22 November 2024, Friday
KSFE Galaxy Chits Banner 2

ആർ എസ് എസ് എന്ന നുണ ഫാക്ടറി

റീന ഫിലിപ്പ്
February 10, 2022 3:21 pm

ഫാസിസം കാലത്തിനും ദേശത്തിനും അതീതമായി എല്ലായിടത്തും എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്നത് ഒരേ രീതിയിലാണ്. അതിനു ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്.ആദ്യമായി അത് ‘അവരും’ ‘നമ്മളും’ എന്ന ഒരു ദ്വന്ദം സൃഷ്ടിക്കുന്നു.ഇതിൽ ‘നമ്മൾ’ എന്നത് അതിന്റെ നിർവചന പ്രകാരം സാംസ്കാരികമായി ‚വംശീയമായി,മതപരമായി ഒക്കെ ’ ഉന്നതിയിൽ ’ നിൽക്കുന്ന ഒരു വിഭാഗമാണ്.‘അവർ’ ആകട്ടെ ഇതേ നിർവചന പ്രകാരം അവരിൽ നിന്നും ’ താഴെ ’ നിൽക്കുന്ന ഒരു ന്യൂനപക്ഷവും.

അത് കഴിഞ്ഞ് ‘നമ്മൾ’ എന്ന വിഭാഗത്തെ ഫാസിസം മഹത്വവൽകരിക്കുന്നു . ഉണ്ടായിരുന്നതോ ഇല്ലാതിരുന്നതോ ആയ ഒരു സുവർണ്ണ കാലത്തെ കുറിച്ച് ചരിത്രം സൃഷ്ടിക്കുന്നു..ഇതിന് വേണ്ടി ഒരു പ്രോപഗാണ്ട മഷിനറി തന്നെ സൃഷ്ടിച്ചെടുക്കുന്നു .

മഹത്വവല്ക്കരണം കഴിഞ്ഞാൽ അടുത്ത പടി ഇരവല്ക്കരണം ആണ്.‘നമ്മൾ ’ ചരിത്രപരമായി അനുഭവിച്ചു കൊണ്ടിരുന്നതും അർഹിക്കുന്നതുമായ പദവികളൊക്കെ നഷ്ടപ്പെടാൻ കാരണം ‘അവർ’ ആണ് എന്ന് സ്ഥാപിക്കുന്നു .അത് വഴി ‘അവർ ’ demo­nize അഥവാ പിശാചുവല്ക്കരിക്കപ്പെടുന്നു .‘നമ്മൾ ‘എന്ന ഇരകളുടെ സാംസ്കാരിക ഔന്നത്യം വീണ്ടെടുക്കുക എന്നത് ദേശീയതയായി മാറുമ്പോൾ സ്വാഭാവികമായും കാരണക്കാർ അപരരും ദേശ വിരുദ്ധരും അത് കൊണ്ട് തന്നെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമായി മാറുന്നു .

നാസികൾ ജർമ്മനിയിൽ പരീക്ഷിച്ചു വിജയിച്ചത് ഇതേ തന്ത്രമാണ്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം എല്ലാ രീതിയിലും തകർന്ന് തരിപ്പണമായ ജർമ്മനിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാം എന്ന വാഗ്ദാനവുമായാണ് ഹിറ്റ്ലർ വരുന്നത്.അതിനു ആര്യവംശത്തിന്റെ ഉന്നതിയിലൂടെയും അവരുടെ രക്തശുദ്ധിയും വംശ ശുദ്ധിയും സംരക്ഷിക്കുന്നതിലൂടെയും മാത്രമേ കഴിയൂ എന്ന ബോധം സൃഷ്ടിക്കാൻ ഹിറ്റ്‌ലർക്ക് കഴിഞ്ഞു.ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടത് അന്ന് സാമ്പത്തികമായി താരതമ്യേന നല്ല നിലയിൽ കഴിയുന്ന ജൂതരായിരുന്നു. ഒപ്പം കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ലിബറലുകളും ക്രിസ്ത്യൻ പള്ളികളും നാടോടികളും വരെ നാസി ജർമ്മനിയുടെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു.

തുടർന്ന് നടന്നത് ചരിത്രത്തിലെ സമാനതകളില്ലാത്ത വംശഹത്യയാണ് .ലക്ഷങ്ങൾ ഗ്യാസ് ചേംബറുകളിൽ ഒടുങ്ങി,നാട് കടത്തപ്പെട്ടു,നാടും വീടും നഷ്ടമായി,തടവറകളിൽ അടക്കപ്പെട്ടു ‚നിർബന്ധിത ലേബർ ക്യാമ്പുകളിൽ തള്ളപ്പെട്ടു .നുണകളുടെയും അപരവിദ്വേഷത്തിൻ്റെയും മുകളിൽ സൃഷ്ടിക്കപ്പെട്ട ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പത്രങ്ങളിലൂടെയും സിനിമകളിലൂടെയും പുസ്തകങ്ങൾ വഴിയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു .പ്രോപഗാണ്ട മിനിസ്റ്റർ ജോസഫ് ഗീബ്ബൽസിന് കീഴിൽ നുണകൾ നൂറു തവണ ആവർത്തിച്ച് സത്യമാക്കപ്പെട്ടു.അതിന്റെ സ്വാധീനത്തിൽ കുഞ്ഞുങ്ങൾ സ്വന്തം മാതാപിതാക്കളെ പോലും ഹിറ്റ്‌ലറിന്റെ രഹസ്യ പോലീസിന് ഒറ്റി കൊടുത്തു.

ഹിന്ദുത്വ ഫാസിസം തുടക്കം മുതൽ തന്നെ യൂറോപ്യൻ ഫാസിസത്തിൻ്റെ രീതികൾ തന്നെയാണ് പിന്തുടർന്നു പോന്നത് .ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉന്നത നേതാക്കൾ അവരോടുള്ള മമത തുറന്നു തന്നെ പ്രകടിപ്പിച്ചിട്ടുള്ളവരാണ്.ബി എസ് മൂൻജെ 1931ഇൽ ഇറ്റലി സന്ദർശിച്ചു മുസോളിനിയുമായി ചർച്ച നടത്തുയുണ്ടായിട്ടുണ്ട്. ആർ എസ്സ് എസ്സിന്റെ ഘടനക്ക് ഇറ്റലിയിലെ ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള ഫാസിസ്റ്റ് യൂത്ത് മിലിറ്റന്റെ സംഘടനകളോട് ഉള്ള സാമ്യം ഒട്ടും തന്നെ യാദൃച്ഛികമല്ല.

ഹിന്ദു സംസ്കാരമാണ് ഇന്ത്യൻ ദേശീയത എന്ന് സ്ഥാപിക്കുന്ന സംഘ പരിവാർ മുസ്ലീങ്ങളെയാണ് അപരസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുണ്ടായത് .ഒപ്പം അഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും.ഹിന്ദുക്കളുടെ സുവർണ്ണ കാലം അവസാനിച്ചത് മുഗൾ ആധിപത്യത്തെ തുടർന്നാണ് എന്ന് ചരിത്രത്തെ വ്യാഖ്യാനിക്കുകയും അതേ സമയം തന്നെ ബ്രിട്ടീഷ് അധിനിവേശ സമയത്ത് അവർക്കൊപ്പം ചേർന്ന് നിന്ന് സ്വാതന്ത്ര്യ സമരത്തെ എതിർക്കുകയും ചെയ്യുന്ന സമീപനമാണ് അവർ സ്വീകരിച്ചത്.

ഇന്ത്യയുടെ വിഭജനത്തിന് ശേഷം ഇവിടെയുള്ള മുസ്ലിങ്ങൾ പാകിസ്ഥാനിലേക്ക് പോകേണ്ടവരാണ് എന്നും അവർ ഇന്ത്യൻ ദേശീയതയുടെ ശത്രുക്കളാണ് എന്നും ഉള്ള പൊതുബോധം സൃഷ്ടിക്കാൻ വളരെ പദ്ധതീകൃതമായി തന്നെ സംഘ പരിവാർ ശ്രമിക്കുന്നുണ്ട്. ബാബറി മസ്ജിദ് തകർത്ത് രാജ്യത്ത് ചോരപ്പുഴ ഒഴുക്കി ഒരു രണ്ടാം വിഭജനം സൃഷ്ടിച്ചും വർഗീയ കലാപങ്ങൾ നടത്തിയും തങ്ങളുടെ അജണ്ട പ്രചരിപ്പിക്കാൻ മാധ്യമങ്ങളെയും കലാ സാംസ്കാരിക മേഖലയെയും സ്വാധീനിച്ചുമാണ് ഇവർ അധികാരത്തിൽ വന്നത്.

അധികാരത്തിൽ ഇരിക്കുന്ന ഫാസിസത്തിന് ഭരണകൂട പിന്തുണ ഉള്ളത് കൊണ്ട് തന്നെ അത് കൂടുതൽ അപകടകരം ആണ്.ഭക്ഷണം മുതൽ വസ്ത്രത്തിലും കിടപ്പറയിലും വരെ നിയമം വഴി തന്നെ അത് ഇടപെടുന്നു.ആഭ്യന്തര ശത്രുക്കളുടെ സാംസ്കാരിക ചിഹ്നങ്ങളും പ്രാർത്ഥനാ രീതികളും ഹിന്ദു വിരുദ്ധവും അത് വഴി ദേശ വിരുദ്ധവും ആക്കപ്പെടുന്നു.ഒരു വശത്ത് ഇതിനെയൊക്കെ അവർ ശാരീരികമായി തന്നെ ഉന്മൂലനം ചെയ്യുമ്പോൾ മറുവശത്ത് നുണകളിലൂടെ ഈ അക്രമങ്ങൾ സാധാരണവല്ക്കരിക്കപ്പെടുന്നു .ലവ് ജിഹാദും ജിഹാദി കൊറോണയുമൊക്കെ ആവർത്തിച്ചു പ്രചരിപ്പിച്ചു അത് വിശ്വസിക്കുന്ന ലക്ഷങ്ങളെ സൃഷ്ടിച്ചെടുക്കുന്നത് ഇതേ രീതിയിലാണ്.ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന നുണകൾക്ക് നിയമ പരിരക്ഷയും ലഭിക്കുന്നു.ഗുജറാത്ത് വംശഹത്യയും ബീഫ് കഴിച്ചു എന്ന് ആരോപിച്ച് അഖ്‌ലാഖിനെ ഹിന്ദു തീവ്രവാദികൾ തല്ലിക്കൊന്നതുമോക്കെ ഇത്തരം നുണകൾക്ക് ലഭിച്ച സ്വീകാര്യതയുടെ ഫലമാണ്.അധികാരത്തിൽ കയറാൻ ഒരു വർഗീയ കലാപം മതി എന്ന് പരസ്യമായി പ്രഖ്യാപിച്ചു തന്നെയാണ് ഹിന്ദുത്വ ഭരണകൂടം രാജ്യം ഭരിക്കുന്നത്.

ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഷാരൂഖ് ഖാൻ ലതാ മങ്കേഷ്കറുടെ ശവസംസ്കാര ചടങ്ങിൽ തുപ്പി എന്ന ആരോപണം. ആ ഗായികയ്ക്ക് തന്റെ മത വിശ്വാസ പ്രകാരം കൈകളിലേക്ക് ഊതി പ്രാർത്ഥിച്ചു അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചതിനെയാണ് തുപ്പി എന്ന് ഹിന്ദുത്വ തീവ്രവാദികൾ പ്രചരിപ്പിക്കുന്നത്.ഇത് തുടങ്ങി വെച്ചത് ഹരിയാന ബിജെപി ഖടകത്തിൻ്റെ ചുമതല വഹിക്കുന്ന അരുൺ യാദവ് ആണ്.അതിനെ ഉത്തർ പ്രദേശ് ബിജെപി വക്താവ് പ്രശാന്ത് ഉമ്രോ മുതൽ പ്രതീഷ് വിശ്വനാഥനും ഇങ്ങു താഴെയുള്ള സൈബർ അണികൾ വരെ ഏറ്റെടുത്ത് വിദ്വേഷ പ്രചരണം നടത്തി.

ഇന്ത്യയുടെ ബഹുസ്വരത ഇല്ലായ്മ ചെയ്ത് ഹൈന്ദവ ദേശീയത എന്ന ഏകത്വം അടിച്ചേൽപ്പിക്കാൻ ഫാസിസം പദ്ധതിയിടുകയാണ്. സി എ എ — എൻ ആർ സി വഴി ഈ രാജ്യത്ത് ജനിച്ചു വളർന്ന മുസ്ലിങ്ങളുടെ പൗരത്വം നിഷേധിച്ച് നാട് കടത്തുകയോ ഡിറ്റെൻഷൻ സെന്ററുകളിൽ തള്ളുകയോ ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.ഭരണം ആരുടെ കൈകളിൽ എത്തരുത് എന്ന് ഭരണഖടനാ ശില്പിയായ അംബേദ്കർ മുന്നറിയിപ്പ് നൽകിയോ അവരുടെ പിടിയിലാണ് ഇന്ന് രാജ്യം.സവർണ്ണ ഹിന്ദു ഫാസിസം അപരവൽക്കരിക്കുന്നതതും രണ്ടാം കിട പൗരന്മാർ ആക്കുന്നതും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും മാത്രമല്ല ഹിന്ദു മതത്തിന് ഉള്ളിൽ നിൽക്കുന്ന ദളിതരെ കൂടിയാണ്.ഇന്ത്യ ഇപ്പോഴും പൂർണ്ണമായും ഫാസിസവൾക്കരിക്കപ്പെട്ടിട്ടില്ല.അങ്ങിനെ സംഭവിച്ചാൽ ഉണ്ടാവുന്ന ദുരന്തങ്ങൾ ചരിത്രം കാണിച്ചു തന്നിട്ടുണ്ട്.അത് കൊണ്ട് തന്നെ ഓരോ ജനാധിപത്യ വിശ്വാസിയിൽ നിന്നും രാജ്യം ഇന്ന് ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.