28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 6, 2024
November 29, 2024
December 19, 2022
December 4, 2022
December 1, 2022
November 27, 2022
November 27, 2022
November 26, 2022
November 25, 2022

ഏഷ്യയുടെ വളര്‍ച്ചയും വമ്പന്മാരുടെ തകര്‍ച്ചയും; പന്ന്യന്‍ എഴുതുന്നു

കളിയെഴുത്ത്
November 27, 2022 11:05 pm

ത്തറിൽ നടക്കുന്ന 22ാമത് ഫിഫാകപ്പ് മത്സരങ്ങളിലെ പിരിമുറുക്കത്തിന്റെ ദിവസങ്ങളാണ് മുന്നിലെത്തുന്നത്. ആദ്യ റൗണ്ടിൽ തികച്ചും അപ്രതീക്ഷിതമായ അട്ടിമറികൾ. മത്സരത്തിന്റെ തനതു പ്രത്യേകതകൾ പ്രകടമാക്കിയ അർജന്റീനയുടെ തോൽവിയാണ് ലോകമാകെ ശ്രദ്ധിക്കപ്പെട്ടത്. മെസിയെന്ന മഹാപ്രതിഭയുടെ ടീമിന്റെ തോൽവി ആരാധകലോകത്തിന് താങ്ങാവുന്നതായിരുന്നില്ല. മാത്രമല്ല, 36 മത്സരങ്ങളിൽ തോൽവിയറിയാതെ കടന്നുവന്നവർക്ക് ഫിഫയിലെ ആദ്യ മത്സരം ജയിച്ചിരുന്നെങ്കിൽ അപരാജിത ലോകറെക്കോഡ് നേടാമായിരുന്നു. ഇറ്റലിയോടൊപ്പമുള്ള കളിയില്‍ രണ്ടാം ജയം കൂടി ആയാല്‍ ലോകത്തിന്റെ നെറുകയിൽ എത്താനും കഴിയുമായിരുന്നു. ആ വലിയ മോഹക്കൊട്ടാരമാണ് സൗദി അറേബ്യ തകർത്തെറിഞ്ഞത്.
ആദ്യ പകുതിയിലെ ലീഡിൽ ജയം മനസിൽ കണക്കുകൂട്ടിയിരിക്കെ ഓർക്കാപ്പുറത്തെ തിരിച്ചടി അതും ആറുമിനിറ്റിന്റെ ഇടവേളയിൽ രണ്ടു ഗോളായി കടന്നുകയറിയത്. ഒരു ഗോളിന് പിന്നിൽ നിന്നതിനെതുടർന്ന് 41 മിനിറ്റു നേരവും കയറിക്കളിച്ചും അറ്റാക്കിങ് ഫുട്ബോളിന്റെ സകലമാന തന്ത്രം പയറ്റിയിട്ടും ഒരു ഗോൾപോലും തിരിച്ചടിക്കാനായില്ല. 

ഫുട്ബോൾക്കളിയുടെ ഏറ്റവും പ്രധാനമായ കാര്യം, പഴുതുകൾ കണിശമായി അടയ്ക്കുകയെന്നതാണ്. ഡിഫൻസിൽ വന്ന പിഴവും മിഡ്ഫീൽഡിലെ താൽക്കാലിക മരവിപ്പും കൃത്യമായി സൗദി കളിക്കാർ മുതലാക്കി. മെസിയുടെ പെനാൽറ്റി ഗോളിലെ ലീഡിൽ വന്ന ജയഭാവം വരുത്തിയ വലിയ വിനയാണ് തോൽവിക്ക് ഒരു കാരണം. മറ്റൊന്ന് എതിരാളിയെക്കുറിച്ചുള്ള കണക്കുകൂട്ടലാണ്.
സമാനമായ മറ്റൊരു കളികൂടി ലോകം ചർച്ച ചെയ്തു. ജർമ്മനിയുടെ തോല്‍വിയായിരുന്നു അത്. ആദ്യത്തെ പകുതിയിൽ ജർമ്മൻ പട ഒരു ഗോളിന് മുന്നിൽ, രണ്ടാം പകുതിയിൽ കളിക്കളം ഇളകിയാടി. ജർമ്മൻ പടയുടെ കാവൽക്കാരുടെ ശ്രദ്ധക്കുറവിൽ ഒരു ജോഡി ഗോളുകൾ തിരിച്ചുവാങ്ങി പരാജിതരായി. ജപ്പാന്റെ മുൻപിൽ ഒരു തോൽവി തികച്ചും അപ്രതീക്ഷിതമായിരുന്നു.
ജർമ്മനിയുടെ തോൽവിയും ഒട്ടും പ്രതീക്ഷിച്ചില്ല. ഗ്രൂപ്പ് ഇ യിൽ നടന്ന അട്ടിമറി ജർമ്മനിയുടെ യാത്രയ്ക്ക് ആശങ്കയുണ്ടാക്കി. സ്പെയിൻ കോസ്റ്റാ റിക്കക്കെതിരെ ഗോൾ മഴപെയ്യിച്ചുകൊണ്ടാണ് തുടങ്ങിയത് ഏഴ് ഗോളിന്റെ തകർപ്പൻ ജയം. ഗ്രൂപ്പ് ബിയിൽ ഇറാന്റെ ജയവും പ്രധാനമാണ്. ഇപ്പോൾ മൂന്നു പോയിന്റുമായി അവർ രണ്ടാം സാഥാനത്താണ്. ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തി. ഇറാൻ മൂന്നു പോയിന്റുമായി പിന്നാലെയുണ്ട്. എന്തായാലും പ്രീക്വാർട്ടറിൽ ഏഷ്യൻ പ്രാതിനിധ്യം ഉറപ്പാകുമെന്ന് കരുതാം.

ഖത്തർ ലോകകപ്പിൽ ഏഷ്യൻ മേഖലയുടെ വിജയത്തെ കാണാതിരുന്നുകൂട. ജപ്പാനും സൗദി അറേബ്യയും ഇറാനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലാറ്റിനമേരിക്കയും യൂറോപ്പും ശാക്തികബലംകൊണ്ട് നിറഞ്ഞാടുന്നതിന് പ്രൊഫഷണലിസത്തിന്റ പിന്തുണ കൂടിയുണ്ട്. കാരണം ഈ രാജ്യങ്ങളിലെ കളിക്കാരെല്ലാം യൂറോപ്യൻ പ്രൊഫഷണൽ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നവരാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ചില കളിക്കാർ വിദേശടീമുകളിൽ കളിക്കുന്നവരുള്ളത് ജപ്പാൻ ടീമിലാണ്. മൊണാക്കോ ടീമിലുള്ള ചിലകളിക്കാർ ജപ്പാന്റെ പ്രമുഖ താരങ്ങളാണ്. ഇതുകൊണ്ട് ഒരുവലിയഗുണമുണ്ട്, കളിക്കാർക്ക് നിരന്തരമായ പ്രാക്ടീസും തുടർച്ചയായ മത്സരങ്ങളും ലഭിക്കും. ഈ ഗുണം ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരാണ് ലാറ്റിനമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമുള്ള കളിക്കാരാണ് വിദേശ ക്ലബ്ബുകളുടെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്.
കളിയുടെ ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ പലമുൻധാരണകളും തിരുത്തപ്പെടേണ്ടതായി വന്നു. അർജന്റീനയുടെ പരാജയം ലോകമാകെയുള്ള ആരാധകവൃന്ദത്തെ മനോവിഷമത്തിലാക്കി. മെസിയുടെ പെനാല്‍റ്റി ഗോളിൽ ആശ്വാസംകൊണ്ടവർ ശ്വാസമടക്കിപ്പിടിച്ചും തലതാഴ്ത്തിയുമാണ് കളംവിട്ടത്. മെസിയുടെആരാധകരും അർജന്റീനയുടെ ആരാധകരും ഒരുപോലെയായി. എന്നാൽ മെക്സിക്കോയെ തോൽപ്പിച്ചതിൽ മെസിയുടെ പങ്കോടെ അവരെയെല്ലാം പൂർവാവേശത്തിലായി.
എന്നാൽ ബ്രസീൽ- സെർബിയ മത്സരം ബ്രസീൽ ആരാധകരെ ആവേശത്തേരിലാഴ്ത്തിയിരുന്നു. പ്രസ്തുത കളികഴിഞ്ഞപ്പോൾ ബ്രസീലിന്റെ റേഞ്ച് ഒരുപാട് ഉയർന്നുപൊങ്ങി. അന്നത്തെ മത്സരത്തിൽ സെർബിയൻ ഡിഫന്റർമാരെ അമ്പരപ്പിച്ചുകൊണ്ട് റിച്ചാര്‍ലിസൺ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ലോകം എന്നും ഓർക്കും. തൊട്ടടുത്ത് ഉയരം കൂടിയ സെർബിയ ഡിഫൻസിന്റെ തലക്കുമുകളിൽകൂടി ഷോട്ടുതിർക്കുമ്പോൾ എല്ലാവരും അറിയാതെ കയ്യടിച്ചുപോയി. നെയ്മറുടെ പ്രശസ്തിയിൽ മാത്രം കഴിഞ്ഞ ടീം അദ്ദേഹത്തിന്റെ അഭാവത്തിലും മികവു കാട്ടുമെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന പ്രകടനമാണ് വിനീഷ്യസും റിച്ചാര്‍ലിസനുമൊക്കെ കളിക്കളത്തിൽ സൂചിപ്പിക്കുന്നത്.

ഗ്രൂപ്പ് എയിൽനിന്ന് നെതർലാന്റ്സും ഇക്വഡോറും, സിയിൽനിന്ന് പോളണ്ടും അർജന്റീനയും, ഡിയിൽ നിന്നും ഫ്രാൻസും ഓസ്ട്രേലിയയും കുഴപ്പമില്ലാതെ പ്രീക്വാർട്ടറിൽ എത്തും. ബിയിൽ നിന്നും ഇംഗ്ലണ്ടും ഇറാൻ, യുഎസ്എ എന്നിവയിൽ ഒരു രാജ്യവും ഇ യിൽ സ്പെയിൻ, ജപ്പാൻ, ജർമ്മനി എന്നിവരിൽ രണ്ടു രാജ്യങ്ങളും പ്രീക്വാർട്ടറിൽ എത്തുമെ­ന്ന് പ്രതീക്ഷിക്കാം. എണ്ണത്തി­ൽ കൂടുതൽ ഉള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് ചില പരിക്കുകൾ ഉ­ണ്ടാവുമെന്നാണ് ആദ്യ മത്സര ഫലങ്ങൾ തെളിയിക്കുന്നത്.
ബ്രസീൽ നല്ല ഫോമിലാണ് കളിക്കുന്നത്. പു­തിയ താരങ്ങളുടെ ഒരു വലിയ നിരതന്നെ ടിറ്റെയുടെ ടീമിലുണ്ട്. നെയ്മറുടെ പരിക്കു പൊതുവെ പ്രയാസംനേരിടുമെങ്കിലും അതിനെ കവർചെയ്യാനുള്ള തന്ത്രങ്ങൾ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ കളിയിൽ നെയ്മറെ മിഡ്ഫീൽഡിൽ ഇറക്കി നിർത്തി ഡിഫൻസിങ് മിൽഫീൽഡറായാണ് രംഗത്ത് വന്നതെങ്കിൽ ഇത്തവണ പഴയ ശൈലിയിൽ ടീമിനെ ഇറക്കുമെന്നാണ് സൂചന. പെലെയുൾപ്പെടെ കളിച്ച ഫോർമേഷനാണിത്. അതിനാവശ്യമായ സജ്ജീകരണങ്ങളാണ് ടിറ്റെ ഒരുക്കുന്നത്. എന്തായാലും ഇത്തവണ ജയിച്ചു ആറാമതും കപ്പ് നാട്ടിലെത്തിക്കണമെന്നാണ് അവരുടെ കണക്കുകൂട്ടൽ. 2014ൽ ബ്രസീൽ മറക്കാനയിൽ നിന്നു നെയ്മറിന്റെ പരിക്ക് കാരണം കനത്ത തോൽവിയിൽ തകർന്നപോയ പഴയ കഥ ആവർത്തിക്കരുതെന്നാണ് അവരുടെ ദൃഢനിശ്ചയം. വിനീഷ്യസിനെയും റഫിന്യോയെയും റിച്ചാര്‍ലിസണെയും പക്വറ്റെയെയും മുൻനിര താരമായി പാകപ്പെടുത്തിക്കഴിഞ്ഞു.

ഈ ടൂർണമെന്റിന്റെ തുടക്കം തന്നെ ലോകം സ്വീകരിച്ച റിച്ചാര്‍ലിസൺ, എൻസോ ഫർണാണ്ടസ് എന്നിവരും എംബാപ്പെയും താരവലുപ്പത്തിൽ മുന്നിലാണ്. ബ്രസീലിന്റെ കളിക്ക് ശേഷം ലോകവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന റിച്ചാര്‍ലിസൺ വലിയ ചർച്ചാവിഷയമായി. അദ്ദേഹത്തിന്റെ ബൈസിക്കിൾ കിക്ക്ഗോൾ അഞ്ഞൂറ് കോടിയോളം ജനങ്ങളാണ് പലവഴിയായി കളികണ്ടത്. ഇത് ലോകത്തിൽ ഒരു ഫുട്ബോളർക്ക് മാത്രമല്ല.ലോക ചരിത്രത്തിൽ ഒരുമഹാനും ഇങ്ങനെ ഒരു ഭാഗ്യം ലഭിച്ചിട്ടില്ല. റിച്ചാര്‍ലിസൺ എന്ന പാവപ്പെട്ട കുടുംബത്തിലെ ചെറുപ്പക്കാരന്റെ ദയനീയ ജീവിത കഥ ഇന്ന് ലോകം മുഴുവൻ ചർച്ചാ വിഷയമാണ്.
ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച കൊച്ചുബാലൻ പന്തിന്റെ മായാജാലങ്ങൾ സ്വയം ഹൃദിസ്ഥമാക്കി ജീവിക്കുവാൻ ഐസ്ക്രീം വിറ്റുനടന്നു. മയക്കമരുന്നു വിൽപ്പനയോട് സഹകരിക്കാൻ തയാറാകാത്തതിന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോൾ ഓടി രക്ഷപ്പെട്ടു വന്ന പാവംപയ്യൻ ലോകത്തെ വിസ്മയിക്കുന്ന ഫുട്ബാൾ താരമായി. ലാറ്റിനമേരിക്കൻ ഫുട്ബോളിൽ ഇതിഹാസങ്ങൾ രചിച്ച മഹാന്മാരുടെ പട്ടികയിൽ ഇവർക്ക് സ്ഥാനംകിട്ടിയത് ഫുട്ബോളിലാണ്. മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും ലെവൻഡോവ്സ്കിയുമായി കടന്നവന്ന ടീമുകളിൽ വിജയത്തിന്റെ ശതമാനം എത്രത്തോളമെന്ന് ലോകം കാണുകയാണ്. മൂന്ന് കളികളുടെ കടമ്പ കടന്ന് പ്രീക്വാർട്ടറിൽ എത്തി നോക്കൗട്ട് മത്സരം തുടങ്ങിയാൽ തോൽക്കുന്നവർക്ക് അപ്പപ്പോൾ സ്ഥലം വിടാം. അഞ്ചു വർഷത്തിലൊരിക്കൽ വന്നണയുന്ന മഹാമേളം അത്തറിന്റെ നാടിന് ആരവത്തിന്റെയും ലഹരിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.