14 April 2024, Sunday

Related news

April 14, 2024
April 11, 2024
April 8, 2024
April 8, 2024
April 7, 2024
April 6, 2024
April 6, 2024
April 6, 2024
April 5, 2024
April 4, 2024

തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; മൂന്നംഗ സംഘം പിടിയിൽ

Janayugom Webdesk
കോട്ടയം
November 29, 2022 6:13 pm

തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. താഴത്തങ്ങാടി സ്വദേശികളായ വേളൂർ വേളൂർത്തറ മുഹമ്മദ് അസം (24), മാണിക്കുന്നം തഫീഖ് അഷറഫ് (22), കുമ്മനം ക്രസന്റ് വില്ലയിൽ ഷബീർ (32) എന്നിവരെയാണ് വെസ്റ്റ് എസ് എച്ച് ഒ പ്രശാന്ത് കുമാർ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഇരയായ പെൺകുട്ടിയും സുഹൃത്തും നഗരമധ്യത്തിലെ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ്. രാത്രിയിൽ വിദ്യാർത്ഥിനിയുമായി കറങ്ങി നടക്കുന്നത് എന്തിനാണെന്ന് ചോദിച്ചും വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നും അക്രമ സംഘം പിന്തുടർന്നെത്തി ക്രൂരമായി വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

തിങ്കളാഴ്ച്ച രാത്രി 10.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം, കോളജ് ഇലക്ഷൻ വർക്കിന് ശേഷം ഭക്ഷണം കഴിയ്ക്കുന്നതിനായി വിദ്യാർത്ഥിനിയും സുഹൃത്തും തിരുനക്കര തെക്കുംഗോപുരത്തിന് സമീപത്തെ തട്ടുകടയിലെത്തിയത്. ഈ സമയം ഇവിടെ പ്രതികളായ അക്രമിസംഘവുമുണ്ടായിരുന്നു. ഭക്ഷണം കഴിയ്ക്കുന്നതിനിടെ, വിദ്യാർത്ഥിനിയോട് മോശം ഭാഷയിൽ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഈ സമയം, ഇവരുടെ സുഹൃത്തായ മറ്റൊരു വിദ്യാർത്ഥി ചാലുകുന്ന് ഭാഗത്ത് അപകടത്തിൽപ്പെട്ടു. താഴത്താങ്ങാടിയിലെ താമസസ്ഥലത്തെത്തി വസ്ത്രങ്ങൾ എടുക്കണമെന്നാവശ്യപ്പെട്ട് സീനിയർ വിദ്യാർത്ഥി ഫോൺ ചെയ്തതിനെ തുടർന്ന് ഇരുവരും ഭക്ഷണം കഴിച്ചശേഷം താഴത്തങ്ങാടിയിലെ റൂമിലേക്ക് പോയി. റൂമിൽ നിന്നും വസ്ത്രങ്ങളെടുത്തശേഷം, തിരികെ തിരുനക്കര തെക്കുംഗോപുരം ജനറൽ ആശുപത്രിയിലേക്ക് സ്‌കൂട്ടറിൽ പോയ ഇവരെ അക്രമി സംഘം സ്വിഫ്റ്റ് മോഡൽ കാറിൽ പിന്തുടർന്നെത്തി തിരുനക്കര തെക്കേ നടയുടെ ഭാഗത്തായി സ്‌കൂട്ടറിന് മുന്നിൽ വട്ടം വെച്ച് തടഞ്ഞ ശേഷം ഇവരെ ചീത്തവിളിച്ചു. 

മോശമായി സംസാരിച്ച വിവരം പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞതിനെ തുടർന്ന്, ആശുപത്രിയിലേക്ക് പോകുന്നതിനായി വണ്ടിയെടുത്തെങ്കിലും വീണ്ടും അക്രമിസംഘം പിന്തുടർന്നെത്തുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങിയയാൾ വിദ്യാർത്ഥിനിയോട് കയർത്ത് സംസാരിക്കുകയും കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും ഇറങ്ങി ആൺസുഹൃത്തിനെ അടിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത സംഘം. തുടർന്ന്, ഇരുവരെയും ക്രൂരമായി മർദിച്ചും വലിച്ചിഴച്ചും തിരുനക്കര ഭാഗത്ത് നിന്നും സെൻട്രൽ ജംഗ്ഷൻ വരെയെത്തിച്ച് അക്രമണം തുടർന്നു. ഇരുവരെയും നിലത്തിട്ട് ചവിട്ടുകയും തലമുടിയിൽ പിടിച്ചുവലിയ്ക്കുകയും വയർ, നാഭിയിലും ചവിട്ടുകയും അടിയ്ക്കുകയും ചെയ്തു. 

പത്ത് മിനിട്ടോളം ക്രൂരമായി അക്രമികൾ മർദിച്ചെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും കാണികളായി നിൽക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വെസ്റ്റ് പൊലീസിലെ കൺട്രോൾ റൂമിലെ സിസിടിവിയിൽ മർദ്ദന ദൃശ്യം കണ്ടതിനെ തുടന്ന് സെൻട്രൽ ജംഗ്ഷന് സമീപം പട്രോളിംഗിലുണ്ടായിരുന്ന പൊലീസിനെ വിവരമറിയിക്കുകയും അഞ്ച് മിനിട്ടുള്ളിൽ വെസ്റ്റ് പൊലീസും സ്ഥലത്തെത്തി അക്രമികളെ പിടികൂടുകയും പരിക്കേറ്റ വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം, പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അടക്കമാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Eng­lish Summary:Attack on col­lege stu­dents who came to eat at that shop; A three-mem­ber group was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.