5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 25, 2024
September 16, 2024
April 17, 2024
September 14, 2023
July 28, 2023
July 22, 2023
May 22, 2023
May 2, 2023
April 17, 2023

പാട്ടിന്റെ പാലാഴി മറഞ്ഞിട്ട് നാല് വർഷം; എസ് പി ബിയുടെ ഓർമ്മകളിൽ നാട്

ടി കെ അനിൽകുമാർ 
തിരുവനന്തപുരം
September 25, 2024 8:22 am

പതിറ്റാണ്ടുകൾ നീണ്ട സപര്യയിലൂടെ സംഗീത പ്രേമികളുടെ ആത്മാവിനോട് ചേർന്ന എസ് പി ബാലസുബ്രഹ്മണ്യമെന്ന പാട്ടിന്റെ പാലാഴി മറഞ്ഞിട്ട് ഇന്ന് നാല് വർഷം. പാട്ടിനെ സ്നേഹിക്കുന്നവർക്ക് എസ് പി ബി എന്നത് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല , അതൊരു വികാരമായിരുന്നു. ഒരു സിനിമ ഗാനത്തിന് ആസ്വാദകന്റെ ഹൃദയം തൊടാൻ ആവശ്യമായ രുചിക്കൂട്ടുകൾ എന്തെന്ന് തിരിച്ചറിഞ്ഞ ഗായകനായിരുന്നു അദ്ദേഹം. ഗാനത്തിന്റെ കാവ്യാത്മകതയും അഭിനേതാവിന്റെ ശബ്ദസാമ്യവും ആലാപനത്തിലേക്ക് സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതോടെ നടന്നു കയറിയത് ജനമനസുകളിലേക്ക് . ഗായകൻ എന്ന വിശേഷണത്തിൽ മാത്രം ഒതുക്കാവുന്നതല്ലായിരുന്നു ആ കലാജീവിതം. സംഗീത സംവിധായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ അഭിനേതാവ്, ടെലിവിഷൻ അവതാരകൻ, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ നിരവധി മേഖലകളിലും അദ്ദേഹം തിളങ്ങി . തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യൻ ഭാഷകളിലായി 40,000ത്തിലേറെ പാട്ടുകളാണ് അദ്ദേഹം പാടിയത്. ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോർഡും എസ് പി ബി ജീവിതത്തിൽ വരച്ചിട്ടു .

സിനിമ കീഴടക്കിയ എൻജിനീയർ

കുഞ്ഞുനാൾ മുതൽ പാട്ടിനോട് കമ്പമുണ്ടായിരുന്ന ബാലസുബ്രമണ്യത്തെ ഒരു എൻജിനീയർ ആക്കാനായിരുന്നു മാതാപിതാക്കളായിരുന്ന ആന്ധ്രപ്രദേശ് നെല്ലൂരിലെ കൊനെട്ടമ്മപേട്ടയിൽ എസ് പി സാമ്പമൂർത്തിയുടെയും ശകുന്തളാമ്മയുടെയും ആഗ്രഹം . അങ്ങിനെ അനന്തപൂരിലെ എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നു. എന്നാൽ ടൈഫോയിഡ് പിടിച്ചതിനാൽ തുടർ വിദ്യാഭ്യാസം സാധ്യമാകാത്ത അദ്ദേഹം മദ്രാസിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. മദ്രാസ് അന്ന് ഇന്ത്യൻ സിനിമയുടെ വിധി നിർണയിക്കുന്ന നഗരമായിരുന്നു. അവിടെ പല മത്സരങ്ങളിൽ നല്ല ഗായകനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പഠനത്തോടൊപ്പം ലളിത സംഗീതത്തിലും മുൻ‌നിരക്കാരനായി. പഠനം ശേഷം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായി. മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം നേടി. അനിരുത്ത (ഹാർമോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാർമോണിയത്തിലും), ഭാസ്കർ (കൊട്ടുവാദ്യത്തിൽ), ഗംഗൈ അമരൻ (ഗിറ്റാർ‌) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകനായിരുന്നു അദ്ദേഹം. എസ് പി കോദണ്ഡപാണി, ഗന്ധശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

തുടക്കം ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണയിലൂടെ

ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും ഒരുപോലെ ഇണങ്ങുന്ന എസ് പി ബിയുടെ ഗാനമേളകൾ സംഗീതലോകത്ത് ചർച്ചയായപ്പോൾ ചലച്ചിത്ര പിന്നണിഗാന രംഗത്തും അതിന്റെ അലയൊലികളെത്തി. 1966ൽ എസ് പി കോദണ്ഡപാണിയുടെ സംഗീതത്തിൽ ‘ശ്രീശ്രീശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടിത്തുടങ്ങിയ അദ്ദേഹത്തിന്റെ സ്വരം എത്രയോ കോടി മനസ്സുകളെ ഓരോ ദിനവും ഉമ്മ വച്ചുണർത്തുന്നു, ഉറക്കുന്നു… ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ് വരെ വാങ്ങിയ ഈ ഗായകൻ സംഗീതം ഒരക്ഷരം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ‘കേളടി കൺമണി’യിലെ ‘മണ്ണിൽ ഇന്ത കാതൽ…’ , ‘ഇളയ നിലാ…’(പയനങ്കൾ മുടിവതില്ലൈ), മലയാളത്തിലെ ഹിറ്റ് ഗാനമായ ‘സ്വർണമീനിന്റെ ചേലൊത്ത…’(സർപ്പം), ‘താരാപഥം ചേതോഹരം…’(അനശ്വരം)… അങ്ങനെ എത്രയോ വ്യത്യസ്ത അനുഭൂതികൾ ആസ്വാദകരെ ഉണർത്തി. ശാസ്ത്രീയ സംഗീതവും നാടൻ ഗാനങ്ങളും ഒരുപോലെ വഴങ്ങിയപ്പോൾ ഇന്ത്യൻ സിനിമാ സംഗീതത്തിലെ വിസ്‌മയമായി ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ് പി ബി മാറി .

മലയാളത്തിലും ഹിറ്റുകൾ വാരിക്കൂട്ടി

1961ല്‍ കടല്‍പാലം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച എസ് പി ബാലസുബ്രഹ്മണ്യം തുടര്‍ന്ന് സമ്മാനിച്ചത് ഒരുപിടി മികച്ച ഗാനങ്ങൾ. അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലെ താരാപഥം ചേതോഹരം, മോഹൻലാൽ നായകനായ ബട്ടർഫ്ലൈസിലെ പാൽ നിലാവിലും തുടങ്ങിയ ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ബാലസുബ്രമണ്യത്തെ അടയാളപ്പെടുത്തതി. ബാലചന്ദ്രമേനോന്റെ സുഖം സുഖകരം, ഗാന്ധർവ്വം, മുന്നേറ്റം, തുഷാരം, രാജധാനി, വാർധക്യ പുരാണം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് , സ്വാതി തിരുനാൾ തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിൽ ബാലസുബ്രമണ്യത്തിന്റെ ശബ്ദ വിസ്‌മയം ജനങ്ങൾ അനുഭവിച്ചറിഞ്ഞു .

ബോളിവുഡ് വിലക്കുകളെ അതിജീവിച്ച പ്രതിഭ

ദക്ഷിണേന്ത്യൻ ഗായകർക്ക് ബോളിവുഡ് വിലക്ക് കൽപ്പിച്ച കാലം. മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ യേശുദാസിനുപോലും ഈ അദൃശ്യവിലക്ക് നേരിടേണ്ടി വന്നു. എന്നാൽ എസ് പി ബി ബോളിവുഡ് വിലക്കുകളെ അതിജീവിച്ചത് ചരിത്രം. കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്നു ആ ശബ്ദ സൗകുമാര്യം. എസ് പി ബി യുടെ ബോളിവുഡിലെ തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകർതന്നെ മാറ്റി നിർത്തിയ കാലത്താണ് ലക്ഷ്മികാന്ത്–പ്യാരേലാൽ സംഗീതം നൽകിയ ‘ഏക് ദൂജേ കേലിയേ’പുറത്തിറങ്ങുന്നത് . ആ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും (1981) ഈ ദക്ഷിണേന്ത്യക്കാരൻ സ്വന്തമാക്കി. പിന്നീട് ഹിന്ദിയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘സാജൻ’ എന്ന സൂപ്പർ ഹിറ്റ് വിജയത്തിലെ നിർണായക ശബ്ദമായി . ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്സ്പ്രസി’ന്റെ ‘നികൽ ന ജായേ…’ എന്ന ടൈറ്റിൽ സോങ് വരെ അദ്ദേഹം ആലപിച്ചു.

ഇസൈജ്ഞാനിയെ കരയിപ്പിച്ച  ബാലു

കോവിഡ് ബാധിതനായി വെന്റിലേറ്ററിൽ എസ് പി ബി മരണത്തോട് മല്ലിടുമ്പോൾ ആശുപത്രിക്ക് പുറത്ത് കണ്ണീരണിഞ്ഞ ഹൃദയവുമായി ഒരാൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു . സാക്ഷാൽ ഇസൈജ്ഞാനി ഇളയരാജ. ബാലു .… ബാലു .… എന്ന് വിറയാർന്ന സ്വരത്തോടെ അദ്ദേഹം വിളിച്ചപ്പോൾ പഴയൊരു പിണക്കത്തിന്റെ അലയൊലികൾ അതിലുണ്ടായിരുന്നു. ബാലസുബ്രഹ്മണ്യം പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചതിന്റെ അമ്പതാം വാര്‍ഷികം ലോകമെങ്ങും വിപുലമായ പരിപാടികൾ നടത്തുവാനായിരുന്നു ആരാധകർ തീരുമാനിച്ചത്.വിവിധ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച ശേഷം എസ് പി ബിയും ചിത്രയും ഉൾപ്പടെയുള്ള സംഘം സാൻ ഹൊസെയിൽ എത്തിയപ്പോൾ അവരെ വരവേറ്റത് ഒരു വക്കീൽ നോട്ടീസ്. ഇളയ രാജയുടെ ഒരു ഗാനവും സ്‌റ്റേജില്‍ അവതരിപ്പിക്കരുത്. അഥവാ അവതരിപ്പിക്കുകയാണെങ്കില്‍ അതിന്റെ റോയല്‍റ്റി മുന്‍കൂറായി അടയ്ക്കണം എന്ന ഇളയരാജയുടെ കമ്പനി അയച്ച വക്കീൽ നോട്ടീസ് അവരുടെ പ്രതീക്ഷകളെ ആകെ തകർത്തു. ‘എനിക്ക് ഈ നിയമം അറിയില്ല. അങ്ങനെ ഒരു നിയമം ഉണ്ടെങ്കില്‍ അത് അനുസരിക്കുക തന്നെ ചെയ്യും. ഞാന്‍ രാജയുടെ പാട്ടുകള്‍ പാടുന്നില്ല’-എന്ന് പ്രതികരിച്ച് ബാലസുബ്രമണ്യവും സംഘവും ആ ഷോയിൽ നിന്ന് ഇളയരാജയുടെ പാട്ടുകളെ ഒഴിവാക്കിയത് കാഴ്ചക്കാരെ നിരാശരാക്കി .

പുരസ്‌ക്കാരങ്ങളും നിരവധി

നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ ബാലസുബ്രമണ്യത്തെ തേടിയെത്തി. 1979‑ൽ പുറത്തിറങ്ങിയ കെ വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം ദേശീയ അവാർഡിന് അർഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു. ആദ്യത്തെ ഓഡിഷൻ ഗാനം “നിലവെ എന്നിടം നെരുങ്കാതെകാതെ” ആയിരുന്നു. മുതിർന്ന പിന്നണി ഗായകനായിരുന്ന പി ബി ശ്രീനിവാസ് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ അദ്ദേഹത്തിന് ബഹുഭാഷാ വാക്യങ്ങൾ എഴുതി നൽകാറുണ്ടായിരുന്നു.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.