17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

July 16, 2024
June 20, 2024
June 16, 2024
April 12, 2024
February 16, 2024
February 7, 2024
February 4, 2024
April 6, 2023
January 9, 2023
January 9, 2023

ജനാധിപത്യം വധിക്കപ്പെടുന്ന കാലത്ത്

അബ്ദുൾ ഗഫൂർ
February 7, 2024 4:30 am

സന്നമായ പൊതു തെരഞ്ഞെടുപ്പ് നിഷ്പക്ഷമോ നീതിപൂർവകമോ ആയിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് സിപിഐ മുൻജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കുന്ന കാഴ്ചയാണ് കാണാനാവുന്നതെന്നും വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംബന്ധിച്ച് നിർണായകമായിരിക്കുമെന്നും ഹൈദരാബാദിൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടാഴ്ച മുമ്പാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മോഡി വീണ്ടും പ്രധാനമന്ത്രിയായാൽ ഏകാധിപത്യമായിരിക്കുമെന്ന് പറഞ്ഞത്. പിന്നെ ജനാധിപത്യമോ തെരഞ്ഞെടുപ്പുകളോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യവും തെരഞ്ഞെടുപ്പ് പ്രക്രിയയും അപകടത്തിലാണെന്നതിന്റെ സൂചകങ്ങൾ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും നേരത്തെ തന്നെ പ്രകടമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാനും മാറ്റുന്നതിനുമുള്ള അവകാശം കേന്ദ്ര സർക്കാരിൽ (നരേന്ദ്ര മോഡിയിൽ) നിക്ഷിപ്തമാക്കിയുള്ള നിയമനിർമ്മാണം നടന്നുകഴിഞ്ഞു. അതിന് മുമ്പുതന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സുധാകർ റെഡ്ഡി പറഞ്ഞതുപോലെ വിനീതദാസന്മാരായി നിൽക്കുന്നത് നമുക്ക് കാണാനായിട്ടുണ്ട്.


ഇതുകൂടി വായിക്കൂ; ഇടതുപക്ഷത്തിന് നിര്‍വഹിക്കുവാനുള്ളത് ചരിത്ര ദൗത്യം


2019ലെ പൊതുതെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ട ലംഘനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ എന്നിവർക്കെതിരായ പരാതികൾ നടപടികളൊന്നുമില്ലാതെ തീർപ്പുകല്പിച്ചത് വിവാദമായിരുന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയ്ക്ക് സ്ഥാനമൊഴിഞ്ഞ് രക്ഷപ്പെടേണ്ടിവന്നത് അക്കാരണത്താലായിരുന്നു. അദ്ദേഹം എതിരഭിപ്രായം പറഞ്ഞുവെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികൾ ലവാസയുടെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ അന്വേഷണം ആരംഭിച്ചു. പരിശോധനകളും നടന്നു. ഇതേത്തുടർന്ന് ലവാസ രാജിവച്ചൊഴിഞ്ഞതോടെ അന്വേഷണം പൂട്ടിക്കെട്ടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിന് പ്രത്യേക സമിതി വേണമെന്നും സുതാര്യമാകണമെന്നും സുപ്രീം കോടതി നിർദേശം വന്നതിനുശേഷം നിയമഭേദഗതിയിലൂടെ നിയമനാധികാരം മോഡിയിൽ കേന്ദ്രീകരിച്ചത് നാം കണ്ടതാണ്. ഈയടുത്ത ദിവസം പുറത്തുവന്ന ഒരു വാർത്തയും തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യത തന്നെയാണ് സൂചിപ്പിക്കുന്നത്. ‍ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കീഴുദ്യോഗസ്ഥർക്ക് അയച്ച കത്താണ് പുറത്തുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഏകദേശം ഏപ്രിൽ 16 ആയിരിക്കുമെന്നും ഒരുക്കങ്ങൾ ആരംഭിക്കണമെന്നും നിർദേശിക്കുന്നതായിരുന്നു കത്ത്. അസാധാരണമായ നടപടിയാണിത്. തെരഞ്ഞെടുപ്പ് തീയതി കേന്ദ്രത്തെ അറിയിക്കുകയും ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് അവസരം നൽകുന്നതിനുമാണ് അസാധാരണമായ ഈ നടപടിയെന്ന ആരോപണം ഉയരുകയുണ്ടായി. നേരത്തെയും ഉദ്യോഗസ്ഥർ അതീവരഹസ്യമായി ഇത്തരത്തിൽ കത്തുകൾ അയയ്ക്കാറുണ്ടെന്നും അത് പുറത്തുവന്നുവെന്നുമാണ് വിവാദമായപ്പോൾ നൽകപ്പെട്ട വിശദീകരണം. അങ്ങനെയെങ്കിൽ അതീവ രഹസ്യ സ്വഭാവത്തോടെയുള്ള കത്ത് പുറത്തുവന്നതിനെതിരെ നടപടിയുണ്ടാകണം. അതുണ്ടായില്ല എന്നതിൽ നിന്നുതന്നെ ഇതിന് പിന്നിലെ ദുരുദ്ദേശ്യം സ്പഷ്ടമാകുന്നു.
ഇതിനെക്കാളെല്ലാം വിചിത്രമായ രണ്ട് തെരഞ്ഞെടുപ്പ് അട്ടിമറികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ ഉണ്ടായതും നാം ഓർക്കണം. ചണ്ഡീഗഢിലെ മേയർ തെരഞ്ഞെടുപ്പിൽ നടന്ന ഏറ്റവും ഹീനമായ അട്ടിമറിയാണ് അതിൽ ഒന്ന്. എണ്ണത്തിൽ എഎപി, കോണ്‍ഗ്രസ് സഖ്യത്തിനാണ് മുൻതൂക്കമെങ്കിലും ബിജെപി സ്ഥാനാർത്ഥിയെയാണ് ജയിപ്പിച്ചെടുത്തത്. നാമനിർദേശം ചെയ്യപ്പെട്ട ബിജെപി നേതാവ് അനിൽ മാസിഹിനെ വരണാധികാരിയായി നിശ്ചയിച്ചതുമുതൽ തന്നെ അട്ടിമറി നീക്കം ആരംഭിച്ചിരുന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്ന മാസിഹിനെ പിന്നീട് നാമനിർദേശം ചെയ്ത് മുനിസിപ്പൽ കോർപറേഷനിൽ അംഗമാക്കുകയായിരുന്നു.


ഇതുകൂടി വായിക്കൂ;  ഇടതുപക്ഷത്തിന് നിര്‍വഹിക്കുവാനുള്ളത് ചരിത്ര ദൗത്യം


ജനുവരി 18നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എഎപി, കോൺഗ്രസ് അംഗങ്ങളെ വിലയ്ക്കെടുത്ത് മേയർ സ്ഥാനം ഉറപ്പിക്കാനുള്ള സാവകാശത്തിനായി അസുഖമാണെന്ന കാരണം പറഞ്ഞ് വരണാധികാരി മാസിഹ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. അന്നേദിവസം മുനിസിപ്പൽ സെക്രട്ടറി ഗുരീന്ദർ സോധിക്ക് പെട്ടെന്ന് നടുവേദന വരികയും മൂന്ന് ദിവസത്തെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിഷയം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെത്തുകയും ജനുവരി 30ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ചാക്കിട്ടു പിടിത്തം നടക്കാതെ വന്നപ്പോൾ രൂപകല്പന ചെയ്ത നാടകമാണ് തെരഞ്ഞെടുപ്പ് നടന്ന ജനുവരി 30ന് അരങ്ങേറിയത്. 35അംഗ കോർപറേഷനിൽ എഎപി(13)ക്കും കോൺഗ്രസി (ഏഴ്)നും കൂടി 20 അംഗങ്ങളുടെ പിന്തുണയുണ്ട്. ബിജെപിക്ക് 15 (ഇതിലൊരാൾ കൂറുമാറിയെത്തിയതാണ്). എല്ലാവരും വോട്ടെടുപ്പിൽ പങ്കെടുത്തുവെങ്കിലും ഇന്ത്യ സഖ്യത്തിലെ എട്ട് അംഗങ്ങളുടെ വോട്ട് വരണാധികാരി അസാധുവായി പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യ സഖ്യ സ്ഥാനാർത്ഥി ആം ആദ്മി പാർട്ടിയുടെ കുൽദീപ് കുമാറിന്റെ വോട്ടുകൾ 12 ആയി കുറഞ്ഞു. അനൗദ്യോഗികാംഗമായ ചണ്ഡീഗഢ് ലോക്‌സഭാംഗം കിരൺ ഖേറിന്റെ വോട്ടുകൂടിചേർത്ത് 16 വോട്ടു നേടിയ ബിജെപി സ്ഥാനാർത്ഥി മനോജ് കുമാർ സോങ്കർ വിജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ തവണയും മേയർ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിരുന്നു. കീറിയ ബാലറ്റ് പേപ്പർ ബിജെപിക്ക് അനുകൂല വോട്ട് രേഖപ്പെടുത്തിയതായതിനാൽ സാധുവായി അംഗീകരിക്കുകയും, ഒരു വര ഉണ്ടായി എന്ന കാരണത്താൽ എഎപി സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവാക്കുകയും ചെയ്യുകയായിരുന്നു. നഗ്നമായ ജനാധിപത്യവധമാണ് ഇവിടെ നടന്നത്. ഇതിനെതിരെ എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാർ കോടതിയെ സമീപിച്ചു. സുപ്രധാനമായ നിരീക്ഷണങ്ങളാണ് ഈ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ ഉണ്ടായിരിക്കുന്നത്. ദൃശ്യങ്ങളില്‍ നിന്ന് ബാലറ്റ് പേപ്പര്‍ വരണാധികാരി വികൃതമാക്കി എന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുത്. ജനാധിപത്യത്തെ ഇങ്ങനെ കൊലചെയ്യാന്‍ അനുവദിക്കില്ല. വരണാധികാരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകും എന്നിങ്ങനെ കടുത്ത ഭാഷയിലാണ് സുപ്രീം കോടതി പരാ‍മര്‍ശങ്ങളുണ്ടായത്.
ഒരു വർഷം മുമ്പ് നടന്ന ഡൽഹി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും ശ്രമങ്ങളുണ്ടായി. ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിനെ ഉപയോഗിച്ചാണ് ഇതിനുള്ള കരുക്കൾ നീക്കിയത്. ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശം നൽകി മേയർ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ പേരിൽ മൂന്നുതവണ തടസപ്പെട്ട തെരഞ്ഞെടുപ്പ് നാലാം തവണയാണ് പൂർത്തിയാക്കാനായത്.


ഇതുകൂടി വായിക്കൂ; കോണ്‍ഗ്രസ് തീരുമാനം വ്യക്തമായ വഴിതിരിയല്‍


250 അംഗ കോർപറേഷനിൽ 134 കൗൺസിലർമാരാണ് എഎപിക്കുള്ളത്. സ്വതന്ത്രനായി വിജയിച്ച ഒരാൾ കൂടി ചേർന്ന് ബിജെപിക്ക് 105 അംഗങ്ങളും. കോൺഗ്രസിന് എട്ട് കൗൺസിലർമാരാണുള്ളത്. പത്ത് പേരെ നാമനിർദേശം ചെയ്ത് അവർക്ക് കൂടി വോട്ടവകാശം നൽകുകയും ചിലരെ ചാക്കിട്ടുപിടിക്കുകയും ചെയ്താൽ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ഇതിനായുള്ള സാവകാശത്തിനുവേണ്ടി മൂന്നുതവണ ബഹളം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നടപടികൾ നീട്ടിവയ്പിച്ചു. ഇവിടെയും കോടതി ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുകയും എഎപി സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തത്.
ഈ വിധത്തിൽ പട്ടാപ്പകൽ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ നടന്ന കൂടുതൽ ഉദാഹരണങ്ങൾ എടുത്തുകാട്ടാവുന്നതാണ്. ഇതിനെല്ലാം പുറമേയാണ് വോട്ടിങ് യന്ത്രങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിന് ചുമതലപ്പെട്ട സ്ഥാപനത്തിൽ അനൗദ്യോഗിക ഡയറക്ടർമാരായി ബിജെപി നേതാക്കളെ നിയമിച്ചിരിക്കുന്നത്. ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ. പി വി പാർത്ഥസാരഥി, യുപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവനാഥ് യാദവ്, ഗുജറാത്തിലെ രാജ്കോട്ട് ജില്ലാ പ്രസിഡന്റ് മൻസുഖ്ഭായ് ശ്യാംജിഭായ് കചാരിയ ഉൾപ്പെടെയുള്ള നാലുപേരെയാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി (ബിഇഎൽ)ൽ നിയോഗിച്ചത്. ഇവരാകട്ടെ സാങ്കേതിക മേഖലയുമായി ഒരു ബന്ധവുമില്ലാത്തവരുമാണ്. പാർത്ഥസാരഥി ഹൈദരാബാദിൽ ദന്ത ഡോക്ടറാണെങ്കിൽ നിയമ ബിരുദധാരിയാണ് ശിവനാഥ് യാദവ്. ശാസ്ത്രത്തിൽ ബിരുദമുള്ള മൻസുഖ്ഭായ് രാജ്കോട്ടിൽ സംരംഭകനും. സജീവ ബിജെപി നേതാക്കളായ ഇവർക്കൊപ്പം സഹയാത്രികരായ മറ്റൊരാളെയും ഡയറക്ടറാക്കി.


ഇതുകൂടി വായിക്കൂ;  ഇവിഎം-വിവിപാറ്റ് പൊരുത്തക്കേടിന് മറുപടിയില്ല


വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം തന്നെ ഇപ്പോഴത്തെ സംവിധാനത്തിൽ സംശയാസ്പദവും ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തവുമായി നിലനിൽക്കെയാണ് ഈ നടപടിയുണ്ടായിരിക്കുന്നത്. വളരെയധികം രഹസ്യ സ്വഭാവം പുലർത്തേണ്ട ഇവിഎം പോലുള്ള യന്ത്രങ്ങൾ നിർമ്മിക്കുന്ന സംരംഭത്തിലാണ് ഈ നിയമനം എന്നത് സംശയാസ്പദമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചില മണ്ഡലങ്ങളിൽ പോലും ചെയ്ത വോട്ടുകൾ ബിജെപി ചിഹ്നത്തിൽ പതിഞ്ഞതായി വിവി പാറ്റിൽ നിന്ന് വ്യക്തമാവുകയും വോട്ടർമാർ ചോദ്യം ചെയ്ത സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. ഇത്തരം അനുഭവങ്ങളുണ്ടായതുകൊണ്ടും ക്രമക്കേടിന് വളരെയധികം സാധ്യതകൾ ഉണ്ടെന്ന് സാങ്കേതിക വിദഗ്ധര്‍ നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതുകൊണ്ടും ഈ വിധത്തിൽ അട്ടിമറികളിലൂടെയും ക്രമക്കേടുകളിലൂടെയും വിജയിച്ചുകയറാനുള്ള ശ്രമം നടക്കുമെന്ന കാര്യത്തിൽ സംശയത്തിന് വകയില്ല.
10 വർഷത്തെ ഭരണനേട്ടങ്ങൾ തന്നെ മതിയാകും ജയിക്കാനെന്ന് നേതാക്കൾ അഹങ്കരിക്കുന്നുണ്ട്. എങ്കിലും രാമക്ഷേത്രവും പുതിയ വിവാദങ്ങളും കൂടുതൽ കക്ഷികളെ വിലയ്ക്കെടുത്ത് എൻഡിഎ വിപുലപ്പെടുത്താനുള്ള നീക്കങ്ങളും തന്നെ നടത്തുന്നതിലൂടെ അവരുടെ ഉൾഭയം വ്യക്തമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കും ജനാധിപത്യ ധ്വംസനങ്ങൾക്കും സാധ്യതയുണ്ടെന്ന പ്രവചനങ്ങൾ അസ്ഥാനത്തല്ല.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.