16 September 2024, Monday
KSFE Galaxy Chits Banner 2

ബാങ്ക് ദേശസാൽക്കരണവും ചങ്ങാത്ത മുതലാളിത്തവും

കെ പി ശങ്കരദാസ്
September 5, 2024 4:45 am

പൊതുമേഖലാ ബാങ്കുകളുടെ പ്രാധാന്യം വാക്കുകൾ കൊണ്ട് പുകഴ്ത്തുന്ന കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും, അതിനെ വെട്ടിനശിപ്പിക്കുന്നതിനുള്ള നടപടികളാണ് ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യ ദർശിച്ച ഏറ്റവും വലിയ “സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്” എന്ന് വിശേഷിക്കപ്പെടുന്ന ബാങ്ക് ദേശസാൽക്കരണ നിയമം റദ്ദാക്കിയിരിക്കുന്നു. വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങളുടെയും, വായ്പകളുടെയും പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്യ്രം ബാങ്കുകൾക്ക് നല്‍കിയിരിക്കുകയാണ്. ഓരോ ബാങ്കിനും നിക്ഷേപങ്ങൾക്കും, വായ്പകൾക്കും പലിശനിരക്ക് സ്വമേധയാ തീരുമാനിക്കാമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.
പരമദരിദ്രരും ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായി ദീർഘകാലം കഴിഞ്ഞിരുന്ന ജനങ്ങളുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലേക്കായി സ്വതന്ത്രഇന്ത്യ രൂപം നൽകിയതാണ് 1956ലെ വ്യവസായ സാമ്പത്തിക നയം. ധനനയ നിർണയം, കറൻസികളുടെ പുറത്തിറക്കൽ, ബാങ്കുകളുടെ നിയന്ത്രണച്ചുമതല എന്നിവ വഹിക്കുന്നത് റിസർവ് ബാങ്കാണ്. 1949 മുതലാണ് ഇതിന് തുടക്കമിട്ടത്. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയാണ് 1955ൽ ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായത്.
ബാങ്കുകളുടെ പ്രധാന ബിസിനസായി കാണുന്നത് നിക്ഷേപ സമാഹരണവും വായ്പ നൽകുന്നതുമാണ്. ബാങ്കുകളിൽ നിക്ഷേപ സമാഹരണം കുറഞ്ഞുകൊണ്ടിരിക്കുകയും വായ്പ തുക വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുന്നതുമായാണ് റിപ്പോർട്ടിൽ പറയുന്നത്. ബാങ്കുകളുടെ നിലനില്പിനും വളർച്ചയ്ക്കും അനുപേക്ഷണീയമായിട്ടുള്ള നിക്ഷേപത്തുക വൻകിട കോർപറേറ്റുകളുടെ ഓഹരി വിപണിയിൽ നിക്ഷേപിച്ച് വമ്പിച്ച വരുമാനം നേടാമെന്നാണ് കണക്ക് കൂട്ടൽ. 2017–18 മുതൽ 2021–22 വരെയുള്ള അഞ്ചുവർഷങ്ങളിൽ 10 ലക്ഷം കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയതെന്നാണ് അന്നത്തെ ധനകാര്യ സഹമന്ത്രി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞത്.
രാജ്യത്തിന്റെ അഭിമാനസ്തംഭമായ പൊതുമേഖലാ സ്ഥാപനങ്ങൾ അതിവേഗത്തിൽ വിറ്റഴിക്കാനുള്ള നീക്കത്തിലാണ്. ധനകാര്യ മേഖലയിലെ പൊതുമേഖലാ ബാങ്കുകളുള്‍പ്പെടെ ജനങ്ങളുടെ സർവവിധ സമ്പത്തും സ്വന്തമാക്കാൻ രൂപം നൽകിയ പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ബാങ്കിങ് മേഖലയിലെ തൊഴിൽക്രമത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതായാണ് ആർബിഐ പറയുന്നത്. പ്യൂൺ, ക്ലറിക്കൽ തസ്തികകൾ ഓരോ വർഷം കഴിയുമ്പോഴും കുറയുകയാണ്. പകരം ഓഫിസര്‍മാരുടെ എണ്ണം കൂടുകയാണ്. 2010-11 സാമ്പത്തിക വർഷം ഓഫിസർമാരും, ക്ലർക്ക്, പ്യൂൺ ഉൾപ്പെടെയുള്ള സപ്പോർട്ടിങ് സ്റ്റാഫും തമ്മിലുള്ള അനുപാതം 50:50 ആയിരുന്നു. എന്നാൽ 2022–23ൽ 74 ശതമാനം പേരും ഓഫിസർമാരാണ്. 26 ശതമാനം സപ്പോർട്ടിങ് സ്റ്റാഫ് മാത്രമാണ് അവശേഷിക്കുന്നത്. ഇക്കാര്യത്തിൽ സ്വകാര്യമേഖലയിൽ വലിയ വ്യത്യാസമാണുള്ളത്. 95.6 ശതമാനവും ഓഫിസർമാരാണ്. ബാക്കിയുള്ള 4.4 ശതമാനം മാത്രമാണ് സബോർഡിനേറ്റ് വിഭാഗത്തിലുള്ളത്.
പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവാണ് ബാങ്കുകളിലെ തൊഴിലവസരങ്ങൾ കുറയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സമ്പദ്ഘടനയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങൾ കിട്ടുന്ന വിലയ്ക്ക് വില്‍ക്കുകയെന്നത് ജനങ്ങളുടെ ജീവിതത്തെ വെല്ലുവിളിക്കുകയെന്നതാണ്. സ്വാതന്ത്യ്രാനന്തരം ത്യാഗപൂർണമായ സമർപ്പണത്തിലൂടെ ഇന്ത്യൻ ജനത കെട്ടിപ്പടുത്തതാണ് രാജ്യത്തെ വൻകിട പൊതുമേഖലാ സ്ഥാപനങ്ങൾ. എന്തുചെയ്തും പൊതുമേഖലയെ കോർപറേറ്റുകൾക്ക് അടിയറവയ്ക്കുമെന്ന വാശിയിലാണ് മോഡി സർക്കാർ.
രാജ്യത്താകെ 137 വാണിജ്യ ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 12 എണ്ണം മാത്രമാണ് പൊതുമേഖലയില്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1969ൽ 14 ബാങ്കും 1980ൽ ആറ് ബാങ്കും ദേശസാൽക്കരിച്ചപ്പോള്‍ 28 ബാങ്കുകളായി. ഇവയിൽ പലതും കൂട്ടിച്ചേർക്കപ്പെട്ടതുകൊണ്ടാണ് 12 ആയി ചുരുങ്ങിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ തസ്തികയിൽ സ്ഥിരം നിയമനം അവസാനിപ്പിക്കാനാണ് നീക്കം. നിലവിലുള്ള 35,000 ഒഴിവിൽ 8,000 അപ്രന്റീസ് ട്രെയിനികളെ നിയോഗിക്കുന്നു. മൂന്ന് വർഷത്തെ ട്രെയിനി നിയമനത്തിനായി ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 28 വയസുള്ളവരെയാണ് തൊഴിൽ പരിശീലനത്തിന്റെ പേരിൽ ക്ലർക്ക് ജോലിക്ക് നിയോഗിക്കുക. ക്ലർക്ക്, കാഷ്യർ, ടെല്ലർ ചുമതലകളെല്ലാം ഇനി ഇവർക്ക് കൈമാറും. നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്തേണ്ടന്നാണ് ബാങ്കിന്റെ നയപരമായ തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ നിരവധി ശാഖകൾ പൂട്ടുകയും, ആയിരക്കണക്കിന് ക്ലറിക്കൽ തസ്തികയിൽ നിയമനം ഒഴിവാക്കുകയും ചെയ്തു. 35,000ത്തോളം ക്ലറിക്കൽ തസ്തികകളാണ് ഒഴിവാക്കിയത്. 15,000ല്‍പരം ജീവനക്കാരെ സ്വയംവിരമിക്കല്‍ വഴി ഒഴിവാക്കി. സ്ഥിരം ജീവനക്കാരെ മാർക്കറ്റിങ് ജീവനക്കാരായി മാറ്റുന്നതിന് മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ് രൂപീകരിക്കുകയും, പരീക്ഷണമേഖലയായ കേരളത്തിൽ 1,200 ജീവനക്കാരെ നിയോഗിക്കുകയും ചെയ്തതായാണ് വാര്‍ത്തകള്‍. 56.92 ശതമാനം ഓഹരിമാത്രമാണ് എസ്ബിഐയിൽ കേന്ദ്രസർക്കാരിന്റെതായി അവശേഷിക്കുന്നത്. പ്രവർത്തനങ്ങൾ 22 സബ്സിഡിയറി കമ്പനികളിലേക്ക് മാറ്റി. എസ്ബിഐക്ക് “ഹോൾഡിങ് കമ്പനി” പദവി മാത്രമായി. ഈ സബ്സിഡിയറി കമ്പനികളുടെ ഓഹരി വാങ്ങിക്കൂട്ടുന്നത് വൻകിട കോർപറേറ്റുകളാണ്. റിലയൻസുമായി ചേർന്ന് ആരംഭിച്ച ജിയോ പേമെന്റ് ബാങ്കിൽ എസ്ബിഐ ഓഹരി 30 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ക്ലറിക്കൽ തസ്തികയിൽ നിയമനമില്ലാതാക്കിയതുമൂലം കുറവുവരുന്ന ജീവനക്കാരുടെ ജോലികൾക്ക് പുറംകരാറാക്കിയിരിക്കുകയാണ്. ഇതിനായി “സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ്” എന്ന ഒരു സ്വകാര്യ സ്ഥാപനം രൂപീകരിച്ചു. പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്ര സർക്കാരിന്റെ ഓഹരി 51 ശതമാനത്തിൽ നിന്ന് 33 ശതമാനമായി കുറയ്ക്കാനും 74 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
2014ൽ അഡാനിയുടെ ആസ്തി 80 കോടി ഡോളർ ആയിരുന്നു. 2022ൽ 14,000 കോടി ഡോളറായി വർധിച്ചു. അന്ന് ആഗോള സമ്പന്നരുടെ പട്ടികയിൽ അഡാനിയുടെ സ്ഥാനം 609 ആയിരുന്നത് 2022ൽ രണ്ടായി. ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 46 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം പേരുടെ കൈവശമാണ്. ബാങ്കുകളുടെ കിട്ടാക്കടം വൻതോതിൽ വർധിക്കാൻ മുഖ്യകാരണം പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും കൂട്ടുചേർന്നുള്ള കൺസോർഷ്യം വായ്പയാണ്. വൻകിട കോർപറേറ്റുകൾക്ക് സഹസ്രകോടികളുടെ വായ്പ ലഭിക്കുന്നതിനുള്ള വഴി തുറന്നുകൊടുക്കുകയായിരുന്നു ഇതുവഴി. ഈവിധത്തിലുള്ള മിക്ക വായ്പകളും കിട്ടാക്കടമായി മാറുകയായിട്ടുണ്ട്. ഏറ്റവുമൊടുവിൽ നടന്ന തട്ടിപ്പ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 35,000 കോടി രൂപ ദേവാൻ ഫിനാൻസ് ലിമിറ്റഡ് തട്ടിയെടുത്തതാണ്. ഇതിൽ 17 ബാങ്കുകളിൽ 14 ഉം പൊതുമേഖലയിലേതായിരുന്നു. ‌ഇതിനു മുമ്പ് നടന്ന പല വമ്പിച്ച തുകയുടെ കൺസോർഷ്യം വായ്പകളും കിട്ടാക്കടമായി മാറുകയായിരുന്നു.
വൻതുക ബാങ്ക് വായ്പയെടുത്ത് മനഃപൂർവം കുടിശികവരുത്തി വഞ്ചനാക്കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ഒത്തുതീർപ്പിനായി ബാങ്കുകളെ സമീപിക്കാമെന്ന് റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. ഇത്തരക്കാർക്ക് ഒരു വർഷത്തിനുശേഷം പുതിയ വായ്പകൾ അനുവദിക്കാമെന്നും ആർബിഐ സമ്മതം നൽകിയിട്ടുണ്ട്. ഈ അടുത്ത കാലത്തായി രാജ്യത്തെ 50 കോർപറേറ്റ് മുതലാളിമാർ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് എടുത്ത 68,000 കോടി രൂപ എഴുതിത്തള്ളിയിരിക്കുകയാണ്.
വൻകിട കോർപറേറ്റുകൾക്ക് ശതകോടികൾ വായ്പ കൊടുക്കുന്നതും, കിട്ടാക്കടമായി എഴുതിത്തള്ളുന്നതും ആർബിഐക്കുമേൽ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തുന്നതിലൂടെയാണ്. ആർബിഐ ഗവർണറായിരുന്ന ഡോ. രഘുറാം രാജൻ സർക്കാരിന് നേരത്തെ നല്‍കിയിരുന്ന റിപ്പോർട്ടിൽ വായ്പാ തട്ടിപ്പ് വർധിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. കോര്‍പറേറ്റുകള്‍ കിട്ടാക്കടത്തിന്റെ പേരില്‍ കയ്യടക്കുന്ന ശതകോടികൾ രാജ്യത്തിന്റെ പൊതുമുതലാണ്. ബാങ്കുകളിലെ ജനങ്ങളുടെ നിക്ഷേപമാണത്. പൊതുമേഖലാ ബാങ്കുകളിൽ 182 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇത് മുഴുവൻ കൈക്കലാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും മുതലാളിത്തവർഗവും തമ്മിലുള്ള അവിശുദ്ധമായ ചങ്ങാത്ത മുതലാളിത്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.