രാജ്യത്തെ പത്തു ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും നടത്തുന്ന പണിമുടക്കം പൂർണമായി. എല്ലാ പൊതുമേഖലാ ബാങ്കുകളും ഒട്ടുമിക്ക സ്വകാര്യ ബാങ്കുകളും അടഞ്ഞുകിടക്കുകയാണ്. യാതൊരു സാമ്പത്തിക ആവശ്യങ്ങളും ബാങ്ക് ജീവനക്കാർ ഉന്നയിച്ചിട്ടില്ല. ബാങ്കുകളെ സ്വകാര്യവല്കരിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കണം എന്ന ഒരൊറ്റ ആവശ്യം മാത്രമാണ് സമരത്തിലൂടെ ഉന്നയിക്കുന്നത്. ഇതാകട്ടെ, ഈ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ജീവത്തായ പ്രശ്നവുമാണ്. ബാങ്കിങ് മേഖലയിൽ പണ്ടുമുതൽക്കേ ഡയസ് നോൺ ബാധകമാണ്. ശമ്പളം നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ടു തന്നെയാണ് ജീവനക്കാർ സമരം ചെയ്യുന്നത് എന്നർത്ഥം. 1947 ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിലെ ബാങ്കിങ് വ്യവസായം സ്വകാര്യ മേഖലയിൽ തന്നെയായിരുന്നു. പൊതുസമൂഹത്തിന്റെ ഉന്നമനത്തിനോ സാധാരണക്കാർക്ക് സേവനം നൽകുന്നത് മുഖ്യ ലക്ഷ്യമായോ പ്രവർത്തിക്കുന്ന രീതി ഇന്ത്യയിലെ ബാങ്കുകൾക്ക് ഉണ്ടായിരുന്നില്ല. ബ്ലേഡ് കമ്പനികളുടെ മഹത്വവൽകൃത പതിപ്പുകൾ മാത്രമായിരുന്നു, ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെ ബാങ്കുകൾ. താക്കുർദാസ് കമ്മിറ്റി എന്നറിയപ്പെടുന്ന 1949 ലെ റൂറൽ ബാങ്കിങ് എൻക്വയറി കമ്മിറ്റി നടത്തിയ പഠനങ്ങളും പിന്നീട് നടന്ന റൂറൽ ക്രെഡിറ്റ് സർവേ പഠനങ്ങളുമാണ് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ കടക്കെണിയെക്കുറിച്ചും ഗ്രാമീണ മേഖലയിൽ ബാങ്കിങ് സേവനങ്ങൾ വ്യാപകമാക്കേണ്ട ആവശ്യകതയെക്കുറിച്ചും നാടാകെ ചർച്ച ഉയർത്തിവിട്ടത്. 1969ലാണ് ആദ്യമായി ബാങ്കുകള്‍ ദേശസാല്കരിച്ചത്. 1980 ൽ വീണ്ടും ആറ് ബാങ്കുകളെ കൂടി ദേശസാല്കരിച്ചു. ദേശസാല്കരണം എന്ന ആവശ്യമുയർത്തി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ തുടർച്ചയായി നടത്തിയ പ്രക്ഷോഭങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്. ഇടതു രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ നിലപാടും വിസ്മരിക്കാവുന്നതല്ല. ഗ്രാമീണ മേഖലയുടെ വളർച്ച, കാർഷിക മേഖലയിലെ പുരോഗതി, ക്ഷീരവികസന മേഖലയിലെ കുതിപ്പ്, ദാരിദ്ര്യ നിർമ്മാർജന പരിപാടികളിലെ പങ്കാളിത്തം, പഞ്ചവത്സര പദ്ധതികളിലെ പങ്കാളിത്തം, ഭവനനിർമ്മാണം തുടങ്ങിയ മേഖലകളിലെ സംഭാവന, വ്യാവസായിക വികസനത്തിലെ കൈത്താങ്ങ്, ചെറുകിട യൂണിറ്റുകളെ വളർത്തുന്നതിൽ വഹിച്ച പങ്ക് തുടങ്ങി സമസ്ത മേഖലകളിലും പൊതുമേഖലാ ബാങ്കുകൾ നിറഞ്ഞുനിന്നിട്ടുണ്ട്. 2008 ൽ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ ഇന്ത്യ തകരാതിരുന്നത് പൊതുമേഖലയുടെ ശക്തികൊണ്ടാണ് എന്ന് മൻമോഹൻ സിങ്ങിനുവരെ ഏറ്റുപറയേണ്ടിവന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുത. 2016 ലെ നോട്ടുനിരോധനവും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കുളംകോരിയേനെ. എന്നിട്ടും ഇന്ത്യ ഇത്രയെങ്കിലും പിടിച്ചുനിന്നത് പൊതുമേഖലയുടെ, വിശേഷിച്ച് പൊതുമേഖലാ ബാങ്ക് — ഇൻഷുറൻസ് സ്ഥാപനങ്ങളുടെ കരുത്തു കൊണ്ടുമാത്രമാണ്.
ബാങ്ക് സ്വകാര്യവല്കരണം എന്നത് കേവലം ഉടമസ്ഥതയിൽ ഉള്ള മാറ്റമല്ല. ജനങ്ങൾക്ക് നിലവിൽ ലഭിക്കുന്ന നിരവധി അധികാരങ്ങളുടെ നിഷേധമാണ് ഇതിലൂടെ സംഭവിക്കുക. മുൻഗണനാ വായ്പകൾ നിലയ്ക്കും. കൃഷിവായ്പയും വിദ്യാഭ്യാസ വായ്പയും കിട്ടാക്കനിയാകും. മുദ്രാ ലോണും മറ്റും പഴങ്കഥയാകും. ലോൺ പലിശ ഉയരും. നിക്ഷേപ പലിശ കുറയും. സർവീസ് ചാർജ്ജുകൾ കുത്തനെ കൂടും. പ്രവർത്തന സുതാര്യത ഇല്ലാതാകും. വിവരാവകാശ നിയമം ബാധകമല്ലാതാകും. ബാങ്കുകൾ വിജിലൻസ് സംവിധാനത്തിന്റെ പരിധിക്കു പുറത്തുപോകും. പാർലമെന്ററി സമിതികൾക്ക് ബാങ്കുകളുടെ മേൽ അധികാരമുണ്ടാവില്ല. സംസ്ഥാനതല ബാങ്കേഴ്സ് സമിതി, ലീഡ് ബാങ്ക് സംവിധാനം തുടങ്ങിയവ ഇല്ലാതാകും. ചുരുക്കത്തിൽ ബാങ്കുകളുടെ മേൽ ജനങ്ങൾക്കോ, ജനനേതാക്കൾക്കോ, സർക്കാരിനു പോലുമോ നിയന്ത്രണമുണ്ടാവില്ല. ബാങ്കുകളിൽ 140 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ ഉണ്ട്. ഈ പണംകൊണ്ട് വിദേശികൾ ഉൾപ്പെടെ സ്വകാര്യ ഗ്രൂപ്പുകൾക്ക് അമ്മാനമാടാൻ കഴിയും. ഇപ്പോൾത്തന്നെ ബാങ്കുകളിൽ നിന്ന് കടമെടുത്ത് തിരിച്ചടയ്ക്കാതെ കിട്ടാക്കടമാക്കി, ഭരണകൂട ഒത്താശയോടും നിയമങ്ങളിലെ അപര്യാപ്തത മുതലാക്കിയും സുഖിച്ചു വിരാജിക്കുന്ന കോർപറേറ്റ് ഭീമന്മാർ പലരും ഉണ്ടാവും ഇക്കൂട്ടത്തിൽ. പലപ്പോഴും ധനവിനിയോഗം താളം തെറ്റും. ബാങ്ക് തകർച്ച നിത്യസംഭവമാകും. 1947 നും 1969 നും ഇടയ്ക്ക് 559 സ്വകാര്യ ബാങ്കുകൾ ഇന്ത്യയിൽ തകർന്നു. 1969 നു ശേഷവും തകർന്നു, നാൽപ്പതോളം ബാങ്കുകൾ- പക്ഷേ ഈ കാലയളവിൽ പൊതുമേഖലാ ബാങ്കുകൾ ഉണ്ടായിരുന്നു, തകരുന്ന സ്വകാര്യ ബാങ്കുകളെ ഏറ്റെടുത്ത് നിക്ഷേപകരെ രക്ഷിക്കാൻ. ഈ താങ്ങ് എടുത്തു മാറ്റിയാൽ, സാമ്പത്തിക മേഖലയിലെ ഇന്നനുഭവിക്കുന്ന സുരക്ഷ കിനാവുപോലെ അപ്രത്യക്ഷമാകും. ആഘാതം, വീണ്ടും സാധാരണക്കാർക്കു തന്നെ. സാധാരണക്കാരെ സംബന്ധിച്ച് പൊതുമേഖല ഭരണകൂടത്തിന്റെ അനുബന്ധമാണ്. പൊതുമേഖലയും ജനങ്ങളുമായുള്ള ബന്ധം ഭരണഘടനാ അടിസ്ഥാനത്തിൽ ആണ്. അതേസമയം സ്വകാര്യസ്ഥാപനങ്ങൾക്ക് നേരിട്ട് ജനങ്ങളുമായി ബന്ധമില്ല. ഇടപാടുകാരുമായി മാത്രമാണ് ബന്ധം. അതാകട്ടെ, കരാർ അടിസ്ഥാനത്തിലും. ഈ വ്യത്യാസം ജനങ്ങൾ മനസിലാക്കണം. 1991 മുതൽ ഇതുവരെ സമരങ്ങൾകൊണ്ട് ഒരു പരിധിവരെ പിടിച്ചുനിന്നു. ഇന്നുവരെ ഒരു പൊതുമേഖലാ ബാങ്കും വിറ്റൊഴിവാക്കാൻ മാറിമാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞതുമില്ല. ഇനിയും സമരം ചെയ്യാൻ ബാങ്ക് ജീവനക്കാർ തയാറുമാണ്. എങ്കിലും ഇനിയങ്ങോട്ട് ബാങ്കുജീവനക്കാർ പണിമുടക്കിയതുകൊണ്ടു മാത്രം ഇന്നത്തെ കേന്ദ്ര ഭരണകൂടത്തിന്റെ നയങ്ങളെ തിരുത്താൻ കഴിയും എന്ന യാതൊരു വ്യാമോഹവും വേണ്ട. സാധാരണ ജനങ്ങളാകെ സടകുടഞ്ഞ് മുന്നോട്ടുവന്നാൽ മാത്രമേ കനത്ത ഒരു പ്രതിരോധം സാധ്യമാകൂ. അതിനിനി ഒട്ടും വൈകിക്കൂട.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.