21 December 2024, Saturday
KSFE Galaxy Chits Banner 2

ചരിത്രമെഴുത്തിലെ അതികായൻ

ഷാജി ഇടപ്പള്ളി
July 28, 2024 2:01 am

പഴശിരാജയുടെ പ്രതിരോധവും പോരാട്ടവും മുതൽ മലബാറിന്റെ മണ്ണിലെ വിപ്ലവകരമായ കാർഷിക സമരങ്ങളുടെ സാമൂഹിക പ്രസക്തിവരെ മലയാളിക്ക് സുപരിചിlമാക്കിയ ഉത്തരകേരളത്തിന്റ പ്രfയപ്പെട്ട ചരിത്രകാരനാണ് ഡോ കെ കെ എൻ കുറുപ്പ്. കലയുടെയും സാഹിത്യത്തിന്റെയും ഗവേഷണത്തിന്റെയും വൈവിധ്യങ്ങൾ നിറഞ്ഞ വഴികളിലൂടെയുള്ള യാത്രകളിൽ ഭരണാധികാരി എന്ന നിലയിലും തന്റെ കയ്യൊപ്പ് ചാർത്തിയ ഒരു മഹാപ്രതിഭ. ദേശീയ പ്രക്ഷോഭത്തിന്റെയും കർഷക സമരത്തിന്റെയും ആവേശവും അനുഭവങ്ങളും സ്വാധീനവും നേരിട്ടറിഞ്ഞ ഈ ജനകീയ ചരിത്രകാരൻ കൊളോണിയൽ അധിനിവേശം, കാർഷിക ബന്ധങ്ങൾ, പുരാവൃത്ത പഠനം എന്നിവയിൽ ആഴത്തിൽ നടത്തിയിട്ടുള്ള ഗവേഷണവും പഠനവും തലമുറകളുടെ മനസുകളിലേക്ക് തുറന്നിട്ടുകൊടുത്തത് ചരിത്രത്തിന്റെ വാതിലുകളാണ്. ആയിരം പൂർണചന്ദ്രന്മാരെ കാണാനുള്ള ഭാഗ്യം ലഭിച്ച കോഴിക്കോട് അഴിയൂരിൽ കുട്ടമത്ത് കുന്നിയൂർ നാരായണക്കുറുപ്പ് എന്ന ഡോ. കെ കെ എൻ കുറുപ്പ് 85 പിന്നിടുമ്പോഴും പരന്ന വായനയുടെയും എഴുത്തിന്റെയും ലോകത്ത് സജീവമാണ്. 

തുടക്കം കവിതയിൽ
സാംസ്കാരികമായി ഉയർന്ന പൈതൃകമുള്ള കുടുംബത്തിലാണ് കുറുപ്പിന്റെ ജനനം. ദേശീയതയുടെ കവി എന്നറിയപ്പെട്ട മഹാകവി കുട്ടമത്ത് കുന്നിയൂർ കുഞ്ഞികൃഷ്ണ കുറുപ്പ് അമ്മയുടെ അമ്മാവൻ. മണ്ണുംപൊയിൽ ചാപ്പക്കുറുപ്പിന്റെയും ജാനകിയമ്മയുടെയും മൂന്നുമക്കളിൽ ഇളയ മകനായി 1939 ഫെബ്രുവരി 13 ന് ജനനം. മൂത്തവർ രണ്ടുപേരും സഹോദരിമാർ. കെ കെ എൻ കുറുപ്പിന്റെ എഴുത്തിന്റെ തുടക്കം കവിതയിലൂടെയായിരുന്നു. പ്രവാഹഗീതം എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തുമ്പോൾ പ്രായം 21. പിന്നെ ബാലഗീതം എന്ന കവിതാസമാഹാരവും അനവധി ഇംഗ്ലീഷ് കവിതകളും ഇദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. പിന്നെ കലയും സാഹിത്യവും ചരിത്രവും പഠനവും ഉൾപ്പെടെ നാൽപതിലേറെ കൃതികൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

പട്ടേൽ അികാരി
ബാല്യത്തിൽ അധികാരത്തിലേക്ക് പിച്ചവെക്കാനുള്ള ഭാഗ്യം ലഭിച്ച ഒരാളാണ് ഇദ്ദേഹം. നാട്ടിലെ കരം പിരിക്കാൻ അവകാശമുള്ള ജന്മികുടുംബമായതിനാൽ അപ്രതീക്ഷിതമായി മൂന്നാം വയസിൽ പട്ടേൽ എന്ന അധികാരിയായിമാറി. ഇദ്ദേഹത്തിന്റെ അമ്മാവനായിരുന്ന കെ കെ കുഞ്ഞിരാമക്കുറുപ്പായിരുന്നു ആ കാലയളവിൽ പട്ടേൽ അധികാരത്തിലുണ്ടായിരുന്നത്. ആധുനിക കേരളത്തിന്റെ ചരിത്ര സൃഷ്ടിയിൽ വഴിത്തിരിവിനു കാരണമായ ജന്മിത്വ — നാടുവാഴിത്ത വ്യവസ്ഥക്കും അതുവഴി സാമ്രാജ്യത്വത്തിനും എതിരെ നടന്ന ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയ കയ്യൂർ സമരത്തിന്റെ തുടർച്ചയിൽ പട്ടേൽ കുഞ്ഞിരാമക്കുറുപ്പ് തയ്യാറാക്കി നൽകിയ റിപ്പോർട്ട് ബ്രിട്ടീഷ് അധികൃതരുടെ അനിഷ്ടത്തിന് ഇടയാക്കി. അങ്ങനെ പട്ടേൽ അധികാരത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഈ സാചര്യത്തിൽ പട്ടേൽ അധികാരം തങ്ങളുടെ കുടുംബത്തിനുള്ള അവകാശമാണെന്ന് കാണിച്ച് കുറുപ്പിന്റെ അമ്മ ജാനകി നൽകിയ ഹർജിയെത്തുടർന്നാണ് മൂന്നാമത്തെ വയസിൽ കെ കെ എൻ കുറുപ്പ് പട്ടേൽ എന്ന സ്ഥാനത്തേക്ക് എത്തപ്പെട്ടത്. കൊച്ചു കുട്ടി എന്നത് പരിഗണിച്ച് സഹായത്തിനായി ഒരു ഡെപ്യൂട്ടി പട്ടേലിനെയും നിയമിച്ചിരുന്നു. പട്ടേൽ എന്ന നിലയിൽ കുട്ടിക്കാലത്തു തന്നെ മനസിലാക്കാൻ കഴിഞ്ഞ ഗ്രാമീണ ജനതയുടെ ജീവിത രീതികളും നാടിൻറെ ചരിത്രവും തുടർന്നുള്ള പഠനത്തിൽ ഇദ്ദേഹത്തിന് പ്രചോദനമായിട്ടുണ്ട്. 

പഠനത്തിനൊപ്പം തൊഴിലും
കല്ലാമല യുപി സ്കൂളിൽ അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അപ്പോഴും കുറുപ്പിന്റെ മനസിൽ കൂടുതൽ പഠിക്കണമെന്ന ചിന്തയായിരുന്നു. ഇതിനിടയിൽ ഹിന്ദി പ്രവീൺ കോഴ്സും പാസ്സായി. 1960ൽ റവന്യൂവകുപ്പിൽ ജോലി ലഭിച്ചു. അപ്പോഴും ജോലിക്കൊപ്പം പഠനവും തുടർന്നു. പിന്നീട് അവധിയെടുത്താണ് ഭോപ്പാലിൽ ഇന്റർമീഡിയറ്റിന് ചേർന്നത്. ഡൽഹി സർവകലാശാലയിൽ നിന്നും ബിഎ ബിരുദവും കരസ്ഥമാക്കി. ഇതിനിടയിലും എഴുത്തും ഗവേഷണവും തുടർന്നു. ജോലി രാജിവച്ചു. തുടര്‍ന്ന് കാലിക്കറ്റ് സർവകലാശാലയിൽ എംഎയ്ക്ക് ചേർന്നു. പഠനത്തിന് ശേഷം 1972 ൽ കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപകവൃത്തിയിലേക്ക് കടന്നു. ഇവിടുത്തെ അന്തരീക്ഷവും പ്രശസ്തരായ നിരവധി അധ്യാപകരുമായുള്ള സൗഹൃദവും കുറുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതായി. അധ്യാപനായിരുന്ന എം പി ശ്രീകുമാരൻ നായരുടെ കീഴിൽ തലശ്ശേരി ഫാക്ടറിയെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 

വിദേശ സന്ദര്‍ശനം
1978 ൽ ഫെലോഷിപ് നേടി പോസ്റ്റ് ഡോക്ടറൽ ഉപരി പഠനത്തിന് ലണ്ടനിലേക്ക് പോയി. അവിടെനിന്നും നെതർലണ്ടിൽ തുടർ പഠനം. വീണ്ടും തിരിച്ചെത്തി കാലിക്കറ്റ് സർവകലാശാലയിൽ ജോലി തുടരവെ കേന്ദ്ര സർക്കാർ ക്യൂബയിലെ കാർഷിക പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി നിയമിച്ച മൂന്നംഗ പ്രതിനിധി സംഘത്തിൽ ഒരാളായി. പിന്നീട് വിവിധ കോൺഗ്രസുകളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിനായി അവസരം ലഭിച്ചിട്ടുണ്ട്. ബെർലിൻ മലയാള സമ്മേളനത്തിലും അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും പ്രതിനിധിയായി സമ്മേളനങ്ങളിലും ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. 1988ൽ ഇന്തോ-സോവിയറ്റ് ഡെലിഗേഷന്റെ ഭാഗമായി റഷ്യയും സന്ദർശിച്ചു. ബിപിൻ ചന്ദ്ര, ആർ എസ് ശർമ. എം ജിഎസ് നാരായണൻ. ഉത്സ പട്നായിക് തുടങ്ങിയ പ്രമുഖർക്കൊപ്പം രാഷ്ട്രങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായിട്ടുള്ള സന്ദർശനമായിരുന്നു അത്. 

വൈസ് ചാന്‍സിലര്‍
ഇ കെ നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലയളവിൽ 1998 ൽ കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായി കെ കെ എൻ കുറുപ്പിനെ നിയമിച്ചു. എഴുത്തിൽ മാത്രമല്ല, ഭരണാധികാരി എന്ന നിലയിലും തന്റെ പാടവം അദ്ദേഹം അടയാളപ്പെടുത്തി. പുതുതലമുറ കോഴ്സുകൾ ആരംഭിക്കുന്നത് ഈ കാലയളവിലാണ്. 1999 ൽ വടകരയിൽ സെന്റർ ഫോർ ഫോൿലോർ സ്റ്റഡീസും ആരംഭിച്ചു. ഈ കേന്ദ്രം ഫോക് ലോറിൽ ബിരുദാനന്തര ബിരുദകോഴ്സ് നടത്തുന്നതിനു പുറമേ കേരളത്തിലെ നാടോടി പാരമ്പര്യത്തെക്കുറിച്ച് ഗവേഷസ്ഥാപനവുമാണ്. അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ നടപ്പാക്കിയിട്ടുള്ള പരിഷ്കരണങ്ങൾ സർവകലാശാലക്ക് കൂടുതൽ ശോഭ പകർന്നു. 2002ൽ സ്ഥാനം ഒഴിയുന്നത് സർവകലാശാലയുടെ ചരിത്രത്തിലും മികച്ച ഭരണാധികാരിയെന്ന നിലയിൽ തന്റെ കയ്യൊപ്പ് ചാർത്തിയാണ്.

ചുമതലകള്‍
വൈസ് ചാൻസലർ ചുമതല ഒഴിഞ്ഞ ശേഷം 2002 ൽ വടകര കേന്ദ്രമായി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനം ആരംഭിച്ചു. പ്രമുഖരായ ചരിത്രകാരന്മാരെയും എഴുത്തുകാരേയും ഇതിന്റെ വിവിധ വേദികളിൽ എത്തിച്ചു. പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ഷെയ്ഖ് സെയനുദ്ദീൻ മഖ്ദും എഴുതിയ പ്രശസ്തമായ ‘തുഹ്ഫത്തുൽ മുജാഹിദീൻ (പോരാളികൾക്ക് സമ്മാനം) എഡിറ്റ് ചെയ്ത് നാലു ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കുഞ്ഞാലി മരക്കാരുടെ സ്മരണക്കായി സ്റ്റാമ്പ് പുറത്തിറക്കുന്നതിനായി ശ്രമിച്ചു. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ എക്സിക്യൂട്ടീവ് അംഗമായിരുന്ന ഇദ്ദേഹം ഇന്ത്യൻ ചരിത്ര കോൺഗ്രസുകളിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ തൃപ്പൂണിത്തുറ ഹിൽ പാലസിൽ പ്രവർത്തിക്കുന്ന പൈതൃക പഠനകേന്ദ്രം- സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിലെ സീനിയർ റിസർച്ച് ഫെലോയെന്ന നിലയിൽ 1991‑ൽ നടന്ന സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ പ്രസിഡന്റും 1993ൽ മൈസൂരിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലെ മോഡേൺ സെഷന്റെ പ്രസിഡന്റുമായും കുറുപ്പ് പ്രവർത്തിച്ചിട്ടുണ്ട്. മലയാളം സർവകലാശാല സിൻഡിക്കേറ്റ് അംഗമായും മികച്ച സംഭാവന നൽകിയിട്ടുണ്ട്. ഏഷ്യയിലെ നൂറു വിദ്യാഭ്യാസ പ്രവർത്തകരിൽ ഒരാളായി വേൾഡ് ബയോഗ്രഫി ഡോ. കുറുപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ സുപ്രധാന സർവകലാശാലകളിൽ പഠനവിഭാഗം അംഗമായും വിദേശം-യുറോപ്യൻ സർവകലാശാലകളിൽ അംഗമായും നിയമിതനായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ എ കേരളീയൻ സ്മാരക സമിതി പ്രസിഡന്റാണ്. 

എഴുത്ത് ജീവിതം
ഇംഗ്ലീഷിലും മലയാളത്തിലുമായി അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹത്തിന് വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ധാരാളം ഗവേഷണ പ്രബന്ധങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. കയ്യൂർ സമരത്തെക്കുറിച്ചും, കേരളത്തിലെ കാർഷിക കലാപങ്ങളെക്കുറിച്ചും പഴശ്ശി സമരങ്ങൾ, കേരളത്തിന്റെ ചരിത്രവും സംസ്കാരവും, തലശേരി ഫാക്ടറിയുടെ ചരിത്രം, ആധുനിക കേരളം: സാമൂഹികവും കാർഷികവുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള പഠനം, കേരളത്തിലെ കാർഷികപ്രശ്നങ്ങൾ അങ്ങനെ ചരിത്രവും സാഹിത്യവും ഉൾപ്പെടുന്ന അനവധി ഗ്രന്ഥങ്ങളാണ് അദ്ദേഹം വായനക്കാര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഗോത്രകലകളെക്കുറിച്ചുള്ള ആദ്യ പുസ്തകവും ഇദ്ദേഹത്തിന്റേതു തന്നെയാണ്. മാപ്പിളമാരുടെ കലയും ദേശീയതക്കുള്ള പോരാട്ടവുമെല്ലാം ധൈര്യത്തോടെ പുറത്തുകൊണ്ടുവന്ന ചരിതകാരനാണ് കെ കെ എൻ കുറുപ്പ്. കേരളത്തിന്റെ തനതു അനുഷ്ഠാന കലയായ തെയ്യത്തെ തന്റെ ‘ദി കൾട്ട് ഓഫ് തെയ്യം ആൻഡ് ഹീറോ വർഷിപ് ഇൻ കേരള’
(THE CULTOF THEYYAM AND HERO WORSHIP IN KERALA )എന്ന ഗ്രന്ഥത്തിലൂടെയും കൊടക്കാട് കലാനികേതൻ എന്ന സ്ഥാപനത്തിലൂടെയും അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുക്കുന്നതിൽ കുറിപ്പ് വഹിച്ചിട്ടുള്ള പങ്ക് ഏറെ ശ്രദ്ധേയമാണ്. 

ചരിത്രകാരന്‍
കാസർഗോഡ് താലൂക്കിൽ ജോലി ചെയ്തപോൾ സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച് മനസിലാക്കാൻ കഴിഞ്ഞതാണ് തന്നിലെ ചരിത്രകാരനെ ഉണർത്തിയതെന്ന് കുറുപ്പ് പറയുന്നു. അവിടെ ജോലി ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷെ താനൊരു ചരിത്രകാരൻ ആകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ മലബാർ സമരത്തെ വർഗീയ കലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ വങ്കത്തമാണെന്നും ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് ഖിലാഫത്ത് സമരമെന്നും അദ്ദേഹം വസ്തുതകൾ നിരത്തി വെളിപ്പെടുത്തുന്നു. സാധാരണ രീതിയിൽ ഒരു വിഷയത്തെ അധികരിച്ചുള്ള ഗവേഷണ രീതികളാണ് പൊതുവേ കണ്ടുവരുന്നത്. എന്നാൽ ഉത്തരമലബാറിന്റെ സവിഷേതകളും കർഷക സമരങ്ങളും, മാപ്പിളമാരുടെ ജീവിതവും ചരിത്രവും പൈതൃക കലകളെക്കുറിച്ചും ഒക്കെയുള്ള സമഗ്രമായ ഒരു ചരിത്രം വേറിട്ട ഗവേഷണ ശൈലിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ള ചരിത്രകാരൻ എന്ന ബഹുമതി ഡോ കെ കെ എൻ കുറുപ്പിന് അവകാശപ്പെട്ടതാണ്. കോഴിക്കോട് ഗവ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്ന് വിരമിച്ച മാലിനി കുറുപ്പാണ് ഭാര്യ. മക്കൾ മീനയും നളിൻകുമാറും. അനിൽകുമാറും അഞ്ജലിയുമാണ് മരുമക്കൾ. എറണാകുളം എളംകുളത്തെ മകളുടെ ഫ്ലാറ്റിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.