വീട്
ഇപ്പോഴും
ജാലകം തുറന്നിട്ട് അവളെ
വഴിക്കണ്ണയയ്ക്കുന്നുണ്ടാവും,
വാതിൽ തുറന്ന് വച്ച്
ഇളവെയിൽ വിരിക്കുന്നുണ്ടാവും
മുറ്റം നിറയെ ചരൽ വിരിച്ച്
ഒരു കൊലുസിന്റെ
മണിക്കിലുക്കത്തിന്നായി
കാതോർക്കുന്നുണ്ടാവും,
മുറ്റത്തെ പേരമരത്തിലെ
പാതിപഴുത്ത കായകളിലൊന്ന്
അവൾക്കായി
മാറ്റിവക്കുന്നുണ്ടാവും.
തൊടിയിലെ കുയിലൊച്ചയും
മറുകൂവൽ കൂവിയ പെണ്ണൊച്ചയും,
അണ്ണാറക്കണ്ണന്റെ ചില്ലൊച്ചയും,
നനുത്തു തൂളുന്ന മഴച്ചാറ്റലും
എന്നും തിരക്കുമാത്രം
പൊതിഞ്ഞെടുത്ത്
വന്നു പോവാനിരിക്കുന്നവൾക്കാ-
യെടുത്തു വെക്കുന്നുണ്ടാവും
മുറിയിലെന്നോ
അവളുപേക്ഷിച്ചുപോയ
കടുഞ്ചോപ്പ് മണങ്ങളൊക്കെ
മൺകുടുക്കയിൽ മൂടി വെച്ച്
കാവലിരിക്കുന്നുണ്ടാവും…
എല്ലാ രാത്രികളിലും
ഒരുപിടി ചോറും വറുത്ത കൊണ്ടാട്ടവും
ഉള്ളി മൂപ്പിച്ച ചമ്മന്തിയും ഒഴിയാതെ
കാത്തുവെക്കുന്നുണ്ടാവും
ഒടുവിലൊരു പുഴയായി
അവളിറങ്ങിപ്പോയ വാതിൽ-
പ്പടിമേൽ വന്നു നിന്ന് വിതുമ്പി
നനയുന്നുണ്ടാവും…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.