20 December 2024, Friday
KSFE Galaxy Chits Banner 2

നമ്പൂതിരി: മലയാളത്തിന്റെ ചിത്ര വസന്തം

Janayugom Webdesk
എ കെ ഗോപിദാസ്
July 16, 2023 7:30 am

രേഖാ ചിത്രകലയെ ജനകീയമാക്കിയ വലിയ കലാകാരന്‍ നമ്പൂതിരി മാഷ് ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി യാത്ര പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ കലയെ സ്നേഹിക്കുന്നവര്‍ക്കുണ്ടായ നഷ്ടം പറഞ്ഞറിയിക്കാവുന്നതല്ല. എങ്കിലും ദേഹമേ വിട ചൊല്ലിയിട്ടുള്ളു. അദ്ദേഹം വരച്ചിട്ടുള്ള ചിത്രങ്ങളെല്ലാം കേരള കലാചരിത്രത്തില്‍ കാലത്തെ അതിജീവിച്ച് എന്നെന്നും നിലകൊള്ളുന്നതായിരിക്കും. ആ വലിയ കലാകാരനുമുന്നില്‍ സാഷ്ടാംഗ പ്രണാമം അര്‍പ്പിക്കുന്നു.
കവിതയ്ക്കം കഥയ്ക്കും സംസ്കാരത്തിനും മലയാളികള്‍ക്കേറെ സംഭാവന നല്‍കിയിട്ടുള്ള പൊന്നാനിപ്പുഴയുടെ തീരത്തെ കരുവാട്ടുമനയിലാണ് വാസുദേവന്‍ നമ്പൂതിരി ജനിച്ചത്. മഹാപണ്ഡിതനായിരുന്ന പരമേശ്വരന്‍ നമ്പൂതിരിയാണ് അച്ഛന്‍, ശ്രീദേവി അന്തര്‍ജനമാണ് അമ്മ. അച്ഛന്റെ ബൃഹത്തായ ഗ്രന്ഥശേഖരത്തില്‍ നിന്ന് ലോകചിത്രകലയിലെ നിത്യവിസ്മയങ്ങളായ മൈക്കേല്‍ ആഞ്ചലോയെക്കുറിച്ചും ഡാവിഞ്ചിയെക്കുറിച്ചുമൊക്കെ നന്നേ ചെറുപ്പത്തില്‍ തന്നെ വാസുദേവന്‍ മനസിലാക്കിയിരുന്നു.

ബാല്യത്തില്‍ തന്നെ ഇല്ലത്തിന്റെ ചുവരുകളിലും മുറ്റത്തുമൊക്കെ കരിക്കട്ടകൊണ്ടും ഈര്‍ക്കില്‍ കൊണ്ടും ധാരാളം ചിത്രങ്ങള്‍ വാസുദേവന്‍ വരച്ചിടുമായിരുന്നു. ഇക്കാലത്ത് അച്ഛന്റെ നിര്‍ബന്ധത്തിനുവഴങ്ങി സംസ്കൃതം പഠിക്കാനായി തൃശൂരിലെ ചിറ്റിലശേരി മൂത്തേടത്തേക്കു തിരിച്ചു. അവിടെ വിച്ചൂരു കുഞ്ഞു നമ്പൂതിരിയായിരുന്നു ഗുരു. നാല് വര്‍ഷക്കാലം പഠനം തുടര്‍ന്നു. സംസ്കൃതാനുബന്ധപഠനമായി വൈദ്യവും പഠിക്കേണ്ടിവന്നു. ഇതിനിടയില്‍ കിട്ടുന്ന സമയങ്ങളില്‍ ചിത്രങ്ങളും വരച്ചുപോന്നു. സംസ്കൃതപഠനത്തെക്കാളും വൈദ്യപഠനത്തെക്കാളും നമ്പൂതിരിയുടെ മനസില്‍ നിറഞ്ഞുനിന്നിരുന്നത് ചിത്രരചന തന്നെയായിരുന്നു. എങ്ങനെയെങ്കിലും ചിത്രമെഴുത്ത് പഠിക്കുക എന്ന മോഹം നമ്പൂതിരിയുടെ മനസില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരുന്നു. ചിത്രം വര പഠിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്ന മുന്‍ വിധിയായിരുന്നു വീട്ടുകാര്‍ക്ക്.
വൈദ്യപഠനം കഴിഞ്ഞ് തൃശൂരുള്ള ഒരു ചിത്രവിദ്യാലയത്തില്‍ ചേര്‍ന്ന് ചിത്രംവര പഠിക്കാന്‍ വാസുദേവന് അവസരമുണ്ടായി. അങ്ങനെ ആറുമാസം അവിടെ പഠിച്ചു. അവിടുത്തെ ചിത്രരചന സമ്പ്രദായം നമ്പൂതിരിക്ക് അത്ര പിടിച്ചില്ല. പകര്‍ത്തിവരയ്ക്കുന്ന ശൈലി ആയിരുന്നു അവിടെ എല്ലാ കുട്ടികളും സ്വീകരിച്ചിരുന്നത്. അന്നേ നമ്പൂതിരിക്ക് ആ വക ചിത്രരചനാ ശീലത്തോട് പൊതുവെ ഇഷ്ടക്കുറവായിരുന്നു. സ്വന്തമായ ഒരു ശൈലി സ്വരൂപിക്കുന്ന ചിത്രകാരന്മാരോടായിരുന്നു നമ്പൂതിരിക്ക് ഏറെ പ്രിയം. തന്റെ നാട്ടിലെ ശുകപുരം ക്ഷേത്രത്തിലെ ശില്പങ്ങള്‍ നമ്പൂതിരിയെ നന്നേ ചെറുപ്പത്തില്‍ തന്നെ ഒരുപാട് സ്വാധീനിച്ചിരുന്നു. അത് കാണുവാന്‍ തന്നെ നിരന്തരം വാസുദേവന്‍ ആ ക്ഷേത്രത്തില്‍ പോകാറുണ്ടെന്ന കാര്യം പിന്നീട് പല കുറിപ്പുകളിലും അദ്ദേഹം എഴുതിയിട്ടുണ്ട്.

അക്കാലത്ത് വരിക്കാശേരി മനയുമായിട്ട് നമ്പൂതിരിയുടെ ചേട്ടന് വളരെ അടുപ്പമുണ്ടായിരുന്നു. ചേട്ടനുമൊത്ത് പല പ്രാവശ്യം ആ മനയില്‍ നമ്പൂതിരി പോകാറുണ്ടായിരുന്നു. അതിന് ഒരു കാരണവുമുണ്ടായിരുന്നു. വരിക്കാശേരിയിലെ കൃഷ്ണന്‍ നമ്പൂതിരി കലാകാരനായിരുന്നു. അവിടെ പോകുന്ന സമയത്ത് കൃഷ്ണന്‍ നമ്പൂതിരിയുമായി ഒരുമിച്ചിരുന്നു വരയ്ക്കുകയും ചിത്രകലയെക്കുറിച്ച് അവര്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും ഒരു പതിവായിരുന്നു. കൃഷ്ണന്‍ നമ്പൂതിരിക്ക് മദ്രാസിലെ സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ ചേര്‍ന്ന് പഠിക്കുവാന്‍ വലിയ ആഗ്രഹമായിരുന്നു. പിന്നീട് അദ്ദേഹത്തിന് അവിടെ പ്രവേശനം ലഭിച്ചു. ശില്പവിഭാഗമായിരുന്നു തിരഞ്ഞെടുത്തത്.
അടുത്ത വര്‍ഷം കൃഷ്ണന്‍ നമ്പൂതിരി മദ്രാസിലേക്ക് തിരിച്ചപ്പോള്‍ ഒരു സഹായത്തിനായി വാസുദേവനെയും കൂടെ കൂട്ടി. കൃഷ്ണന്‍ നമ്പൂതിരിയെ സഹായിക്കുകയും പിന്നീട് ചിത്രമെഴുത്തും പഠിക്കാം എന്ന മോഹവും നമ്പൂതിരിയുടെ മനസില്‍ ഉണ്ടായിരുന്നു. മദ്രാസില്‍ കൃഷ്ണന്‍ നമ്പൂതിരിയോടൊപ്പം താമസിച്ചു. കൃഷ്ണന്‍ നമ്പൂതിരി തന്നെ സ്കൂള്‍ ഓഫ് ആര്‍ട്സിലേക്ക് വാസുദേവനെക്കൊണ്ട് അപേക്ഷയെടുപ്പിക്കുകയും കൊമേഴ്സ്യല്‍ ആര്‍ട്സ് കോഴ്സില്‍ നമ്പൂതിരിക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത നമ്പൂതിരിയുടെ സൃഷ്ടികള്‍ കണ്ടപ്പോള്‍ അന്നത്തെ പ്രധാന അധ്യാപകനായിരുന്ന കെസിഎസ് പണിക്കര്‍ നമ്പൂതിരിക്ക് ഡബിള്‍ പ്രൊമോഷനാണ് നല്‍കിയത്. അതായത് നാല് വര്‍ഷത്തെ കോഴ്സില്‍ രണ്ട് വര്‍ഷം നമ്പൂതിരിക്ക് ഇളവ് നല്കുകയാണുണ്ടായത്. തുടര്‍ന്ന് കെസിഎസ് പണിക്കരുടെ നിര്‍ദേശപ്രകാരം ഫെെന്‍ ആര്‍ട്ട് കോഴ്സ് കൂടി പൂര്‍ത്തിയാക്കിയാണ് 1957ല്‍ നമ്പൂതിരി മദ്രാസില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്.

അക്കാലത്താണ് എം വി ദേവനുമായി നമ്പൂതിരി പരിചയത്തിലാകുന്നത്. നമ്പൂതിരിക്ക് മുമ്പേ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും പഠിച്ചിറങ്ങിയ വ്യക്തിയായിരുന്നു എം വി ദേവന്‍. മാതൃഭൂമി വാരികയില്‍ ഇല്ലസ്ട്രേറ്റര്‍ ആയിരുന്നു ആ സമയത്ത് ദേവന്‍.
1960ല്‍ മാതൃഭൂമിയുടെ പത്രാധിപരായിരുന്ന എന്‍ വി കൃഷ്ണവാര്യരുടെ ക്ഷണം സ്വീകരിച്ച് അവിടെ ഇല്ലസ്ട്രേറ്ററായി ജോലിയില്‍ പ്രവേശിച്ചു. എം വി ദേവനും നമ്പൂതിരിയുമായിരുന്നു അന്നത്തെ മാതൃഭൂമിയിലെ ചിത്രകാരന്മാര്‍. ഒരു വര്‍ഷത്തിനു ശേഷം ദേവന്‍ മാതൃഭൂമിയില്‍ നിന്നും വിട്ടു. കുറച്ചുനാള്‍ നമ്പൂതിരി തന്നെയായിരുന്നു ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്നത്. അതിനുശേഷം എ എസ് നായര്‍ മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇവര്‍ ഒരുമിച്ച് ചിത്രീകരണം നിര്‍വഹിച്ച കാലമായിരുന്നു മാതൃഭൂമി വാരികയുടെ പുഷ്കലകാലമെന്നു പറയാം. പ്രമുഖ സാഹിത്യകാരന്മാരുമായും കവികളുമായും നമ്പൂതിരിക്ക് പരിചയപ്പെടാന്‍ കഴിഞ്ഞത് മാതൃഭൂമിയിലെ ജീവിതകാലത്തായിരുന്നുവെന്ന് നമ്പൂതിരി പിന്നീട് പറയുമായിരുന്നു. വരയ്ക്കുവാനായി കഥകള്‍ വായിക്കുമ്പോള്‍ തന്നെ കഥാപാത്രങ്ങളുടെ ലക്ഷണങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള ഒരു സിദ്ധി മറ്റേതൊരു ചിത്രകാരന്മാരെക്കാളും നമ്പൂതിരിക്ക് കൂടുതലായിരുന്നു. കഥാകാരന്മാര്‍ പോലും അത്ഭുതപ്പെട്ടുപോകുന്ന തരത്തിലുള്ളതായിരുന്നു നമ്പൂതിരിയുടെ ചിത്രീകരണ സവിശേഷത. അതുകൊണ്ടുതന്നെയാണ് വികെഎന്‍ അദ്ദേഹത്തെ ‘വരയുടെ പരമശിവന്‍’ എന്നു വിശേഷിപ്പിച്ചത്. മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന കാലത്താണ് സിനിമാ സംവിധായകന്‍ ജി അരവിന്ദനുമായി നമ്പൂതിരി പരിചയപ്പെടുന്നത്. അന്ന് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പര അരവിന്ദന്‍ മാതൃഭൂമിയില്‍ വരച്ചിരുന്ന കാലം. ആ ബന്ധത്തിലാണ് അരവിന്ദന്‍ സംവിധാനം ചെയ്ത ‘കാഞ്ചനസീത’യിലെ കഥാപാത്രങ്ങളുടെ വേഷവിതാനം നമ്പൂതിരിയെക്കൊണ്ട് വരപ്പിച്ചത്. പിന്നീട് പത്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന സിനിമയിലും നമ്പൂതിരിയാണ് കോസ്റ്റ്യൂം ഡിസൈന്‍ നിര്‍വഹിച്ചത്. ഇതെല്ലാം കഥാപാത്ര സൃഷ്ടിയിലുള്ള നമ്പൂതിരിയുടെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്. യു എ ഖാദറിന്റെ തൃക്കോട്ടൂര്‍, കഥകള്‍ക്കും സി രാധാകൃഷ്ണന്റെ ‘ഒറ്റയടിപ്പാത’യ്ക്കും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍‘ക്കും വേണ്ടി നമ്പൂതിരി വരച്ചുതീര്‍ത്ത ചിത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയവയാണ്.

1980കളുടെ ഒടുവില്‍ കലാകൗമുദിയില്‍ നിന്നുള്ള ക്ഷണം സ്വീകരിക്കുകയും മാതൃഭൂമിയോട് വിടപറയുകയും ചെയ്തു. കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച എം ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ നോവലിനുവേണ്ടി വരച്ചപ്പോള്‍ ചോള – പല്ലവ ശില്പങ്ങളെ ആധാരമാക്കി സൃഷ്ടിച്ച പുതിയൊരു പരിവേഷമായിരുന്നു കഥാപാത്രങ്ങള്‍ക്കു നല്കിയത്. ലാസ്യവതിയായി നില്ക്കുന്ന ദ്രൗപദിയും നെഞ്ചുവിരിച്ച് പ്രൗഢിയോടെ നില്‍ക്കുന്ന ഭീമനും നമ്പൂതിരിയുടെ രേഖാചിത്രകലയുടെ പുതിയ വെളിച്ചമായി കലാസ്വാദകര്‍ വിലയിരുത്തി. കലാകൗമുദിയില്‍ അക്കാലത്ത് പ്രസിദ്ധീകരിച്ച, ജീവപര്യന്തം, വിളിവന്ന് വിളിച്ചപ്പോള്‍, ബ്രിഗേഡിയര്‍ കഥകള്‍, പേറപ്പായി കഥകള്‍, വികെഎന്‍ കഥകള്‍, ആരും പറയാത്ത കഥ, എന്നിവയ്ക്കുവേണ്ടി വരച്ച ചിത്രങ്ങളെല്ലാം തന്നെ നമ്പൂതിരിയുടെ രേഖാചിത്രത്തെ കലാചരിത്രത്തില്‍ പ്രശംസിക്കപ്പെട്ടുകൊണ്ടേയിരിക്കും.
കേരളത്തിന്റെ മഹാനായ ചിത്രകാരന്‍ നമ്പൂതിരി മാഷ് വിട പറഞ്ഞെങ്കിലും മലയാളിയുടെ മനസില്‍ അദ്ദേഹം കോറിയിട്ട ചിത്രങ്ങള്‍ക്ക് ഒരിക്കലും മരണമില്ല, അത് കാലദേശങ്ങളെ അതിജീവിച്ച് പ്രശംസ ചൊരിഞ്ഞുകൊണ്ടേയിരിക്കും.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.