22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025

അസം സംഘ്പരിവാരത്തിന്റെ പരീക്ഷണശാല

ജയശ്ചന്ദ്രൻ കല്ലിംഗൽ
September 16, 2023 4:45 am

അസമിൽ 2016 മുതൽ ബിജെപി സർക്കാരാണ് അധികാരത്തിലുള്ളത്. തരുൺ ഗോഗോയുടെ നേതൃത്വത്തിലുള്ള നീണ്ട 15 വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ചാണ് 2016ൽ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരമേറ്റെടുത്തത്. ആ വിജയത്തിന് നേതൃത്വം നൽകിയ ഹിമന്ത് ബിശ്വ ശർമ്മയാണ് 2021 മുതൽ മുഖ്യമന്ത്രി. 2016ലെ സർക്കാർ അതിനു മുമ്പത്തെ കോൺഗ്രസ് സർക്കാരിന്റെ നയങ്ങളിൽ വലിയ വ്യത്യാസമില്ലാതെ മുന്നോട്ടുപോയെങ്കിൽ 2021 മുതലുള്ള രണ്ടാം ബിജെപി ഭരണം കേന്ദ്രനയങ്ങളെ അതേപടി പിന്തുടരുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അസം സ്റ്റുഡന്റ്സ് യൂണിയനിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഹിമന്ത് പിന്നീട് കോൺഗ്രസിന്റെ പ്രധാന നേതാവായി ഉയരുകയായിരുന്നു. കോൺഗ്രസിൽ തുടർന്നാൽ മുഖ്യമന്ത്രിയാകുവാൻ സാധ്യതയില്ല എന്ന് തിരിച്ചറിഞ്ഞാണ് കളം മാറ്റിച്ചവിട്ടി ബിജെപിയിലെത്തിയത്. അതിവേഗം സംഘ്പരിവാരത്തിന്റെ ഏറ്റവും വലിയ വക്താവായെന്നു മാത്രമല്ല അമിത്ഷായുടെ കടുത്ത ഭക്തനും ഹിന്ദുത്വയുടെ യഥാർത്ഥ പ്രതിനിധിയുമായി മാറി. ഹിമന്ത് ബിശ്വയിലൂടെ സംഘ്‌രാഷ്ട്രീയത്തിന്റെ യഥാർത്ഥ പരീക്ഷണശാലയാകുകയാണ് അസം. ഗോത്രസംസ്കാരത്തിന് മുൻതൂക്കമുള്ള ഒരു പ്രദേശത്ത് ദേശീയത എത്രത്തോളം വേരോടുമെന്ന് സംഘ്പരിവാരത്തിന് സന്ദേഹമുണ്ടായിരുന്നു. പക്ഷേ ഇതിനെയെല്ലാം അപ്രസക്തമാക്കുന്നതിന് സാമർത്ഥ്യമുള്ള ചാണക്യനായിരുന്നു ഹിമന്ത് ബിശ്വ. 65 ശതമാനം ഹിന്ദുക്കളും 35 ശതമാനം മുസ്ലിംങ്ങളും ഉള്ള സംസ്ഥാനം. രാജ്യത്തെ ആദ്യ വനിതാ മുസ്ലിം മുഖ്യമന്ത്രി അൻവാര തൈമൂർ ഭരണത്തിലേറിയ സംസ്ഥാനം. മുസ്ലിം സമുദായത്തിന് അത്രയേറെ ഭരണപരമായ സ്വാധീനമുണ്ടായിരുന്നു. കോൺഗ്രസാണെങ്കിൽ മുസ്ലിം പ്രീണന നയം സ്വീകരിച്ചു എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. ഈ ദൗർബല്യം മുതലെടുത്താണ് പ്രാദേശിക പാർട്ടികൾ ശക്തി പ്രാപിച്ചത്. കോൺഗ്രസിനെതിരെ അസം സ്റ്റുഡന്റ്സ് യൂണിയനും തുടർന്ന് അസം ഗണപരിഷത്തും ശക്തി പ്രാപിച്ചതും ഈ വഴിയിലൂടെയാണ്.

എന്നാൽ അഴിമതിയും കെടുകാര്യസ്ഥതയും അവരെ ജനങ്ങളിൽ നിന്നും അകറ്റി. തുടർന്നാണ് തരുൺ ഗോഗോയ് യുഗം. കോൺഗ്രസ് നേതൃത്വത്തിന്റെ സാമർത്ഥ്യമില്ലായ്മയും സമയാസമയങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുന്നതിൽ ദേശീയ നേതൃത്വത്തിന്റെ പരാജയവും ഒപ്പം ഹിമന്ത് ബിശ്വയുടെ കാലുമാറ്റവും ബിജെപിയുടെ അധികാരത്തിലേക്കുള്ള മാർഗം സുഗമമാക്കി. സംഘ്പരിവാർ രാഷ്ട്രീയം മുഖ്യധാരയിൽ കൊണ്ടുവരാതെ ആദ്യം ഒരു സഖ്യത്തിന് ബിജെപി രൂപം നൽകി. അതുവഴി മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളെ വലയിലാക്കി. അവസാനം 2016ൽ യഥാർത്ഥ സംഘ്പരിവാർ രാഷ്ട്രീയം അസമിലും നടപ്പിലാക്കിത്തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയിലേറെ അസമിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനിടയായി. ഉന്നത ശ്രേണിയിലുള്ളവരുടെയും മധ്യവർഗത്തിന്റെയും ഇടയിൽ ബിജെപി ഭരണത്തെക്കുറിച്ച് തരക്കേടില്ലാത്ത അഭിപ്രായമാണ്. ബിജെപിയാണ് വികസനം കൊണ്ടു വന്നതെന്നാണ് അവരുടെ അഭിപ്രായം. നഗരങ്ങളിൽ വികസനത്തിന്റെ ചില സൂചനകൾ കാണാമെങ്കിലും ഗ്രാമങ്ങളുടെ സ്ഥിതി ശോചനീയം തന്നെ. പ്രധാന നിരത്തുകളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ഇപ്പോഴും ടാറിടാത്ത ഇടവഴികളാണുള്ളത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നും ഒരു ഉയർച്ചയും അസമിന് ബിജെപി ഭരണം കൊണ്ട് നേടാനായിട്ടില്ല. കോർപറേറ്റ്‌വൽക്കരണം പൊതുമേഖലയെ തീർത്തും നശിപ്പിച്ചു കഴിഞ്ഞു. പ്രധാന വരുമാന മാർഗങ്ങളായ പെട്രോളിയം ഉല്പാദനം വരെ സ്വകാര്യ മേഖലയിൽ ആയിക്കഴിഞ്ഞു.


ഇതുകൂടി വായിക്കൂ: ഹിന്ദുയിസത്തെ വെല്ലുവിളിച്ച് ഹിന്ദുത്വ


പരമ്പരാഗത തൊഴിൽമേഖലയായ തുണിനെയ്ത്തും നശിച്ചു. പട്ടുനൂൽപ്പുഴു കൃഷിയും കൈത്തറിയും സംരക്ഷിക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കുന്നേയില്ല. ബംഗ്ലാദേശ് കുടിയേറ്റം ആരോപിച്ച് മുസ്ലിം ജനതയെ പൊതുരംഗത്ത് ഒറ്റപ്പെടുത്തുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും അത്ര ഏശിയില്ല. അനധികൃത കുടിയേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് അസം സ്റ്റുഡന്റ്സ് യൂണിയൻ ജനപ്രിയത നേടിയത്. എന്നാൽ കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിച്ച മൃദുസമീപനം സംഘ്പരിവാർ രാഷ്ട്രീയത്തെ ഭൂരിപക്ഷ ഹിന്ദുക്കൾക്ക് സ്വീകാര്യമാക്കി. ഇടതുപക്ഷമുൾപ്പെടെയുള്ള പുരോഗമന ശക്തികൾ ദുർബലമായതുകൊണ്ട് ജനങ്ങൾക്ക് ഇതിന്റെ അപകടം ബോധ്യപ്പെടുത്താനുമായില്ല. ബിജെപി അധികാരത്തിലെത്തിയതോടെ മുസ്ലിം ജനവിഭാഗം തീർത്തും ആശങ്കയിലാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച സർക്കാരും അസമിലാണ്. ഏകീകൃത സിവിൽ കോഡിന്റെ വിഷയത്തിലും അസം സർക്കാർ തീവ്രനിലപാടാണ് സ്വീകരിക്കുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ നേതാവായിരിക്കുകയും വലിയ ജനാധിപത്യവാദിയായി രംഗത്തുവരികയും ചെയ്ത ഹിമന്ത് ബിശ്വയാണ് ഇന്ന് രാജ്യത്തെ ഹിന്ദുത്വയുടെ പ്രഥമ നടത്തിപ്പുകാരൻ. കോൺഗ്രസ് നേതാക്കളുടെ അവസരവാദ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് ഹിമന്ത് ബിശ്വ. അസമിന്റെ ഏകദേശം മധ്യത്തിലൂടെയാണ് ബ്രഹ്മപുത്ര ഒഴുകുന്നത്. ഇന്ത്യയിലെ ഏറ്റവും വീതി കൂടിയതും ഏറ്റവും കൂടുതൽ ജലം വഹിക്കുന്നതുമായ നദിയുമായി ബന്ധപ്പെട്ട് മജുലി എന്നൊരു ദ്വീപ് ജില്ല തന്നെയുണ്ട്. അസമിന്റെ റോഡ് കണക്ടിവിറ്റിക്ക് ബ്രഹ്മപുത്ര ഒരു വെല്ലുവിളിയാണ്. നദിക്ക് കുറുകെ പാലങ്ങൾ നിർമ്മിക്കുന്നത് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന വിഷയവുമാണ്. പ്രഖ്യാപിക്കുന്ന പദ്ധതികളിൽ ഭൂരിഭാഗവും ജലരേഖകളാണെന്നും മുഖ്യമന്ത്രിയുടെ ഗിമ്മിക്കുകളാണെന്നുമാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. വാചകക്കസർത്ത് നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതിൽ മോഡിയുടെ അനുജനാണ് ഹിമന്ത് ബിശ്വ. എല്ലാ ആഴ്ചയിലും ചേരുന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധ നേടിയെടുക്കുമെങ്കിലും അത് ഉത്തരവായിട്ടിറങ്ങാറില്ല എന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. ഗുവാഹട്ടിയിൽ രണ്ട് കിലോമീറ്റർ നീളമുള്ള ഓവർബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുത്തത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 20നാണ്. രണ്ടരവർഷമെടുത്ത് നിർമ്മിച്ച പാലത്തിന് 420 കോടി രൂപ ചെലവായി.

എന്നാൽ പാലത്തിലൂടെ ലഘുവാഹനങ്ങൾക്കു മാത്രമേ യാത്ര ചെയ്യാൻ കഴിയു. കോൺക്രീറ്റ് തൂണുകളിൽ സ്റ്റീൽ ഉപയോഗിച്ചാണ് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്. കൊട്ടിഘോഷിക്കപ്പെട്ട് നടത്തിയ ഉദ്ഘാടനത്തിന്റെ പരസ്യങ്ങൾ പത്രങ്ങളിൽ വന്നുവെങ്കിലും പാലത്തിന്റെ ന്യൂനതയെ സംബന്ധിച്ച് ഒരു വരിപോലും എഴുതുവാൻ മാധ്യമങ്ങൾ തയ്യാറായില്ല. അടുത്ത രണ്ടു വർഷത്തിനകത്ത് നൂറ് പാലങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. സുവാൽകുച്ചിയിൽ നിന്നും ഗുവാഹട്ടി നഗരത്തിലേക്കുള്ള പാലത്തിന് തറക്കല്ലിട്ടിട്ടുണ്ട്. പല പദ്ധതികളും തറക്കല്ലിടലിൽ അവസാനിക്കുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളാണിവ എന്നതാണ് യാഥാർത്ഥ്യം. സംയുക്ത കിസാൻമോർച്ചയുടെ അസം യൂണിറ്റ് സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കഴിഞ്ഞദിവസം ഒരു മഹാ കൺവെൻഷൻ ഗുവാഹട്ടിയിൽ ചേർന്നിരുന്നു. നെല്ല് സംഭരണത്തിൽ സർക്കാർ വലിയ പരാജയമാണ്. ക്വിന്റലിന് 20,400 രൂപ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 19,400 രൂപയാണ് കർഷകർക്ക് നൽകുന്നത്. സംഭരണം യഥാസമയം നടത്താനും സർക്കാർ തയ്യാറാകുന്നില്ല. കഴിഞ്ഞ വർഷം 10 ലക്ഷം മെട്രിക് ടൺ ശേഖരിച്ചിരുന്നുവെങ്കിൽ ഇത്തവണ ആകെ സംഭരിച്ചത് നാല് ലക്ഷം മെട്രിക് ടണ്ണാണ്. 2021–22ൽ അസമിലെ നെല്ലുല്പാദനം 52.59 ലക്ഷം ടണ്ണായിരുന്നു. കർഷകർക്ക് കിലോയ്ക്ക് എട്ട് മുതൽ 10 രൂപയ്ക്ക് നെല്ല് വിൽക്കേണ്ടി വരുന്നു. കേരളത്തിന്റെ മൂന്നിരട്ടിയെങ്കിലും നെല്ലുല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് അസം. ഒരു കാർഷിക സംസ്ഥാനമല്ലാതിരുന്നിട്ടും കർഷകരെ സംരക്ഷിക്കുന്നതിനും ഉല്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിനും കേരളം സ്വീകരിക്കുന്ന നടപടികൾ നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളം മറ്റെല്ലാ രംഗത്തെയും പോലെ കാർഷിക രംഗത്തും മാതൃകയാകുന്നത് ഇവിടെയാണ്. 2022–23 ൽ മാത്രം ഏഴ് ലക്ഷം മെട്രിക് ടൺ നെല്ല് കേന്ദ്രം പ്രഖ്യാപിച്ചതിനെക്കാളും കിലോയ്ക്ക് 7.80 രൂപ അധികം നൽകി വിളവെടുക്കുന്ന മുഴുവൻ നെല്ലും കേരളം സംഭരിക്കുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 12 ലക്ഷം കർഷകർക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതിരിക്കെ 3.5 ലക്ഷം ഹെക്ടർ ഭൂമി പാം ഓയിൽ കൃഷിക്കായി നാല് വൻകിട കോർപറേറ്റുകൾക്ക് നൽകുന്നതിനുള്ള അസം സർക്കാരിന്റെ തീരുമാനവും കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ വിഷയങ്ങളെല്ലാം ഉയർത്തിക്കാട്ടി കർഷക പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനാണ് എസ്‌കെഎം തീരുമാനിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:സനാതന ധർമ്മം വിമർശിക്കപ്പെടുമ്പോൾ


19-ാം നൂറ്റാണ്ടിലാണ് അസമിൽ തേയില കൃഷി ആരംഭിക്കുന്നത്. പക്ഷേ ഇന്ന് സർക്കാർ തേയില കർഷകരെ സഹായിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത്. കേരളത്തെപ്പോലെ വൻകിട എസ്റ്റേറ്റുകളിൽ മാത്രമല്ല ചെറുകിട കർഷകരും തേയില കൃഷി ചെയ്യുന്നുണ്ട്. അവരുടെ ജീവിതം പരിതാപകരമായ നിലയിലാണ്. സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ അസം സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതിന് സർക്കാരിന് സാധിച്ചു. എന്നാൽ അവയെല്ലാം നിലവാരം പുലർത്തുന്നുണ്ടോ എന്ന് ഉറപ്പു പറയാനാകില്ല. ഇതിനിടയിലാണ് യോഗയ്ക്കും പ്രകൃതി ചികിത്സയ്ക്കും വേണ്ടി നൂറ് കിടക്കകളുള്ള ആശുപത്രി അനുവദിച്ചത്. ഇതിനായി 100 കോടി രൂപയും 280 ഏക്കർ സ്ഥലവും നൽകി. ആധുനിക ആരോഗ്യ സംവിധാനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് പകരം പാരമ്പര്യ ചികിത്സകൾക്ക് പ്രാധാന്യം നൽകുന്ന സാഹചര്യമാണ് നിലവിലുള്ളത്. റേഷനിങ് സംവിധാനം ഗ്രാമീണ മേഖലയിൽ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. നിയമനങ്ങൾക്ക് ബിജെപി ആസ്ഥാനത്ത് കോഴ വാങ്ങുന്നതായിട്ടുള്ള ആരോപണവും ശക്തമാണ്. ഇതിനിടെയാണ് കർഷക മോർച്ച വനിതാ നേതാവ് ഇന്ദ്രാണി തഹസിൽദാരിന്റെ ആത്മഹത്യ. ബിജെപി സംസ്ഥാന നേതൃത്വത്തെ ഇതെല്ലാം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ വിദ്വേഷ പ്രചരണങ്ങളിലൂടെ ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നതിന് സംഘ്പരിവാർ ശക്തികൾക്ക് കഴിയുന്നു. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒരേ നിലയിൽ ആശങ്ക സൃഷ്ടിക്കത്തക്ക നിലയിൽ വെറുപ്പ് ഉല്പാദിപ്പിക്കുന്ന പ്രചരണങ്ങളാണ് നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.