23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 25, 2023
May 7, 2023
March 20, 2023
February 2, 2023
January 29, 2023
January 23, 2023
January 23, 2023
January 17, 2023
December 31, 2022
December 29, 2022

പിഎഫ്‌ഐക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് നിരോധനം

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2022 7:57 am

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി എന്ന നിഗമനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു. എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനം ബാധകമാണ്. പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട അനുബന്ധ സംഘടനകള്‍.

പോപ്പുലര്‍ ഫ്രണ്ടിന്‌റെ നേതൃത്വത്തില്‍ രാജ്യത്ത് വ്യാപകനമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആഗോള തീവ്രവാദ സംഘടനയായ ഐഎസ്സുമായി ബന്ധമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‌റെ പ്രധാന ആരോപണം. നിരോധനം വേണമെന്ന ബിജെപി നേരിട്ട് ഭരിക്കുന്ന ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗജറാത്ത് സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് സഹായകരമായി. രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും നേരിട്ട് ബാധിക്കും വിധം ഭീകരപ്രവര്‍ത്തനം, ഫണ്ട് സ്വരൂപണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിനായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

2006 നവംബര്‍ 22നാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സ്ഥാപിച്ചത്. കേരളത്തില്‍ ഉണ്ടായിരുന്ന എന്‍ഡിഎഫ്, തമിഴ്‌നാട്ടിലെ മനിതനീതി പാസറൈ, കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി എന്നിവ യോജിച്ചാണ് 2006 നബംബര്‍ 22ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിക്കുന്നത്. നിരോധിത സംഘടനയായ സിമിയാണ് ആദ്യരൂപം. പശ്ചിമബംഗാളിലെ നാഗരിക് അധികാര്‍ സുരക്ഷാസമിതി, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‌റ് എഡ്യുക്കേഷണല്‍ സൊസൈറ്റി, ആന്ധ്രപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്, മണിപ്പൂരിലെ ലൈലോങ് സോഷ്യല്‍ ഫോറം എന്നിവ പോപ്പുലര്‍ ഫ്രണ്ടിന്‌റെ അംഗസംഘടനകളാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആസൂത്രിതമായി നടത്തിയ രാജ്യവ്യാപക റെയ്ഡും നേതാക്കളുടെ അറസ്റ്റും ഈയിടെ വലിയ വാര്‍ത്തകളായിരുന്നു. ഇന്നലെ രണ്ടാംഘട്ട റെയ്ഡും അറസ്റ്റും നടന്നിരുന്നു. രാത്രിയോടെയാണ് നിരോധന ഉത്തരവ് പുറത്തിറങ്ങിയത്.

കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലായിരുന്നു ഇന്നലെയും എന്‍ഐഎയുടെ നേതൃത്വത്തിലുള്ള റെയ്ഡ്. ആദ്യ റെയ്ഡിനുശേഷം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അടക്കം വധിക്കാന്‍ പോപ്പുര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നവെന്നാണ് വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണാധികാരികളെയും അവരുടെ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇന്നലെ 150 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റുചെയ്തു. നിരവധി പേരെ കരുതല്‍ തടങ്കലിലും വച്ചിട്ടുണ്ട്. തുടര്‍ന്നാണ് നിരോധന നടപടികളിലേക്ക് കടന്നത്. പാര്‍ലമെന്‌റ് പാസാക്കിയ നിയമപ്രകാരമാണ് നിരോധനമെന്നതിനാല്‍ കേന്ദ്ര ഉത്തരവിനെ ഇവര്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

അതേസമയം നിരോധനം എത്രത്തോളം ഗുണം ചെയ്യുമെന്നകാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചു. ചെറുപ്പക്കാരെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിതരാക്കുവാന്‍ മറ്റുപോംവഴികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നാണ് ഇവരുടെ പക്ഷം. പോപ്പുലര്‍ ഫ്രണ്ടിനോടൊപ്പം രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും സാരമായി ബാധിക്കുംവിധം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനായാണ് ആര്‍എസ്എസ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‌റെ ന്യൂനപക്ഷ വേട്ടയുടെ മറ്റൊരു മുഖമാണ് പോപ്പുലര്‍ ഫണ്ടിനെതിരെയുള്ള നീക്കമെന്ന സംശയവും ജനിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടിയോടെ ആര്‍എസ്എസിന് നേരിട്ടും പോപ്പുലര്‍ ഫ്രണ്ടിന് ഒളിവും കുത്സിതപ്രവര്‍ത്തനങ്ങള്‍ തുടരാനാകുമെന്നതാണ് ഫലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.