കെപിസിസിയുടെ പുതിയ ഭാരവാഹികളെ നിശ്ചയിച്ചതിനെ തുടർന്ന് എ, ഐ ഗ്രൂപ്പുകളുടെ എതിർപ്പ് ഗ്രൂപ്പുകളിൽ പുകയുന്നു. തൽക്കാലം പരസ്യ പ്രചതികരണത്തിന് മുതിരേണ്ട എന്ന നിലപാടാണ് ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയുംം നൽകിയിരിക്കുന്നത്. ഇരു ഗ്രൂപ്പുകളുടേയും മാനേജർമാരായ കെ. സി ജോസഫ്, തമ്പാനൂർ രവി ( എ ഗ്രൂപ്പ്), ജോസഫ് വാഴയ്ക്കൻ, ആർ. ചന്ദ്രശേഖരൻ (ഐ) എന്നിവരെ ഒഴിവാക്കി. എന്നാൽ ചില ഗ്രൂപ്പ് ലീഡേഴ്സുകൾ കെപിസിസി ജനറൽ സെക്രട്ടറിമാരായും, നിർവാഹക സമിതിയിലും ഇടം കണ്ടു. നേരത്തെ ഡി സി സി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ അതൃപ്തിയും പ്രതിഷേധവും പരസ്യമാക്കി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ രംഗത്ത് എത്തിയത് പുതിയ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനാൽ ചർച്ചയ്ക്ക് കെപിസിസിനേതൃത്വം മുതിർന്നിരുന്നു. എന്നാൽ ചെന്നിത്തലയും, ചാണ്ടിയും കൊടുത്ത ലിസ്റ്റിൽ പലരേയും ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ അമർഷം പല നേതാക്കൾക്കും ഉണ്ടെങ്കിലും അതൊന്നും വലിയ പൊട്ടിത്തെറിയായി പുറത്തേക്ക് എത്തിയില്ല. ഡി സി സി ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ നേതൃത്വവും ഇത്തവണ കൂടുതൽ കരുതൽ സ്വീകരിച്ചിരുന്നു. പരാതികൾ ഉണ്ടെങ്കിലും മുതിർന്ന നോതാക്കളിൽ പലരുമായും ഒന്നിലേറെ തവണ കൂടിക്കാഴ്ച നടത്തി.
ഗ്രൂപ്പുകളിൽ നിന്നും തങ്ങളുടെ നോമിനകളുടെ പേരുകൾ നേതൃത്വം സ്വീകരിച്ചു. എന്നാൽ പൂർണ്ണമായും ഗ്രൂപ്പുകൾക്ക് വിട്ടുകൊടുക്കാതിരിക്കാൻ കെഎസ്-വിഡി അച്യുതണ്ട് ശ്രമിച്ചു. അതിനായി അവർക്ക് കെസിയുടെ പിന്തുണയും ലഭിച്ചു. കൂടുതൽ ചർച്ച നടത്തിയിരുന്നെങ്കിൽ പട്ടിക ഇനിയും നന്നാക്കാമായിരുന്നുവെന്ന അഭിപ്രായമാണ് ഗൂപ്പുകളും കെ മുരളീധരനെപ്പോലുള്ള മറ്റ് നേതാക്കളും വ്യക്തമാക്കുന്നത്. തന്റെ അഭിപ്രായം കെ മുരളീധരൻ പരസ്യമായി പറഞ്ഞു. അതേസമയം തങ്ങളെ പൂർണമായും വിശ്വാസത്തിലെടുക്കാൻ പുതിയ നേതൃത്വം തയാറാകുന്നില്ലെന്ന പരാതി ഗ്രൂപ്പുകൾ തുടരുന്നുണ്ട്. പാർട്ടിയെ പ്രതിസന്ധിയിലാക്കി ഗ്രൂപ്പുകൾ പ്രശ്നമുണ്ടാക്കുന്നുവെന്ന ഒരു പ്രചരണം നേരത്തെ അണികൾക്കിടയിൽ ശക്തമായിരുന്നു. ഡി സി സി ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെയുള്ള പരസ്യ പ്രതികരണങ്ങളായിരുന്നു ഇതിന് കാരണം. പുതിയ സാഹചര്യത്തിൽ ആക്ഷേപം തുടർന്നാൽ ഗ്രൂപ്പുകൾക്ക് അത് കൂടുതൽ ക്ഷീണമാവും. ഇതോടെ ഗ്രൂപ്പുകളും നിലപാട് മാറ്റാൻ തയ്യാറാവുകയായിരുന്നു. ഇപ്പോൾ പ്രശ്നമില്ലാതെ നിന്നാൽ സംഘടന തിരഞ്ഞെടുപ്പ് വരുമ്പോൾ ശക്തി തെളിയിക്കാം എന്നാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ. താഴെക്കിടയിലെ പ്രവർത്തകർ ഇപ്പോഴും തങ്ങൾക്ക് ഒപ്പമുണ്ടെന്നും അവർ വിശ്വസിക്കുന്നു. എന്നാൽ കോൺഗ്രസിൽ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്ന ഒരു വിഭാഗം ഉയർന്ന് വന്നുവെന്നും സംഘടന തിരഞ്ഞെടുപ്പ് വന്നാലും അവർ പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് ഒപ്പം നിൽക്കുമെന്ന് മറുപക്ഷവും കരുതുന്നു. നിലവിലെ പട്ടികയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പൂർണ്ണ തൃപ്തിരാണ്. നാനൂറോളം പേരുണ്ടായിരുന്ന നിർവാഹകസമിതി നൂറിൽത്താഴെ പേരിലേക്കു ചുരുക്കേണ്ടി വന്നതിലെ പരിമിതിയും പ്രശ്നങ്ങളുമാണ് അവർക്ക് മുന്നിലെ ഏക ആശങ്ക. ഇതൊഴിച്ച് നിർത്തിയാൽ അർഹതയുള്ള എല്ലാവരും പദവിയിൽ എത്തിയിട്ടുണ്ടെന്നാണ് ഇരു നേതാക്കളും അവകാശപ്പെടുന്നത്. ഗ്രൂപ്പുകൾ നിർദേശിച്ചു എന്നതിന്റെ പേരിൽ മാത്രം ആരെയും മാറ്റി നിർത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. എ വിഭാഗം നിർദേശിച്ചവരിൽ നിന്നും ആറുപേരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. വി പി സജീന്ദ്രൻ, ജി പ്രതാപവർമ തമ്പാൻ, ആര്യാടൻ ഷൗക്കത്ത്, സി ചന്ദ്രൻ, സോണി സെബാസ്റ്റ്യൻ, അബ്ദുൾ മുത്തലിബ് എന്നിവരാണ് എ വിഭാഗത്തിന്റെ പട്ടികയിൽ നിന്നും ഇടംപിടിച്ചത്. വൈസ് പ്രസിഡന്റായ എൻ. ശക്തനെ പാർട്ടിയിൽ സജീവമാക്കാനും ഉമ്മൻ ചാണ്ടിക്കു താൽപര്യമുണ്ടായിരുന്നു. പാർട്ടിയിലെ പഴയ സമവാക്യം വെച്ച് ശേഷിക്കുന്നവരിൽ ഭൂരിപക്ഷവും ഐ വിഭാഗമാണെങ്കിലും ഗ്രൂപ്പ് പല നേതാക്കളുടേതായി പിളർന്നതിനാൽ നിലവിലെ സാഹചര്യത്തിൽ അതിനെ അങ്ങനെ കാണാൻ സാധിക്കില്ല. രമേശ് ചെന്നിത്തല നിർദേശിച്ച പട്ടികയിൽ നിന്നും എഎ ഷുക്കൂർ, എസ് അശോകൻ, ടിയു രാധാകൃഷ്ണൻ, കെഎ തുളസി, എംഎം നസീർ എന്നിങ്ങനെ അഞ്ചു പേർ കെ പി സി സി ഭാരവാഹികളായി.
അതേസമയം, പുതിയ പട്ടികയിലെ പത്തിലേറെപ്പോർ സംഘടന ചുമതലയുള്ള എ ഐ സി സി സെക്രട്ടറി കെസി വേണുഗോപാലിന്റെ നോമിനികളാണെന്നാണ് എയും ഐയും ആരോപിക്കുന്നത്. നേരത്തെ ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ചിലർ ഇപ്പോൾ അതേ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെസി വേണുഗോപാൽ, കെ സുധാകരൻ, വിഡി സതീശൻ എന്നിവരുടെ വിശ്വസ്തരായി മാറി. പിടി അജയ് മോഹന് വേണ്ടി ചെന്നിത്തല അവസാന നിമിഷം വരേയും ശക്തമായി വാദിച്ചിരുന്നു. എന്നാൽ ഗ്രൂപ്പു യോഗങ്ങൾ പരക്കെ വിളിക്കാൻ നോക്കിയെന്ന വിലയിരുത്തലിൽ അദ്ദേഹത്തെ ഒഴിവാക്കി. എയിലുള്ള ചിലരും ഗ്രൂപ്പു കൂറ് നിലനിർത്തിക്കൊണ്ടു തന്നെ പുതിയ നേതൃത്വവുമായി നല്ല സമ്പർക്കത്തിലുമാണ്.പൊതുവെ വിമർശനം ഉയർന്നത് കോഴിക്കോട് നിന്നുള്ള കെ ജയന്തിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരേയാണ്. നേരത്തേ കെ പി സി സി സെക്രട്ടറി സ്ഥാനം രാജിവച്ച ചരിത്രമുള്ള വ്യക്തിയാണ് ഇദ്ദേഹം. വർക്കിങ് പ്രസിഡന്റായ ടി സിദ്ധീഖ് ഉൾപ്പടേയുള്ളവർ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ കെ സുധാകരൻ ശക്തമായി ജയന്തിന് വേണ്ടി വാദിച്ചു. അതേസമയം നിർവാഹക സമിതിയിലേക്കു പറഞ്ഞ പേരുകൾ ഉൾപ്പെടുത്താത്തതാണു മുരളിയുടെ അതൃപ്തിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പിൽ പാർട്ടി പിടിച്ചടാക്കാനുള്ള ശ്രമത്തിലാണ് എ, ഐ ഗ്രൂപ്പുകൾ. അതിനായി ഗ്രൂപ്പുകൾ സജീവമാക്കുവാനുള്ള ശ്രമത്തിലുമാണവർ. അതിനാലാണ് കെപിസിസി സെക്രട്ടറിമാരെ നിയമിക്കുന്നതിൽ എതിർപ്പുമായി ഗ്രൂപ്പുകൾ രംഗത്തു വന്നിരിക്കുന്നത്. കെപിസിസി സെക്രട്ടറിമാരും. തുടർന്ന് ഡിസിസി ഭാരവാഹികളെയും നിയമിച്ചു കഴിഞ്ഞാൽ പിടിവിട്ടുപോകുമെന്ന അങ്കലാപ്പിലാണ് ഗ്രൂപ്പുകൾ. അതിനാൽ തൽക്കാലം ഇത്തരം പുനസംഘടനയെ എതിർക്കുകയാണ്. എന്നാൽ പുനസംഘടനയുമായി നീങ്ങുവാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്. ഒരു ജനറൽസെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന നിലയിൽ നിയമനം നടത്താനാണ് കെപിസിസിനേതൃത്വത്തിൻറെ ശ്രമം അതിനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.