22 January 2026, Thursday

Related news

January 20, 2026
January 6, 2026
December 24, 2025
December 19, 2025
December 17, 2025
December 12, 2025
November 19, 2025
November 14, 2025
November 13, 2025
November 7, 2025

ഓട്ടിസം ബാധിച്ച മകനെ ദുബായിൽ പിതാവ് തടഞ്ഞുവച്ചു; ഇടപെടാൻ ഇന്ത്യൻ കോടതികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
December 19, 2023 10:51 pm

വിദേശത്ത് താമസിക്കുന്ന കുട്ടികളുടെയും മാനസിക ആരോഗ്യമില്ലാത്തവരുടെയും കാര്യത്തിൽ ഇടപെടാൻ ഇന്ത്യൻ കോടതികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. കുട്ടികളുടെ സംരക്ഷണം ഭരണകൂടം ഏറ്റെടുക്കുന്നത് നിർദേശിക്കുന്ന പേരന്റ് പാട്രിയെയും ദേശീയ നിയമങ്ങളും അനുസരിച്ച് കുട്ടികളുടെയും മാനസിക ശേഷിയില്ലാത്തവരുടെയും കാര്യത്തിൽ ഇന്ത്യൻ കോടതികൾക്ക് നടപടികൾ സ്വീകരിക്കാമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കക്ഷികൾ വിദേശരാജ്യത്ത് താമസിക്കുകയും അവിടെ നിയമപരമായ പ്രതിവിധി നേടുകയും ചെയ്യുകയാണെങ്കിൽ ഇന്ത്യൻ കോടതിക്ക് അതിലിടപെടാൻ അധികാരമില്ല. എന്നാൽ വിദേശ കോടതിയിൽനിന്ന് പ്രതിവിധി ലഭിക്കാത്ത സാഹചര്യത്തിൽ പേരന്റ് പാട്രിയെ പോലുള്ള അധികാരം ഇന്ത്യൻ കോടതികൾക്ക് വിനിയോഗിക്കാമെന്നാണ് ഡിവിഷൻ ബെഞ്ച് വിധിയിൽ പറയുന്നത്. ഓട്ടിസം ബാധിച്ച മകനെ ദുബായിൽ ഭർത്താവ് തടഞ്ഞ് വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

ഭർത്താവുമായി ഒത്തുപോകാനാവാത്തതിനാൽ ദുബായിൽനിന്ന് കേരളത്തിലെത്തിയ ഹർജിക്കാരി നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം മകന്റെ നിയമപരമായ രക്ഷാധികാരിയായി തന്നെ നിയമിക്കണമെന്ന് ആവശ്യപെട്ട് കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ദുബായിൽ താമസിക്കുന്നതിനാൽ നാഷണൽ ആക്ട് പ്രയോഗിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി കലക്ടർ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. രക്ഷാധികാരിയായി അമ്മയെ നിയമിക്കാൻ കളക്ടർക്ക് കോടതി നിർദേശം നൽകി. കഴിവില്ലാത്ത മകന് അമ്മയുടെ സംരക്ഷണയിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ അമ്മയുടേത് നിരുത്തരവാദിത്വമുള്ള പെരുമാറ്റമാണെന്നും നിലവിൽ മകൻ സുരക്ഷിതനാണെന്നും അച്ഛനും കോടതിയെ അറിയിച്ചു. 

രാജ്യത്തിന്റെ പ്രാദേശിക അധികാരപരിധിക്കപ്പുറം പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കുന്നതിൽ ഇന്ത്യയിലെ കോടതികൾക്ക് അധികാരമുണ്ടോ എന്ന നിയമപ്രശ്നമാണ് കോടതി പരിശോധിച്ചത്. വിദേശ രാജ്യങ്ങളിലാണെങ്കിലും പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കാൻ ഭരണഘടനാ കോടതികൾക്ക് അധികാരമുണ്ടെന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. ദുർബലരുടെ കാര്യത്തിൽ ‘പേരന്റ് പാട്രിയെ’ അധികാരപരിധിയിൽ സംസ്ഥാനം രക്ഷിതാവായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. വികലാംഗരുടെ അവകാശ നിയമം (യുഎൻസിപിആർഡി), നാഷണൽ ട്രസ്റ്റ് ആക്റ്റ് തുടങ്ങിയവ അനുസരിച്ച് വൈകല്യമുള്ളവരുടെയോ കുട്ടികളുടെയോ അവകാശങ്ങൾ ഉറപ്പാക്കാൻ സ്വന്തം രാജ്യത്തെ കോടതികൾക്ക് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് ഹർജി തള്ളിയ കോടതി അമ്മയും അച്ഛനും ഇടവിട്ട് മകനെ കൂടെ താമസിപ്പിക്കണമെന്ന് നിർദേശം നൽകി.

Eng­lish Sum­ma­ry; Autis­tic son detained by father in Dubai; The High Court held that the Indi­an courts have juris­dic­tion to intervene
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.