5 May 2024, Sunday

സനാതന ധർമ്മം വിമർശിക്കപ്പെടുമ്പോൾ

അഡ്വ. കെ പ്രകാശ്ബാബു
September 15, 2023 4:30 am

സനാതനം എന്ന വാക്കിന്റെ അർത്ഥം ശാശ്വതമായത്, കാലാതീതമായത് എന്നെല്ലാമാണ്. സനാതന ധർമ്മം എന്നാൽ അനശ്വരമായ ധർമ്മം എന്നുമാണ്. ഏതെങ്കിലുമൊരു മതത്തിന്റെയോ നിയമാവലിയുടെയോ അപ്പുറം ശാശ്വതമായി നിലനിൽക്കുന്ന നിയമം, കടമ, കർത്തവ്യം എന്നെല്ലാം ഈ വാക്കിന് അർത്ഥമുണ്ട്. എന്നാൽ ഹിന്ദുമതവുമായി ബന്ധപ്പെട്ടാണ് ഇന്ന് സനാതന ധർമ്മം എന്ന വാക്ക് കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഈ പദത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് പണ്ഡിതന്മാരിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും വേദങ്ങളിൽ സനാതന ധർമ്മത്തെക്കുറിച്ചുള്ള പ്രതിപാദ്യമില്ലായെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നാൽ മഹാഭാരതത്തിലും ഭഗവദ്ഗീതയിലും അതിനു ശേഷമുള്ള മനുസ്മൃതിയിലും സനാതന ധർമ്മത്തെ സംബന്ധിച്ച പരാമർശങ്ങളും വ്യാഖ്യാനങ്ങളും ഉണ്ട് എന്നത് ഒരു വസ്തുതയുമാണ്. അവയിലൊന്നും സനാതന ധർമ്മത്തെ ഒരു മതമായിട്ടല്ല വ്യാഖ്യാനിച്ചിട്ടുള്ളത്. മനുഷ്യന്റെ ആന്തരികതയെ നിയന്ത്രിക്കുന്ന നിയമമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. സനാതന ധർമ്മത്തിലെ വിശ്വാസം ആത്മീയമായതുകൊണ്ട്, ധർമ്മം പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. മനുഷ്യജീവിതം സാർത്ഥകമാകുന്നതിന് ആര്യസംസ്കാരം വ്യാസമഹർഷിയിൽക്കൂടി നിർദേശിച്ചിരുന്ന ജീവിത മാർഗങ്ങളായിരുന്നു ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാർത്ഥങ്ങൾ. ധർമ്മനിഷ്ഠമായി നേടുന്ന ധനംകൊണ്ട് ഭൗതികസുഖം അനുഭവിക്കുന്നതിന് ഈ സംസ്കാരം അനുവദിക്കുന്നു എന്നർത്ഥം. ഇതു മൂന്നും കഴിഞ്ഞ് ഒടുവിലത്തേതാണ് മോക്ഷം. മോക്ഷത്തിന് വിപുലമായ അർത്ഥവ്യാപ്തിയാണ് നൽകിയിട്ടുള്ളത്. ദേഹം വെടിഞ്ഞ ദേഹിയുടെ (ആത്മാവിന്റെ) മോചനമാണ് മോക്ഷം.

വർണവ്യവസ്ഥയെ സംബന്ധിച്ച് ഭഗവദ്ഗീതയിൽ പാർത്ഥസാരഥിയായ കൃഷ്ണനെക്കൊണ്ട് വ്യാസമഹർഷി സമർത്ഥിക്കുന്നത്, ”ചാതുർവർണ്യം മയാസൃഷ്ടം, ഗുണകർമ്മ വിഭാഗശ:” എന്നാണ്. ചതുർവർണങ്ങളും തന്നാൽ സൃഷ്ടിക്കപ്പെട്ടതാണെന്ന് ശ്രീകൃഷ്ണൻ തന്നെ പറയുന്നു. ത്രേതായുഗത്തിലെ ശ്രീരാമചന്ദ്രനും ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണനും ഒന്നായതുകൊണ്ട് ചാതുർവർണ്യം കല്പിതധർമ്മമായി ഇതിഹാസകാരൻ കാണുന്നു. ഈ വർണ സിദ്ധാന്തം സനാതന ധർമ്മത്തിന്റെ അവിഭാജ്യഘടകമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് രാവണവധത്തിനു ശേഷം രാജ്യഭരണം നടത്തി വന്നിരുന്ന ശ്രീരാമന്റെ ദുർഭരണത്താൽ തന്റെ മകൻ മരിച്ചുപോയിയെന്നു വിലപിച്ച ബ്രാഹ്മണന്റെ സങ്കടകാരണം തിരക്കിയപ്പോൾ ധർമ്മച്യുതി സംഭവിച്ചിരിക്കുന്നു എന്ന് ആസ്ഥാന ഗുരുക്കൾ പറഞ്ഞത്. എന്തധർമ്മമാണ് നടക്കുന്നത് എന്നന്വേഷിക്കാൻ ശ്രീരാമചന്ദ്ര മഹാരാജാവ് നാലുപാടും ആളെ അയച്ചു. വനത്തിൽ ഒരു വൃക്ഷശാഖയിൽ തലകീഴായി കിടന്നുകൊണ്ടും ധൂമ്രപാനം ചെയ്തുകൊണ്ടും ശംബുകൻ എന്ന ശൂദ്രമുനി തപസുചെയ്യുന്ന രംഗമാണ് ഭടന്മാർ കണ്ടത്. സനാതന ധർമ്മത്തിൽ ശൂദ്രന് തപസനുഷ്ഠിക്കാൻ അവകാശമില്ലായെന്നിരിക്കെ ധർമ്മം ലംഘിച്ച് തപസുചെയ്ത ശൂദ്രമുനിയുടെ ശിരസ് ഛേദിച്ചു കളഞ്ഞുകൊണ്ടാണ് ശ്രീരാമൻ സ്വന്തം രാജ്യത്ത് ധർമ്മം പുനഃസ്ഥാപിച്ചത് എന്നത് ശ്രേഷ്ഠമായി കാണുന്നവരെക്കുറിച്ച് എന്തു പറയാൻ. ആര്യമതത്തിൽ ഉൾപ്പെട്ട വൈദിക മതത്തിന്റെ ഭാഗമാണിതെല്ലാമെങ്കിൽ വേദേതരവിഭാഗങ്ങളായ ബുദ്ധ, ജൈന, സിക്കുമതങ്ങളും ധർമ്മാനുഷ്ഠാനങ്ങളെ സംബന്ധിച്ച് വ്യാഖ്യാനിക്കുകയും സമർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ആര്യമതം അഥവാ പ്രാചീന ഹിന്ദുമതത്തിൽ യാഗങ്ങളുൾപ്പെടെ ഹിംസാത്മകമായ പല പ്രവൃത്തികളെക്കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അഹിംസ അവർക്ക് അന്യമായിരുന്നു. എന്നാൽ ശ്രേഷ്ഠമായ ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചരിപ്പിച്ച ധർമ്മം അഹിംസയുടെയും കരുണയുടെയും കൂട്ടായ്മയുടേതുമായിരുന്നു.


ഇതുകൂടി വായിക്കൂ: ഹിന്ദുത്വയുടെ പേരില്‍ നടക്കുന്നത് മനുഷ്യത്വരഹിത ഫാസിസം


എല്ലാ ദുഃഖങ്ങൾക്കും കാരണം ആഗ്രഹങ്ങളാണെന്നും ആഗ്രഹങ്ങളും ആശകളും ഉപേക്ഷിച്ചാൽ മോക്ഷപ്രാപ്തി കിട്ടുമെന്നും ബുദ്ധധർമ്മം ചൂണ്ടിക്കാണിച്ചല്ലോ. ശാശ്വതമായ ആ ധർമ്മത്തെ ഹിന്ദുമത പുനരുദ്ധാരകർ തിരസ്കരിക്കുകയായിരുന്നു. അവർണ-സവർണ വ്യത്യാസങ്ങൾകൊണ്ട് നിബിഡമായ വർണവ്യവസ്ഥയെയും അതുമൂലം പാർശ്വവൽക്കരിക്കപ്പെട്ട ഒരു വലിയ ജനസമൂഹത്തെയും തുടർന്നും അങ്ങനെതന്നെ നിലനിർത്താൻ ആഗ്രഹിക്കുന്നവർ മാത്രമേ പഴയ സനാതന ധർമ്മത്തെ പൊടിതട്ടിയെടുക്കാൻ ശ്രമിക്കുകയുള്ളു. തന്റെ പേരിനൊപ്പമുള്ള ജാതിസ്ഥാനം സൂചിപ്പിക്കുന്ന വിശേഷണം എടുത്തുകളഞ്ഞ കമ്മ്യൂണിസ്റ്റാചാര്യൻ കെ ദാമോദരനും ഭാരതകേസരിയെന്ന് വിളിച്ചിരുന്ന മന്നത്തു പത്മനാഭനും എം പി മന്മഥനും കെ കേളപ്പനുമെല്ലാം വർണധർമ്മത്തിനെതിരെ പോരാടിയവരാണ്. രക്തബന്ധമുള്ളവർ മരിച്ചാൽ ബ്രാഹ്മണർക്ക് ഇല്ലാത്ത ”പുല” നായർക്കും വേണ്ട എന്നു പറഞ്ഞ് സ്വന്തം മാതാവ് മരണപ്പെട്ട് 11-ാം ദിവസം പെരുന്നയിലെ സുബ്രഹ്മണ്യക്ഷേത്രത്തിൽ കയറി ദർശനം നടത്തിയ മന്നത്തിന്റെ പോരാട്ടം ബന്ധപ്പെട്ടവർ മറന്നുപോയോ എന്നറിയില്ല. ജാതീയതയെന്ന വിഴുപ്പിൽത്തട്ടി പലപ്പോഴും കാലിടറിയ ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബാബാസാഹിബ് അംബേദ്കർ മൂവായിരത്തിലധികം വരുന്ന തന്റെ അനുയായികളെയും കൂട്ടി ബുദ്ധമതം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് സനാതന ധർമ്മവാദികൾ ആലോചിച്ചിട്ടുണ്ടോ? ജാതിവിവേചനത്തിന്റെ തീക്ഷ്ണതയറിഞ്ഞ ഡോ. അംബേദ്കര്‍ക്ക് ”ഞാൻ ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മരിക്കുന്നത് ഹിന്ദുവായിട്ടായിരിക്കില്ല” എന്ന് പറയേണ്ടി വന്നത് ആര്യമതത്തിന്റെ കയ്പുനീർ വേണ്ടുവോളം കുടിച്ചിട്ടാണ്. വർണധർമ്മമനുസരിച്ച് മുകൾത്തട്ടിലുള്ള മൂന്നു സവർണവിഭാഗങ്ങളുടെ ദാസ്യപ്പണി ചെയ്യാൻ വിധിക്കപ്പെട്ടവരായി കണക്കാക്കിയിരുന്നവരും ഇന്ന് ഈ വ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ പാടുപെടുമ്പോൾ കേരളത്തെ ”ഭ്രാന്താലയ”മെന്ന് ആത്മവേദനയോടെ വിളിച്ച സ്വാമി വിവേകാനന്ദനെ കൈകൂപ്പി സ്മരിക്കുന്നു. കാലഘട്ടത്തിനനുസരിച്ച് ധാർമ്മിക മൂല്യങ്ങൾ അവ രാഷ്ട്രീയത്തിലാകട്ടെ, ഭരണരംഗത്തോ സാംസ്കാരിക രംഗത്തോ മറ്റേത് മേഖലയിലോ ആകട്ടെ സംരക്ഷിക്കപ്പെടണം. അവ ഉയർത്തിപ്പിടിക്കണം എന്ന് ആരു പറഞ്ഞാലും അവരെ രണ്ടു കയ്യും നീട്ടി ജനങ്ങൾ വരവേൽക്കുകയും ചെയ്യും. പക്ഷേ അത് ചിതലരിച്ച വിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും അടിസ്ഥാനത്തിലുള്ളതാകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.