നടത്തുകയുണ്ടായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ”ഓരോ ക്ഷേമരാഷ്ട്രത്തിന്റെയും പ്രാഥമിക കടമ, വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുക” എന്നതാണെന്ന് ഓര്‍മ്മിപ്പിച്ചത്. കൂടാതെ, സുപ്രീം കോടതി കേന്ദ്ര ഗവണ്‍മെന്റിനോട് ”സാമൂഹിക അടുക്കള”യ്ക്കായി ഒരു നയരൂപീകരണം നടത്തുന്നതിനും അടിയന്തര പ്രാധാന്യത്തോടെ പദ്ധതി നടപ്പിലാക്കാനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാനും നിര്‍ദ്ദേശിച്ചു. ”വിവരം ശേഖരിച്ചു വരുന്നു” എന്ന സ്ഥിരം പല്ലവിക്കു പകരം സമൂര്‍ത്തമായ പദ്ധതി നല്‍കാന്‍ പറഞ്ഞ കോടതി ”വിശപ്പിനാണ് നിങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെങ്കില്‍ ഒരു നിയമവും നിങ്ങളെ തടയില്ലാ”യെന്നും ഓര്‍മ്മപ്പെടുത്തി.
ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സില്‍ 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. നേപ്പാളും ബംഗ്ലാദേശും എല്ലാം ഇന്ന് നമുക്ക് മുന്നിലാണ്. 2019–20 ല്‍ 297.5 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്പാദിപ്പിച്ച ഇന്ത്യയില്‍ പോഷകാഹാരക്കുറവുകൊണ്ടും വിശപ്പു സഹിച്ചും ജനകോടികള്‍ കഴിയേണ്ടിവരുന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത കൊണ്ടുമാത്രമാണ്. സുപ്രീം കോടതിയിലെത്തിയ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചതുപോലെ തമിഴ്‌നാട്ടിലെ സ്വയം സഹായ സംഘങ്ങളുടെ സഹായത്തോടെയും പാവപ്പെട്ടവരെ നിയോഗിച്ചും വെടിപ്പും വൃത്തിയുമുള്ള ആഹാരം നല്‍കുന്ന ”അമ്മാ ഉണര്‍വകം” പദ്ധതി, രാജസ്ഥാനിലെ ”അന്നപൂര്‍ണ്ണ രസോയി”, കര്‍ണാടകയിലെ ”ഇന്ദിര കാന്റീന്‍”, ഡല്‍ഹിയിലെ ”ആം ആദ്മി കാന്റീന്‍”, ആന്ധ്രയിലെ ”അണ്ണാ കാന്റീന്‍”, ഒഡിഷയിലെ ”ആഹാര്‍ കേന്ദ്രം” തുടങ്ങിയവ പട്ടിണിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഉയര്‍ന്നുവന്നിട്ടുള്ള സ്ഥാപനങ്ങളാണ്. കേരളത്തില്‍ കോവിഡ് കാലഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച ”സമൂഹ അടുക്കള” പതിനായിരങ്ങള്‍ക്കാണ് ആശ്വാസമേകിയത്. ”കേരളത്തില്‍ പട്ടിണി കിടന്ന് ഒരാള്‍പോലും മരിക്കാന്‍ പാടില്ല.” എന്ന കേരളാ ഗവണ്‍മെന്റിന്റെ സന്ദേശം ജനങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും ഏറ്റെടുത്തതിന്റെ ഫലമായിരുന്നു ഇവിടുത്തെ ”സമൂഹ അടുക്കള”.
ഇന്ത്യയുടെ ക്ഷേമരാഷ്ട്ര സങ്കല്പത്തിന് നമ്മുടെ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്. വിദേശാധിപത്യത്തില്‍ നിന്നും ഇന്ത്യ മോചിതമായത് 1947 ല്‍ മാത്രമാണ്. തുടര്‍ന്ന് അധികാരത്തില്‍ വന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ഗവണ്‍മെന്റ് സോവിയറ്റ് യൂണിയന്റെ മാതൃക പിന്‍തുടര്‍ന്ന് ഇന്ത്യയിലും പഞ്ചവത്സര പദ്ധതികള്‍ ആരംഭിച്ചു. അതിനായി 1950 ല്‍ പ്ലാനിങ് കമ്മിഷനും രൂപീകരിച്ചു. ക്ഷേമരാഷ്ട്ര സങ്കല്പത്തില്‍ നിന്നുകൊണ്ടാണ് നെഹ്‌റു ഗവണ്‍മെന്റ് ഇന്ത്യയിലെ കാര്‍ഷിക‑വ്യാവസായിക‑വിദ്യാഭ്യാസ മേഖലകളെ കൈപിടിച്ചുയര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തികവും-സാമൂഹികവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവയായിരുന്നു ആ പദ്ധതികള്‍. അവ നടപ്പിലാക്കുന്നതില്‍ പരിമിതികള്‍ തടസമായി നിന്നെങ്കിലും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള ഭരണാധികാരിയായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജും രാമരാജ്യ സങ്കല്പവും നെഹ്രുവിനെ നല്ലതുപോലെ സ്വാധീനിച്ചിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളായിരുന്ന ലെനിനും സ്റ്റാലിനും സോവിയറ്റ് യൂണിയനില്‍ നടപ്പിലാക്കിയ സാമ്പത്തിക സാമൂഹ്യ വികസനങ്ങളില്‍ ചിലത് ഇന്ത്യയില്‍ നടപ്പിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അത് പഞ്ചവത്സര പദ്ധതികളില്‍ മാത്രമല്ല 1956 ലെ വ്യവസായ നയ പ്രമേയത്തിലും പ്രതിഫലിച്ചിരുന്നു. അല്ലെങ്കില്‍ അടിസ്ഥാനപരമായി ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉല്പാദന ഉപാധികളെ സ്റ്റേറ്റ് ഉടമസ്ഥതയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയില്ലായിരുന്നു.
ഇന്ത്യയിലെ പുതിയ ഇരുമ്പുരുക്ക്, ഖനിജ വ്യവസായങ്ങളും, വൈദ്യുതി, കല്‍ക്കരി, പെട്രോളിയം ഖനനം തുടങ്ങിയ ഊര്‍ജ്ജോല്പാദന മേഖലകളും ഇന്‍ഷുറന്‍സ് മേഖലയും പ്രതിരോധ സാമഗ്രികളുടെ ഉല്പാദനവും വ്യോമ‑റയില്‍ ഗതാഗതവുമെല്ലാം നെഹ്രു സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കി. ഇവയിലൊന്നും സ്വകാര്യമേഖലയ്ക്ക് എത്തിനോക്കാന്‍പോലും അന്ന് കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 38 ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമായ സാമൂഹ്യക്രമം ഉറപ്പാക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നുണ്ട്. ആ സാമൂഹ്യക്രമത്തില്‍ ”നീതി”, സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയിലെ ക്ഷേമം ആണ് അടിസ്ഥാനമാകേണ്ടത്. ”വരുമാനത്തിലെ അസമത്വം പരമാവധി കുറച്ചു കൊണ്ടുവരുന്നതിനും പദവി, സൗകര്യങ്ങള്‍, അവസരങ്ങള്‍ എന്നിവയിലെ അസമത്വം ഇല്ലാതാക്കാനും ശ്രമിക്കണം. വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെ ഗ്രൂപ്പുകള്‍ തമ്മിലും ഈ അസമത്വം ഇല്ലാതാവണ” മെന്ന് 1978 ലെ 44-ാം ഭരണഘടനാ ഭേദഗതിയില്‍ക്കൂടി ഗവണ്‍മെന്റിനെ ഓര്‍മ്മപ്പെടുത്തി. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയ ഈ ക്ഷേമരാഷ്ട്ര സങ്കല്പം ഭരണാധികാരികള്‍ ഇത്ര കാലവും സൗകര്യപൂര്‍വം വിസ്മരിക്കുകയായിരുന്നു. അതുകൊണ്ടാണ് ”സാമൂഹിക അടുക്കള” സ്ഥാപിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ ഗവണ്‍മെന്റിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ ”സാമൂഹിക അടുക്കള” ഇല്ലാത്തത് എന്തേ എന്ന് കോടതി ചോദിച്ചത്. തലതാഴ്ത്തി നില്‍ക്കാനേ എജിക്ക് കഴിഞ്ഞുള്ളു.
ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും യുഗത്തിലേക്ക് ഇന്ത്യയെക്കൂടി തള്ളിയിട്ടതിനുശേഷം ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വകാര്യ മൂലധന ശക്തികളുടെ വിധേയന്മാരാവുകയും ഇന്ത്യയുടെ ദേശീയ സമ്പത്ത് വില്പന നടത്തി വരുമാനം കണ്ടെത്തിത്തുടങ്ങുകയും ചെയ്തു. ഇന്ത്യന്‍ മുതലാളിമാരും തദ്ദേശീയ കോര്‍പ്പറേറ്റ് കമ്പനിക്കാരുമായുള്ള ചങ്ങാത്തം മാത്രം പോരാ വിദേശ കോര്‍പറേറ്റ് കമ്പനികളുമായിട്ടുള്ള ചങ്ങാത്തവും ഇതുവഴി ഉറപ്പിക്കാന്‍ കഴിയുമെന്ന് മാറി മാറി വന്ന ഇന്ത്യന്‍ ഭരണകൂടങ്ങള്‍ മനസ്സിലാക്കി. പുത്തന്‍ സാങ്കേതിക വിദ്യയില്‍ ഒതുങ്ങി നിന്ന നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സുപ്രധാനവും അപ്രധാനവുമായ മേഖലകളില്‍ക്കൂടി വിഹരിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയ്, ഡോ. മന്‍മോഹന്‍ സിങ് എന്നീ നേതാക്കളും ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസിന്റെ ഏകാംഗ ഹൈക്കമാന്‍ഡായ സോണിയ ഗാന്ധിയുമെല്ലാം വിദേശധന മൂലധന — ശക്തികളുടെ വക്താക്കളായി നിന്നുകൊണ്ട് ഇന്ത്യയുടെ ദേശീയ സമ്പത്ത് വിറ്റഴിച്ചു. ഇന്ന് ഗവണ്‍മെന്റിന്റെ പ്രധാന വരുമാന മാര്‍ഗം ഇന്ത്യയുടെ ദേശീയ സമ്പത്ത് വിറ്റഴിക്കുന്നതില്‍ക്കൂടി സമാഹരിക്കുന്ന പണമാണ്.
കോണ്‍ഗ്രസ് നയിച്ച ഭരണകൂടങ്ങളില്‍ നിന്നും വ്യത്യസ്തമായി മോഡി ഭരണം കോടികളുടെ സമ്പത്ത് വിദേശ കമ്പനികള്‍ക്ക് വില്‍ക്കുമ്പോള്‍ ”മെയ്ക്ക് ഇന്‍ ഇന്ത്യ”, ”ആത്മനിര്‍ഭര്‍ ഭാരത്” തുടങ്ങിയ ദേശീയവാദ കരിമരുന്നു പ്രയോഗം കൂടി നടത്തുന്നുണ്ട് എന്നു മാത്രം. അതിന്റെ പുകപടലങ്ങളില്‍ ദേശീയവാദികള്‍ മയങ്ങിപ്പോയി. രാജ്യം കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും. പട്ടിണിയുടെ ഒരു പ്രധാന കാരണമായ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്നതോതിലെത്തി നില്‍ക്കുന്ന ഇന്ത്യയില്‍ പുതുതായി കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും ഉള്ള തൊഴില്‍ ഇല്ലാതാക്കുകയാണ് മോഡി സര്‍ക്കാര്‍. അതിനായി നിലവിലുള്ള തൊഴില്‍ നിയമങ്ങളെ പൊളിച്ചെഴുതി മുതലാളിപക്ഷ അഥവാ മാനേജ്‌മെന്റ് അനുകൂല ലേബര്‍ കോഡുകളാക്കി മാറ്റി. അതിനുള്ള നിയമങ്ങളും പാസാക്കി. കര്‍ഷകരെയും അവരുടെ പ്രാദേശിക മാര്‍ക്കറ്റുകളെയും തകര്‍ക്കുന്ന കാര്‍ഷികനിയമങ്ങള്‍ പാസാക്കി. കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പും പ്രോത്സാഹിപ്പിക്കുന്നതിനനുകൂലമായി അവശ്യ സര്‍വീസ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തു. ഇതെല്ലാം പാര്‍ലമെന്റില്‍ ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ചാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യം ഇന്നു നേരിടുന്ന പാപ്പരീകരണവും പട്ടിണിയും ഭരണകൂട സൃഷ്ടിയാണ് എന്ന് നമുക്ക് നിസംശയം പറയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.