പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ച, സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ആകെ എട്ട് ദിവസങ്ങളിലാണ് സഭ സമ്മേളിച്ചത്. 17 നിയമങ്ങള്‍ പാസ്സാക്കി. നിയമ നിര്‍മ്മാണത്തിനായി ഈ വര്‍ഷം ഒരു സമ്മേളനം കൂടി ചേരുന്ന കാര്യം പരിശോധിക്കണമെന്ന് ചെയര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ സമ്മേളനം നിയമ നിര്‍മ്മാണത്തിനായി ചേര്‍ന്നത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് തുടര്‍ച്ചയായി രണ്ടു സമ്മേളനങ്ങള്‍ നിയമനിര്‍മ്മാണത്തിനു മാത്രമായി ചേരുന്നതും ഇത്രയധികം ബില്ലുകള്‍ വിശദമായി ചര്‍ച്ച നടത്തി പാസ്സാക്കുന്നതും. ഈ സമ്മേളനത്തില്‍ സഭ 17 ബില്ലുകള്‍ പാസ്സാക്കുകയും 2022‑ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ 15 അംഗങ്ങള്‍ അടങ്ങുന്ന ഒരു സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു.
2022‑ലെ കേരള സര്‍വ്വകലാശാല (ഭേദഗതി) ബില്ലുകള്‍, 2022‑ലെ കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും (ഭേദഗതി) ബില്‍, കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബില്‍, 2022‑ലെ കേരള പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ഭേദഗതി ബില്‍, 2022‑ലെ കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്‍ എന്നിവയാണ് സഭ പാസ്സാക്കിയ പ്രധാന ബില്ലുകള്‍.
മൂന്ന് വനിത അംഗങ്ങള്‍ ചെയര്‍മാന്മാരുടെ പാനലില്‍ വന്നു എന്നതാണ് ഏഴാം സമ്മേളനത്തിന്റെ മറ്റൊരു ചരിത്രപരമായ നേട്ടം. ആകെ 512 അംഗങ്ങള്‍ ചെയര്‍മാന്മാരുടെ പാനലില്‍ വന്നിട്ടുണ്ടെങ്കിലും 32 വനിതാ അംഗങ്ങള്‍ക്കു മാത്രമേ അതിനുള്ള അവസരം ലഭ്യമായിട്ടുള്ളൂ എന്നതാണ് വനിതാ പാനലിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
ഈ സമ്മേളനത്തില്‍ ആകെ 3161 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 10 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 24 എണ്ണം പിന്‍വലിക്കുകയും ചെയ്തു.156 ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും ലഭിക്കേണ്ടതുണ്ട്. ചോദ്യോത്തര വേളകളില്‍ 27 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. അടിയന്തര ചോദ്യത്തിനായി ഒരു നോട്ടീസ് ലഭിച്ചുവെങ്കിലും ചട്ടപ്രകാരമുള്ള കാരണങ്ങളാല്‍ അനുവദിച്ചില്ല. വിഴിഞ്ഞം തുറമുഖനിര്‍മ്മാണം തടസ്സപ്പെടുവാനുണ്ടായ സാഹചര്യം സംബന്ധിച്ച് ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തില്‍ സഭ നിര്‍ത്തിവയ്ക്കണമന്ന പ്രമേയത്തിന്മേല്‍ സഭ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തി.
സമ്മേളനത്തില്‍ ആകെ 12 ശ്രദ്ധക്ഷണിക്കലുകളും 89 സബ്മിഷനുകളും സഭാതലത്തില്‍ ഉന്നയിക്കപ്പെട്ടു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിന്മേല്‍ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം ഡിസംബര്‍ 7-ാം തീയതി സഭയില്‍ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ആകെ 387 രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുകയും വിവിധ നിയമസഭാ സമിതികളുടേതായ 29 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
സമ്മേളനത്തില്‍ 7 ദിവസങ്ങളിലായി ആകെ 44 മണിക്കൂര്‍ 25 മിനിറ്റ് സഭ യോഗം ചേര്‍ന്നു. അതില്‍ 20 മണിക്കൂര്‍ 30 മിനിറ്റ് സമയം നിയമനിര്‍മ്മാണത്തിനായി മാത്രമാണ് വിനിയോഗിച്ചത്. ഒരു ബില്ല് പാസ്സാക്കുവാന്‍ സഭ ശരാശരി 1മണിക്കൂര്‍ 15 മിനിറ്റാണ് വിനിയോഗിച്ചത്. സഭ പരിഗണിച്ച 18 ബില്ലുകളിന്മേല്‍ ആകെ 4187 ഭേദഗതി നോട്ടീസുകള്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമായി. വകുപ്പുതിരിച്ചുള്ള പരിഗണനയില്‍ ആകെ 24 ഭേദഗതികള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ സഭാതലത്തില്‍തന്നെ അംഗീകരിച്ചു.
നിയമസഭാ ലൈബ്രറിയുടെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെയും ഭാഗമായി നിയമസഭാ പരിസരത്തു അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കും. ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു. പുസ്‌തകോത്സവത്തോടനുബന്ധിച്ച് , മലയാള സാഹിത്യത്തിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് ‘നിയമസഭാ ലൈബ്രറി അവാർഡ്’ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 2023 ജനുവരി ഒമ്പത് മുതൽ 15 വരെ ഏഴ് ദിവസങ്ങളിലായി, നിയമസഭാ മന്ദിരത്തിൽ വെച്ചാണ് പുസ്തകോത്സവം സംഘടിപ്പിക്കുക.
English Summary: Assembly adjourned, 12 laws passed
You may also like this video